Tuesday, February 28, 2017

മിത്തുകള്‍ അഥവാ അബോധപ്രബോധനങ്ങള്‍പ്രബോധനം രണ്ടു വിധമാണ് – ഒന്ന് ബോധപ്രബോധനം, ഒന്ന് അബോധപ്രബോധനം. അബോധപ്രബോധനം എന്ന് പറഞ്ഞു കഴിഞ്ഞാല്‍ MYTHICALആയി പറയുക. ഉദാഹരണത്തിന് തെയ്യങ്ങള്‍, തിറകള്‍. അവയൊക്കെ ടുക്കുന്ന ഒരു അറിവ് നിങ്ങള്‍ ഒരു അയ്യായിരം പുസ്തകം വായിച്ചാല്‍ കിട്ടില്ല. അധ്യാപകര്‍ പഠിപ്പിച്ചാല്‍ കിട്ടില്ല. പ്രകൃതിയോടുള്ള ബന്ധം – അതൊക്കെ അബോധപ്രബോധനം ആണ്. ബോധപ്രബോധനം അല്ല. ഇന്നു അബോധപ്രബോധനം ഇല്ല. മുഴുവന്‍ ബോധപ്രബോധനം ആണ്. ബോധപ്രബോധനത്തിനു ഉപയോഗിക്കുന്നത് MYTHS ആണ്. ആഞ്ജനേയന്‍ – ഒരു MYTHICAL പ്രയോഗം ഉള്ള കഥാപാത്രം ആണ്. രാമന്‍ – ഒരു MYTHICALപ്രയോഗം ഉള്ള കഥാപാത്രം ആണ്. പുരാണ കഥാപാത്രങ്ങള്‍ എല്ലാം MYTHICAL ആണ്. ആ MYTHICAL ആയിട്ടുള്ള കഥാപാത്രങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ അവിടെ ലോജികിന്റെ ആവശ്യം ഇല്ല. യുക്തി ആവശ്യമില്ല. യുക്തി ഇല്ലാതെ ആണ് ജീവിതം പോവുന്നത്. ജീവിതത്തിനു യുക്തി ഇല്ല. അത് കൊണ്ട് ആണ് പഠിക്കുമ്പോള്‍ യുക്തി വേണമെന്നുള്ളവര്‍ക്ക് നിര്‍ബന്ധം ഉള്ളവര്‍ക്ക് ആണ് വേദാന്ത ആശയങ്ങള്‍ ഒക്കെ നല്‍കി ആചാര്യന്മാര്‍ പഠിപ്പിച്ചു കൊടുക്കുന്നത്. കാരണം ഇവന്‍ ശല്യം അല്ലാതിരിക്കാന്‍. അല്ലെങ്കില്‍ ഇവന്‍ ഭയങ്കര മാരണം ആണ്. ഇവനെ ഒതുക്കാന്‍ വേണ്ടി ആണ് അത് പറഞ്ഞു കൊടുക്കുന്നത്. അതല്ല സത്യവും. പഴയ ആചാര്യന്മാര്കറിയാം ആ വരുന്നവന്‍ പണ്ഡിതന്‍ ആണ്. – അവന്‍ ലോകത്തിനു ഒരുപാട് ഉപദ്രവം ഉണ്ടാകും. അവന്റെ പാണ്ഡിത്യംത്തിനു ഇണങ്ങുമാറ് ഈ സാധനം മാറിയിട്ട് അവന്റെ കയ്യില്‍ കൊടുത്താല്‍ അവന്‍ ഞെട്ടി തെറിച്ചു പോവും. അതല്ല സത്യം. സത്യം അതിലെ MYTH ആണ്. കര്‍ണന്‍ ജനിക്കുന്നു. രാജകുമാരിയില്‍ ആണ് ജനിക്കുന്നത്. മന്ത്രം കൊണ്ടാണ് ജനിക്കുന്നത്. ദുര്‍വാസാവ് കൊടുത്ത മന്ത്രത്തില്‍ നിന്നു ജനിക്കുന്നത്. സൂര്യനില്‍ നിന്നു ആണ് ജനിക്കുന്നത്. അതിനെ ആണ് MYTHഎന്ന് പറയുന്നത്. സൂര്യന്‍ മന്ത്രം കൊണ്ട് കന്യക ആയ കുന്തിയില്‍ രാജകുമാരി ആയിരുന്നിട്ടു ജനിച്ചിട്ട്‌ ആ അമ്മയുടെയും മകന്റെയും ജീവിതം ക്ലേശം ആണെന്ന് ആ കഥ വായിച്ചു കേള്‍ക്കുമ്പോള്‍ തന്നെ ഒരു പെണ്‍കുട്ടിയെ സംബന്തിച്ചിടത്തോളം വിവാഹ പൂര്‍വമായി ഒരു പുരുഷനോട് വര്‍ത്തമാനം പറയാന്‍ തുടങ്ങുമ്പോള്‍ ഒരു ആയിരം സൂക്ഷ്മത അവള്‍ക്കു അറിയാതെ വരും. അയാളുടെ ഏതെങ്കിലും ഒരു വൈകാരികത ഉണരുന്നു എന്ന് കണ്ടാല്‍ അവള്‍ സൂക്ഷിച്ചു മാറി നില്‍ക്കും. മറിച്ചു നിങ്ങള്‍ അടുത്തിരിക്കു. നിങ്ങള്‍ സഹവാസ ക്യാമ്പുകള്‍ നടത്തു. നിങ്ങള്‍ ഒന്നിച്ചു പോ. കുഴപ്പം ഒന്നും വരാനില്ല എന്ന് പറഞ്ഞാല്‍ നിത്യ ദുഃഖത്തിലേക്ക് അച്ഛനും അമ്മയും ആ കുട്ടിയും വീഴും. കാരണം ആയിരം മാനസിക രോഗങ്ങള്‍ ഉണ്ടാകും. സെമടിക് സംസ്കാരത്തിലേക്ക് പോക്ക് ആണ് നമ്മുടെ. സെമടിക് സംസ്കൃതിയുടെ വളര്‍ച്ചയില്‍, അമേരിക്കയില്‍ ഇന്നു കുട്ടികളെ – എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്കുട്ടി തന്റെ കുഞ്ഞിനെ വിവാഹപൂര്‍വമായി ജനിച്ച കുഞ്ഞിനെ ഏല്പിച്ചിട്ട് പോവാനുള്ള CRECHE-കള്‍ ഉണ്ട്. എന്നിട്ടാണ് സ്കൂളിലേക്ക് പഠിക്കാന്‍ പോവുന്നത്. ഏറെ താമസിക്കാതെ നമ്മളും അവിടെ എത്തും. എത്തിക്കാന്‍ ആണ് പുതിയ ക്യാമ്പുകളും ബഹളങ്ങളും നടക്കുന്നത്. അപ്പൊ അവിടെ MYTHICAL ആയിട്ടല്ല പഠിപ്പിക്കുന്നത്. മറ്റേതു ആ ഒരൊറ്റ പഠിപ്പിക്കല്‍ മതി. കുന്തി ജനിച്ചിരുന്നോ ജീവിച്ചിരുന്നോ കര്‍ണന്‍ ഉണ്ടായോ എന്നുള്ളതൊന്നും അല്ല ചോദ്യം. ഇത്രയും കാര്യങ്ങള്‍ ഒരുമിച്ചു ഉണ്ടായിട്ടു പോലും ആ അമ്മയ്ക്ക് കണ്ണുനീര്‍ തോര്‍ന്നിട്ട് ഒരു സമയമുണ്ടായിരുന്നില്ല. ആ മകന് കണ്ണുനീര്‍ തോര്‍ന്നിട്ട് ഒരു സമയമുണ്ടായിരുന്നില്ല. ഒരു പക്ഷെ മഹാഭാരതത്തിലെ ഏറ്റവും പ്രചണ്ടമായ കഴിവുകള്‍ ഉണ്ടായിരുന്നവന്‍ ആയിട്ട് കൂടി ഒരു ലോകമധ്യത്തില്‍ നിന്റെ അമ്മയാണ് ഞാന്‍ എന്ന് പറഞ്ഞു കുന്തിക്ക് പ്രത്യക്ഷപെടാന്‍ പറ്റാത്ത ഒരു അവസ്ഥ അന്നത്തെ രാജകുമാരി ആയിട്ട് കൂടി ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ സാധാരണകാരുടെ കഥ എന്ത് പറയാനാണ് എന്നാ തോന്നല്‍ ഒരു പെണ്‍കുട്ടിക്ക് MYTHICALആയിട്ട് കടന്നു ചെന്ന് കഴിഞ്ഞാല്‍ അവള്‍ക്കു അവളെ നിയന്ത്രിക്കാന്‍ ഉള്ള വളരെ ശക്തമായ ഒരു അറിവാണ് അവള്‍ക്കു അബോധത്തില്‍ ലഭിക്കുക. ബോധത്തില്‍ അല്ല. നിങ്ങള്ക്ക് മനസിലായോ MYTH എന്ന് എനിക്ക് അറിയില്ല. MYTHപറയാനാണ് ഞാന്‍ ഇത് പറഞ്ഞത്. അതിനു യുക്തി ഒന്നും APPLY ചെയ്‌താല്‍ പറ്റില്ല. മൂന്ന് സഹോദരന്മാര്‍ – അവര്‍ കല്യാണം കഴിച്ചു. അവര്‍ കല്യാണം കഴിച്ചു കൊണ്ട് വന്ന പെണ്‍കുട്ടികള്‍ – ആ വീട്ടില്‍ ആകെ ഒരു സഹോദരിയേ ഉള്ളു – അവര്‍ ആ സഹോദരിക്കെതിരായി ഗൂഡാലോചന നടത്തുന്നു. സഹോദരന്മാര്‍ക്ക് അവളോട്‌ മാത്രം സ്നേഹം. ഒരു ദിവസം, സഹോദരന്മാര്‍ പോലും അവളെ തള്ളുന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ അവള്‍ ശപിക്കപ്പെട്ടു പുറത്തേക്കു പോവുന്നു. ആ സമയത്ത് വഴിയെ പോയ ഒരു ചെത്തുകാരനോ മറ്റോ അവള്‍ക്കു അല്പം വെള്ളം കൊടുക്കുന്നു. അതില്‍ നിന്ന് അവളുടെ പാതിവൃത്യം ശുദ്ധിയുടെ വലിപ്പം കൊണ്ട് അവള്‍ ദേവതാ സങ്കല്പതിലേക്ക് ഉയരുന്നു. കാടംകോട് മാക്കം – അല്ലെ? – കാടംകോട് മാക്കം. ക്ഷേത്രമാണ് അവളുടെ സങ്കല്‍പം. ഈ ക്ഷേത്രത്തിലേക്ക് ചെല്ലുമ്പോള്‍ എപ്പോഴെങ്കിലും സഹോദര്ന്മാരുടെയോ സഹോദരപത്നിമാരുടെയോ എതിര്‍പ്പ് വരുമ്പോഴെക്കു ദേവതാ സങ്കല്പതിലേക്ക് ഉയര്‍ന്ന ഒരെണ്ണം ഉണ്ടെന്നു ഒരു തോന്നല്‍ ഏതു വീട്ടിലേക്കു ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ട് വന്നാലും അവള്‍ ആ ക്ഷേത്രത്തില്‍ ചെല്ലുന്നതോട് കൂടി വളരെ ശപിക്കപ്പെട്ട ഒരു അവസ്ഥയിലേക്ക് ഞങ്ങള്‍ വീഴാന്‍ ഇടയുണ്ട്, ഞങ്ങള്‍ക്ക് ദോഷം വരാന്‍ ഇടയുണ്ട്. അത് കൊണ്ട് ഞങ്ങളുടെ ഭര്‍ത്താവിന്റെ സഹോദരിയോടു ഏറ്റുമുട്ടാന്‍ പോവരുത് എന്നാ ഒരു സന്ദേശം അതില്‍ നