Sunday, August 27, 2017

ശ്രീരാമകഥാമൃതം ( 26 ) ഹനുമാന്‍റെ സമുദ്രലംഘനം

വാനരന്മാര്‍ സീതയെ അന്വേഷിച്ചു പിന്നെയും തെക്കോട്ടു തന്നെ പോയി. എവിടെയും സീതയെ കാണാതെ വിഷാദവും നിരാശയും പൂണ്ടു ദക്ഷിണ സമുദ്ര തീരത്തു ഒരു ഗുഹാ മുഖത്തു പ്രായോപവേശം ചെയ്തു. ഗുഹയുടെ ഉള്ളില്‍ നിന്ന് ചിറകുകളില്ലാത്ത ഒരു ഗൃധ്രരാജന്‍ വന്ന് ഇത്രയധികം വാനരന്മാരെ ഭക്ഷണമായി കിട്ടിയതില്‍ സന്തോഷിച്ചു. പക്ഷേ അവരുടെ സംഭാഷണത്തില്‍ ജടായുവിന്‍റെ കാര്യം പറയുന്നതു കേട്ട് അവരോടു വിവരമന്വേഷിച്ചു. അപ്പോഴാണ് രാമദൂതന്മാരായ അവര്‍ സീതാന്വേഷണത്തിനു പുറപ്പെട്ടിരിക്കുകയാണെന്നും, സീതയെ രക്ഷിക്കുവാനുളള ശ്രമത്തില്‍ ജടായു മരിച്ചുവെന്നും അറിയുന്നത്. താന്‍ ജടായുവിന്‍റെ ജ്യേഷ്ഠനായ സമ്പാതിയാണെന്നു പറഞ്ഞ് തന്നെ കടലിലേക്ക് എടുക്കണമെന്ന് അപേക്ഷിച്ചു. കടലില്‍ കുളിച്ചു ജടായുവിന്‍റെ പ്രേതക്രിയകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ സമ്പാതിക്കു ചിറകുകളുണ്ടായി. അങ്ങനെയായിരുന്നു ഗൃധ്രരാജന് കിട്ടിയിരുന്ന അനുഗ്രഹം. ഉടനെ സമ്പാതി വളരെ ഉയരത്തില്‍ പറന്ന് വാനനിരീക്ഷണം നടത്തുകയും അശോകവനികയിലിരിക്കുന്ന സീതയെ കാണുകയും ചെയ്തു.
''ലങ്കയില്‍ രാവണരാജധാനിയിലെ അന്തഃപുരത്തിലെ അശോകവനികയില്‍ സീതാദേവി ദുഃഖിതയായിരിക്കുന്നത് ഞാന്‍ കണ്ടു. നിങ്ങൾ കടല്‍ കടന്ന് അവിടെ പോയി, ദേവിയെ സമാധാനിപ്പിച്ച് ശ്രീരാമചന്ദ്രനെ വിവരം അറിയിക്കണം'' എന്ന് മടങ്ങി വന്ന് വാനരന്മാരോടു പറഞ്ഞു.
സമ്പാതിയുടെ വാക്കു കേട്ട് നൂറുയോജന വിസ്താരമുള്ള കടല്‍ കടക്കുവാനുള്ള ആലോചനയായി. ആര്‍ക്കും അതിനുളള ശക്തിയോ ധൈര്യമോ ഇല്ലെന്നായപ്പോള്‍ ജാംബവാന്‍ ഹനുമാന്‍റെ അടുത്തു ചെന്നു. ഹനുമാനുള്ള അമാനുഷിക ശക്തികളേപ്പറ്റി പുകഴ്ത്തി പറഞ്ഞ് ഹനുമാനില്‍ ആത്മ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാക്കി. താന്‍ സമുദ്രം ചാടിക്കടന്ന് ലങ്കയില്‍ പോയി രാവണനെ കൊന്ന് സീതയെ കൊണ്ടു വരാമെന്ന് ഹനുമാന്‍ പറഞ്ഞു എങ്കിലും ജാംബവാന്‍ അതിനെ എതിര്‍ത്തു. ലങ്കയില്‍ പോയി ജാനകിയെ കണ്ടു സമാധാനിപ്പിച്ച് ലങ്കയെല്ലാം നോക്കിക്കണ്ടു വന്നാല്‍ മതിയെന്നും രാവണനെ കൊല്ലാൻ ശ്രീരാമനുണ്ടെന്നും പറഞ്ഞ് ഹനുമാനെ യാത്രയാക്കി. മഹേന്ദ്രപര്‍വ്വതത്തിന്‍റെ മുകളിൽ കയറി രാമനാമം ജപിച്ചുകൊണ്ട് ഹനുമാന്‍ ഒറ്റക്കുതിപ്പ്. ലങ്കയിലെത്തി ലങ്കാലക്ഷ്മിയെ ജയിച്ചു. ലങ്കയില്‍ പ്രവേശിച്ചു.
ആത്മവിദ്യയെ പ്രാപിക്കാനാഗ്രഹിച്ച് പലരും പുറപ്പെടാറുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കു മാത്രമേ അവിടെ എത്തുവാന്‍ സാധിക്കാറുള്ളൂ. *ആത്മജ്ഞാനം ഉണ്ടാകണമെങ്കില്‍ ഒരുവന്‍ സംസാര സമുദ്രത്തെ തരണം ചെയ്യേണ്ടിയിരിക്കുന്നു. അതിനു പലര്‍ക്കും സാധിക്കുന്നില്ല. ഭഗവാന്‍റെ നാമം നാവിലും ഭഗവത്സ്മരണം മനസ്സിലും ഭഗവന്മൂര്‍ത്തി ഹൃദയത്തിലും ഉള്ളവര്‍ക്ക് എളുപ്പത്തിൽ സംസാരത്തെ തരണം ചെയ്ത് ആത്മവിദ്യയെ പ്രാപിക്കുവാൻ സാധിക്കുന്നു.* അതാണ് ഹനുമാന്‍റെ സമുദ്ര ലംഘനം കാണിക്കുന്നത്. *ഈശ്വരാനുഗ്രഹം ഉള്ളവര്‍ക്ക് അത് എളുപ്പവുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 26, 2017

ശ്രീരാമകഥാമൃതം ( 25 ) - സീതാന്വേഷണം

ഴക്കാലം കഴിഞ്ഞു. ശരത്കാലം വന്നു. സുഗ്രീവന്‍ സീതാന്വേഷണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് ഹനുമാന്‍ ചെന്നു പറഞ്ഞു: 'രാമന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നില്ലെങ്കില്‍ നിന്‍റെ ഗതിയും ബാലിയുടേതു പോലെയാകും. കൃതഘ്നതയ്ക്കു പ്രായശ്ചിത്തമില്ല.' അതുകേട്ട സുഗ്രീവന്‍ ഉടനെ തന്നെ പല ദിക്കുകളിലുമുളള വാനരന്മാരെയെല്ലാം വരുത്തുവാനുളള ഏര്‍പ്പാടുകള്‍ ചെയ്തു. അപ്പോഴാണ് കുപിതനായ ലക്ഷ്മണന്‍റെ വരവ്. മഴക്കാലം കഴിഞ്ഞിട്ടും സീതാന്വേഷണത്തില്‍ ഒന്നും ചെയ്യാതിരിക്കുന്ന സുഗ്രീവനോടു പകരം ചോദിക്കുവാന്‍ രാമന്‍ പറഞ്ഞയച്ചിട്ടായിരുന്നു ലക്ഷ്മണന്‍ വന്നിട്ടുളളത്. താരയും അംഗദനും സുഗ്രീവനും കൂടി ലക്ഷ്മണനെ ശാന്തനാക്കി സമാധാനിപ്പിച്ചു. എല്ലാവരും കൂടി വിവരങ്ങളറിയിക്കുവാനായി രാമസമീപം ചെന്നു. സീതാന്വേഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതറിഞ്ഞ് രാമന്‍ സന്തുഷ്ടനായി. രാമാജ്ഞയനുസരിച്ച് സീതയെ കണ്ടു പിടിക്കുവാനായി വാനരന്മാരെ നാലു ദിക്കിലേക്കും അയച്ചു.
തെക്കേ ദിക്കിലേക്കു പോയ സംഘത്തിലാണ് ഹനുമാന്‍, ജാംബവാന്‍, അംഗദന്‍, നീലന്‍ മുതലായ വാനര നായകന്മാരുളളത്. പുറപ്പെടുന്ന സമയത്ത് രാമന്‍ ഹനുമാനെ പ്രത്യേകം വിളിച്ച് സീതയ്ക്കു തിരിച്ചറിയുന്നതിനായി തന്‍റെ പേര്‍ കൊത്തിയ ഒരു മോതിരവും രഹസ്യമായ ഒരു അടയാള വാക്യവും പറഞ്ഞു കൊടുത്തു. വാനരന്മാര്‍ അത്യുത്സാഹത്തോടു കൂടി പുറപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ദണ്ഡകാരണ്യത്തിലെത്തിയപ്പോള്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ വാനരന്മാര്‍ വിഷമിച്ചു. വെളളം എങ്ങും കിട്ടാനില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ഗുഹയില്‍ നിന്ന് ചില പക്ഷികള്‍ വരുന്നതു കണ്ടത്. അവയുടെ ചിറകുകളില്‍ ജലകണങ്ങള്‍ കണ്ടു. ഗുഹയ്ക്കുളളില്‍ ജലമുണ്ടാകുമെന്നു തീര്‍ച്ചപ്പെടുത്തി, ഹനുമാന്‍റെ നേതൃത്വത്തില്‍ ഗുഹയ്ക്കുളളില്‍ പ്രവേശിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഉദ്യാനവും തടാകവും കണ്ടു. അവിടെ തപസ്വിനിയായ ഒരു യോഗിനിയേയും കണ്ടു. താന്‍ സ്വയംപ്രഭ എന്ന യോഗിനിയാണെന്നും രാമദൂതന്മാര്‍ വരുമ്പോൾ സത്ക്കരിക്കുവാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും സ്വയംപ്രഭ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വാനരന്മാരെ തൃപ്തിയാകുംവണ്ണം സത്കരിച്ച് അനായാസേന ഗുഹയില്‍ നിന്നു പുറത്താക്കിയതിനു ശേഷം സ്വയംപ്രഭ ശ്രീരാമദര്‍ശനത്തിനായി പോയി.
സീത ആത്മവിദ്യയുടെ പ്രതീകമാണെന്നും ആത്മവിദ്യ തേടിപ്പോകുന്ന സാധകന്മാരാണ് വാനരന്മാരെന്നും പ്രതീകമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. അപ്പോള്‍ ആദ്ധ്യാത്മിക സാധകന്മാർക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് വാനരന്മാര്‍ക്കുണ്ടാകുന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് അവര്‍ക്ക് എല്ലാ സ്ഥലങ്ങളിലും സൗകര്യങ്ങളും ഭഗവാന്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. സ്വയംപ്രഭാ ചരിതം അതാണ് കാണിക്കുന്നത്. *സംസാര സമുദ്രം കടന്ന് മോക്ഷം നേടുവാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കേ ഫലസിദ്ധി ഉണ്ടാകുന്നുളളൂ.* വാനരന്മാര്‍ പലരും സീതാന്വേഷണത്തിനിറങ്ങിയെങ്കിലും ഹനുമാന് മാത്രമേ സീതയെ കാണാന്‍ സാധിച്ചുളളൂ.

Friday, August 25, 2017

ശ്രീരാമകഥാമൃതം ( 24 ) - ബാലിവധം

ബാലിയോടു നേരിട്ടു യുദ്ധം ചെയ്യുവാന്‍ ശ്രീരാമചന്ദ്രന് കാരണമൊന്നുമില്ലല്ലോ. അതുകൊണ്ട് സുഗ്രീവനോടു തന്നെ ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. അതിന്‍പ്രകാരം സുഗ്രീവന്‍ തന്നെ കിഷ്കിന്ധയില്‍ പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു. മന്ത്രിമാരും രാമലക്ഷ്മണന്മാരും ദൂരെ മാറി നിന്നു. പക്ഷേ ദ്വന്ദ്വയുദ്ധത്തില്‍ രാമന് ബാലി സുഗ്രീവന്മാരെ തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ട് അമ്പെയ്യുവാന്‍ സാധിച്ചില്ല. ബാലിയുടെ അടിയും ഇടിയും സഹിക്കവയ്യാതെ സുഗ്രീവന്‍ ഓടി വന്ന് രാമനെ ശരണം പ്രാപിച്ചു. സുഗ്രീവനെ തിരിച്ചറിയുവാന്‍ വേണ്ടി ഒരു മാല കഴുത്തിലിട്ടു വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. സുഗ്രീവന്‍ വീണ്ടും യുദ്ധത്തിനു ചെന്നപ്പോൾ താര സ്വഭര്‍ത്താവായ ബാലിയെ രാമസുഗ്രീവ സഖ്യത്തിന്‍റെ കാര്യമെല്ലാം പറഞ്ഞ് തടയുവാന്‍ ശ്രമിച്ചു എങ്കിലും ബാലി സ്വാഭിമാനത്തിനു കോട്ടം തട്ടാതിരിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുക തന്നെ ചെയ്തു. ബാലിസുഗ്രീവന്മാര്‍ വീറോടു കൂടി അന്യോന്യം പൊരുതി. അതില്‍ സുഗ്രീവന്‍ ക്ഷീണിക്കാന്‍ തുടങ്ങിയപ്പോൾ രാമന്‍ വൃക്ഷത്തിന്‍റെ മറവില്‍ നിന്ന് നേരെ അസ്ത്രം പ്രയോഗിക്കുകയും ബാലി മോഹിച്ചു വീഴുകയും ചെയ്തു. മോഹം തീര്‍ന്നു കണ്‍മിഴിച്ചു നോക്കിയപ്പോള്‍ രാമനെയാണ് മുന്‍പില്‍ കണ്ടത്. ലക്ഷ്മണനും സുഗ്രീവനും അടുത്തുണ്ടായിരുന്നു. മറ്റൊരാളോടു യുദ്ധം ചെയ്യുമ്പോൾ ഒളിയമ്പയച്ച് തന്നെ കൊല്ലുന്നതിന്‍റെ അനൗചിത്യത്തേപ്പറ്റി ബാലി രാമനെ വളരെയധികം കുറ്റപ്പെടുത്തി സംസാരിച്ചു. 'സീതയെ കിട്ടുവാനാണ് സുഗ്രീവനു വേണ്ടി എന്നെ കൊല്ലുന്നതെങ്കില്‍ ഒരു നിമിഷം കൊണ്ടു ഞാന്‍ രാവണനേയും സീതയേയും അങ്ങയുടെ കാല്‍ക്കല്‍ കൊണ്ടുവരുമായിരുന്നല്ലോ എന്നു പറഞ്ഞു. പക്ഷേ രാമന്‍ ബാലിയെ സമാശ്വസിപ്പിച്ചു. ബാലിയുടെ ശരീരസംസ്ക്കാരം ചെയ്തതിന് ശേഷം രാമന്‍റെ അനുവാദത്തോടു കൂടി സുഗ്രീവനെ രാജാവായും അംഗദനെ യുവരാജാവായും അഭിഷേകം ചെയ്തു. രാമനെ രാജകീയാതിഥിയായി ക്ഷണിച്ചുവെങ്കിലും പതിനാലു വര്‍ഷം നഗരങ്ങളില്‍ താമസിക്കുകയില്ലെന്നു പറഞ്ഞു. നഗരത്തിനു പുറത്ത് ഒരു ഗുഹയില്‍ മഴക്കാലം കഴിയുന്നത് വരെ താമസിച്ചു.
രാമന്‍ ചെയ്തതു വലിയൊരു അധര്‍മ്മമാണെന്നു പറഞ്ഞ് പലരും രാമനെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ രാമന്‍റെ സമാധാനം കേട്ടതിനു ശേഷം ബാലിക്ക് അത് ധാര്‍മ്മിക പ്രവര്‍ത്തിയാണെന്ന് ബോദ്ധ്യം വന്നു. ദോഷൈകദൃഷ്ടികളായ ചിലരുടെ വിമര്‍ശനം ധര്‍മ്മത്തിന്‍റെ മൂര്‍ത്തിയായ രാമനെ സംബന്ധിച്ചു കാര്യമായെടുക്കേണ്ടതില്ല. *അധര്‍മ്മിഷ്ഠന്മാരെ ശിക്ഷിക്കുക രാജധര്‍മ്മമാണല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 24, 2017

ശ്രീരാമകഥാമൃതം ( 23 ) - സുഗ്രീവസഖ്യം

രാമന്‍ പ്രിയാ വിരഹ ദുഃഖം കൊണ്ട് പരവശനായി, കാണുന്ന മൃഗങ്ങളോടും പക്ഷികളോടുമെല്ലാം സീതയേപ്പറ്റി അന്വേഷിക്കും. അങ്ങനെ ഒരു ഭ്രാന്തനേപ്പോലെ തെക്കോട്ടു നടന്ന് പമ്പാതീരത്ത് ഋശ്യമൂകപര്‍വ്വതത്തിന്‍റെ അടുത്തെത്തി. കാഴ്ചയില്‍ത്തന്നെ പ്രഭാവശാലികളായ രണ്ടുപേര്‍ നടന്നു വരുന്നത് സുഗ്രീവന്‍ കണ്ടു. 'ബാലികേറാമല' എന്ന പ്രസിദ്ധമായ ആ പര്‍വ്വതത്തിലാണ് സുഗ്രീവന്‍ തന്‍റെ അനുയായികളോടുകൂടി താമസിച്ചിരുന്നത്. രാമലക്ഷ്മണന്മാരെ കണ്ട് സുഗ്രീവന്‍ തന്‍റെ പ്രധാന സചീവനായ ഹനുമാനെ വിളിച്ച് അവര്‍ ആരാണെന്ന് അറിഞ്ഞു വരുവാന്‍ പറഞ്ഞു. ഭിക്ഷു രൂപം ധരിച്ച ഹനുമാന്‍ അവരുടെ അടുത്തു ചെന്നു വിവരമന്വേഷിച്ചു. ലക്ഷ്മണന്‍ തങ്ങളുടെ കഥയെല്ലാം പറഞ്ഞു. ഹനുമാന് അവരെ കണ്ടപ്പോൾ ഉണ്ടായ ഭക്തിയും ബഹുമാനവും വര്‍ദ്ധിച്ചു. മാരുതി സുഗ്രീവന്‍റെ കഥയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ചെറിയൊരു തെറ്റിദ്ധാരണയുടെ ഫലമായി ജ്യേഷ്ഠനായ ബാലി ഭാര്യയെയും രാജ്യത്തെയും അപഹരിച്ച് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കിയ സുഗ്രീവന്‍ ശാപം മൂലം ബാലിക്കു കയറുവാന്‍ സാധിക്കാത്ത ആ മലയില്‍ വന്നു താമസിക്കുന്നുണ്ട്. സീതാന്വേഷണത്തില്‍ അവന്‍ വലിയ സഹായങ്ങള്‍ ചെയ്യുമെന്നും, അതുകൊണ്ട് സുഗ്രീവനുമായി സഖ്യം ചെയ്യണമെന്നുമുളള ഹനുമാന്‍റെ വാക്കു രാമന്‍ സ്വീകരിച്ചു. മാരുതിയുടെ വാക്കും ആ പെരുമാറ്റവും രാമന് വളരെ സന്തോഷമായി. ഭിക്ഷു രൂപം വെടിഞ്ഞ് സ്വസ്വരൂപം കൈക്കൊണ്ട് ആ സോദരന്‍മാരെ ചുമലിലേറ്റി സുഗ്രീവ സമീപത്ത് എത്തിച്ചു. അവരുടെ കഥ മുഴുവൻ പറഞ്ഞു കേള്‍പ്പിക്കുകയും സീതാന്വേഷണത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യവും ഭാര്യയും നഷ്ടപ്പെട്ട രാമന് സുഗ്രീവനോടും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ അനുതാപം തോന്നി. അവര്‍ രണ്ടുപേരും അന്യോന്യം സഖ്യം ചെയ്തു സുഹൃത്തുക്കളായി. സുഗ്രീവന്‍റെ ശത്രുവായ ബാലിയെ ഉടനെ തന്നെ കൊന്നു കൊള്ളാമെന്ന് രാമനും, സീതയെ താമസിയാതെ അന്വേഷിച്ചു കണ്ടുപിടിച്ചു ശത്രുവിനെ കൊല്ലുവാന്‍ വേണ്ട സഹായം ചെയ്യാമെന്നു സുഗ്രീവനും അഗ്നി സാക്ഷിയായി പ്രതിജ്ഞ ചെയ്തു. ശ്രീരാമ ഭക്തനായിത്തീര്‍ന്നിരുന്ന ബുദ്ധിമാനും നീതിജ്ഞനുമായ ഹനുമാന്‍ സീതാന്വേഷണത്തിന്‍റെ കാര്യം താനേല്ക്കാമെന്നു സമ്മതിച്ചു.
*ഒരേ വിധത്തിലുളള പ്രശ്നങ്ങൾ നേരിടുന്നവര്‍ അല്ലെങ്കിൽ ഒരേ വിധത്തിലുളള വിഷമങ്ങളില്‍ പെട്ടിട്ടുളളവര്‍ അന്യോന്യം സഖ്യത്തിലേര്‍പ്പെടുക സാധാരണമാണ്. അന്യോന്യമുള്ള സഹായം കൊണ്ട് രണ്ടു കൂട്ടരുടേയും വിഷമങ്ങൾ തീരുകയും ചെയ്യും. ആപത്തു കാലത്ത് ആരുടേയും സഹായം അവഗണിക്കരുതെന്നാണ് വാനരന്മാരോട് സഖ്യം ചെയ്തതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.* വാനര സഹായം കൊണ്ട് രാമന്‍ ജയം നേടുകയും ചെയ്തു. രാമായണ മഹാമാലാരത്നമായ ഹനുമാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ രംഗത്തിലാണ്. പിന്നീട് ഹനുമാന്‍ ശ്രീരാമഭക്തരില്‍ അഗ്രഗണ്യനായിത്തീര്‍ന്ന്, എല്ലാവര്‍ക്കും ആരാധ്യനായിത്തീര്‍ന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 23, 2017

ശ്രീരാമകഥാമൃതം ( 22 ) - സീതാവിരഹം

രാവണന്‍ സീതയെ അപഹരിക്കുവാന്‍ വരുന്നുണ്ടെന്നു മുന്‍കൂട്ടി കണ്ടറിഞ്ഞ രാമന്‍ സീതയോടു പറഞ്ഞു: 'പ്രിയേ, രാവണന്‍ ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാനായി വരുന്നുണ്ട്. അതുകൊണ്ട് പരസ്പര്‍ശം ഏല്ക്കാതിരിക്കുവാനായി മായാസീതയെ ആശ്രമത്തില്‍ നിര്‍ത്തി, ഭവതി രാവണവധം കഴിയുന്നതുവരെ അഗ്നിമണ്ഡലത്തില്‍ മറഞ്ഞു വസിക്കുക. ലോകശ്രേയസ്സിന് അത് ആവശ്യമാണ്.' സീതാദേവി ഭര്‍ത്തൃഹിതമനുസരിച്ച് വഹ്നിമണ്ഡലത്തിൽ ചെന്നിരിക്കുകയും, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തുകയും ചെയ്തു. ആ മായാസീതയെയാണ് രാവണന്‍ കൊണ്ടുപോയത്. ലക്ഷ്മണന്‍ പോലും ആ വിവരമറിഞ്ഞിരുന്നില്ല. രാവണന്‍ സീതയെ ലങ്കയിലെ അന്തഃപുരത്തിലുളള അശോകവനികയില്‍ താമസിപ്പിച്ചു. പരിചാരികരായി രാക്ഷസിമാരെയും നിശ്ചയിച്ചു. സീത അവിടെ രാമനെ ധ്യാനിച്ചും, രാമനാമം ഉരുവിട്ടും ദിനങ്ങള്‍ വര്‍ഷങ്ങളാക്കി കഴിച്ചു കൂട്ടി.
മാരീചവധം കഴിഞ്ഞു മടങ്ങി വന്ന രാമന്‍ വഴിയിൽ ലക്ഷ്മണന്‍ വരുന്നതു കാണുകയും, മായാസീതയുടെ കാര്യം ലക്ഷ്മണന്‍ അറിയാത്തതിനാല്‍ ഒരു പ്രാകൃത മനുഷ്യനേപ്പോലെ പെരുമാറുവാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. സീതയെ ഒറ്റയ്ക്ക് ആശ്രമത്തില്‍ വിട്ടിട്ടു പോന്നതിന് ലക്ഷ്മണനെ കുറ്റപ്പെടുത്തി. ലക്ഷ്മണന്‍ വിവരങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. പെണ്ണുങ്ങള്‍ അവിവേകം കൊണ്ടു പലതും പറയും, എന്നാല്‍ അതുകേട്ട് പുരുഷന്മാര്‍ വിവേകം വിടാമോ എന്നായിരുന്നു രാമന്‍റെ ചോദ്യം! രണ്ടുപേരും വേഗത്തിൽ പര്‍ണ്ണശാലയില്‍ എത്തി. സീതയെ കാണാഞ്ഞ് പരിഭ്രമത്തോടെ എല്ലായിടത്തും തിരഞ്ഞു. എവിടെയും കാണാതിരുന്നപ്പോള്‍ രാക്ഷസന്മാര്‍ പിടിച്ചു കൊണ്ടുപോയി കൊന്നു തിന്നിരിക്കുമോ എന്നുവരെ സംശയിച്ചു. അങ്ങനെ അവര്‍ കാട്ടില്‍ അന്വേഷിച്ചു നടന്നപ്പോള്‍ മൃതപ്രായനായ ജടായുവിനെ കണ്ടു. പിതൃസഖനായ ആ ഗൃധ്രരാജനെ ആശ്വസിപ്പിച്ചപ്പോള്‍ ആ ജടായു പറഞ്ഞു: 'രാമാ, രാക്ഷസ രാജാവായ രാവണന്‍ സീതയെയും അപഹരിച്ചുകൊണ്ടു പോകുമ്പോൾ സീതയുടെ നിലവിളി കേട്ട് രക്ഷിക്കുവാനായി ഞാന്‍ രാവണനെ തടുത്തപ്പോള്‍ അവന്‍ ചന്ദ്രഹാസം കൊണ്ട് എന്‍റെ ചിറകുകള്‍ രണ്ടും വെട്ടി ഇങ്ങനെയാക്കിത്തീര്‍ത്തു. രാവണന്‍ സീതയെ തെക്കോട്ടു വിമാനത്തിൽ കൊണ്ടു പോയിട്ടുണ്ട്.' ഇത്രയും പറഞ്ഞ് ജടായു അന്ത്യശ്വാസം വലിച്ചു. രാമന്‍ പിതൃമിത്രത്തിനു വേണ്ട അഗ്നി സംസ്ക്കാരവും മറ്റു കര്‍മ്മങ്ങളും ചെയ്തു. അതിനുശേഷം ജടായു പറഞ്ഞതനുസരിച്ച് സീതയെ തേടി തെക്കോട്ടു വനയാത്ര തുടര്‍ന്നു.
*മായയുടെ പിടിയില്‍ പെട്ടാല്‍ ഈശ്വരനും കരയേണ്ടി വരും. അതാണ് മായയുടെ ശക്തി എന്നതാണ് ഇവിടെ കാണുന്നത്. പത്നീ വിയോഗം കൊണ്ട് ഈശ്വരാവതാരമായ രാമന്‍ പോലും ഭ്രാന്തനേപ്പോലെ കരഞ്ഞു നടക്കുന്നത് കാണുമ്പോൾ ആരും ആശ്ചര്യപ്പെട്ടു പോകും. മായാധിപനായ ഈശ്വരന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍ മായാധീനനായ മനുഷ്യനേപ്പോലെ പെരുമാറണമല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Tuesday, August 22, 2017

ശ്രീരാമകഥാമൃതം - ( 21 ) സീതാപഹരണം

രാമന്‍റെ സ്വരത്തിലുളള നിലവിളി കേട്ട് രാമന് അപകടം പറ്റിയെന്ന് വിചാരിച്ച് സീത ലക്ഷ്മണനോട് ഉടനെ ജ്യേഷ്ഠന്‍റെ സഹായത്തിന് ചെല്ലുവാന്‍ പറഞ്ഞു. രാമനെ നന്നായിട്ടറിയാവുന്ന ലക്ഷ്മണന്‍ യാതൊരു പരിഭ്രമവും കൂടാതെ സീതയോടു പറഞ്ഞു : 'ഭവതി പരിഭ്രമിക്കേണ്ട. ഇതെല്ലാം രാക്ഷസ മായയാണ്. ത്രൈലോക്യാധിപതിയായ രാമനെ ഉപദ്രവിക്കുവാന്‍ ഇന്നു ലോകത്തിലാര്‍ക്കും സാധിക്കുകയില്ല.' സീത കോപാന്ധയായി ലക്ഷ്മണനെ ശകാരിച്ചു. 'ലക്ഷ്മണാ, ജ്യേഷ്ഠന്‍ മരിക്കണമെന്നാണോ നിന്‍റെ ആഗ്രഹം ? ജ്യേഷ്ഠനെ കൊന്ന് എന്നെ തട്ടിയെടുക്കാനാണോ നീ കൂടെ വന്നിട്ടുളളത് . അത് ഒരിക്കലും നടക്കുകയില്ല. ഞാന്‍ രാമനെയല്ലാതെ മറ്റാരെയും മനസ്സുകൊണ്ടു പോലും സ്മരിക്കുകയില്ല.' സീതയുടെ കര്‍ണ്ണാരുന്തുദങ്ങളായ വാക്കുകള്‍ കേട്ട് ദുഃഖിതനായ ലക്ഷ്മണന്‍ ചെവി പൊത്തി. സീതയുടെ രക്ഷയ്ക്ക് വനദേവതമാരെ ഏല്പിച്ച് അവിടെനിന്ന് രാമന്‍റെ അടുത്തേയ്ക്കു പോയി.
ആ സമയത്ത് രാവണന്‍ ജടാവല്ക്കലങ്ങള്‍ ധരിച്ച് ഒരു സന്ന്യാസിയുടെ രൂപത്തിൽ അവിടെ വന്നു. പര്‍ണ്ണശാലയില്‍ വന്ന സന്ന്യാസിയെ വേണ്ടതുപോലെ സ്വീകരിച്ചു സത്കരിച്ചതിനു ശേഷം സീത പറഞ്ഞു : കുറച്ചു നേരം ഇവിടെ വിശ്രമിക്കുക. രാമലക്ഷ്മണന്മാര്‍ ഇപ്പോള്‍ വരും. വന്നതിനു ശേഷം അങ്ങയുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും. സന്ന്യാസി ചോദിച്ചു : ഭവതി ആരാണ് ? എന്തിനാണ് ഈ വനത്തില്‍ വന്ന് ഒറ്റയ്ക്ക് താമസിക്കുന്നത് ? ഭവതിയുടെ രക്ഷയ്ക്ക് ആരാണിവിടെയുളളത് ?' സീത വര്‍ത്തമാനമെല്ലാം പറഞ്ഞതിനു ശേഷം സന്ന്യാസി ആരാണെന്നറിവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. രാവണന്‍ വേഷം മാറി സ്വന്തം വേഷം ധരിച്ചു പറഞ്ഞു: 'സുന്ദരീ, ഞാന്‍ ലങ്കാധിപതിയായ രാവണനാണ്. ഭവതിയുടെ രൂപസൗന്ദര്യത്തേപ്പറ്റി കേട്ട് കാമപരവശനായി ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാന്‍ വന്നിരിക്കയാണ്. കാട്ടില്‍ അലഞ്ഞു നടക്കുന്ന ഒരു മനുഷ്യനെ ഭര്‍ത്താവായി കിട്ടിയിട്ടെന്താണു കാര്യം ? നമുക്ക് ലങ്കയില്‍ പോയി ലങ്കാധിപതിയുടെ പ്രിയ പത്നിയായി സര്‍വ്വ സൗഭാഗ്യങ്ങളോടു കൂടി വാഴാം.' സീത പേടിച്ചു വിറച്ച് നിലവിളിക്കുവാന്‍ തുടങ്ങി. രാവണന്‍ അവളെയെടുത്തു വിമാനത്തിൽ കയറ്റി ലങ്കയിലേക്കു യാത്ര തുടര്‍ന്നു.
ആത്മാര്‍ത്ഥമായി തന്നെ സേവിക്കുന്നവനും, നിഷ്കളങ്ക മനസ്കനും നിരപരാധിയുമായ ലക്ഷ്മണന്‍റെ മനസ്സില്‍ വളരെയധികം വേദനയുണ്ടാകത്തക്കവണ്ണം ശകാരിച്ചതിന്‍റെ ഫലം ഉടനെ തന്നെ സീതയ്ക്കു കിട്ടി. കുട്ടിക്കാലം മുതല്ക്കേ ഒന്നിച്ചു വളര്‍ന്നിട്ടുളള ലക്ഷ്മണന് രാമന്‍റെ യാഥാര്‍ത്ഥ്യം തന്നേക്കാളധികം അറിയാമെന്നു സീത വിചാരിക്കേണ്ടതായിരുന്നു. അതുകൊണ്ട് ലക്ഷ്മണന്‍ പറഞ്ഞത് വിശ്വസിക്കേണ്ടതുമായിരുന്നു. അതില്ലാതെ, ലക്ഷ്മണന് തന്നോടും രാമനോടുമുളള ഭക്തി തെറ്റിദ്ധരിക്കുകയാണ് സീത ചെയ്തത്. അതാണ് സീതയ്ക്കു പറ്റിയ ആപത്തിനു കാരണം. ലക്ഷ്മണന് മനസ്സുകൊണ്ടു പോലും ആലോചിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് സീത ലക്ഷ്മണനെ വേദനിപ്പിച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Monday, August 21, 2017

ശ്രീരാമകഥാമൃതം ( 20 ) പൊന്മാനിന്‍റെ പ്രലോഭനം

രാവണന്‍ നേരേ മാരീചാശ്രമത്തിലേക്കു പോയി. തന്‍റെ പരിപാടികളേപ്പറ്റി പറഞ്ഞു : 'രാജാവേ, രാമനോടേറ്റുമുട്ടുവാന്‍ പോകുന്നത് അപകടകരമാണ്. ഈ ഉപായം ഉപദേശിച്ച ആള്‍ അങ്ങയുടെ ശത്രുവാണ്. രാമബാണങ്ങളുടെ ശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രാമന്‍ ഈശ്വരന്‍ തന്നെ മാനുഷവേഷം ധരിച്ചു വന്നിട്ടുളളതാണ്. രാമനെ ആശ്രയിക്കൂ, ശരണം പ്രാപിക്കൂ. എന്നാല്‍ അങ്ങയുടെ ഭാവി ശോഭനമായി വരും. അല്ലാതെ വംശ നാശത്തിനുളള മാര്‍ഗ്ഗം സ്വീകരിക്കരുത്.' ആയുസ്സറ്റവനുണ്ടോ ഹിതോപദേശം കേള്‍ക്കുന്നു! രാവണന് അതു കേട്ടപ്പോള്‍ കോപമാണ് വന്നത്.
രാവണന്‍ പറഞ്ഞു: 'ഞാന്‍ സീതയെ അപഹരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. അവളെ കിട്ടാതെ എനിക്കു ജീവിക്കുവാന്‍ വയ്യ. അതിന് അങ്ങു മായകൊണ്ട് സുന്ദരമായ ഒരു പൊന്മാനിന്‍റെ വേഷം ധരിച്ച് സീതയെ മോഹിപ്പിക്കണം. അവളുടെ ആഗ്രഹം അനുസരിച്ച് രാമന്‍ മാനിനെ പിടിക്കുവാന്‍ വരുമ്പോൾ രാമലക്ഷ്മണന്മാരെ ദൂരേയ്ക്ക് അകറ്റണം. അപ്പോള്‍ ഞാന്‍ സീതയേയും പിടിച്ചുകൊണ്ടു പോരാം. ഈ ആജ്ഞ അങ്ങ് അനുസരിക്കുന്നില്ലെങ്കില്‍, എന്‍റെ വാളിന് അങ്ങ് ഇരയായിത്തീരും.
ഈ ദുഷ്ടന്‍റെ കൈകൊണ്ടു മരിക്കുന്നതിനേക്കാള്‍ നല്ലത് രാമാസ്ത്രമേറ്റു മരിക്കുന്നതാണെന്നു തീര്‍ച്ചപ്പെടുത്തി മാരീചന്‍ പൊന്മാനിന്‍റെ രൂപം ധരിച്ച് ആശ്രമസമീപത്ത് തുളളിച്ചാടി. വൈദേഹി അസാധാരണമായ ആ സുവർണ്ണ മൃഗത്താല്‍ ആകൃഷ്ടയായി രാമലക്ഷ്മണന്മാരെ വിളിച്ചു കാണിച്ചു. അതിനെ തനിക്കു പിടിച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലക്ഷ്മണന്‍ ഇങ്ങനെയൊരു മൃഗം ഉണ്ടാവുകയില്ലെന്നു പറഞ്ഞുവെങ്കിലും സീത അതു ശ്രദ്ധിച്ചില്ല. ശ്രീരാമന്‍ സീതയുടെ വാക്കുകേട്ട് മാനിന്‍റെ പിന്നാലെ പോയി. കുറേ ദൂരം പോയപ്പോള്‍ മാനിനെ ജീവനോടെ പിടിക്കുവാന്‍ സാദ്ധ്യമല്ലെന്നു കണ്ടു കൊല്ലുവാന്‍ അസ്ത്രം പ്രയോഗിച്ചു. ''ഹാ സീതേ, ഹാ ലക്ഷ്മണാ'' എന്നുറക്കെ നിലവിളിച്ചുകൊണ്ട് മാരീചന്‍ മരിച്ചു വീണു. രാമന്‍റെ സ്വരത്തിലുളള നിലവിളി കേട്ട് സീത പരിഭ്രമിച്ചു. ലക്ഷ്മണനെക്കൂടി സീതയുടെ അടുത്തു നിന്നു മാറ്റുകയായിരുന്നു മാരീചന്‍റെ ഉദ്ദേശം.
*''വിനാശകാലേ വിപരീത ബുദ്ധി''* എന്ന ആപ്തവാക്യം അനുസരിച്ചാണ് രാവണന് മാരീചന്‍റെ ഹിതോപദേശം കേള്‍ക്കാന്‍ തോന്നാതിരുന്നത്. സീതാവിഷയകമായ കാമം കൊണ്ട് അന്ധനായിത്തീര്‍ന്ന രാവണന് വിവേകം നശിക്കുകയാണ്. മാരീചന്‍ ഗത്യന്തരമില്ലാതെ മരണം വരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. ശ്രീരാമനും പത്നിയുടെ വാക്കുകേട്ട് ആലോചനയില്ലാതെ ചാടിപ്പുറപ്പെട്ടു. ഇങ്ങനെയൊരു സുവര്‍ണ്ണമൃഗമില്ലെന്നും ഇത് രാക്ഷസമായയാണെന്നുമുളള ലക്ഷ്മണന്‍റെ വാക്ക് സീതാരാമന്മാര്‍ ശ്രദ്ധിച്ചില്ല. അതിന്‍റെ ഫലമാണ് ഇനി അവര്‍ അനുഭവിക്കുവാന്‍ പോകുന്നത്. അവിവേകം ആപത്തിനു കാരണമാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Sunday, August 20, 2017

ശ്രീരാമകഥാമൃതം - ( 19 ) രാവണന് ശൂര്‍പ്പണഖയുടെ ഉപദേശം

ന്‍റെ സഹോദരിക്കു പറ്റിയ അംഗവൈകല്യത്തെയും ഖരവധത്തെയും പറ്റി ചാരന്മാര്‍ വഴി അറിഞ്ഞിരുന്ന രാവണന്‍ രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുകയായിരുന്നു. അപ്പോഴാണ് ശൂര്‍പ്പണഖ രാവണന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരിയെ സമാധാനിപ്പിച്ചതിനു ശേഷം രാവണന്‍ താനിപ്പോള്‍ത്തന്നെ അവരെ വധിക്കുവാന്‍ പോകുകയാണ് എന്ന് പറഞ്ഞു. ശൂര്‍പ്പണഖ ഉടനെ അതിനെ നിഷേധിച്ചുകൊണ്ടു പറഞ്ഞു: 'ജ്യേഷ്ഠാ, അതു സാദ്ധ്യമാകുകയില്ല. അവര്‍ മഹാബലവാന്മാരും ആയുധാഭ്യാസത്തില്‍ അതി നിപുണന്മാരും ഈശ്വര ചൈതന്യത്തോടു കൂടിയവരുമാണ്. ഖരദൂഷണന്മാരെയും പതിനാലായിരം സൈനികരേയും മൂന്നേമുക്കാല്‍ നാഴികനേരം കൊണ്ടാണ് അവന്‍ സംഹരിച്ചത്. അതുകൊണ്ട് അവരെ നശിപ്പിക്കുവാന്‍ മറ്റൊരു ഉപായം ഞാന്‍ പറയാം.' അതെന്താണെന്ന് രാവണന്‍ അന്വേഷിച്ചു. ശൂര്‍പ്പണഖയുടെ സ്ത്രീബുദ്ധിയില്‍ രാവണനുളള ദൗര്‍ബ്ബല്യം നല്ലവണ്ണം അറിയാമായിരുന്നു. പണ്ടു രംഭയെ പിടിക്കുവാന്‍ പോയി ശാപത്തിനിരയായ കഥയും അവള്‍ക്കറിയാം. മറ്റു പല ഗുണങ്ങളുമുളളവനും ശിവഭക്തനുമാണെങ്കിലും സ്ത്രീ വിഷയകരമായ കാമത്തെ ജയിക്കുവാന്‍ രാവണന് സാധിച്ചിട്ടില്ല. ഈ ദൗര്‍ബ്ബല്യത്തെ മുതലെടുക്കുവാന്‍ ശൂര്‍പ്പണഖ തീര്‍ച്ചപ്പെടുത്തി. അവര്‍ പറഞ്ഞു : 'ജ്യേഷ്ഠാ, കാട്ടില്‍ അതിസുന്ദരിയായ ഒരു സ്ത്രീയും കൂടെ രണ്ടു പുരുഷന്മാരും കൂടി സഞ്ചരിക്കുന്നതു ഞാന്‍ കണ്ടു. ത്രിലോകങ്ങളിലും ഇതുപോലെ സൗന്ദര്യമൂര്‍ത്തിയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. ആ സ്ത്രീരത്നം ജ്യേഷ്ഠന്‍റെ അന്തഃപുരത്തിന് അലങ്കാരമായിരിക്കുമെന്നു വിചാരിച്ച് ജ്യേഷ്ഠനു വേണ്ടി അവളെ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോഴാണ് ആ പുരുഷന്മാര്‍ എന്നെ ഇങ്ങനെ വിരൂപയാക്കിത്തീര്‍ത്തത്. അവളുടെ വിരഹം കൊണ്ടുതന്നെ അവര്‍ സ്വയം മരിച്ചു കൊള്ളും. അതുകൊണ്ട് എങ്ങനെയെങ്കിലും സീതയെ അപഹരിച്ചു കൊണ്ടു വരുവാനാണ് ശ്രമിക്കേണ്ടത്. ജ്യേഷ്ഠന് അത് വലിയൊരു ലാഭമായിരിക്കും.'
സീതയുടെ സൗന്ദര്യവര്‍ണ്ണന കേട്ട് രാവണന്‍റെ മനസ്സില്‍ കാമാഗ്നി കത്തിക്കാളി. സീതയെ അപഹരിക്കുവാനുളള ഉപായം രാവണന്‍ ആലോചിച്ചു കണ്ടുപിടിച്ചു. തന്‍റെ അമ്മാവനായ മാരീചന്‍റെ സഹായത്തോടെ അത് എളുപ്പത്തിൽ സാധിക്കുമെന്ന് തീര്‍ച്ചപ്പെടുത്തി.
*കാമം മനുഷ്യന്‍റെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും അതിനെ ഇന്ദ്രിയ മനോബുദ്ധിയുടെ നിയന്ത്രണം കൊണ്ടു നശിപ്പിക്കണമെന്നും അല്ലെങ്കിൽ അതു സര്‍വ്വനാശത്തിനും കാരണമാകുമെന്നും ഭഗവാന്‍ ഗീതയില്‍ വിശദമായി പറയുന്നുണ്ട്. അതിന്നൊരു ദൃഷ്ടാന്തമായിട്ടാണ് രാവണനെ നാം കാണുന്നത്. സ്ത്രീകളുടെ കുടിലബുദ്ധി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നു ശൂര്‍പ്പണഖ പറയുന്ന അസത്യത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ അസത്യം വിശ്വസിച്ചതു കൊണ്ടു രാവണന്‍ സര്‍വ്വനാശത്തിനു പാത്രമാകുകയാണ് ചെയ്യുന്നത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 19, 2017

ശ്രീരാമകഥാമൃതം ( 18 ) - ഖരവധം

ക്ഷ്മണനാല്‍ മൂക്കും കാതും ഛേദിച്ച് വിരൂപയാക്കപ്പെട്ട ശൂര്‍പ്പണഖ നേരെ പോയത് സോദരനായ ഖരന്‍റെ അടുത്തേക്കായിരുന്നു. ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്ന മൂന്നു രാക്ഷസ സഹോദരന്മാര്‍ ആ വനത്തില്‍ തന്നെ താമസിക്കുന്നുണ്ടായിരുന്നു. സഹോദരിയില്‍ നിന്നു വിവരമെല്ലാം ചോദിച്ചറിഞ്ഞ ഖരന്‍ ആദ്യം പതിനാലു രാക്ഷസവീരന്മാരെ അയച്ചു. സീതാരാമലക്ഷ്മണന്മാരെ വധിച്ച് അവരുടെ രക്തം ശൂര്‍പ്പണഖയ്ക്ക് കൊടുക്കുവാനായി യുദ്ധസന്നദ്ധരായി വന്ന പതിനാലു പേരെയും രാമന്‍ അനായാസമായി വധിച്ചു. ശൂര്‍പ്പണഖ വീണ്ടും കരഞ്ഞുകൊണ്ട് ഖരന്‍റെ അടുത്തെത്തി രാമന്‍റെ ശക്തിയേപ്പറ്റി പറഞ്ഞു കേള്‍പ്പിച്ചു. കുപിതനായ ഖരന്‍ സഹോദരരായ ദൂഷണനും ത്രിശിരസ്സുമൊന്നിച്ച് പതിനാലായിരം രാക്ഷസ സൈന്യത്തോടു കൂടി രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ പുറപ്പെട്ടു. വലിയൊരു സൈന്യം യുദ്ധത്തിനു വരുന്നതു കണ്ട് ലക്ഷ്മണനെ സീതാരക്ഷണത്തിനേല്പിച്ച് രാമന്‍ സ്വയം യുദ്ധസന്നദ്ധനായി പുറത്തിറങ്ങി. രാക്ഷസന്മാര്‍ ഉഗ്രമായ യുദ്ധം ആരംഭിച്ചുവെങ്കിലും രാമന്‍ അനായാസേന അവരുടെ ശസ്ത്രങ്ങളെയെല്ലാം വഴിക്കുവച്ചു തന്നെ നശിപ്പിച്ചു. രാമന്‍ തന്‍റെ ശക്തി മുഴുവൻ പ്രകടമാക്കിയ സമയമായിരുന്നു അത്. രാമന്‍ അനായാസേന ലീലയായിത്തന്നെ ആ രാക്ഷസ സൈന്യത്തെ മുഴുവൻ നശിപ്പിച്ചു. സേനാനായകന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സും പിന്നീട് വന്നു. രാമനോടെതിരിട്ടുവെങ്കിലും അവര്‍ക്ക് ജീവനോടു കൂടി മടങ്ങുവാന്‍ പറ്റിയില്ല. മഹര്‍ഷിമാരെല്ലാം സന്തുഷ്ടരായി വന്നു രാമനെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ശൂര്‍പ്പണഖ നിരാശയും ദുഃഖവും വേദനയും കൊണ്ട് എങ്ങനെയെങ്കിലും രാമലക്ഷ്മണന്മാരോടു പകരം വീട്ടുവാനായി സ്വന്തം ജ്യേഷ്ഠനും രാക്ഷസ രാജാവുമായ രാവണനെ ആശ്രയിക്കുവാനായി ലങ്കയിലേക്കു പോയി.
കാര്യങ്ങളുടെ ന്യായാന്യായങ്ങളെപ്പറ്റി ആലോചിക്കാതെ ആപത്തിലേക്കെടുത്തു ചാടുന്നതു ശരിയല്ല എന്നാണ് ഖരന്‍ നല്‍കുന്ന പാഠം. ശൂര്‍പ്പണഖയ്ക്ക് ആപത്തു വന്നതിന്‍റെ കാരണമെന്താണെന്നന്വേഷിക്കാതെ യുദ്ധത്തിനു പുറപ്പെടുകയാണ് ഖരന്‍ ചെയ്തത്. തന്‍റെ സഹോദരിയോട് ഇങ്ങനെ അപകാരം ചെയ്യുവാന്‍ ധൈര്യം കാണിച്ച മനുഷ്യര്‍ ആരാണെന്നോ എങ്ങനെയുളളവരാണെന്നോ ആലോചിക്കാതെ യുദ്ധത്തിനു പുറപ്പെട്ടതു കൊണ്ടാണ് ഖരന് ഈ ആപത്തു വന്നത്. നല്ലവണ്ണം ആലോചിച്ച് വളരെ മുന്‍കരുതലോടു കൂടി ഖരന്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് ആലോചിക്കാതെ പെട്ടെന്ന് ഒന്നും ചെയ്യരുത്, അവിവേകം ആപത്തുകള്‍ക്ക് കാരണമാകുന്നു എന്നു പറയുന്നത്.
നന്മയും തിന്മയും തമ്മിലുളള പോരാട്ടമാണ് നാം ഇവിടെ കണ്ടത്. സ്വാര്‍ത്ഥത്തിനു വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന രാക്ഷസന്മാര്‍ തിന്മയുടെ പ്രതീകമാകുന്നു. സാത്വികന്മാരായ മഹര്‍ഷിമാരുടെ തപസ്സിനുളള പ്രതിബന്ധം തീര്‍ത്തുകൊടുക്കാമെന്നു പ്രതിജ്ഞ ചെയ്ത രാമന്‍ നന്മയുടെ പ്രതീകവും. വിജയം എപ്പോഴും നന്മയ്ക്കേ ഉണ്ടാകുകയുളളൂ.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Friday, August 18, 2017

ശ്രീരാമകഥാമൃതം - ( 17 ) കാമം ആപത്തുകള്‍ക്കു കാരണമാകുന്നു

ചിത്രകൂടത്തില്‍ ഇനിയും പൗരജനങ്ങള്‍ വന്നെങ്കിലോ എന്നു ഭയപ്പെട്ട് ശ്രീരാമന്‍ പിന്നെയും തെക്കോട്ടു യാത്ര ചെയ്തു. വഴിക്ക് വൈശ്രവണന്‍റെ ശാപം കൊണ്ടു രാക്ഷസനായിത്തീര്‍ന്ന തുംബുരു എന്ന ഗന്ധര്‍വ്വന് ശാപമോക്ഷം നല്‍കി. വിരാധനേയും ശാപമുക്തനാക്കി. ശരഭംഗമഹര്‍ഷിയെയും സുതീക്ഷ്ണമുനിയെയും കണ്ട് അനുഗ്രഹം വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരം ദണ്ഡകാരണ്യത്തിലെത്തി. രാമലക്ഷ്മണന്മാരുടെ ആഗമനം കൊണ്ട് സന്തുഷ്ടരായ മഹര്‍ഷിമാര്‍ അവിടെയുളള രാക്ഷസന്മാരുടെ ഉപദ്രവങ്ങളെ പറ്റിയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ശ്രീരാമന്‍ അവര്‍ക്ക് അഭയം വാഗ്ദാനം ചെയ്തു.
ലക്ഷ്മണന്‍ അവിടെ മനോഹരമായ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. അവിടെ താമസം തുടങ്ങി. രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അതിസുന്ദരകളേബരനും ലോകാഭിരാമനുമായ ശ്രീരാമനെ കണ്ട് ശൂര്‍പ്പണഖ കാമപരവശയായി. അവള്‍ രാമനെ സമീപിച്ച് തന്നെ ഭാര്യയായി സ്വീകരിക്കുവാനപേക്ഷിച്ചു. പരിഹാസമായി ചിരിച്ചു കൊണ്ട് രാമന്‍ അല്പം തമാശയുണ്ടാക്കുവാനാഗ്രഹിച്ച് പറഞ്ഞു, 'ഞാന്‍ വിവാഹിതനാണ്. ഭാര്യ കൂടെയുണ്ട്. ഞാന്‍ നിന്നെ വിവാഹം ചെയ്താല്‍ സപത്നീ കലഹവുമുണ്ടാകും. അതുകൊണ്ട്, അതിസുന്ദരനായ എന്‍റെ അനുജന്‍ അപ്പുറത്തുണ്ട്. അയാൾ ഒറ്റയ്ക്കാണ്. ഒരു ഭാര്യയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ചെല്ലൂ.'
അതുകേട്ട് ശൂര്‍പ്പണഖ ലക്ഷ്മണനെ സമീപിച്ചു. അപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞു : ഞാനൊരു ദാസനാണ്. എന്നെ വിവാഹം ചെയ്താല്‍ നീയൊരു ദാസിയായിത്തീരും. അതു ശരിയല്ല, ജ്യേഷ്ഠനോടു നിന്നെ ഇളയ ഭാര്യയായി സ്വീകരിക്കുവാന്‍ പറയൂ. നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും.' ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു പ്രാവശ്യം നടന്നപ്പോള്‍ സീതയുളളതുകൊണ്ടല്ലേ രാമന്‍ തന്നെ സ്വീകരിക്കാത്തത് എന്നു വിചാരിച്ച് സീതയെ ചെന്നു പിടിച്ചു. സീത വിലപിക്കുവാന്‍ തുടങ്ങിയപ്പോൾ രാമന്‍ പറഞ്ഞു: ലക്ഷ്മണാ, തമാശ മതിയാക്കൂ. ഇവളെ വിരൂപയാക്കി വിടൂ.' ലക്ഷ്മണന്‍ ഉടനെ വാളെടുത്തു രാക്ഷസിയുടെ മൂക്കും കാതും അരിഞ്ഞു വിരൂപയാക്കിത്തീര്‍ത്തു. ശൂര്‍പ്പണഖ വേദന സഹിക്കവയ്യാതെ ചോരയൊലിപ്പിച്ചുകൊണ്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു.
'കാമനു കണ്ണില്ല' എന്നൊരു പഴമൊഴിയുണ്ട്. ഒരു മനുഷ്യനെ കണ്ട് ഔചിത്യാനൗചിത്യങ്ങളെപ്പറ്റിയൊന്നും ആലോചിക്കാതെ പെരുമാറിയതു കൊണ്ട് ആപത്തില്‍ ചെന്നു ചാടി. രാമലക്ഷ്മണന്മാരുടെ പരിഹാസപൂര്‍വ്വമായ ഒരു തമാശയാണ് പിന്നീടുണ്ടായ എല്ലാ സംഭവങ്ങള്‍ക്കും ആപത്തുകള്‍ക്കും കാരണമായത്. അതുകൊണ്ട് കളിയായിട്ടാണെങ്കിലും മറ്റുളളവര്‍ക്കു വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അതു പിന്നീട് ആപത്തുകള്‍ക്ക് കാരണമാകും. രാവണസോദരിയായ ശൂര്‍പ്പണഖയുടെ വികാരപാരവശ്യത്തോടുകൂടിയുളള അവിവേക പ്രവൃത്തിയാണ് അവള്‍ക്ക് ആപത്തു വരുത്തി വച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 17, 2017

ശ്രീരാമകഥാമൃതം ( 16 ) രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ*

ലോകസാമാന്യമായ സൗഭ്രാത്രത്തിന്‍റെയും ത്യാഗത്തിന്‍റെയും ശക്തി കണ്ട് മഹര്‍ഷിമാരെല്ലാം ആശ്ചര്യസ്തബ്ധരായി നോക്കി നിന്നു. ശ്രീരാമന് അനുജന്മാരെല്ലാം ബഹിശ്ചര പ്രാണനായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് താന്‍ എന്തും ആഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി താന്‍ എന്തും ത്യജിക്കുവാന്‍ തയ്യാറാണെന്നും രാമന്‍ പറയാറുളളത് വീണ്‍വാക്കല്ലെന്നും ബോദ്ധ്യപ്പെട്ടു. അങ്ങനെ ഭരതനെ രാജ്യഭാരം ഏല്പിച്ച് പതിനാലു വര്‍ഷം തികയുമ്പോള്‍ വന്നുകൊള്ളാമെന്നു പറഞ്ഞ് സന്തോഷത്തോടു കൂടി എല്ലാവരേയും മടക്കി അയച്ചു. വസിഷ്ഠനും മന്ത്രിമാരും രാമനോടു യാത്ര പറഞ്ഞു.
അപ്പോഴാണ് കൈകേയി താന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിക്കുവാനായി രാമനെ സമീപിച്ചത്. കൈകേയി പറഞ്ഞു, ''രാമാ, അന്നു മന്ഥര പറഞ്ഞതു കേട്ട് ബുദ്ധിദോഷം കൊണ്ട് ഞാന്‍ അങ്ങനെ പറഞ്ഞു പോയതാണ്. അതു സ്ത്രീസഹജമായ ബുദ്ധിമോശം കൊണ്ടാണെന്ന് വിചാരിച്ച് എന്നോടു ക്ഷമിക്കണം. നീ മടങ്ങി വന്നു രാജ്യം ഭരിക്കുന്നതാണ് എനിക്കിഷ്ടം.'' പക്ഷേ രാമന്‍ പറഞ്ഞു, ''അമ്മേ അങ്ങനെ പറയരുത്. എനിക്കിഷ്ടമായിട്ടുളളതു തന്നെയാണ് ഈശ്വരപ്രേരണ കൊണ്ട് അമ്മ പറഞ്ഞത്. അതിനു കാരണം അമ്മയ്ക്ക് എന്നോടു കൂടുതല്‍ സ്നേഹമുളളതു കൊണ്ടാണെന്നും ഞാന്‍ അറിയുന്നു. സാധാരണ അമ്മമാർ ഇഷ്ടമുളള കുട്ടിക്കു ജോലി കുറച്ചു കൊടുക്കുന്നതും മറ്റുളള കുട്ടികള്‍ക്കു ജോലി കൂടുതല്‍ കൊടുക്കുന്നതും പതിവാണല്ലോ. അതുകൊണ്ടാണ് എന്നോടു കാട്ടില്‍ പോയി നീ നിന്‍റെ ദേഹം മാത്രം നോക്കിയാല്‍ മതിയെന്നു പറഞ്ഞത്. കനത്ത രാജ്യഭാരം മുഴുവൻ ഭരതന്‍റെ തലയിലും വച്ചു കൊടുത്തു. അമ്മ ഒട്ടും വിഷമിക്കരുത്. എനിക്ക് യാതൊരു വിഷമവുമില്ല. സന്തോഷത്തോടു കൂടി പോകൂ. സ്നേഹത്തോടു കൂടി ചെയ്തതിന് എന്തിനാണ് മാപ്പു ചോദിക്കുന്നത് - രാമന് കൈകേയിയില്‍ കുറ്റം കാണുവാന്‍ സാധിച്ചില്ല. ഗുണദോഷസമ്മിശ്രമായ ലോകത്തില്‍ മഹാന്മാര്‍ ഗുണമേ കാണുകയുളളൂ.
ഇതാണ് ശ്രീരാമന്‍റെ മഹത്ത്വം. തന്നെ സ്നേഹിക്കുന്നവരോട് എല്ലാവരും സ്നേഹം കാണിക്കും. തന്നെ ദ്വേഷിക്കുന്നവരോടും ഉപദ്രവിക്കുന്നവരോടും കൂടി സ്നേഹം കാണിക്കുക. ഇതാണ് മഹാന്മാരുടെ ലക്ഷണം. കൊട്ടാരത്തിൽ സുഖമായി താമസിക്കേണ്ട താന്‍ ഈ വനപ്രദേശത്തില്‍ കായ്കനികള്‍ തിന്നു വിശപ്പടക്കി, കല്ലിലും മണ്ണിലും കിടന്ന് ഉറങ്ങേണ്ടി വന്നതില്‍ യാതൊരു വിഷമവും രാമന് തോന്നിയില്ല. കാരണം, സത്യവും ധര്‍മ്മവും സംരക്ഷിക്കുവാന്‍ എന്തും സഹിക്കുവാന്‍ അദ്ദേഹം തയ്യാറാണ്. ഈ സമയത്ത് എല്ലാവരുടെയും സ്നേഹപൂർവ്വമായ നിര്‍ബന്ധമനുസരിച്ച് രാജ്യം തിരികെ സ്വീകരിച്ചിരുന്നു എങ്കിൽ ആരും അതില്‍ സത്യഭംഗമോ അധര്‍മ്മാചരണമോ ആരോപിക്കുകയില്ലായിരുന്നു. എങ്കിലും സത്യധര്‍മ്മാദികളുടെ മൂര്‍ത്തിമദ്ഭാവവും ത്യാഗമൂര്‍ത്തിയുമാണ് താനെന്നു തെളിയിക്കുവാന്‍ പറ്റിയ രീതിയിലാണ് രാമന്‍ പെരുമാറുന്നത്. സത്യധര്‍മ്മങ്ങളില്‍ നിന്ന് അണുപോലും അദ്ദേഹം വ്യതിചലിക്കുന്നില്ല.കൈകേയിയെപ്പറ്റിയുളള രാമന്‍റെ വീക്ഷണം എത്ര മഹത്ത്വമേറിയതാണ് !

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 16, 2017

ശ്രീരാമകഥാമൃതം ( 15 ) - ജ്യേഷ്ഠാനുജന്മാരുടെ ത്യാഗശക്തി

ജ്യേഷ്ഠനിരിക്കെ താന്‍ രാജാവാകുകയില്ലെന്ന് ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് അച്ഛന്‍റെ ഉദകക്രിയകളെല്ലാം കഴിഞ്ഞതിനു ശേഷം രാമനെ മടക്കിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ടു. പൗരജനങ്ങളും അമ്മമാരും രാമനെ കാണാനുളള ആഗ്രഹം കൊണ്ട് ഭരതനെ അനുഗമിച്ചു. വഴിക്ക് ഗുഹനെ കണ്ട് രാമലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടു തിരിച്ചു. ദൂരെ നിന്നും സസൈന്യം വരുന്ന ഭരതനെ കണ്ട് ആക്രമണത്തിനാണ് വരുന്നതെന്ന് ലക്ഷ്മണന്‍ സംശയിച്ചെങ്കിലും ശ്രീരാമചന്ദ്രന്‍റെ സഹോദരസ്നേഹം ആ വക സംശയങ്ങളെയെല്ലാം നിരാകരിച്ചു. ഭരതന്‍ അനുചരന്മാരോടു കൂടി ആശ്രമത്തിലെത്തി രാമന്‍റെ പാദങ്ങളില്‍ വീണു. നിലത്തു കിടന്നുറങ്ങുന്ന സീതാരാമന്മാരുടെ നിലയാലോചിച്ച് എല്ലാവരും പരിതപിച്ചു.
രാമന്‍ ഭരതന്‍റെ വരവിനുളള കാരണം അന്വേഷിച്ചപ്പോഴാണ് ഭരതന്‍ അച്ഛന്‍റെ മരണ വര്‍ത്തമാനം അറിയിച്ചത്. ദുഃഖിതനായ രാമന്‍ പിതൃക്രിയകളെല്ലാം ചെയ്തു. രാജ്യത്തേക്കു മടങ്ങി വന്ന് ഭരണമേറ്റെടുക്കുവാന്‍ ഭരതന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു എങ്കിലും അച്ഛന്‍റെ പ്രതിജ്ഞ നിറവേറ്റേണ്ടത് പുത്രധര്‍മ്മമാണെന്നു പറഞ്ഞ് രാമന്‍ സമ്മതിച്ചില്ല. തനിക്ക് അച്ഛന്‍ തന്നിട്ടുളള രാജ്യം മുഴുവൻ ജ്യേഷ്ഠന്‍റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു എന്നും താനൊരിക്കലും രാജാവാകുകയില്ലെന്നും ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. എങ്കിലും രാമന്‍ സത്യത്തിൽ നിന്നും മാറുവാന്‍ സമ്മതിച്ചില്ല. ഒടുവിൽ ഭരതന്‍ രാമന്‍റെ മുന്നിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അപ്പോഴാണ് വസിഷ്ഠന്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കിയത്. 'രാമന്‍റെ സിംഹാസനത്തില്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങള്‍ പ്രതീകമായിരിക്കട്ടെ! രാമന്‍റെ പ്രതിനിധിയായി പതിനാലു കൊല്ലം ഭരതന്‍ രാജ്യം ഭരിക്കുക'. ഈ വസിഷ്ഠ വചനം എല്ലാവരും സമ്മതിച്ചു. അങ്ങനെ ഭരതന്‍ രാമനെ നമസ്കരിച്ചു മെതിയടികളെക്കൊണ്ട് രാജപ്രതിനിധി എന്ന നിലയിൽ മടങ്ങിപ്പോരുകയും ചെയ്തു.
ഭാരതത്തിന്‍റെ മഹത്തായ ഒരു ആദര്‍ശമാണ് ത്യാഗം. അതിന്‍റെ ശക്തിയാണ് നാമിവിടെ കാണുന്നത്. ഭാരത ചക്രവര്‍ത്തിയുടെ കിരീടം ശിരസ്സിലണിയുവാനുളള സന്ദര്‍ഭം വന്നിട്ടും അത് അനായാസേന ത്യജിക്കുവാനുളള ത്യാഗമനോഭാവവും മനഃശക്തിയുമാണ് രാമന്‍റെ വിജയത്തിനു കാരണം. ഭരതന്‍റെ ഭ്രാതൃസ്നേഹവും അഭിനന്ദനീയമായിരിക്കുന്നു. കൈയിൽ കിട്ടുന്ന ഐശ്വര്യം ധര്‍മ്മാനുസൃതമല്ലെങ്കില്‍ അത് ഉപേക്ഷിക്കുക തന്നെ വേണം. ഇന്ന് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കലഹിക്കുകയും അതിന്നു എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കാത്തവരുമായ ജനങ്ങള്‍ രാമഭരതന്മാരുടെ ഈ ത്യാഗശക്തിയും ധര്‍മ്മപരതയും കണ്ടു പഠിക്കേണ്ടതാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Tuesday, August 15, 2017

ശ്രീരാമകഥാമൃതം ( 14 ) - ഭരതന്‍റെ പ്രതികരണം

പുത്രന്മാരടുത്തില്ലാത്ത സമയത്തുളള രാജാവിന്‍റെ നിര്യാണം കുറച്ച് പരിഭ്രമമുണ്ടാക്കിത്തീര്‍ത്തുവെങ്കിലും വസിഷ്ഠന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഉടനെ ദൂതന്മാരെ അയച്ച് ഭരതനെ വരുത്തി. ഭരതൻ വന്നപ്പോൾ അയോദ്ധ്യയെ ശോകമൂകമായി കണ്ടു സംഭ്രമിച്ചു. അച്ഛന്‍ അമ്മയുടെ കൊട്ടാരത്തിൽ ഉണ്ടാകുമെന്നു വിചാരിച്ച് അവിടെ ചെന്നു. കൈകേയി വളരെ സന്തോഷത്തോടു കൂടി വന്ന് സ്വീകരിച്ചു എങ്കിലും അച്ഛനെ കാണാനായിരുന്നു ഭരതന് തിടുക്കം. അവസാനം കൈകേയിക്ക് പറയേണ്ടി വന്നു രാമനെയും സീതയേയും ലക്ഷ്മണനേയും വിളിച്ചു വിലപിച്ചുകൊണ്ട് അച്ഛന്‍ ദേഹത്യാഗം ചെയ്തുവെന്ന്. ദുഃഖപരവശനായ ഭരതന്‍ സീതാരാമലക്ഷ്മണന്മാരെവിടെപ്പോയി എന്നു ചോദിച്ചപ്പോൾ കൈകേയി പറഞ്ഞു : 'മകനേ, നീ ഒട്ടും വ്യസനിക്കരുത്. അച്ഛന്‍ നമ്മളെ അറിയിക്കാതെ രാമന് അഭിഷേകം തുടങ്ങുവാന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ ഞാന്‍ പണ്ട് ദേവാസുര യുദ്ധത്തിൽ അച്ഛനെ രക്ഷിച്ചിട്ടുളളതിന് പ്രതിജ്ഞ ചെയ്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നു കൊണ്ടു നിന്നെ രാജാവാക്കി അഭിഷേകം ചെയ്യണമെന്ന് അപേക്ഷിച്ചു. മറ്റൊന്നുകൊണ്ട് രാമനെ പതിനാലു വര്‍ഷം കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് കാട്ടിലേക്ക് അവര്‍ അച്ഛന്‍റെ സത്യ സംരക്ഷണത്തിനായി പോയിരിക്കയാണ്. നീ ഇവിടെ രാജ്യം ഭരിച്ച് സുഖമായിരിക്കുക.'
ഇതു കേട്ടതോടു കൂടി ഭരതന്‍ ഞെട്ടിപ്പോയി. ജ്യേഷ്ഠന്‍റെ വനവാസത്തിനും അതു മൂലമുണ്ടായ അച്ഛന്‍റെ മരണത്തിനും അമ്മയാണ് കാരണമെന്നറിഞ്ഞപ്പോള്‍ കോപാക്രാന്തനായ ഭരതന്‍, കൈകേയിയെ നിന്ദിക്കുവാനും ശകാരിക്കുവാനും തുടങ്ങി. 'ഭര്‍ത്താവിനെ കൊന്ന പാപേ! മഹാഘോരേ! നിസ്ത്രേപേ, നിര്‍ദ്ദയേ, ദുഷ്ടേ! നിശാചരീ' എന്നെല്ലാം ശകാരിക്കുവാനും തുടങ്ങി. കൈകേയിയുടെ വയറ്റില്‍ വന്നു പിറന്ന മഹാപാപിയാണ് താനെന്നും ജ്യേഷ്ഠന് ഇഷ്ടമാകുകയില്ലെന്ന് വിചാരിച്ചാണ് താനിപ്പോള്‍ കൈകേയിയെ വധിക്കാത്തതെന്നും മറ്റും ഭരതന്‍ വളരെ അധിക്ഷേപിച്ചു സംസാരിച്ചു. ഇതു കേട്ടപ്പോള്‍ കൈകേയിക്കുണ്ടായ നിരാശയും ദുഃഖവും ആലോചിക്കുകയാണ് നല്ലത്. അത് വിചാരിക്കുവാനോ വിസ്തരിക്കുവാനോ സാദ്ധ്യമല്ല.
പുത്രവാത്സല്യം നിമിത്തം മറ്റുളളവരുടെ ഏഷണി കേട്ട് ധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിക്കുവാനാഗ്രഹിച്ച കൈകേയിയുടെ അനുഭവം നല്ലൊരു പാഠമാകേണ്ടതാണ്. *രാജമാതാവായി സര്‍വ്വസൗഭാഗ്യങ്ങളും അനുഭവിക്കണമെന്നാഗ്രഹിച്ച കൈകേയി അധര്‍മ്മാചരണത്തിന്‍റെ ഫലമായി എല്ലാവരുടെയും തിരസ്ക്കാരത്തിനും നിന്ദയ്ക്കും അപമാനത്തിനും പാത്രമായി പശ്ചാത്തപിക്കേണ്ടി വന്നതുകൊണ്ട് നമുക്ക് പഠിക്കാനുളളത് അന്യരുടെ ഏഷണി കേള്‍ക്കരുതെന്നും അതിസ്നേഹവും അധര്‍മ്മവും ഉപേക്ഷിക്കണമെന്നുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Monday, August 14, 2017

ശ്രീരാമകഥാമൃതം ( 13 ) - ദശരഥന്‍റെ മരണം

വിധിയുടെ അലംഘനീയാവസ്ഥയാണ് സ്ഥായിയായ സത്യം. രാമായണത്തിന്‍റെ അന്തഃസത്തയും അതുതന്നെ. മഹാരഥനായ ദശരഥനോ ദശരഥന്‍റെ അമ്പേറ്റു മരിക്കേണ്ടിവന്ന മുനികുമാരനോ അതില്‍ നിന്ന് മോചനം കിട്ടിയില്ല. അതുകൊണ്ടുതന്നെ വൃദ്ധദമ്പതികളുടെ ശാപം ദശരഥനു മേല്‍ ദുരന്തത്തിന്‍റെ കിരീടമായി. അവസാനം അനിവാര്യമായ വിധി ദശരഥനെ പുത്രദുഃഖം മൂലമുളള മരണത്തിലേക്കു നയിക്കുകയും ചെയ്തു. ദശരഥൻ തന്നെ ആ കഥ കൗസല്യയ്ക്കു വിവരിച്ചു കൊടുക്കുന്നു.
രാമന്‍ പോയതിനു ശേഷം ദശരഥ മഹാരാജാവ് കൈകേയിയുടെ കൊട്ടാരത്തിൽ നിന്ന് കൗസല്യയുടെ കൊട്ടാരത്തിലേക്ക് താമസം മാറ്റി. തുല്യ ദുഃഖിതരായ രണ്ടു പേരുണ്ടെങ്കില്‍ അല്പം സമാധാനം കിട്ടുമല്ലോ. അവിടെ രാമന്‍ മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സമാധാനിച്ചിരിക്കുമ്പോഴാണ് സുമന്ത്രന്‍ മടങ്ങി വന്ന് രാമന്‍ ഗംഗാനദി കടന്നു പോയ വിവരം പറഞ്ഞത്. 'ദുഃഖിക്കരുത്. ഭരതനെ ഭരണമേല്പിക്കൂ. ഞാന്‍ വേഗത്തിൽ പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു മടങ്ങി വരാം: സമാധാനമായിരിക്കൂ' എന്നുളള രാമന്‍റെ സന്ദേശം രാജാവാനു കര്‍ണ്ണകഠോരമായിത്തോന്നി.
ദുഃഖപരവശനായ രാജാവ് കിടക്കയില്‍ വീണ് വിലപിക്കുവാന്‍ തുടങ്ങി. കൗസല്യ അടുത്തു വന്നു സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും രാജാവിനു സമാധാനം കിട്ടിയില്ല. അദ്ദേഹം പണ്ടു നടന്ന ഒരു സംഭവത്തെ ഓര്‍ത്തു കൗസല്യയോടു പറഞ്ഞു: 'പ്രിയേ, അവനവന്‍റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഞാന്‍ പണ്ട് ഒരിക്കൽ നായാട്ടിനു പോയപ്പോള്‍ പുഴയില്‍ നിന്ന് വെള്ളം കുടത്തിലാക്കുന്ന ശബ്ദം കേട്ട് അന്ധകാരത്തില്‍ ശബ്ദവേധി എന്ന അമ്പയച്ചു. അടുത്തു ചെന്ന് നോക്കിയപ്പോള്‍, ആനയാണെന്നു വിചാരിച്ച് അയച്ച അമ്പു കൊണ്ടത് ഒരു മഹര്‍ഷി കുമാരനായിരുന്നു. പശ്ചാത്താപ വിവശനായ ഞാന്‍ പലതും പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മരിക്കാന്‍ പോകുന്ന കുമാരന്‍ പറഞ്ഞു: 'രാജാവേ, ദുഃഖിക്കേണ്ട. കര്‍മ്മമാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. അടുത്തുള്ള പര്‍ണ്ണശാലയില്‍ എന്‍റെ വൃദ്ധരായ അച്ഛനമ്മമാര്‍ ദാഹപരവശരായി ഇരിക്കുന്നുണ്ട്. അവര്‍ക്കു വെള്ളം കൊണ്ടുപോയി കൊടുത്ത് അവരെ സമാധാനിപ്പിക്കൂ. അന്ധരായ അവര്‍ക്ക് വെളളം കൊണ്ടുപോകാനാണ് ഞാന്‍ വന്നത്.' കുമാരന്‍റെ വാക്കു കേട്ട് ഞാന്‍ ജലവുമെടുത്ത് അടുത്തു ചെന്നപ്പോൾ മകനാണ് വരുന്നതെന്നു വിചാരിച്ച് ആദ്യം അവര്‍ സന്തോഷിച്ചു. പിന്നെ ഞാന്‍ കാര്യങ്ങളെല്ലാം വാസ്തരിച്ചു പറഞ്ഞപ്പോള്‍ ദുഃഖാകുലരായ അവര്‍ തങ്ങളെ പുത്രശരീരത്തിന്‍റെ അടുത്തേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. നദീ തീരത്തെത്തിയ അവര്‍ കുറേ നേരം പുത്രശരീരം തൊട്ടുതഴുകിയതിനു ശേഷം എന്നോടു തന്നെ പുത്രന്‍റെ ശരീരം ദഹിപ്പിക്കുവാനുളള ചിതയുണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചിതകൂട്ടി മുനികുമാരന്‍റെ ദേഹം ചിതയില്‍ വച്ചപ്പോള്‍ അവരും ആ ചിതയില്‍ ചാടി മരണം വരിച്ചു. മരിക്കുന്നതിനു മുന്‍പ് അങ്ങും ഇതുപോലെ പുത്രദുഃഖത്താല്‍ മരിക്കാനിടവരും എന്ന് എന്നെ ശപിക്കുകയും ചെയ്തു. ആ ശാപമാണ് ഇപ്പോള്‍ ഫലിക്കാന്‍ പോകുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മഫലം ആണ് അനുഭവിക്കുന്നത്. അതാര്‍ക്കും തടുക്കാവതല്ല. ഇത്രയും പറഞ്ഞ് ദശരഥൻ അന്ത്യയാത്രയ്ക്ക് തയ്യാറായി.
ഹാ രാമ, ഹാ സീതേ, ഹാ ലക്ഷ്മണാ എന്നു വാവിട്ടു നിലവിളിച്ചുകൊണ്ട് മഹാരാജാവ് ദേഹം വെടിഞ്ഞു. നിശ്ചേതനായ രാജാവിനെ കണ്ട് എല്ലാവരും മുറവിളി കൂട്ടി. അന്തഃപുരത്തില്‍ നിന്നുളള ആര്‍ത്തനാദം കേട്ട് ഓടിയെത്തിയ വസിഷ്ഠനും മന്ത്രിമാരും ഇതികര്‍ത്തവ്യതാമൂഢരായി. പുത്രന്മാരാരും അടുത്തില്ലാത്തതു കൊണ്ട് സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ നിവൃത്തിയില്ല. വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിച്ചു. ദുഃഖാചരണത്തില്‍ എല്ലാവരും പങ്കുകൊണ്ടു. ഭരതനോട് ഉടനെ വരുവാന്‍ പറഞ്ഞ് വസിഷ്ഠന്‍ ദൂതന്മാരെ കേകയരാജ്യത്തിലേയ്ക്കയച്ചു. ഭരതന്‍ വരുന്നതുവരെ മൃതശരീരം തൈലത്തോണിയിലിട്ട് കേടുവരാതെ സൂക്ഷിക്കുവാനേര്‍പ്പാടു ചെയ്തു.
തന്‍റെ ദുഃഖത്തിനു കാരണം പുത്രവിയോഗമാണെങ്കിലും അതിനു ഹേതു തന്നെ നിഴല്‍ പോലെ പിന്തുടരുന്ന മുനിശാപമാണെന്ന് ദശരഥന് അറിയാമായിരുന്നു. വിധിയെ അംഗീകരിക്കാൻ മഹാരാജാവ് തയ്യാറായി എന്നാണ് അദ്ദേഹത്തിന്‍റെ അവസാന വാക്കുകൾ തെളിയിക്കുന്നത്. ലോകത്തില്‍ സ്വന്തം ഭാര്യയോടും പുത്രന്മാരോടും പോലുമുളള അതിസ്നേഹം, അത്യാസക്തി ആപത്തിനും ദുഃഖത്തിനും കാരണമായിത്തീരുമെന്നറിഞ്ഞ് അനാസക്തനായി, നിസ്സംഗനായി ജീവിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന തത്ത്വം ദശരഥന്‍റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Sunday, August 13, 2017

ശ്രീരാമകഥാമൃതം ( 12 ) നാമജപത്തിന്‍റെ മാഹാത്മ്യം

ശ്രീരാമനും സീതയും ലക്ഷ്മണനും നദീതീരത്തിലൂടെ നടന്ന് യമുനാനദിയേയും കടന്ന് ചിത്രകൂട പര്‍വ്വതത്തിന്‍റെ അടുത്ത് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. ശ്രീരാമദര്‍ശനംകൊണ്ടു സന്തുഷ്ടനായ മഹര്‍ഷി അവരെ സത്ക്കരിച്ച് സവിനയം പറഞ്ഞു, 'രാമാ, എന്‍റെ മഹത്ത്വമെല്ലാം അങ്ങയുടെ നാമം ജപിച്ചുണ്ടായതാണ്.' മഹര്‍ഷിയുടെ ചരിത്രം അറിയുവാൻ കൗതുകം പ്രകടിപ്പിച്ച രാമലക്ഷ്മണന്മാരോട് സ്വചരിതം വാല്മീകി ഇങ്ങനെ പറഞ്ഞു കേള്‍പ്പിച്ചു.
'രാമാ, ഈ ജീവിതത്തില്‍ ഞാന്‍ രത്നാകരനെന്നു പേരായ ഒരു കൊളളക്കാരനായിരുന്നു. വനാന്തരത്തില്‍കൂടി വരുന്നവരെ കൊളളയടിച്ച് ഞാന്‍ എന്‍റെ കുടുംബം പോറ്റി വന്നു. ഒരു ദിവസം സപ്തര്‍ഷിമാര്‍ ആ വഴി വന്നു. അവരെ കൊളളയടിക്കുവാന്‍ ചെന്നപ്പോൾ അവര്‍ പറഞ്ഞു: 'രത്നാകരാ, നീ ചെയ്യുന്നത് മഹാപാപമാണെന്നു നിനക്കറിയാമോ ? ഈ പാപത്തിന്‍റെ ഫലം നീ തന്നെ അനുഭവിക്കേണ്ടി വരില്ലേ ? നീ പോറ്റി വളര്‍ത്തുന്ന ഭാര്യാ പുത്രന്മാര്‍ കൂടി ഈ പാപഫലത്തില്‍ പങ്കാളികളാകുമോ എന്നറിഞ്ഞിട്ടു വരൂ. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാം.' ഇങ്ങനെ മുനിവാക്യം കേട്ട് ഞാന്‍ ചെന്ന് ചോദിച്ചപ്പോൾ താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിക്കണമെന്നും മറ്റാരും അതില്‍ പങ്കാളികളാവുകയില്ലെന്നും അവര്‍ പറഞ്ഞു. ഇതേവരെ ചെയ്ത പാപങ്ങളെ ഓര്‍ത്തു ഭയഭീതനായിത്തീര്‍ന്ന ഞാന്‍ പശ്ചാത്താപ വിവശനായി മഹര്‍ഷിമാരുടെ പാദങ്ങളില്‍ വീണ് എന്നെ ഈ പാപഭാരത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കരുണാര്‍ദ്രചിത്തരായ അവര്‍ എന്നോട് 'മരാ മരാ' എന്നു ജപിക്കുവാനുപദേശിച്ചു. ഏകാഗ്രചിത്തനായി അത് ജപിക്കുന്നതു കൊണ്ട് എല്ലാ പാപങ്ങളും പോയി ഉത്തമ മനുഷ്യനായിത്തീരുമെന്നു പറഞ്ഞു. ഞാന്‍ മറ്റെല്ലാം മറന്ന് നാമജപം ആരംഭിച്ചു. *'മരാ' എന്നുളളത് 'രാമ' എന്നായിത്തീര്‍ന്നു.* ദേഹം മുഴുവൻ പുറ്റു വന്ന് മൂടിയതുപോലും ഞാനറിഞ്ഞില്ല. ആറുമാസം കഴിഞ്ഞ് മുനിമാർ വന്നപ്പോൾ എന്നെ വിളിച്ചുണര്‍ത്തി വാല്മീകമെല്ലാം കളഞ്ഞ് എന്നെ 'നീ സര്‍വ്വശാസ്ത്രജ്ഞനായ വാല്മീകി മഹര്‍ഷിയായിത്തീര്‍ന്നിരിക്കുന്നു' എന്നനുഗ്രഹിച്ചു. അല്ലയോ രാമാ, നിന്‍റെ നാമം ജപിച്ചതുകൊണ്ടാണ് എനിക്ക് ഈ മഹത്ത്വമെല്ലാം ഉണ്ടായത്.' അതുകേട്ട് സന്തുഷ്ടനായ രാമന്‍ മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് വനവാസത്തിനായി ചിത്രകൂടപര്‍വ്വതത്തിലേക്കു പോകുകയും ചെയ്തു. *തനിക്കനുഭവപ്പെട്ട രാമനാമ മാഹാത്മ്യം ലോകരെ ധരിപ്പിക്കുവാനാണ് വാല്മീകി പിന്നീട് രാമായണം രചിച്ചത്.*
*രാമമന്ത്രം താരക മന്ത്രമാണ്. സംസാരസാഗരത്തിൽ നിന്ന് മനുഷ്യരെ കരകയറ്റുവാനുളള ശക്തി ആ മന്ത്രത്തിനുണ്ട്. രാമനാമജപം കൊണ്ട് രാഗദ്വേഷമാലിന്യങ്ങളെല്ലാം പോയി ശുദ്ധമായിത്തീരുന്ന മനസ്സില്‍ ജ്ഞാനസ്വരൂപിയായ ഈശ്വരന്‍റെ സാന്നിദ്ധ്യം ഉണ്ടാകുന്നു. അതുകൊണ്ട് അതിനെ ജന്മസാഫല്യമന്ത്രമെന്നുകൂടി പറയുന്നു.* മൂഢനായ ഒരു കാട്ടാളൻ രാമനമജപം കൊണ്ട് ജ്ഞാനിയായ മഹര്‍ഷിയായിത്തീര്‍ന്ന കഥ ആശ്ചര്യത്തെ ജനിപ്പിക്കുന്നു. ഇന്ന് വാല്മീകിയെ ആദികവിയായിട്ടും രാമായണത്തെ ആദി കാവ്യമായിട്ടുമാണ് കണക്കാക്കുന്നത്. സര്‍വ്വജനാദൃതമായ രാമായണം ഇന്ന് ഭാരതത്തിലെ എല്ലാ ഭാഷകളിലേക്കും അതിമനോഹരമായി തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 12, 2017

ശ്രീരാമകഥാമൃതം ( 11 ) ഗുഹസമാഗമം

ശ്രീരാമന്‍ വനത്തിലേക്കു പുറപ്പെട്ടു പോകുന്നതു കണ്ട് പൗരജനങ്ങളെല്ലാം വളരെ ദുഃഖാകുലരായി. ദശരഥൻ പിന്നിൽ നിന്ന് സുമന്ത്രരോട് തേരു നിര്‍ത്താന്‍ ആവശ്യപ്പെട്ടു എങ്കിലും ശ്രീരാമന്‍റെ നിര്‍ദ്ദേശമനുസരിച്ച് തേരു നിര്‍ത്താതെ ഓടിച്ചുപോയി. പക്ഷേ പൗരജനങ്ങള്‍ തങ്ങളും കാട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞ് തേരിനെ അനുഗമിച്ചു. എല്ലാവരും കൂടി രാത്രി തമസാനദീതീരത്തെത്തി. രാത്രി അവിടെ കഴിച്ചുകൂട്ടുവാന്‍ തീര്‍ച്ചപ്പെടുത്തി. അര്‍ദ്ധരാത്രിക്കു രാമന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ എല്ലാവരും ഗാഢനിദ്രയിലാണെന്നു കണ്ടു. പ്രഭാതമായാല്‍ എല്ലാവരും തന്‍റെ കൂടെ വരുമെന്നും അതിനു മുന്‍പ് അവരറിയാതെ അവിടെനിന്നു പോകുന്നതാണ് നല്ലതെന്നു തീര്‍ച്ചപ്പെടുത്തി. സുമന്ത്രനെ വിളിച്ച് തേരു കൊണ്ടുവരുവാന്‍ പറഞ്ഞു. രാത്രി ആരുമറിയാതെ സീതാദേവിയും രാമലക്ഷ്മണന്മാരും തേരിലേറി. അയോദ്ധ്യാഭിമുഖമായി തേരുതെളിക്കുവാന്‍ പറഞ്ഞു. സുമന്ത്രന്‍ അനുസരിച്ചു. കുറച്ചു ദൂരം പോയപ്പോള്‍ രാമന്‍, വേറെ വഴിയിലൂടെ തേരു തെക്കോട്ടു തന്നെ തെളിക്കുവാന്‍ പറഞ്ഞു. പൗരജനങ്ങള്‍ തങ്ങളെ അനുഗമിക്കാതിരിക്കുവാന്‍ രാമന്‍ ചെയ്ത ഉപായമാണ് അത്. പൗരജനങ്ങള്‍ രാവിലെ രാമനെ കാണാതെ ദുഃഖാകുലരായി മടങ്ങിപ്പോയി.
പ്രഭാതമായപ്പോള്‍ അവര്‍ ഗംഗാതീരത്തുള്ള ശൃംഗിവേരപുരത്തെത്തി. ഗംഗാസ്നാനം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ശൃംഗിവേരാധിപനായ ഗുഹന്‍ രാമാഗമന വാര്‍ത്തയറിഞ്ഞ് അവിടെ വന്നു. ഭക്തനായ ഗുഹന്‍ രാമനെ നമസ്കരിച്ച് സത്കരിച്ച് വനവാസക്കാലം മുഴുവൻ അവിടെ കഴിച്ചു കൂട്ടുവാന്‍ അപേക്ഷിച്ചു. പതിനാലുകൊല്ലം ഗ്രാമത്തിലോ നഗരത്തിലോ താമസിക്കയില്ലെന്നും വനവാസത്തിനാണ് തങ്ങള്‍ വന്നിട്ടുളളതെന്നും പറഞ്ഞ് ആ അപേക്ഷ ശ്രീരാമന്‍ നിരസിച്ചു. അദ്ദേഹം ഗുഹനെ സസ്നേഹം ആലിംഗനം ചെയ്ത് സന്തോഷിപ്പിച്ചു. അന്നു രാത്രി അവരെല്ലാം അവിടെ വിശ്രമിച്ചു.
സുമന്ത്രനു മടങ്ങിപ്പോകാന്‍ സമ്മതമുണ്ടായിരുന്നില്ലെങ്കിലും രാമന്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ മടക്കി പറഞ്ഞയച്ചു. അച്ഛനും കൈകേയിക്കുമുളള സന്ദേശവും കൊടുത്തയച്ചു. അടുത്ത ദിവസം രാവിലെ നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഗുഹനോടു തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഗുഹന്‍ നല്ല ഒരു തോണി കൊണ്ടുവന്ന് മൂന്നു പേരെയും അതില്‍ കയറ്റി ഗംഗാനദി കടത്തി. തന്നെയും കൂടെ വരുവാന്‍ അനുവദിക്കണമെന്ന് ഗുഹന്‍ അപേക്ഷിച്ചു എങ്കിലും പതിനാലു വര്‍ഷം വനവാസം കഴിഞ്ഞു മടങ്ങുമ്പോള്‍ കാണാമെന്നു പറഞ്ഞ് രാമന്‍ ഗുഹനെ സമാധാനിപ്പിച്ച് സന്തോഷമായി തിരിച്ചയച്ചു.
രാമന്‍ പിന്നീട് അടുത്തുതന്നെയുളള ഭരദ്വജാശ്രമത്തില്‍ ചെന്നു. ജ്ഞാനദൃഷ്ടി കൊണ്ട് എല്ലാം കണ്ടറിഞ്ഞ മഹര്‍ഷി രാമനെ ഭക്തിപൂര്‍വ്വം സ്വീകരിച്ച് സല്‍ക്കരിച്ച് കുശലപ്രശ്നങ്ങള്‍ ചെയ്തു. തന്‍റെ ആശ്രമത്തെ സജീവ സാന്നിദ്ധ്യം കൊണ്ട് പാവനമാക്കിത്തീര്‍ത്തതിലുളള സന്തോഷവും കൃതജ്ഞതയും അറിയിക്കുകയും ചെയ്തു. ഒരുദിവസം അവിടെ താമസിച്ച് അടുത്ത ദിവസം രാവിലെ സീതാലക്ഷ്മണ സഹിതനായ രാമന്‍ യാത്ര തുടര്‍ന്നു.

Friday, August 11, 2017

ശ്രീരാമകഥാമൃതം ( 10 ) വിടവാങ്ങല്‍

നത്തിലേക്കു പോകാന്‍ തീര്‍ച്ചപ്പെടുത്തിയതിനു ശേഷം രാമലക്ഷ്മണന്മാര്‍ എല്ലാവരോടും യാത്രാനുവാദം വാങ്ങി. സുമിത്രയുടെ അടുത്തു ചെന്നപ്പോൾ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയമ്മയ്ക്കും സേവനം ചെയ്യുവാന്‍ പോകുന്ന മകനെ സന്തോഷത്തോടു കൂടി സുമിത്ര യാത്രയാക്കി. ശ്രീരാമചന്ദ്രനെ അച്ഛനായിട്ടും സീതയെ അമ്മയായിട്ടും അരണ്യത്തെ അയോദ്ധ്യയായിട്ടും കാണണമെന്നുളള ഉപദേശത്തെ കവി ഹൃദയസ്പര്‍ശിയായി വര്‍ണ്ണിച്ചിരിക്കുന്നു. യുവതിയായ ജ്യേഷ്ഠപത്നിയോടു കൂടി പോകുന്ന യുവാവായ ലക്ഷ്മണന് പറ്റാവുന്ന എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷപെടുവാന്‍ ആ ഉപദേശം സഹായകമായിട്ടുണ്ട്. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം അതാണെന്നു കൂടി കവികള്‍ പറയുന്നുണ്ട്.
ദശരഥമഹാരാജാവിന്‍റെ അടുത്തു വിടവാങ്ങുവാന്‍ ചെന്നപ്പോഴാണ് വിഷമമുണ്ടായത്. താനും രാമന്‍റെ കൂടെ കാട്ടിലേക്ക് പോകയാണെന്നു പറഞ്ഞ് അദ്ദേഹവും പുറപ്പെട്ടു. അല്ലെങ്കിൽ രാമന്‍ കാട്ടിലേക്കു പോകരുതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. പക്ഷേ ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍റെ പതിനാലു വര്‍ഷം വേഗത്തിൽ കഴിഞ്ഞുപോകുമെന്നും ഞങ്ങള്‍ ഉടനെ മടങ്ങി വരുമെന്നും അച്ഛന്‍ സത്യധര്‍മ്മങ്ങളനുഷ്ഠിച്ച് രാജധര്‍മ്മങ്ങള്‍ നിറവേറ്റിക്കൊണ്ടു കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നും പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. ദശരഥൻ മനസ്സില്ലാ മനസ്സോടെ അവരെ അനുഗ്രഹിച്ചു. മൂന്നു പേരും ദശരഥനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു.
പിന്നീട് കൈകേയിയുടെ അടുത്തു ചെന്നു. കൈകേയി അവര്‍ക്ക് മരവുരി തയ്യാറാക്കി വച്ചിരുന്നു. സീതയ്ക്ക് വല്‍ക്കലം കൊടുത്തപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. രാമന്‍ സീതയെ മരവുരി ധരിക്കുവാന്‍ സഹായിച്ചു. മൂന്നുപേരും പൗരജനങ്ങളാല്‍ അനുഗതരായി പുറപ്പെട്ടപ്പോള്‍ രാമനു വിഷമമുണ്ടാകാതിരിക്കുവാന്‍ സൈന്യങ്ങളും ഭണ്ഡാരവും രാമന്‍റെ കൂടെ പോകട്ടെ എന്നു രാജാവ് ആജ്ഞാപിച്ചു. എന്നാല്‍ സൈന്യവും ഭണ്ഡാരവുമില്ലാത്ത രാജ്യം കൊണ്ടെന്തു കാര്യം ഭരതന് എന്നു പറഞ്ഞ് കൈകേയി അതിനെ തടഞ്ഞു. അങ്ങനെ എല്ലാവരോടും വീണ്ടും യാത്ര ചോദിച്ച അവര്‍ മൂവരും വനത്തിലേക്കു പുറപ്പെട്ടു. സുമന്ത്രന്‍ കൊണ്ടുവന്ന തേരില്‍ കയറി അവര്‍ പോകുന്നതുകണ്ട് സര്‍വ്വരും ദുഃഖിതരായി.
നമ്മള്‍ ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹത്തോടു കൂടി പുറപ്പെട്ടാല്‍ വിജയമുണ്ടാകും. ശ്രീരാമന് വനത്തില്‍ വിഷമങ്ങളില്ലാതിരിക്കുവാനും അവതാര കൃത്യങ്ങളുടെ നിര്‍വ്വഹണത്തിനും രാമനെ ശക്തനാക്കിയതു മാതാപിതാക്കളുടേയും മറ്റും അനുഗ്രഹമാണ്. മാതൃ ദേവോ ഭവഃ പിതൃദേവോ ഭവഃ മുതലായ ഉപദേശങ്ങൾ നാം എപ്പോഴും ഓര്‍ക്കണമെന്നാണ് രാമന്‍ ഇതുകൊണ്ട് നമ്മെ പഠിപ്പിക്കുന്നത്.
ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജനെ രാജാവാക്കുക എന്ന അധര്‍മ്മം പ്രവര്‍ത്തിക്കാനാഗ്രഹിച്ച പുത്രസ്നേഹം കൊണ്ട് അന്ധയായ കൈകേയിക്ക് പിന്നീടുണ്ടാകുന്ന അനുഭവങ്ങള്‍ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. *സത്യത്തിൽ നിന്നും ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കുന്നത് എപ്പോഴും ആപത്തിനും ദുഃഖത്തിനും കാരണമാകുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 10, 2017

ശ്രീരാമകഥാമൃതം ( 9 ) രാമന്‍റെ വനയാത്ര

ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോൾ അമ്മയോടു യാത്ര ചോദിക്കുവാന്‍ ചെന്നു. കൗസല്യ പറഞ്ഞു: 'രാമാ, ഞാന്‍ നിന്നോട് പോകരുതെന്ന് പറയുന്നു. അമ്മയുടെ വാക്ക് അനുസരിക്കുന്നതല്ലേ ധര്‍മ്മം. അച്ഛന്‍ നിന്നോട് പോകുവാന്‍ പറഞ്ഞുവോ ? നീ ധര്‍മ്മജ്ഞനല്ലേ ? പുത്രപക്ഷപാതിയായ കൈകേയിയുടെ വാക്കു കേട്ട് രാജ്യം ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. നീ ഇവിടെയിരുന്ന് അമ്മയേയും അച്ഛനേയും ശുശ്രൂഷിക്കുക. അതാണ് നിന്‍റെ ധര്‍മ്മം.'
രാമന്‍ പറഞ്ഞു: 'അമ്മേ, അച്ഛനെ സത്യസന്ധനാക്കിത്തീര്‍ക്കേണ്ടത് എന്‍റെയും അമ്മയുടെയും കടമയല്ലേ ? സത്യലംഘനം ചെയ്ത് അച്ഛന്‍ നരകത്തിലേക്കു പോകുന്നത് നമുക്ക് അനുവദിക്കാമോ ?' എന്നും മറ്റു വാദമുഖങ്ങളും പറഞ്ഞ് അമ്മയെ ഒരുവിധം സമ്മതിപ്പിച്ച് അനുഗ്രഹം വാങ്ങി.
തന്‍റെ പ്രിയ സഹോദരനായ ലക്ഷ്മണന്‍റെ അടുത്തു ചെന്നപ്പോൾ പ്രതികരണം വളരെ ഭയങ്കരമായിരുന്നു. വാര്‍ദ്ധക്യം കൊണ്ടു ബുദ്ധി നശിച്ചിട്ടുളള വൃദ്ധന്‍ സ്ത്രീകളുടെ വാക്കും കേട്ട് വല്ലതും പുലമ്പുകയാണെങ്കില്‍ നാം അത് കേള്‍ക്കേണ്ടതില്ല. നാളെ ആ വൃദ്ധനെ പിടിച്ച് ജയിലിലടച്ച് നമുക്കഭിഷേകം നടത്താം. ഇതാണ് ലക്ഷ്മണന്‍റെ വാക്ക്. കുപിതനായ അനുജനേയും ഒരുവിധം സമാധാനിപ്പിച്ച് ശാന്തനാക്കി യാത്ര പറഞ്ഞപ്പോള്‍ 'ഞാനും ജ്യേഷ്ഠനെ ശുശ്രൂഷിക്കുവാന്‍ ജ്യേഷ്ഠന്‍റെ കൂടെ വനത്തിലേക്കു വരുന്നുണ്ട്' എന്ന് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് ലക്ഷ്മണനും രാമന്‍റെ കൂടെ പുറപ്പെട്ടു.
പിന്നെ സീതയുടെ അടുത്തു പോയി വിവരമറിയിച്ചപ്പോള്‍ സീതയും കൂടെ പുറപ്പെട്ടു. പല വിഷമങ്ങളും ക്ലേശങ്ങളും പറഞ്ഞ് സീതയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സീത സമ്മതിച്ചില്ല. രാമനില്ലാത്ത അയോദ്ധ്യ തനിക്ക് നരകമാണെന്നും രാമനുളള കാട് തനിക്ക് സ്വര്‍ഗ്ഗമാണെന്നും പറഞ്ഞ് ശാഠ്യം പിടിച്ചു. രാമന്‍റെ മാര്‍ഗ്ഗം സുഗമമാക്കിത്തീര്‍ക്കുവാന്‍ താന്‍ മുന്‍പില്‍ നടക്കുന്നുണ്ടെന്നും തന്നെ തടയരുതെന്നും അപേക്ഷിച്ചപ്പോള്‍ രാമന്‍ സമ്മതിച്ചു. അങ്ങനെ മൂന്നു പേരും കൂടി വനത്തിലേക്കു പോകുവാന്‍ തീര്‍ച്ചപ്പെടുത്തി. പൗരജനങ്ങളെല്ലാം അവരുടെ കൂടെ പുറപ്പെട്ടു. രാമനില്ലാത്ത അയോദ്ധ്യയില്‍ തങ്ങള്‍ താമസിക്കുന്നില്ല എന്നായിരുന്നു പൗരജനങ്ങളുടെ നിശ്ചയം. രാമന് അവരെ തടയുവാന്‍ സാധിച്ചില്ല. അടുത്ത ദിവസം അവരെല്ലാവരും കൂടി വനത്തിലേക്കു പുറപ്പെടുവാന്‍ തീര്‍ച്ചപ്പെടുത്തി.
സമുദായത്തില്‍ നമ്മളനുസരിക്കേണ്ട ചില ധര്‍മ്മങ്ങളെയാണ് നമ്മളിവിടെ കാണുന്നത്. രാമനോടു മാത്രമേ വനവാസത്തിന് പോകുവാന്‍ കൈകേയി ആവശ്യപ്പെട്ടിട്ടുളളൂ. ജ്യേഷ്ഠന് എന്തെങ്കിലും ആപത്തു വരുമ്പോൾ സഹോദരന്മാര്‍ എന്തു ചെയ്യണമെന്നാണ് ലക്ഷ്മണന്‍ കാണിച്ചു തരുന്നത്. സാഹോദര്യത്തിന്‍റെ മാതൃക. പതിവ്രതയായ ഒരു സ്ത്രീക്കുളള കടമയെന്താണെന്നാണ് സീത കാണിച്ചു തരുന്നത്. ഒരു സ്ത്രീയുടെ ധര്‍മ്മം എന്താണെന്നുളളതിന്‍റെ ഉത്തമ മാതൃക.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 9, 2017

ശ്രീരാമകഥാമൃതം - ( 8 ) വിച്ഛിന്നാഭിഷേകം

നേരം പ്രഭാതമായി. സൂര്യനുദിച്ചു. രാജാവ് ഇനിയും കൈകേയിയുടെ കൊട്ടാരത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അഭിഷേകത്തിനുളള സംഭാരങ്ങളെല്ലാം ഒരുങ്ങി. വിവരമറിയാനായി മന്ത്രിയായ സുമന്ത്രര്‍ കൈകേയീ ഗൃഹത്തിൽ ചെന്നപ്പോൾ രാജാവ് അവശനായി കിടക്കുന്നതാണ് കണ്ടത്. കാരണമറിയാതെ പരിഭ്രമിച്ചു നില്‍ക്കുന്ന സുമന്ത്രനോട് ഉടന്‍ രാമനെ വിളിച്ചു കൊണ്ടുവരുവാന്‍ കൈകേയി കല്പിച്ചു. രാമന്‍ വന്ന് കാരണം അന്വേഷിച്ചപ്പോള്‍ കൈകേയി ആദ്യം പറഞ്ഞത് 'രാമാ, നീ തന്നെയാണ് ഇതിനു കാരണ'മെന്നാണ്. ഈ കുത്തുവാക്കു കേട്ട് വിഷണ്ണനായ രാമന്‍ എല്ലാം വിസ്തരിച്ചു പറയാനാവശ്യപ്പെട്ടപ്പോള്‍ കൈകേയി തന്‍റെ രണ്ടു വരങ്ങളേപ്പറ്റി പറഞ്ഞു. 'പണ്ട് എനിക്കു തരാമെന്നു പ്രതിജ്ഞ ചെയ്തിരുന്ന രണ്ടു വരങ്ങൾ ഞാനാവശ്യപ്പെട്ടു. ഭരതനെ യുവരാജാവാക്കി അഭിഷേകം ചെയ്യണമെന്നും നീ പതിനാലു വര്‍ഷം വനവാസം അനുഷ്ഠിക്കണമെന്നും ആണ് ആ രണ്ടു വരങ്ങൾ. അതു കേട്ടപ്പോഴാണ് രാജാവിന് ഈ വിഷമതകള്‍ ഉണ്ടായത്. അച്ഛനെ സത്യപ്രതിജ്ഞനാക്കുവാന്‍ നീ പതിനാലു സംവത്സരം വനവാസമനുഷ്ഠിക്കണം. അതു നിനക്കു സമ്മതമല്ലേ ?'
കൈകേയിയുടെ വാക്കുകൾ കേട്ട് രാമന്‍ സന്തോഷത്തോടു കൂടി പറഞ്ഞു: 'ഇതാണോ കാര്യം ? അച്ഛനു വേണ്ടി ഞാന്‍ എന്തു ചെയ്യാനും തയ്യാറാണ്. ഞാന്‍ ഇന്നുതന്നെ വനവാസത്തിനു പുറപ്പെടുന്നു.' കൈകേയി സന്തുഷ്ടയായി.
രാമന്‍ പിന്നീട് ദശരഥന്‍റെ അടുത്തു ചെന്ന് അച്ഛനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. അച്ഛന്‍ പറഞ്ഞു: 'രാമാ, എന്നെ ജയിലിലാക്കി നീ അഭിഷേകം നടത്തൂ. എനിക്കു നിന്നെ പിരിഞ്ഞിരിക്കാന്‍ വയ്യ.' പക്ഷേ രാമന്‍ സത്യത്തിന്‍റെ മാഹാത്മ്യം പറഞ്ഞ് അച്ഛനെ ആശ്വസിപ്പിച്ചു. പതിനാലു കൊല്ലം സാരമില്ല. അതുകഴിഞ്ഞ് ഞാന്‍ സുഖമായി മടങ്ങി വന്ന് നമുക്ക് ഒന്നിച്ചു താമസിക്കാമല്ലോ. എന്നും മറ്റും പറഞ്ഞ് രാജാവിന്‍റെ മുമ്പിലും യാത്രാനുവാദം ചോദിച്ചു. ദശരഥൻ പൊട്ടിക്കരഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
മന്ത്രിമാരും പൗരജനങ്ങളും ഈ വര്‍ത്തമാനം കേട്ട് വിഷാദമഗ്നരായി. രാമന്‍ രാജാവാകുമെന്ന് കേട്ട് ആനന്ദിച്ചിരുന്ന പൗരജനങ്ങള്‍ക്ക് വിച്ഛിന്നാഭിഷേകവാര്‍ത്ത ഹൃദയഭേദകമായിരുന്നു. എല്ലാവരും വിഷാദവിവശരായി കൈകേയിയെ അപലപിച്ചു.
തന്‍റെ അവതാര കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ - രാക്ഷസ സംഹാരം ചെയ്യുവാന്‍ - താന്‍ നാട്ടിലിരുന്നാല്‍ പോരാ, കാട്ടിലേക്കു പോകണമെന്നുളള ശ്രീരാമചന്ദ്രന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. ഇതില്‍ രാമന്‍റെ സത്യസംരക്ഷണവ്യഗ്രതയും ത്യാഗബുദ്ധിയുമാണ് തെളിഞ്ഞു കാണുന്നത്. തന്‍റെയല്ല, അച്ഛന്‍റെ സത്യം കൂടി പാലിക്കപ്പെടണമെന്നു വിചാരിച്ചാണ് രാമന്‍ വനവാസത്തിന് പോകുന്നത്. കൈയിൽ കിട്ടിയ രാജ്യം ഭരതനു വേണ്ടി ഉപേക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച ത്യാഗബുദ്ധിയും പ്രശംസനീയമാകുന്നു. എല്ലാവരും അനുസരിക്കേണ്ട രണ്ടു ഗുണങ്ങളാണിവ.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Tuesday, August 8, 2017

ശ്രീരാമകഥാമൃതം - (7)കൈകേയിക്ക് കൊടുത്ത രണ്ടു വരങ്ങൾ

ശരഥരാജാവ് രാമാഭിഷേകത്തേപ്പറ്റി പറയുവാന്‍ കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു. കൈകേയി ക്രോധാഗാരത്തിലാണെന്നറിഞ്ഞ് രാജാവ് പരിഭ്രാന്തനായി. അവിടെയെത്തി പ്രിയപത്നിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. കൈകേയിയുടെ കോപത്തിന് ഒരു ശമനവും വന്നില്ല. കൗസല്യയോടുളള സ്നേഹം കൊണ്ടാണ് രാമനെ രാജാവാക്കുന്നതെന്നും തന്നോടുളള വിരോധം കൊണ്ടാണ് ഭരതനെ രാജാവാക്കാത്തതെന്നും ഉളള കൈകേയിയുടെ അഭിപ്രായം കേട്ട് രാജാവ് പരിഭ്രമിച്ചുപോയി. അങ്ങനെയല്ലെന്നും തനിക്ക് കൈകേയിയോടുളള സ്നേഹത്തിന് യാതൊരു കുറവുമില്ലെന്നും പറഞ്ഞ് രാജാവ് വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൈകേയി സമ്മതിച്ചില്ല. തനിക്കു പണ്ടു തരാമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള രണ്ടു വരങ്ങൾ ഇപ്പോള്‍ തരാമെന്നു സത്യം ചെയ്താല്‍ മാത്രമേ തനിക്ക് ആശ്വാസമാകൂ എന്നായിരുന്നു കൈകേയിയുടെ മറുപടി. കൈകേയിക്ക് എന്തു വേണമെങ്കിലും കൊടുക്കാമെന്നു രാജാവു പ്രതിജ്ഞ ചെയ്തു. അപ്പോഴാണ് കൈകേയി മന്ഥര ഉപദേശിച്ചമാതിരി തന്‍റെ രണ്ടാവശ്യങ്ങള്‍ അവതരിപ്പിച്ചത്. ഒന്നു ഭരതനെ രാജാവായി അഭിഷേകം ചെയ്യണം. രണ്ട് രാമന്‍ പതിനാലു കൊല്ലം കാട്ടില്‍ പോയി താമസിക്കണം.
അതുകേട്ട ഉടനെ രാമനെ പിരിഞ്ഞിരിക്കുക എന്നത് ആലോചിക്കുവാന്‍ പോലും വയ്യാത്ത രാജാവ് മോഹാലസ്യപ്പെട്ടു വീണു. കുറച്ചു കഴിഞ്ഞ് ബോധം വീണ്ടു കിട്ടിയ രാജാവ് കൈകേയിയോട് രാമനെ കാട്ടിലേക്ക് അയയ്ക്കരുതെന്ന് താണുവീണപേക്ഷിച്ചു. രാമനെ പിരിഞ്ഞാല്‍ തന്‍റെ പ്രാണന്‍ പോകുമെന്നു കൂടി പറഞ്ഞു. കൈകേയിയുടെ ദൃഢനിശ്ചയം കണ്ടു ഗതിമുട്ടിയ ദശരഥൻ 'രാമാ' എന്നു വിളിച്ച് ഒരു ഭ്രാന്തനെപ്പോലെയായി. കൈകേയിയുടെ അപേക്ഷ താന്‍ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ രാജാവിന്‍റെ സത്യവും ധര്‍മ്മവും എവിടെപ്പോയെന്നു ചോദിച്ച് അവള്‍ പരിഹസിച്ചു. കൈകേയിയേയും മകനേയും താന്‍ ഉപേക്ഷിക്കുന്നു എന്നു വരെ ദശരഥൻ പറഞ്ഞു നോക്കി. അവസാനം രാമന്‍ അഭിഷിക്തനായാല്‍ അന്നു ദശരഥന്‍റെ മുന്‍പില്‍ വെച്ച് വിഷം കഴിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അവള്‍ തന്‍റെ ദൃഢനിശ്ചയം വെളിപ്പെടുത്തി. അങ്ങനെ രാത്രി മുഴുവൻ ഒരു സമാധാനവുമില്ലാതെ അവര്‍ കഴിച്ചു കൂട്ടി.
കനകം മൂലവും കാമിനിമൂലവും വരുന്ന ആപത്തുകളെപ്പറ്റി കവി ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. ദശരഥൻ കൈകേയിയെ അതിയായി സ്നേഹിച്ചു. മറ്റു ഭാര്യമാരെ കൈകേയി അവഗണിച്ചു. ഭാവിയേപ്പറ്റി ആലോചിക്കാതെ കൈകേയിക്ക് വരങ്ങൾ വാഗ്ദാനം ചെയ്തു. സ്ത്രീകളുടെ ഉളളിൽ അഭിമാനവും അസൂയയും പകയും പുത്രവാത്സല്യവും ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അത് എപ്പോഴാണ് പുറത്തു വരികയെന്ന് അറിയുകയില്ലെന്നും ദശരഥന്‍ ആലോചിച്ചില്ല. അതിന്‍റെ ഫലമാണ് ദശരഥൻ ഇപ്പോള്‍ അനുഭവിക്കുന്നത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Monday, August 7, 2017

ശ്രീരാമകഥാമൃതം -മന്ഥരയുടെ ഉപദേശം ( 6 )

ണ്ട് മിഥിലാധിപതിയായ ജനകരാജാവും കേകയരാജാവും തമ്മിൽ വിരോധമായിരുന്നു. അവര്‍ തമ്മിൽ ഇടയ്ക്കിടയ്ക്ക് യുദ്ധവുമുണ്ടായിരുന്നു. എന്നാല്‍ ദശരഥ മഹാരാജാവ് രണ്ടു പേരുടേയും പക്ഷത്ത് ചേര്‍ന്നിരുന്നില്ല. അപ്പോഴാണ് കൈകേയിയുടെ വിവാഹാലോചന വന്നത്. തന്‍റെ സഹായത്തിന് ദശരഥനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കേകയരാജാവ് വൃദ്ധനായ ദശരഥന് യുവതിയായ തന്‍റെ പുത്രിയെ വിവാഹം ചെയ്തു കൊടുത്തത്. ഈ ബന്ധമുണ്ടായാല്‍ ജനകമഹാരാജാവിന്‍റെ പക്ഷത്ത് ചേരില്ലല്ലോ എന്നായിരുന്നു കേകയരാജാവിന്‍റെ സമാധാനം.
കൈകേയി വളരെ സരളഹൃദയയും കാപട്യം അറിയാത്തവളുമാണ്. അതുകൊണ്ട് കൈകേയിയെ സഹായിക്കാനായി ബുദ്ധിമതിയാണെങ്കിലും കുടിലബുദ്ധിയായ മന്ഥരയെയും കൈകേയിയുടെ ദാസിയായി അയച്ചിരുന്നു. ദശരഥ രാജാവ് ജനക പക്ഷത്തേക്കു പോകാതെ നോക്കണമെന്നും മന്ഥരയോടു പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെയിരിക്കെ മന്ഥര അറിയാതെയാണ് ശ്രീരാമന്‍ ജനകപുത്രിയെ വിവാഹം ചെയ്തത്. അതില്‍ മന്ഥര വിഷമിച്ചിരിക്കുമ്പോഴാണ് മന്ഥരയറിയാതെ രാമന്‍റെ അഭിഷേകം നടക്കാന്‍ പോകുന്നത്. രാമന്‍ ശ്വശുരനായ ജനകരാജാവിനെ സഹായിക്കാന്‍ ഇടയാകും. അതുകൊണ്ട് എങ്ങനെയെങ്കിലും ഈ അഭിഷേകം മുടക്കണമെന്നാലോചിച്ച് മന്ഥര കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു.
മന്ഥരയെ കണ്ടു കൈകേയി സന്തോഷിച്ചു. രാമന്‍റെ അഭിഷേകത്തേപ്പറ്റി കേട്ട് വളരെ സന്തോഷിച്ച കൈകേയി ഒരു രത്നമാല അവള്‍ക്ക് സമ്മാനമായി നല്‍കി. മന്ഥര ആ മാല വലിച്ചെറിഞ്ഞ് കൈകേയി മൂഢയാണെന്നും ഭാവിയേപ്പറ്റി ആലോചിക്കാത്തവളാണെന്നും പറഞ്ഞ് ശകാരിക്കുകയാണ് ചെയ്തത്. അഭിഷേകം നടന്നു കഴിഞ്ഞാൽ രാജമാതാവായിത്തീരുന്ന കൗസല്യയുടെ ദാസിയായിത്തീരും കൈകേയിയെന്നും മറ്റും പറഞ്ഞ് കൈകേയിയുടെ മനസ്സ് മാറ്റിത്തീര്‍ത്തു. അഭിഷേകം തടയാനുളള ഉപായവും മന്ഥര ഉപദേശിച്ചു കൊടുത്തു. മുമ്പു ദശരഥൻ കൊടുത്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നുകൊണ്ടു രാമന്‍റെ പതിനാലു കൊല്ലത്തെ വനവാസവും അടുത്ത വരം കൊണ്ട് ഭരതന്‍റെ അഭിഷേകവും നടത്തണമെന്നു രാജാവിനോടപേക്ഷിക്കുവാന്‍ മന്ഥര പറഞ്ഞു. കൈകേയി അതു സമ്മതിച്ചു. മന്ഥര കൃതാര്‍ത്ഥയായി മടങ്ങുകയും ചെയ്തു.
മന്ഥരയുടെ ഏഷണി കേട്ടതുകൊണ്ട് കൈകേയിക്കു പിന്നീട് ഉണ്ടായിത്തീര്‍ന്ന മനോവിഷമവും ദുഃഖവും ഇത്രയാണെന്നു പറയാന്‍ വയ്യ. ഏഷണികേട്ട് സ്ത്രീകളുടെ സരളഹൃദയം എളുപ്പത്തിൽ ഇളകുമല്ലോ. നല്ല മനസ്സോടു കൂടി പ്രവര്‍ത്തിക്കുന്ന സരളഹൃദയന്മാരെ ദുരുപദേശം കൊണ്ട് ദുഷ്പ്രവൃത്തികള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന മന്ഥരമാര്‍ ഇന്നും നമ്മുടെ ഇടയില്‍ കാണാം. അവരെ ശ്രദ്ധിക്കണമെന്നും അവരുടെ വാക്കുകൾ കേട്ട് നമ്മുടെ ഭാവിയെ അപകടപ്പെടുത്തരുതെന്നും കൈകേയിയുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Sunday, August 6, 2017

ശ്രീരാമകഥാമൃതം - അഭിഷേക സമാരംഭം ( 5 )

വിവാഹാനന്തരം രാജകുമാരന്മാര്‍ അയോദ്ധ്യയില്‍ സുഖമായി താമസിക്കുന്ന കാലത്ത് കൈകേയിയുടെ സഹോദരന്‍ യുധാജിത്ത് അവിടെ വന്നു. ഭരതൻ തന്‍റെ സന്തത സഹചാരിയായ ശത്രുഘ്നനോടു കൂടി അമ്മാവന്‍റെ കൂടെ കേകയരാജ്യത്തേക്കു പോകുകയും അവിടെ കുറേക്കാലം വിരുന്നു താമസിക്കുകയും ചെയ്തു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദശരഥൻ തന്‍റെ വാര്‍ദ്ധക്യത്തെ ഓര്‍ത്തു രാമനെ അഭിഷേകം ചെയ്യാനാഗ്രഹിച്ചു. അദ്ദേഹം വസിഷ്ഠനെ വിളിച്ചു പറഞ്ഞു: 'രാമനെ എല്ലാവരും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് രാമന്‍ രാജാവാകുന്നത് എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായിരിക്കും. എനിക്ക് വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ കാരണം രാജ്യകാര്യങ്ങള്‍ ശരിക്കു നോക്കുവാന്‍ കഴിയുന്നില്ല. പുണ്യമായ പുഷ്യനക്ഷത്രമാണ് നാളെ. ഈ ശുഭദിനത്തില്‍ തന്നെ രാമന്‍റെ അഭിഷേകം നടത്തണം. അതിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുക'. ഇത്രപെട്ടെന്ന് അഭിഷേകം നടത്തുന്നതില്‍ വസിഷ്ഠന് ആശ്ചര്യം തോന്നിയെങ്കിലും ഒന്നും മറുത്തു പറഞ്ഞില്ല. രാമനെ വരുത്തി കാര്യങ്ങളെല്ലാം പറഞ്ഞ് അടുത്ത ദിവസം ഉപവാസാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ആവശ്യപ്പെട്ടു. പട്ടണം മുഴുവൻ അലങ്കരിക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. കൈകേയീ പിതാവായ കേകയ രാജാവിനേയും സീതാ പിതാവായ ജനകരാജാവിനേയും ഒഴിച്ച് ബാക്കി രാജാക്കന്മാരെയെല്ലാം ഒരു ദിവസം കൊണ്ട് തന്നെ ക്ഷണിച്ചു വരുത്തി.
ധൃതിപ്പെട്ട് ഈ കാര്യങ്ങള്‍ ചെയ്തതില്‍ ദശരഥന്‍റെ മനസ്സില്‍ എന്തോ കാപട്യമുണ്ടായിരുന്നില്ലേ എന്നു സംശയം തോന്നാം. ഭരതൻ നാട്ടിലില്ലാത്ത കാലത്ത് ഭരതശത്രുഘ്നന്മാരെ അറിയിക്കാതെയും കേകയരാജാവിനെ ക്ഷണിക്കാതെയും നടത്തേണ്ടതാണോ അഭിഷേകം ? വേണ്ടപ്പെട്ട എല്ലാവരേയും ക്ഷണിച്ചു വരുത്തി എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ സാഘോഷം സസന്തോഷം നടത്തേണ്ടതല്ലയോ രാജ്യാഭിഷേകം ? അപ്പോള്‍ ദശരഥൻ്റെ മനസ്സില്‍ എന്തോ സംശയമുണ്ടായിരുന്നില്ലേ എന്നു തോന്നുന്നതില്‍ തെറ്റില്ല. അത് ഇതാണ്. കൗസല്യയേയും സുമിത്രയേയും വിവാഹം ചെയ്ത് അവരില്‍ കുട്ടികളില്ലാതായപ്പോഴാണ് കൈകേയിയെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ കൈകേയിയിലുണ്ടാകുന്ന കുട്ടിയെ രാജാവാക്കിക്കൊള്ളാമെന്ന് ദശരഥൻ പ്രതിജ്ഞയും ചെയ്തിരുന്നു. അതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ തന്‍റെ ഇഷ്ടപ്പെട്ട പുത്രനെ രാജാവാക്കാന്‍ തുനിയുന്നത്. അതിനു കേകയ രാജാവും ഭരതനും പ്രതിബന്ധമുണ്ടാക്കിയാലോ എന്നു പേടിച്ചിട്ടാകാം അവരെ അറിയിക്കാതെ അഭിഷേകം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തുന്നത്. ആ സത്യലംഘനത്തിന്‍റേയും കാപട്യത്തിന്‍റേയും ഫലവുമാകാം ദശരഥൻ പിന്നീടനുഭവിക്കുന്നത്. എല്ലാവരും ഋജുബുദ്ധികളായി പെരുമാറേണ്ടതിന്‍റെ ആവശ്യകതയെയാണ് ഇത് കാണിക്കുന്നത്. ഈ രഹസ്യം കൈകേയിക്കുപോലും അറിവില്ലായിരുന്നു. പിന്നീട് ഭരതന്‍ രാമനെ മടക്കിക്കൊണ്ടു വരുവാനായി ചിത്രകൂടപര്‍വ്വതത്തില്‍ പോകുമ്പോൾ അവിടെവച്ച് ശ്രീരാമചന്ദ്രന്‍ തന്നെ ഭരതനോട് പറയുന്നതാണ് കേകയരാജാവിന് ദശരഥൻ കൊടുത്തിട്ടുളള ഈ പ്രതിജ്ഞ. അതുകൊണ്ടായിരിക്കാം കേകയരാജാവിനെ അഭിഷേകത്തിന് ക്ഷണിക്കാതിരുന്നതും!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 5, 2017

ഗുരു പ്രാപ്തി

കണ്ണന്റെ നാട്ടുകാരനും നാമധാരിയുമായ ഒരാളോട് ആത്മീയ സാഹോദര്യം സ്ഥാപിക്കാനുള്ള മാധ്യമമായി വർത്തിച്ചത് ഫേസ്ബുക്ക് എന്ന സമൂഹ മാധ്യമം തന്നെയാണ്. അദ്ദേത്തിന്റെ അനുവാദമില്ലാതെയാണ് അദ്ദേഹം എന്നോട് വ്യക്തിഗതമായി പറഞ്ഞ ഈ കാര്യം തുരീയം എന്ന ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. ഉദ്യമത്തിന്റെ സദുദ്ദേശം നിമിത്തം അദ്ദേഹം പൊറുക്കും എന്നാണ് ധാരണ. ചിലർക്കൊക്കെ ഇതിൽ അതിശയോക്തി തോന്നാമെങ്കിലും, മുൻപുതന്നെ ഇത്തരം ലേഖനങ്ങളും അനുഭ സാക്ഷ്യങ്ങളും വായിക്കുകയും സത്യമാണോയെന്നറിയാൻ ആ വഴിത്താരയിലൂടെ പിച്ച വെച്ചു നടക്കുകയും നാമമാത്രമെങ്കിലും അദ്ധ്യാത്മികാനുഭൂതി നുകരാനും കഴിഞ്ഞ എനിക്ക് ഇതിൽ അസ്വാഭാവികമായി ഒന്നും തോന്നായ്ക കാരണവും, ചിലപ്പോൾ മറ്റു പലർക്കും ആലോചനാമൃതമായി വർത്തിക്കാനുതകുമെന്നതും ഒക്കെ ഇതിവിടെ കോറിയിടുന്നതിനു പിന്നിലെ ചേതോവികാരമായി വർത്തിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,
ഒരു ഗുരുവിനു വേണ്ടി ഞാൻ ദിവസങ്ങളോളം കരഞ്ഞു. ജഗദീശ്വരനോട്.

ആ ഇടക്കാണ് ഞാൻ ഒരു യോഗിയുടെ ആത്മകഥ വായിക്കുന്നത്

അപ്പോൾ എന്റെ ഹൃദയം ഭക്തിയാൽ നിറഞ്ഞു, ഹൃദയ വ്യഥ ഏറി

ഒരു ഗുരുവിനു വേണ്ടി മനസ്സ് പിടഞ്ഞു.
പിന്നെ ജഗദീശ്വരനോട് നിർത്താത്ത യാചന ആയി..
ഒരു രക്ഷയും ഇല്ല..

ഒടുവിൽ ഞാൻ യോഗദാ സത്സംഗ് സൊസൈറ്റിയുടെ തൃശൂർ ബ്രാഞ്ചിലേക്ക് പോയി
അങ്ങിനെ ഒരു ഗുരുവിനു വേണ്ടി മനസ്സ് വല്ലാതെ ദാഹിച്ചു. ഊണിലും ഉറക്കത്തിലും സദാ ഈശ്വര ചിന്ത മാത്രമായി ഒറ്റക്കിരുന്ന് കരയും. ഈശ്വരനാമം കേൾക്കുന്ന മാത്രയിൽ കരച്ചിൽ തുടങ്ങും. ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി. വീടിന്റെ ടെറസിൽ ഒറ്റക്കിരുന്ന് കരയുക പതിവായി. പരമഹംസ യോഗാനന്ദ ജിയോടും, നാഗരാജ് ബാബാജിയോടും അതിരറ്റ ഭക്തിയായി. അങ്ങനെ ഇരിക്കെ ഞാൻ തൃശ്ശൂർ ഉള്ള യോഗദാ സത്സംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു. അവർ എന്നെ ഒരു കൂടി കാഴ്ചക്ക് ക്ഷണിച്ചു. പോസ്റ്റലായി ക്രിയ യോഗ പഠിപ്പിക്കുന്ന രീതിയാണ് അവർ അവിടെ അനുവർത്തിക്കുന്നത്. നിശ്ചിത തുകയും അപേക്ഷാ ഫോമും അയച്ചു നൽകിയാൽ അവർ പാഠങ്ങൾ അയച്ചു തരും. ആറു മാസം അതിൽ പറയുന്ന പ്രകാരം സാധനകൾ അനുഷ്ഠിച്ചാൽ പഠിതാവിന്റെ പുരോഗതി വിലയിരുത്തുവാൻ ഒരു ദിവസം മുതിർന്ന യോഗാചാര്യൻ സന്ദർശനം നടത്തും. ഞാൻ അപേക്ഷാ ഫോമും വാങ്ങി വീട്ടിലേക്ക് തിരിച്ചു. അപേക്ഷ ഫോം വാങ്ങി പുരിപ്പിച്ചെങ്കിലും അത് പല കാരണങ്ങളാൽ അയച്ചു കൊടുക്കാൻ കഴിയാതെ വന്നു. അതിലുപരി അവർ പിൻതുടരുന്ന രീതിയോട് മാനസികമായി യോജിക്കുവാനും കഴിഞ്ഞില്ല. ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. വീണ്ടും കരച്ചിലും പ്രാർത്ഥനയുമായി ദിവസങ്ങൾ. ഞാൻ യോഗാനന്ദ ജിയോടും, നാഗരാജ് ബാബാജിയോടും കരഞ്ഞു കൊണ്ട് അപേക്ഷിക്കും, ആ പുസ്തകത്തിനു മുൻവശത്തെ യോഗാനന്ദജിയുടെ ചിത്രത്തിൽ ഭക്ത്യാദരങ്ങളോടെ ചുംബന വർഷം നടത്തും. ആ പുസ്തകം മാറോടണച്ച് കരഞ്ഞു കൊണ്ടിരിക്കും, ഉറങ്ങുമ്പോൾ ആ പുസ്തകത്തെ കെട്ടി പിടിച്ച് കിടന്നുറങ്ങും. ആ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം പുസ്തകമായിരുന്നില്ല യോഗാനന്ദജി തന്നെയായിരുന്നു. ദിവസങ്ങൾ അടർന്നു പോകുന്നത് എനിക്ക് അസഹ്യമായി തീർന്നു. എന്റെ ഗുരു എവിടെ... ഞാൻ സ്വയം ചോദ്യങ്ങൾ ചോദിച്ച് ജഗദീശ്വരനോട് യാചിച്ചു കൊണ്ടിരുന്നു. ശരിക്കും ഭ്രാന്തമായ അവസ്ഥയായിരുന്നു. ഉണ്ണണമെന്നില്ല, മുടി ചീകണമെന്നില്ല, അവ വെട്ടി ഒതുക്കണമെന്നില്ല, വസ്ത്രധാരണത്തിൽ തീരെ ശ്രദ്ധയില്ല( വസ്ത്രം തേച്ചുമിനുക്കി അല്ലാതെ ഞാൻ വീടിനു പുറത്തേക്കിറങ്ങാറില്ലായിരുന്നു മുൻപ്) ശരീര സംബന്ധിയായ ഒന്നിലും ഒരു താൽപര്യം ഇല്ലാതെ ആയി. ഇങ്ങനെ മുൻപോട്ടു പോകവെ M.K രാമചന്ദ്രൻ സാറിനെ നേരിട്ടു കാണുവാൻ അവസരം ലഭിച്ചു.അദ്ദേഹത്തെ ഫോൺ ചെയ്തപ്പോൾ അദ്ദേഹം തൃശൂർ സ്വപ്ന തിയറ്ററിനടുത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. കൈലാസം മുഴുവൻ നടന്ന് പരിക്രമണം ചെയ്ത മഹദ് വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഞാൻ ഭവ്യതയോടെ മറുപടികൾ നൽകി. അദ്ദേഹം തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചായ വരുത്തി. ചായ കുടിച്ചതിനു ശേഷം അദ്ദേഹത്തിനു സമക്ഷം ഞാൻ ഒരു അപേക്ഷ വച്ചു. കൈലാസത്തെ പ്രദക്ഷിണം വെച്ച ആ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു കൊള്ളട്ടെ എന്ന്. അദ്ദേഹം അതിനനുവദിച്ചു. പ്രണമിച്ചു എഴുന്നേൽക്കുന്ന എന്നെ അദ്ദേഹം ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചു. അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ ബസ്റ്റാന്റ് ലക്ഷ്യമാക്കി നീങ്ങി. നടന്നു നീങ്ങവെ തേക്കിൻ കാട് മൈതാനിയിലേക്ക് ദൃഷ്ടികൾ ഉടക്കി. ഒരു വലിയ പന്തൽ തേക്കിൻ കാട് മൈതാനിയിൽ ഒരുക്കിയിരിക്കുന്നു. ഭാഗവത സപ്താഹമാണ്. സ്വാമി സന്ദീപ് ചൈതന്യയുടെ. പോയി നോക്കണോ വേണ്ടയോ മനസ്സു രണ്ടു തട്ടിൽ ആയി. അല്പനേരത്തെ സംഘർഷത്തിനൊടുവിൽ തീരുമാനമെടുത്തു പോകണ്ട എന്ന്. ബസ് സ്റ്റാന്റിലേക്കുള്ള ബസ്സിൽ വലിഞ്ഞുകയറി. ബസ് മുൻപോട്ട്‌ നീങ്ങുമ്പോഴും ദൃഷ്ടി തേക്കിൻകാട് മൈതാനിയിൽ തന്നെ ആയിരുന്നു. ബസ് സ്റ്റാന്റിൽ എത്തി. സ്റ്റാന്റിനടുത്തുള്ള മാർക്കറ്റിൽ നിന്ന് കാൽ കിലോ മുരിങ്ങക്കായ് വാങ്ങി. ഗുരുവായൂരിലേക്ക് പോകാനായി ബസിനടുത്തേക്ക് നീങ്ങി. പക്ഷെ മനസ്സ് വീണ്ടും സംഘർഷം സൃഷ്ടിച്ചു മൈതാനിയിലേക്ക് പോകാനായി. ഞാൻ തിരിച്ചു നടന്നു മൈതാനിയെ ലക്ഷ്യമാക്കി. കുറച്ച് ചുവടുകൾ മുൻപോട്ട് നീങ്ങിയപ്പോൾ മനസ്സ് നിരുത്സാഹപ്പെടുത്തി. തിരിഞ്ഞ് വീണ്ടും ബസ്സിനരുകിലേക്ക്. ബസിന്റെ പടിയിൽ കാലെടുത്തു വെച്ചപ്പോൾ മനസ്സു വീണ്ടും പറയുന്നു തിരിച്ച് മൈതാനിയിലേക്ക് പോകാൻ. ഞാൻ വീണ്ടും മൈതാനിയിലേക്ക് തിരിച്ചു നടന്നു. ഏകദേശം അര കിലോമീറ്റർ നടന്നപ്പോൾ മനസ്സ് വീണ്ടും വികൃതി കാണിച്ചു. പോകണ്ട, പോകണ്ട എന്ന് ശക്തമായി മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു. ഞാൻ പിൻതിരിഞ്ഞ് നടന്നു. രണ്ട് മൂന്ന് ചുവടുകൾ വെച്ചപ്പോൾ വീണ്ടും കുരങ്ങനെ പോലെ മനസ്സ് പറയുന്നു പോകാൻ. ഞാൻ ആ റോഡിൽ ഒരു നിമിഷം കൺകൾ അടച്ചു നിന്നു. ചിന്തകളെയും മനസ്സിനെയും നേർരേഖയിലേക്ക് കൊണ്ടുവന്നു. സംഘർഷത്തിനു അയവു വന്നു. ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു ധ്വനി മുഴങ്ങി. മൈതാനിയിലേക്ക് പോ. ഞാൻ ഉറച്ച തീരുമാനത്തോടെ മൈതാനിയിലേക്ക് നീങ്ങി.

അവിടെ പ്രഭാഷണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പന്തലിന്റെ ഒരു ഭാഗത്ത് ബുക്സ്റ്റാളുകൾ ഒരുക്കിയിരുന്നു. പ്രമുഖ പ്രസാധക കമ്പനികളുടെയെല്ലാം പുസ്തക ശാലകൾ അവിടെ ഒരുക്കിയിരുന്നു. സ്റ്റാളുകളിലൂടെ പ്രദക്ഷിണം നടത്തുന്നതിനിടയിൽ പല പുസ്തകങ്ങളും കൈകളിൽ കുരുങ്ങി. ഒന്നു മറിച്ചു നോക്കി ഞാൻ അവയെല്ലാം യഥാസ്ഥാനത്തു തന്നെ വെച്ചു. അടുത്തുള്ള മറ്റൊരു പുസ്തക ശാലയിൽ ഓഫർ എഴുതിവച്ചിരുന്നു. അവിടെ നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങളിൽ ഒരു പുസ്തകം മാത്രം ഒറ്റക്ക് ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന പോലെ തോന്നി. ആ പുസ്തകം കൈയ്യിലെടുത്തു " ഗുരു സമക്ഷം". By ശ്രീ എം. വില നോക്കി 225 രൂപ. ഞാൻ അവിടെ തന്നെ വെച്ചു. പൈസ തികയില്ല. പുസ്തക സ്റ്റാളിലെ വ്യക്തി എന്നോടു പറഞ്ഞു. അത് വാങ്ങിച്ചോളൂ. ഈ ഒരേ ഒരു പ്രതി മാത്രമെ ഇവിടെ ഉള്ളൂ. മറ്റെല്ലാം കഴിഞ്ഞു.കിട്ടാനില്ല പുസ്തകം. അത്രക്കും മികച്ചതാണ്. പൈസ തികയില്ല എന്ന് ഞാൻ പറഞ്ഞു. എത്രയുണ്ട് കൈയിൽ? അയാൾ തിരക്കി. 200 രൂപ. അയാൾ കാൽകുലേറ്റർ എടുത്ത് കണക്കുകൂട്ടി. എന്നെ നോക്കി പുഞ്ചിരിച്ചു. "സിസ്കൗണ്ട് കഴിച്ചാൽ 180 രൂപയേ ആകു. എവിടെയാ വീട്". അയാൾ തിരക്കി."ഗുരുവായുർ" ഞാൻ പുസ്തകം കൈയ്യിൽ എടുക്കുന്നതിനിടയിൽ പറഞ്ഞു. "ശരി എന്റെ വക 10 രൂപ കൂടി കുറച്ചിട്ടുണ്ട് 170 തന്നാൽ മതി". നന്ദിസൂചകമായി എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പൈസ കൊടുത്ത് പുസ്തകം വാങ്ങിക്കുന്നതിനിടയിൽ ഞാൻ അയാളോട് പ്രത്യേകം നന്ദി പറഞ്ഞു. ശ്രീ എം. മുംതാസ് അലി. പ്രഭാഷണം എല്ലാം കേട്ടു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഈ പേര് എപ്പോഴോ കേട്ടിട്ടുണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തെ അക്ഷീണ പ്രയത്നത്തിനൊടുവിൽ ഓർമ്മയുടെ ചുരുളുകൾ നിവർന്നു. 6 വർഷം മുൻപ് ശ്രീ രാജശേഖര വാര്യർ ശ്രീ മുംതാസ് അലിയെ കുറിച്ച് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞു. 'ഒരു ആവശ്യത്തിനായി ഞാനും സുഹൃത്തും രാജശേഖര വാര്യരുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു. "ഒരു മുസ്ലീം ഹിമാലയത്തിൽ പോയി വളരെ കഷ്ടപ്പെട്ട് ഗുരുവിനെ കണ്ടെത്തിയത്രേ'' "എന്താ അയാളുടെ പേര് " ഞാൻ തിരക്കി. "മുംതാസ് അലി. അത് മാത്രമല്ല അയാൾക്ക് ഉണ്ടായ അനുഭവങ്ങൾ പറഞ്ഞാ തീരില്ല ". എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആ സംഭാഷണം മുൻപോട്ടു തുടരാൻ അനുവദിക്കാതെ മറ്റൊരു വിഷയത്തിലേക്ക് വ്യതിചലിപ്പിച്ചു. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഈ വ്യക്തിയെ നേരിട്ടുകാണണം എന്ന അതിയായ ആഗ്രഹം മനസ്സിൽ അങ്കുരിച്ചു. " രാജേട്ടാ ആൾ എവിടെ ഉള്ളതാണ്"? " ആള് മലയാളിയാ തിര്വന്തൂരുത്തുകാരൻ" പിന്നീട് ഈ സംഭാഷണവും ഈ പേരും എന്റെ മനസ്സിന്റെ അഗാധതയിൽ വിസ്മൃതിയിൽ ആണ്ടു കിടന്നു. "ഗുരു സമക്ഷം എന്ന പുസ്തകം എന്റെ കൈകളിൽ എത്തുന്നതുവരെ. പിന്നീട് ഞാൻ ആ പുസ്തകം ആർത്തിയോടെ വായിച്ചു തീർത്തു. ഞാൻ ഉറപ്പിച്ചു ഇദ്ദേഹം തന്നെ എന്റെ ഗുരു. അദ്ദേഹത്തെ നേരിൽ കാണുവാനായി ഞാൻ അദ്ദേഹത്തിന്റെ വാസസ്ഥലമായ ആന്ധ്രയിലെ മദനപ്പള്ളിയിലേക്ക് കത്തുകൾ അയച്ചു. പക്ഷെ നിരാശാജനകമായിരുന്നു മറുപടി. മെയിൽ അയച്ച് അനുമതി വാങ്ങണം. ആ സമയം ഒരു തീയതി നൽകും അന്നു ചെല്ലണം. ഞാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മെയിൽ അയച്ചു. എനിക്ക് മൂന്നു മാസം കഴിഞ്ഞുള്ള തീയ്യതി ആണ് ലഭിച്ചത്. എന്റെ ദുഖം വീണ്ടും ഇരട്ടിച്ചു. ശ്രീ എം നെ കാണാനുള്ള എന്റെ ആഗ്രഹം അത്ര അദമ്യമായിരുന്നു. കാത്തിരുപ്പ് എനിക്ക് അസഹ്യമായി. ഞാൻ വീണ്ടും നാഗരാജ് ബാബാജിയെയും, യോഗാനന്ദജിയെയും അഭയം പ്രാപിച്ചു. അവരോട് കരഞ്ഞ് യാചിച്ചു കൊണ്ടിരുന്നു.

ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കാര്യം ഉടലെടുത്തു. മൂകാംബിക ക്കു പോകണം. പിന്നെ ഒന്നും ചിന്തിച്ചില്ല മൂകാംബിക ക്ക് വച്ചുപിടിച്ചു. മൂകാംബികയിലെത്തി ദർശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടയിൽ. ഒരു പുസ്തക ശാലയിൽ വയസ്സായ ഒരു അമ്മ ഇരിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടു. ശ്രദ്ധിക്കാൻ കാരണം അവർ കറുപ്പു വസ്ത്രമാണ് ഉടുത്തിരുന്നത്.
അവരുടെ പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. ഞാൻ അവിടെ നിന്ന് 4 ഉപനിഷത്തുക്കൾ വാങ്ങി. അവർ എല്ലാമാസവും ശബരിമല പോകുമത്രെ അതിനാലാണ് കറുപ്പ് വസ്ത്രം. നല്ല കറ കളഞ്ഞ ഭക്തയാണ് അവർ. സർവ്വവും ഈശ്വരനിലർപ്പിച്ച് ജീവിക്കുന്നു. അവർ ഷിർദ്ദിസായി ബാബയുടെ ആരാധികയും, ഭക്തയും കൂടിയാണ്. സംസാരത്തിനിടക്ക് Sri m നെ കുറിച്ച് അവർ പരാമർശിക്കുകയുണ്ടായി. അവർ ശ്രീ എം നോട് ഫോണിലൂടെ നേരിട്ട് ' സംസാരിച്ച കാര്യവും പറഞ്ഞു. ഞാൻ എം നെ കാണാൻ മെയിൽ അയച്ച കാര്യം അവരോട് പറഞ്ഞു. ഡിസംബർ വരെ വെയ്റ്റ് ചെയ്യണം എന്ന് അല്പം വ്യസനത്തോടെ തന്നെ അവതരിപ്പിച്ചു. "എന്തിനാ സിസംബർ വരെ കാത്തിരിക്കുന്നത്?.'ശ്രീ എം അടുത്ത ആഴ്ച കോട്ടയത്ത് വരുന്നുണ്ടെന്നാണ് അറിഞ്ഞത് " അവരുടെ മറുപടി കേട്ട് എന്റെ ഹൃദയം ആഹ്ലാദത്താൽ ആനന്ദനൃത്തമാടി. അവർ എനിക്ക് ഒരു നമ്പർ തന്നു. ആ നമ്പറിൽ വിളിച്ചാൽ വിശദ വിവരങ്ങൾ അറിയുമെന്ന് പറഞ്ഞു.

ഞാൻ തിരികെ വീട്ടിലെത്തി ആ നമ്പറിൽ വിളിച്ചു. ശ്രീ എം വരുന്നുണ്ട്. മുൻകൂട്ടി അറിയിക്കാത്ത പെട്ടെന്നുള്ള പ്രോഗ്രാം ആണ് വരികയാണെങ്കിൽ നേരിട്ട് കാണാം എന്ന് പറഞ്ഞു. ഞാൻ അദ്ദേഹം പറഞ്ഞ തീയതിയിൽ കോട്ടയത്ത് എത്തി. ശ്രീ എം ഒരു വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വീടിനു പുറത്ത് വെള്ളാരം കല്ലുകൾ പാകിയ നിലത്ത് ഇരിക്കുകയായിരുന്നു. കാവി ജുബ്ബയും വെള്ള മുണ്ടും വേഷം. ഏതോ പത്ര മാധ്യമം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന തിരക്കിലായിരുന്നു. എന്നിൽ നിന്ന് കരച്ചിൽ അണ പൊട്ടി ഒഴുകി. ഞാൻ അടുത്തുള്ള മരത്തിൽ ചാരി  അദ്ദേഹത്തെ തന്നെ തുറിച്ചു നോക്കി നിന്നു. കൺകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. അദ്ദേഹം ഇടക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. മണിക്കൂറുകളോളം ഞാൻ നിന്നു കരഞ്ഞു. അദ്ദേഹം അവിടെ നിന്നും മാമൻ മാപ്പിള ഹാളിലേക്ക് പോകാനായി തിരിച്ചു. അദ്ദേഹം നടന്നു വരവെ അദ്ദേഹത്തിന്റെ കാൽക്കൽ പ്രണമിച്ചു. " എവിടെ നിന്നു വരുന്നു" അദ്ദേഹം ചോദിച്ചു. "ഗുരുവായൂർ ". അദ്ദേഹം പുഞ്ചിരിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായിരുന്നു ആ ചിരി. പിന്നീട് ഒരുപാട് തവണ അദ്ദേഹത്തെ ദർശിച്ചു. അദ്ദേഹത്തിന്റെ കൃപയാൽ അദ്ദേഹം എനിക്ക് ക്രിയാ യോഗ ദീക്ഷ നൽകി. ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുന്നു ഞാനും അദ്ദേഹവുമായി ഉള്ള ബന്ധം ഇന്നും നിലക്കാതെ തുടരുന്നു.

 ശ്രീ ഗുരുഭ്യോ നമഃ


കടപ്പാട് : കണ്ണൻ കെ സുന്ദരൻFriday, August 4, 2017

ശ്രീരാമകഥാമൃതം - രാമന്‍ അയോദ്ധ്യയില്‍ ( 4 )

നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേരഘുനാഥായ നാഥായ സീതായ പതയേ നമഃ
സീതയുടെ സ്വയംവരവര്‍ത്തമാനം അറിഞ്ഞ് വിദേഹ രാജ്യത്ത് എല്ലാവരും സന്തോഷഭരിതരായി. ജനകരാജാവ് ഉടനെ അയോദ്ധ്യയിലേക്ക് ദൂതന്മാരെ അയച്ചു. വിവരമറിഞ്ഞ് സന്തുഷ്ടനായ ദശരഥമഹാരാജാവ് സകുടുംബം പരിവാരങ്ങളോടു കൂടി എത്തി. വിവാഹം കേമമായി ആഘോഷിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. ദശരഥൻ മറ്റു പുത്രന്മാരുടെ വിവാഹവും അതോടു കൂടി നടത്തുവാന്‍ ആലോചിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയേയും ഭരതനും ശത്രുഘ്നനും ജനകന്‍റെ സഹോദരനായ കുശധ്വജന്‍റെ പുത്രിമാരായ മാണ്ഡവിയേയും ശ്രുതകീര്‍ത്തിയേയും പാണിഗ്രഹണം ചെയ്തു. അങ്ങനെ നാലുപേരും അവരവരുടെ ശക്തികളോടു ചേര്‍ന്നു. ജനകന്‍ എല്ലാവര്‍ക്കും നിര്‍ല്ലോഭം ഉപഹാരങ്ങള്‍ നല്‍കി. ദശരഥൻ പുത്രന്മാരോടും സ്നുഷമാരോടും കൂടി സപരിവാരം അയോദ്ധ്യയിലേക്കു യാത്ര തിരിച്ചു.
വിശ്വാമിത്രന്‍ തന്‍റെ ആശ്രമത്തിലേക്ക് മടങ്ങിപ്പോയി. ദശരഥൻ മാര്‍ഗ്ഗമദ്ധ്യത്തില്‍ പല ദുശ്ശകുനങ്ങള്‍ കണ്ട് പരിഭ്രാന്തനായി. ദുശ്ശകുനങ്ങളും ദുര്‍നിമിത്തങ്ങളും എല്ലാവരേയും വിഷമിപ്പിക്കുമല്ലോ. അങ്ങനെ പോകുമ്പോൾ അതാ, ക്ഷത്രിയകുലാന്തകനായ *ഭാര്‍ഗ്ഗവരാമന്‍* വഴി തടഞ്ഞ് നില്‍ക്കുന്നു. താന്‍ ജനകനെ ഏല്പിച്ചിരുന്ന ശൈവചാപം ഭഞ്ജിച്ചതിന്‍റെ ശബ്ദം കേട്ട് രോഷാകുലനായി പകരം ചോദിക്കുവാനാണ് പരശുരാമന്‍ വന്നിട്ടുളളത്. ദശരഥൻ ഭയാകുലനായി നമസ്കരിച്ചപ്പോള്‍ ശ്രീരാമൻ യാതൊരു ഭയവും കൂടാതെ അദ്ദേഹത്തെ നേരിട്ടു. പരശുരാമന്‍ പറഞ്ഞു: 'രാമാ, നീ ശൈവചാപത്തെ ഭഞ്ജിച്ചു. ഇപ്പോള്‍ ഞാന്‍ തരുന്ന ഈ വൈഷ്ണവചാപം ഒന്നു കുലയ്ക്കൂ. എന്നാല്‍ ഞാന്‍ നിന്‍റെ ശക്തി സമ്മതിക്കാം. അല്ലെങ്കിൽ ദ്വന്ദ്വയുദ്ധത്തിനു തയ്യാറായിക്കൊളളുക.' ഗര്‍വ്വിഷ്ഠനായ ഭാര്‍ഗ്ഗവരാമന്‍റെ വാക്കു കേട്ട് ശ്രീരാമൻ പുഞ്ചിരിച്ചു കൊണ്ട് വൈഷ്ണവചാപം വാങ്ങി അനായാസേന കുലച്ചു. അസ്ത്രത്തിനു ലക്ഷ്യമെന്താണെന്നു ചോദിച്ചപ്പോൾ താന്‍ തപസ്സുകൊണ്ടു നേടിയിട്ടുളള ഊര്‍ധ്വാലോകങ്ങളാകട്ടെ എന്നു ഭാര്‍ഗ്ഗവരാമന്‍ സമ്മതിച്ചു. അങ്ങനെ പരാജിതനായ പരശുരാമന്‍ ശ്രീരാമൻ വിഷ്ണുവിന്‍റെ അവതാരമാണെന്നറിഞ്ഞ് തന്‍റെ ശക്തി മുഴുവൻ ദശരഥപുത്രനിലേക്കു സംക്രമിപ്പിച്ച് തപസ്സിനായി മഹേന്ദ്ര പര്‍വ്വതത്തിലേക്കു പോയി.
ദശരഥൻ പുത്രന്‍റെ വിജയത്തില്‍ അതീവ സന്തുഷ്ടനായി യാത്ര തുടര്‍ന്നു. അയോധ്യയിലെത്തി എല്ലാവരും സാമോദം വാണു. ശ്രീരാമചന്ദ്രനും യോഗമായാ സ്വരൂപിണിയായ സീതാദേവിയോടും മാതാപിതാക്കന്മാരോടും കൂടി സുഖമായി താമസിച്ചു.
അഹംഭാവത്തിന്‍റെ പരാജയമാണിവിടെ കാണുന്നത്. ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയവംശം മുഴുവൻ മുടിച്ച പരശുരാമന് സര്‍വ്വേശ്വരസ്വരൂപനായ ശ്രീരാമനോടേറ്റു മുട്ടിയപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നു. മാത്രമല്ല, ചിരതപസ്സുകൊണ്ട് നേടിയ പുണ്യലോകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. *അഹംഭാവം സര്‍വ്വ വിനാശകമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 3, 2017

ശ്രീരാമകഥാമൃതം - സീതാസ്വയംവരം ( 3 )

വിശ്വാമിത്രന്‍റെ യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാര്‍ സന്നദ്ധരായി നില്‍ക്കുമ്പോള്‍ സുബാഹു തുടങ്ങി പ്രമുഖന്മാരായ രാക്ഷസന്മാര്‍ പല ഉപദ്രവങ്ങളും ഉണ്ടാക്കിയെങ്കിലും അവരെയെല്ലാം നിഗ്രഹിച്ച് യാഗം ശുഭമായി അവസാനിപ്പിക്കുവാന്‍ അവര്‍ക്ക് വിഷമമുണ്ടായില്ല. രാമബാണത്തിന്‍റെ അസഹ്യമായ തേജസ്സിനെ സഹിക്കുവാന്‍ സാധിക്കാതെ മാരീചന്‍ മാത്രം വന്ന് രാമനെ ശരണം പ്രാപിച്ചു. തന്‍റെ അവതാര നാടകത്തില്‍ ഇനിയും ചില രംഗങ്ങള്‍ അവന് അഭിനയിക്കുവാനുളളതു കൊണ്ട് രാമന്‍ മാരീചന് അഭയം നല്‍കി. ഇനി രാക്ഷസവൃത്തികള്‍ തുടരരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
യാഗം അവസാനിപ്പിച്ചതിനു ശേഷം വിശ്വാമിത്രന്‍ രാമനോടു പറഞ്ഞു: 'രാമാ, നമുക്ക് മിഥിലാ രാജധാനിയില്‍ പോയി ജനകമഹാരാജാവിനെ കണ്ട് അയോധ്യയിലേക്ക് മടങ്ങാം'. രാജകുമാരന്മാര്‍ അത് സമ്മതിച്ച് വിശ്വാമിത്രനോടു കൂടി മിഥിലയിലേക്ക് പുറപ്പെട്ടു. പുരുഷന്‍ പ്രകൃതിയോടു ചേരുമ്പോള്‍ മാത്രമേ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം മുഴുവൻ ശക്തി പ്രാപിക്കുന്നുളളൂ. പരബ്രഹ്മ മൂര്‍ത്തിയായ ശ്രീരാമനെ ശക്തിസ്വരൂപിണിയായ സീതാദേവിയോടു യോജിപ്പിക്കുക എന്നതായിരുന്നു മഹര്‍ഷിയുടെ ഉദ്ദേശം. വഴിയിൽ, ദേവേന്ദ്രൻ്റെ വഞ്ചന മൂലം ശാപത്തിനു പാത്രമായ ഗൗതമപത്നിയായ അഹല്യയ്ക്കു ശാപമോക്ഷം നല്‍കി. *ആയിരം വര്‍ഷം ചലനമില്ലാതെ വായുഭക്ഷണമായി അന്യര്‍ക്ക് അദൃശ്യയായി കിടക്കട്ടെ* എന്നായിരുന്നു ശാപം. *ശ്രീരാമന് ആതിഥ്യം നല്‍കാനിടവരുമ്പോള്‍ ശാപത്തില്‍ നിന്ന് മുക്തയായിത്തീരും* എന്ന് ഗൗതമന്‍ ശാപമോക്ഷവും നല്‍കിയിരുന്നു. വിശ്വാമിത്രന്‍റെ നിര്‍ദ്ദേശപ്രകാരം രാജകുമാരന്മാര്‍ ഗൗതമാശ്രമത്തില്‍ പ്രവേശിച്ച് ശാപമോക്ഷം നല്‍കി അഹല്യയുടെ ആതിഥ്യവും സ്വീകരിച്ച് തപോദീപ്തയായ അവരെ വണങ്ങി യാത്ര തുടര്‍ന്നു.
മഹര്‍ഷിയും അനുചരന്മാരും മിഥിലാപുരിയിലെത്തി. ജനകമഹാരാജാവ് അവരെ വേണ്ടവിധത്തില്‍ സ്വീകരിച്ചു. വിശ്വാമിത്രന്‍ അയോധ്യയിലെ ദശരഥപുത്രന്മാരായ രാജകുമാരന്മാരാണ് എന്നു പറഞ്ഞ് കുമാരന്മാരെ പരിചയപ്പെടുത്തി. അഹല്യാ ശാപമോക്ഷത്തിന്‍റെ കഥയും പറഞ്ഞു കേള്‍പ്പിച്ചു. ദേവസദൃശന്മാരായ കുമാരന്മാരെ കണ്ട് ജനകരാജാവ് വളരെ സന്തുഷ്ടനായി. വിശ്വാമിത്രന്‍ വീണ്ടും പറഞ്ഞു. 'സിദ്ധാശ്രമത്തിലെ യാഗരക്ഷയും ഗൗതമാശ്രമത്തിലെ അഹല്യാ ശാപമോക്ഷവും കഴിഞ്ഞ് ശൈവചാപം കാണുവാനായി അവര്‍ വന്നിരിക്കയാണ്. അത് കാണിച്ചു കൊടുത്താലും'. ജനകന്‍ കിങ്കരന്മാരെ അയച്ച് മഹത്തായ ആ ചാപം കൊണ്ടു വരുവിച്ചു. വിശ്വാമിത്രന്‍റെ നിര്‍ദ്ദേശ പ്രകാരം രാമന്‍ വില്ലെടുത്തു കുലച്ചപ്പോള്‍ ഭയങ്കരമായ ഒരു ശബ്ദത്തോടു കൂടി ആ വില്ല് രണ്ടായി പൊട്ടി. മുന്‍ നിശ്ചയപ്രകാരം ജനകപുത്രിയായ സീത രാമന്‍റെ കഴുത്തിൽ വരണമാല്യം അണിയിക്കുകയും ചെയ്തു.
ശൈവചാപം കുലയ്ക്കുന്നവര്‍ക്കു മാത്രമേ സീതയെ വിവാഹം ചെയ്തു കൊടുക്കുകയുളളൂ എന്ന് ജനകരാജാവ് പ്രതിജ്ഞ ചെയ്തിരുന്നു. അത് ഇപ്പോള്‍ സഫലമായതില്‍ ജനകന്‍ സന്തുഷ്ടനായി.
നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമഃ

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 2, 2017

ഒരു എളിയ അനുഭവം

തിരുവില്വാമല അമ്പലത്തിനു മുന്നിലെത്തുന്നത് ഏകദേശം രാവിലെ രണ്ടരയ്ക്കാണ്...

എന്നെ അമ്പലത്തിനു മുന്നിൽ ഡ്രോപ് ചെയ്തു റൂം എടുക്കുന്നോന്നു ചോദിച്ചു

ഇല്ലാന്നുപറഞ്ഞു അയാള് പോയി. അമ്പലത്തിനു മുന്നിൽ ഗേറ്റ് ഉണ്ട്.

സോ അകത്ത് കടക്കാനാവൂല ഗേറ്റിനു മുന്നിൽ മെല്ലെ ഇരുന്നു... പെട്ടന്ന് പത്ത് പതിനഞ്ച് നായ്ക്കൾ കുരച്ചു കൊണ്ട് നേരെ വന്നു...

കൂട്ടമായി വരുന്ന നായ്ക്കൾക്ക് നേരെ കല്ലെറിഞ്ഞാൽ അപകടമാണ്...

ഓടിയാൽ പിറകേ ഓടുക എന്നതാണ് നായ്ക്കളുടെ സൈക്കോളജി എന്നതു കൊണ്ടും

എന്നെക്കാളും വഴി നായ്ക്കൾക്കറീന്നതുകൊണ്ടും

ഇരുട്ടായതോണ്ടും ഓടുന്നതും പന്തിയല്ല.


പട്ടികടികൊണ്ട് മരിച്ചാൽ പത്രത്തിൽ വരുന്ന വാർത്ത എന്തായിരിക്കും... ആരോടും പറയാതെ വന്നതിന് ആരൊക്കെ എന്തൊക്കെ പഴിക്കും... എല്ലാം ക്ഷണനേരം കൊണ്ട് മിന്നിമറഞ്ഞു...

അടുത്ത് ഒരു KSRTC ബസ്സ് ഉണ്ട് പതിയെ അതിനടുത്തേക്ക് നീങ്ങി അതേ താളത്തിൽ വർദ്ധിത വീര്യത്തോടെ കുരച്ച് കൊണ്ട് നായ്ക്കളും അടുത്തു...

ഓട്ടോ ഡോർ ആണ് കേറാൻ പറ്റില്ല.. ഏറ്റവും ഒടുവിൽ ബുദ്ധിയും യുക്തിയും അസ്തമിക്കുന്നിടത്ത്, നിരാശ്രയരാകുമ്പോഴാണ് നിഷ്കളങ്കമായ ഭക്തി ഉദയം കൊള്ളുന്നത്...

ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയത് ഭഗവാനെ കാണാനാണ്...

എന്നെ രക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം അപ്പോൾ അങ്ങേർക്കാണ്...

ആ ശക്തിയിലാണ് പ്രപഞ്ചം തന്നെ ചലിക്കുന്നതെന്നിരിക്കെ ഭയത്തിനെന്ത് ആധാരം...

കവാടത്തിലെ ഗേറ്റിൽ ചാരി ചമ്രം പടിഞ്ഞിരുന്നു...

നായ്ക്കൾ കുരച്ചു കൊണ്ട് അടുക്കുന്നുണ്ട്...

ഹൃദയമിടിപ്പ് കൂടുന്നുണ്ട് നന്നായി..

ചിന്മുദ്ര പിടിച്ച് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകൾ ഇറുക്കിയടച്ചു...

മഹാമൃത്യുഞ്ജയ മന്ത്രം ഉരുവിട്ടു..

നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കുന്നു. നിമിഷങ്ങൾ യുഗങ്ങളായ് കടന്നു പോകുന്ന നേരം ഒരു പത്തിരുപത് മിനിറ്റു കഴിഞ്ഞപ്പോൾ കുര ഒക്കെ ഏതാണ്ട് നശിച്ച മട്ടുണ്ട്...

ജപം നിർത്താതെ ഞാൻ മെല്ലെ കണ്ണു തുറന്നു..

എനിക്കഭിമുഖമായി ഒരു രണ്ടു രണ്ടര മീറ്റർ ദൂരെ നായകൾ നിരന്നു കിടക്കുന്നു. ജപം നിർത്തുമ്പോൾ മുരളാൻ തുടങ്ങുന്നു...

ഒടുവിൽ മൂന്നര ആകുമ്പോൾ ഒരു സ്ത്രീ അതുവഴി അമ്പലത്തിന്റെ ഗേറ്റിനടുത്തേക്കു വന്നു...

നായകളെ നിയന്ത്രിക്കാനൊരു വടിയും കയ്യിലുണ്ട്...

നായ്ക്കളുടെ ആ കിടപ്പും എന്റെ ഇരിപ്പും കണ്ട് അവർ ചോദിച്ചു "സ്വാമിയാർ എവിടുന്നാ..." 

വന്ന ചിരിയെ കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു

"കാസറകോട്ടിന്ന് വര്വാണ്...ഈ അമ്പലക്കുളം എവിടാ" 

അവര് അടുത്തുള്ള അമ്പലക്കുളത്തിലേക്കുള്ള വഴിയും ശൗചാലയവും കാട്ടിത്തന്നതിനു ശേഷം എങ്ങോട്ടോ പോയി...

നായ്ക്കൾ എഴുന്നേറ്റ് വല്ലാത്ത ഒരു കടകടാ ശബ്ദത്തോടെ തല കുടയുന്നു... കളവു പറഞ്ഞതിനു ശകാരിക്കുകയായിരിക്കും ചിലപ്പോൾ.. മാനവവൈഭവ "വികാസത്തിൽ" അവനു കൈമോശം വന്നത് ഇതര ജീവികളുമായുള്ള സംവേദന ശേഷിയാണല്ലോ.. നായ്ക്കൾ മെല്ലെ ഓടിയകന്നു... ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അൽപം കഴിഞ്ഞപ്പോൾ ഒരു നായ ഓടി അടുത്തുവന്ന് ഉച്ചത്തിൽ കുരച്ച് രണ്ടുവട്ടം വലം വച്ച് ഓടിപ്പോയി... പിന്നെയും അൽപ്പം കഴിഞ്ഞിത് തുടർന്നു... നാലഞ്ചുവട്ടമായപ്പോൾ എവിടുന്നോ കിട്ടിയ ഒരു ധൈര്യം കൊണ്ട് അതിനെ അങ്ങ് പിന്തുടർന്നു... അത് എന്നെ കൊണ്ടുപോയത് കുളിക്കടവിലേക്കാണ്...

വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളൂ.. ഞാൻ പവർ ബാങ്കിലെ ടോർച്ച് തെളിച്ചു വസ്ത്രം മാറ്റി തോർത്തുടുത്ത് കുളിക്കാനിറങ്ങി... ഒറ്റയ്ക്കായതു കൊണ്ടും വെളിച്ചമില്ലാത്തതു കൊണ്ടും പരിചയമില്ലാത്ത കുളമായതു കൊണ്ടും ആസ്മ ഒരുപക്ഷേ വില്ലനായേക്കാവുന്നതു കൊണ്ടും വലിയ സാഹസങ്ങൾക്കു മുതിരാതെ പെട്ടന്ന് കുളിച്ച് കയറി... ബാഗിന് കാവലെന്ന വണ്ണം കുറേ നേരം ദൂരേ നായ്ക്കൾ നിലയുറപ്പിച്ചിട്ടുണ്ട്. ബാഗ് എടുത്ത ഉടനെ വഴികാട്ടികളായി അവർ മുന്നേ ഓടിപ്പോയി... തിരിച്ച് എത്തുമ്പോഴേക്ക് കുറച്ച്
വാഹനങ്ങളെത്തിയിട്ടുണ്ട്...

അമ്പലത്തിൽ കയറി തൊഴുതിറങ്ങിയിട്ട് ആദ്യമന്വേഷിച്ചത് അവരെയാണ്.. പക്ഷെ എങ്ങോ പോയ്മറഞ്ഞിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടിയിരുന്നില്ല...


Tuesday, August 1, 2017

ശ്രീരാമകഥാമൃതം - വിശ്വാമിത്രയാഗരക്ഷ (2)

നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേരഘുനാഥായ നാഥായസീതായ പതയേ നമഃ

നാലു രാജകുമാരന്മാരും ദൃഢമായ സാഹോദര്യബന്ധത്തോടുകൂടി വളര്‍ന്നു വന്നു. ഉപനയനത്തിനു ശേഷം വേദപഠനവും ധനുര്‍വ്വേദാഭ്യാസവും കഴിഞ്ഞ് വിവേകികളും വിക്രമികളുമായി വളര്‍ന്നു വന്ന പുത്രന്മാരെ കണ്ട് രാജാവ് അതീവ സന്തുഷ്ടനായി കഴിയുമ്പോള്‍, ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിൽ വന്നു. രാജാവ് അദ്ദേഹത്തെ യഥാവിധി സ്വീകരിച്ച് സത്കരിച്ച് ആഗമനോദ്ദേശം ആരാഞ്ഞു. തന്‍റെ യാഗത്തിന് വിഘ്നം ചെയ്യുന്ന രാക്ഷസന്മാരില്‍ നിന്ന് യാഗത്തെ രക്ഷിക്കുവാന്‍ രാമലക്ഷ്മണന്മാരെ അയച്ചു തരണമെന്ന മഹര്‍ഷിയുടെ ആവശ്യം കേട്ട രാജാവ് സ്തംഭിച്ചു പോയി. രാമനെ പിരിഞ്ഞിരിക്കുക എന്നത് രാജാവിന് ആലോചിക്കുക കൂടി വയ്യായിരുന്നു. വാര്‍ദ്ധക്യത്തില്‍ മോഹിച്ചുണ്ടായ പുത്രന്മാരോടുളള വാത്സല്യം അത്ര മഹത്തായിരുന്നു. എങ്കിലും രാമന്‍റെ തത്ത്വമറിയുന്ന വസിഷ്ഠന്‍റെ ഉപദേശമനുസരിച്ച് രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്‍റെ കൂടെ അയയ്ക്കുവാന്‍ തന്നെ രാജാവ് തീര്‍ച്ചപ്പെടുത്തി.
വിശ്വാമിത്രന്‍റെ ശാപശക്തി കൊണ്ടുതന്നെ സ്വയം ശത്രുക്കളെ നശിപ്പിക്കുവാന്‍ കഴിവില്ലാഞ്ഞിട്ടല്ല, രാക്ഷസനിഗ്രഹത്തിന് രാമലക്ഷ്മണന്മാരെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയത്. രാമന്‍ കൊട്ടാരത്തിലെ ലാളനയേറ്റു വളര്‍ന്ന് സരളഹൃദയനും മൃദുസ്വഭാവിയുമായിത്തീര്‍ന്നിരുന്നു. ഭാവിയില്‍ അവതാര കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ജീവിതത്തില്‍ സ്വഭാവദാര്‍ഢ്യവും ധൈര്യവും ഉത്സാഹവും വേണമല്ലോ. മഹര്‍ഷി മാര്‍ഗ്ഗമദ്ധ്യേ പല കഥകളും പറഞ്ഞ് രാമന്‍റെ മൃദുല സ്വഭാവത്തില്‍ പല മാറ്റവും ഉണ്ടാക്കിത്തീര്‍ത്തു. വിശപ്പും ദാഹവും ഇല്ലാതാകുന്ന *ബല, അതിബല* എന്നീ രണ്ടു മന്ത്രങ്ങളും ഉപദേശിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.
അപ്പോഴാണ് താടകയുടെ വരവ്. ലോകോപദ്രവകാരിണിയായ താടകയെ വധിക്കുവാന്‍ മഹര്‍ഷി പറഞ്ഞപ്പോള്‍ അധര്‍മ്മഭീരുവായ രാമന്‍ സ്ത്രീവധം അധര്‍മ്മമല്ലേ എന്നാലോചിച്ച് ശങ്കിച്ചു നിന്നു. ക്ഷത്രിയന്മാരുടെ കര്‍ത്തവ്യമായ ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ചില അധര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരുന്നതില്‍ ഒരിക്കലും സംശയിക്കരുതെന്നു പറഞ്ഞ് മഹര്‍ഷി രാമന്‍റെ മനസ്സില്‍ ധൈര്യമുണ്ടാക്കിത്തീര്‍ത്തു. അങ്ങനെ താടകയെ കൊന്ന് ലോകോപദ്രവവും തീര്‍ത്ത് സിദ്ധാശ്രമത്തിലെത്തി യാഗരക്ഷ ചെയ്ത് മഹര്‍ഷിയുടെ അനുഗ്രഹത്തിന് പാത്രമായി.
ധര്‍മ്മം സ്ഥാപിക്കാനുളള ശ്രമത്തില്‍ ചില അധമ പ്രവൃത്തികൾ ചെയ്യേണ്ടി വന്നാലും ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണന്‍റെ കാര്യത്തിലും നാമത് കാണുന്നുണ്ടല്ലോ. ഒരു നിലയ്ക്കും അധര്‍മ്മത്തെ പൊറുപ്പിക്കുവാന്‍ പാടില്ല. മഹാഭാരതയുദ്ധം തുടങ്ങുന്നത് വരെ പാണ്ഡവര്‍ ഒരു അധര്‍മ്മവും പ്രവര്‍ത്തിച്ചിരുന്നില്ല. ധര്‍മ്മ സംസ്ഥാപനം ജീവിതാദര്‍ശമായി സ്വീകരിച്ചു. പാര്‍ത്ഥസാരഥി നേതൃത്വം ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും ഭീഷ്മവധം, ദ്രോണവധം, കര്‍ണ്ണവധം, ദുര്യോധനവധം മുതലായ പല കാര്യങ്ങളിലും അധര്‍മ്മം പ്രവര്‍ത്തിക്കേണ്ടി വന്നു. ധര്‍മ്മ മൂര്‍ത്തിയായ കൃഷ്ണന് അത് ഒരു ദോഷമായി തോന്നിയില്ല.


കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Monday, July 31, 2017

ശ്രീരാമകഥാമൃതം - അവതാരം (1 )


നമോസ്തു രാമചന്ദ്രായ 
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ 

സീതായ പതയേ നമഃലോകാഭിരാമനായ ശ്രീരാമചന്ദ്രന്‍റെ ദിവ്യമായ ജന്മത്തേയും കര്‍മ്മത്തേയും പറ്റി ആലോചിക്കാനും കീര്‍ത്തിക്കാനുമുളള സമയമാണ് കര്‍ക്കിടകമാസം.
ദശരഥ മഹാരാജാവിന് കൗസല്യ, സുമിത്ര, കൈകേയി എന്നീ മൂന്നു ഭാര്യമാരുണ്ടായിട്ടും പുത്രന്മാരുണ്ടായില്ല. അതുകൊണ്ട് അദ്ദേഹം വസിഷ്ഠന്‍റെ നിര്‍ദ്ദേശപ്രകാരം ഋഷ്യശൃംഗ മഹര്‍ഷിയെ വരുത്തി പുത്രലാഭത്തിനായി പുത്രകാമേഷ്ടി യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു ദിവ്യപുരുഷന്‍ പൊങ്ങിവന്ന് ഒരു പായസപാത്രം രാജാവിന് കൊടുത്ത്, ഇത് ഭവാന്‍റെ ഭാര്യമാര്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞു. ദൈവികാംശമുളള പായസം അദ്ദേഹം തന്‍റെ ഭാര്യമാരായ കൗസല്യയ്ക്കും കൈകേയിക്കും ഭാഗിച്ചു കൊടുത്തു. അവര്‍ രണ്ടുപേരും അതില്‍ ഓരോ ഭാഗം മറ്റൊരു ഭാര്യയായ സുമിത്രയ്ക്കും കൊടുത്തു. ഇങ്ങനെ നാലു ഭാഗമായിത്തീര്‍ന്ന ദിവ്യമായ ആ പായസം കഴിച്ച് രാജ്ഞിമാര്‍ ഗര്‍ഭിണികളായി. അതിന്‍റെ ഫലമായി അവര്‍ പ്രസവിച്ച നാലുപേരാണ് സാക്ഷാൽ *നാരായണന്‍റെ അവതാരമായ ശ്രീരാമചന്ദ്രനും, അനന്തന്‍റെ അവതാരമായ ലക്ഷ്മണനും, ആയുധങ്ങളായ ശംഖുചക്രങ്ങള്‍ രൂപം ധരിച്ച ഭരത ശത്രുഘ്നന്മാരും.

അവരുടെ മനോഹര കഥയാണ് രാമായണം. ആ രാമായണം നിത്യവും പാരായണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. 'മദ്ഭക്താ യത്ര ഗായന്തി തത്ര നിത്യം തത്ര വസാമ്യഹം' എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍റെ സാന്നിദ്ധ്യമുളളിടത്ത് ഐശ്വര്യദേവതയായ ലക്ഷ്മീ ഭഗവതിയും ഉണ്ടായിരിക്കും. അങ്ങനെ ക്ഷാമകാലമായ കര്‍ക്കിടക മാസത്തില്‍ ഭഗവാന്‍റെ അനുഗ്രഹവും ഐശ്വര്യ ദേവതയുടെ സാന്നിദ്ധ്യവും ഉണ്ടാകണം. ഈ പഞ്ഞ മാസത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലാതാകണം എന്നു വിചാരിച്ചിട്ടാണ് എല്ലാ വീടുകളിലും കര്‍ക്കിടക മാസത്തില്‍ രാമായണം വായന നടന്നിരുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ അതിപ്രസരം കൊണ്ട് നഷ്ടപ്പെട്ട ശീലം ഇന്ന് പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. വീടുകളിൽ മാത്രമല്ല, പല ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഇന്ന് രാമായണ പാരായണ പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ട്.

സര്‍വ്വേശ്വരന്‍റെ അവതാരമായ ശ്രീരാമചന്ദ്രനെ ആശ്രയിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സിലും ദൈവീക സമ്പത്തായ ഈശ്വരീയ ഗുണങ്ങള്‍ ഉണ്ടാകും. ഈശ്വരീയ ഗുണങ്ങള്‍ കൊണ്ട് സുപ്രസന്നമായിത്തീരുന്ന മനസ്സില്‍ സര്‍വ്വഥാ ശാന്തിയും സമാധാനവും ഉണ്ടാകും. സാര്‍വജനീനമായ ആദര്‍ശങ്ങളും പാഠങ്ങളും നല്‍കുന്ന ഒരു പുണ്യഗ്രന്ഥമാണ് രാമായണം. ജാതി മതാദി ഭേദങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല.
(തുടരും) തൃശൂർ ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച മൃഡാനന്ദസ്വാമികളുടെ ശ്രീരാമകഥാമൃതം എന്ന ചെറുപുസ്തകമാണ് ഈ വിവരണങ്ങൾക്ക് ആധാരം.


Sunday, July 30, 2017

ധര്‍മശാസ്താവും ശാസ്തൃതത്ത്വവും

തിപുരാതനമാണ് ശബരിമലക്ഷേത്രം. പരശുരാമപ്രതിഷ്ഠിതമെന്നാണ് പരമ്പരാഗതമായ വിശ്വാസം. ശിവശക്ത്യാത്മകമായ ഈശ്വരഭാവനയാണ്, ധര്‍മശാസ്തൃസങ്കല്‍പ്പം. അതു വിഷ്ണുമഹേശശക്തി സംപുടിതമായ ഏകസന്താനമായി ചിത്രീകരിച്ചതായി ക്കൂടെന്നില്ല . വിഷ്ണു വിശ്വരൂപനാണ്. ശിവന്‍ അഷ്ടമൂര്‍ത്തിയാണ്. ഹരിഹരന്മാരുടെ സാരം ഒന്നിച്ചുചേര്‍ന്ന ദേവനാണ് ശാസ്താവ്. മഹിഷീശാപ മോചനത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പന്‍. ധര്‍മശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ യോഗിയും ബ്രഹ്മചാരിയും ആയിരുന്നു. ഭഗവാന്‍ അയ്യപ്പനാല്‍ ശുദ്ധീകരിക്കപ്പെട്ട മഹിഷി അല്ലെങ്കില്‍ വിഷ്ണുമോഹിനി മാളികപ്പുറത്തമ്മയിലും, അവതാരോദ്ദേശ്യമെല്ലാം സാധിച്ചശേഷം ഒരു തേജഃപുഞ്ജമായി അയ്യപ്പന്‍ ശാസ്താവിലും വിലയിച്ചുവെന്നു വിശ്വസിച്ചുപോരുന്നു.

വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണിവിരലും ചേര്‍ത്തു ചിന്‍മുദ്ര കാണിച്ചുകൊണ്ട് വിരാജിക്കുന്ന രൂപത്തിലാണ് ധര്‍മശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തള്ളവിരലിനെ ആത്മാവായും ചൂണ്ടാണിവിരലിനെ ജീവനായും കല്പിച്ചിരിക്കുന്നു. കോപാവേശത്തില്‍ ഉയര്‍ത്തിക്കാട്ടാറുള്ള ചൂണ്ടുവിരല്‍, അടങ്ങിമടങ്ങിയിരിക്കുന്നത് അജ്ഞാനാവരണം നീങ്ങിയ ജീവന്‍ സ്വരൂപാവസ്ഥയെ പ്രാപിക്കുന്നതിന്റെ ജ്ഞാപകമാണ്. ആത്മസാക്ഷാത്കാരം സിദ്ധിച്ചാല്‍ ആത്മാവും ജീവനും തമ്മിലുള്ള ദൂരം മായകൊണ്ടു തോന്നിക്കുന്നത് മാത്രമാണെന്നും, വാസ്തവത്തില്‍ ദൂരമില്ലെന്നുമുള്ളതിന്റെ സൂചനയാണ് വിരലുകള്‍ക്കിടയിലുള്ള ശൂന്യാവസ്ഥ.

ശബരിമല തീര്‍ഥാടനത്തിന്റെ സന്ദേശം- 
ക്ലേശസഹിഷ്ണുവായി ബ്രഹ്മചര്യബലത്തോടെ അധര്‍മം നശിപ്പിക്കുവാന്‍ കരുത്താര്‍ജിച്ച്, ധര്‍മം സ്ഥാപിക്കുകയാണ് തങ്ങളുടെ ഉന്നമെന്ന് മലയാത്രയിലെ ചടങ്ങുകള്‍ സൂചിപ്പിക്കുന്നു. അയ്യപ്പന്മാരുടെ ഇടയ്ക്ക് സ്ഥാനവലിപ്പത്തിനോ ജാതിശ്രേഷ്ഠതയ്‌ക്കോ സ്ഥാനമില്ല. എല്ലാ ജീവരാശികളിലും ഈശ്വരനെ കണ്ടെത്തുവാനാണ് ശബരിമല തീര്‍ഥാടനവും വ്രതാനുഷ്ഠാനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്.

ഒരു മതമൊരു ദൈവം ജാതിയൊന്നൊന്നില്‍ നിന്നാ-
ണുരുതിരിവിതു സര്‍വം ചെന്നുചേരുന്നതൊന്നില്‍
കരുതരുതൊരുഭേദം നമ്മളന്യോന്യമെല്ലാ-
വരുമൊരു മഹിമാവിന്‍ പൂര്‍ണതാദാത്മ്യമത്രേ
                                                                                                  (ആര്യാമൃതം)
വൈരുധ്യങ്ങളും വൈവിധ്യങ്ങളും വെടിഞ്ഞ് അവിദ്യാവാസനയാലുള്ള മാലിന്യങ്ങളെ ശരണംവിളികൊണ്ട് ദൂരീകരിച്ച്, സമസൃഷ്ടങ്ങളെ ഭഗവദര്‍പ്പണബുദ്ധിയോടുകൂടി, അയ്യപ്പന്മാരായി കണ്ട്, ആകൃതിയിലും പ്രകൃതിയിലും സമാനരായി - സമദര്‍ശികളായിട്ടാണ് - അവരുടെ തീര്‍ഥയാത്ര.അനാര്‍ഭാടമായ കറുത്ത വേഷം ജീവിതവിരക്തിയേയും, പ്രാര്‍ഥനാനിരതത്വം ആത്മീയജീവിതചര്യയേയും. ഇരുമുടിക്കെട്ടിന്റെ മുന്‍ഭാഗം തീര്‍ഥാടനമാര്‍ഗത്തേയും, പിന്‍ഭാഗം ജീവിതപ്രാരാബ്ധങ്ങളേയും കാണിക്കുന്നു. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, സന്നിധാനത്തെ മാത്രം ലക്ഷ്യമാക്കി, ഏകാഗ്രധ്യാനനിഷ്ഠയോടും, വ്രതാനുഷ്ഠാനത്തോടും പതറാത്ത മനസ്സോടും കൂടി മല ചവിട്ടുന്ന അയ്യപ്പന്മാര്‍ സമഭാവനയെ വളര്‍ത്തി, നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ്.


പതിനെട്ടാംപടിയുടെ തത്ത്വരഹസ്യം
പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. 18 തൃപ്പടിയിലെ ആദ്യത്തെ 17 പടികള്‍ ശരീരത്തിന്റെ 17 ഘടകങ്ങളുടെ ഉദ്‌ബോധനങ്ങളാണ്. ഈ ശരീരഘടകങ്ങളും, അവയുടെ വൃത്തികളുമാണ് ജീവന്ന് ഈശ്വരദര്‍ശനത്തിന് പ്രതിബന്ധമായി നില്‍ക്കുന്നത്. അവയെ അതിലംഘിച്ചാലേ ഈശ്വരസാക്ഷാത്കാരം ഉണ്ടാവുകയുള്ളൂ എന്ന തത്ത്വരഹസ്യത്തിന്റെ ജ്ഞാപകമാണ് 17 പടികള്‍. 18ാംപടി ജീവാത്മാതത്ത്വമാണ്. ജീവാത്മാഭാവത്തേയും അതിക്രമിക്കുമ്പോഴാണ് ഈശ്വരസാക്ഷാത്കാരം ഉണ്ടാകുന്നത്. ശാന്തിപ്രദങ്ങളായ ഈ തത്ത്വങ്ങളെ ഉദ്‌ബോധിപ്പിക്കുന്നവയാണ് പൊന്നുപതിനെട്ടാം പടി. ഇത്തരം അനേകം തത്ത്വ രഹസ്യങ്ങള്‍ ശബരിമല തീര്‍ഥാടനത്തിലും വ്രതാനുഷ്ഠാനങ്ങളിലും ഒളിഞ്ഞുകിടക്കുന്നുണ്ട്.


പേട്ടതുള്ളലിന്റെ ആന്തരാര്‍ഥം
മഹിഷിയുടെ മേല്‍ (എരുമമേല്‍) അയ്യപ്പന്‍ നൃത്തംചെയ്ത സ്ഥലത്തിന് 'എരുമേലി' എന്നു പറഞ്ഞുവരുന്നു. സ്വാമിയുടെ പൂങ്കാവനം ചവിട്ടുന്ന ഭക്തന്മാരുടെ ഒരു താവളം കൂടിയായ ഈ സ്ഥലത്താണ് അയ്യപ്പന്മാര്‍ പേട്ട തുള്ളുന്നത്. ധര്‍മത്തിന് വേണ്ടി യുദ്ധംചെയ്യുവാനുള്ള ആഹ്വാനമാണ് പേട്ടതുള്ളലില്‍ അടങ്ങിയിരിക്കുന്നത്. കാട്ടുകഴയും ശരക്കോലും കൈയിലെടുത്ത് എരുമേലി ശാസ്താക്ഷേത്രത്തിന് പ്രദക്ഷിണമായിട്ടാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. പണ്ട്, പേട്ട കെട്ടിയിരുന്നത് മുഖ്യമായും അമ്പലപ്പുഴ യോഗക്കാരും ആലങ്ങാട്ടുയോഗക്കാരുമായിരുന്നു. 'തിന്തിക്കത്തോം, അയ്യപ്പത്തിന്തിക്കത്തോം' എന്നുള്ള താളത്തിലാണ് ഭക്തസഞ്ചയം എരിവെയിലില്‍ ആനന്ദനൃത്തം ചെയ്യുന്നത്. ഇതുകൊണ്ട്, സര്‍വപാപങ്ങളും നശിച്ച്, വനം ചവിട്ടുന്നതിനുള്ള പരിശുദ്ധി സിദ്ധിക്കുമെന്നു വിശ്വസിച്ചുപോരുന്നു.


ആദ്യം അമ്പലപ്പുഴയോഗക്കാരുടെ പേട്ടയാണ് പതിവ്. അമ്പലപ്പുഴ കൃഷ്ണസ്വാമിയുടെ വാഹനമായ ഗരുഡനെ ആകാശത്ത് കാണുമ്പോഴാണ് അവര്‍ പേട്ട അവസാനിപ്പിക്കാറുള്ളത്. പിന്നീടാണ് ആലങ്ങാട്ടു യോഗക്കാരുടെ പേട്ട. പകല്‍വെളിച്ചത്തില്‍ ആകാശത്ത് നക്ഷത്രമുദിക്കുകയും ഗരുഡന്‍ വട്ടമിട്ടു പറന്നുതുടങ്ങുകയും ചെയ്യുമ്പോഴാണ് ആലങ്ങാട്ടുയോഗത്തിന്റെ പേട്ടയും സമാപിക്കാറുള്ളത്. പേട്ടതുള്ളലില്‍ അയ്യപ്പന്മാര്‍ ബാഹ്യലോകം മുഴുവന്‍ മറന്ന്, ഈശ്വരമഹിമയില്‍ ലയിച്ചുകഴിഞ്ഞിരിക്കും. ഈശ്വരന്‍ ഹൃദയാന്തര്യാമിയാണെന്ന് അനുഭവിച്ചറിയാന്‍ ഉതകുന്ന ഒരു സന്ദര്‍ഭമാണത്. 'നൂലില്‍ മണികള്‍ പോലെ ജഗത്ത് മുഴുവന്‍ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു' എന്നു ഭഗവാന്‍ ഗീതയില്‍ അരുളിച്ചെയ്തിട്ടുള്ളത് പ്രത്യക്ഷപ്പെടുന്ന ഒരു നിമിഷമാണത്. ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സ് ആ മഹിമയില്‍ കോര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗരുഡന്‍ വരുന്നതും പോകുന്നതും ആ ശക്തികൊണ്ട് ആ ശക്തിയില്‍ തന്നെയാണ്. അതിനു കഴിയാത്തത് എന്തുണ്ട്? ഗരുഡനെക്കുറിച്ചും മകരജ്യോതിസ്സിനെക്കുറിച്ചും പലരും പലതും പറയുമായിരിക്കാം. അതൊന്നും ഇവിടെ പ്രശ്‌നമാക്കുന്നില്ല.


ശാസ്താവിന് ശനിയാഴ്ച -
പ്രത്യേകിച്ചും മകരമാസത്തിലെ മുപ്പട്ടു ശനിയാഴ്ചയാണ് പ്രധാനം. 'ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ നമഃ' എന്നാണു ശാസ്താവിന്റെ ഉപാസനാമന്ത്രം. ഒരു ധ്യാനശ്ലോകം താഴെ ഉദ്ധരിക്കുന്നു.

സുശ്യാമകോമളവിലാസതനും വിചിത്ര-
വാസോവസാന മരുണോല്‍പലദാമഹസ്തം
ഉത്തുംഗരത്‌നമകുടം കുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ.
കടപ്പാട്ടി  : .പി. ബാലകൃഷ്ണന്‍ നായര്‍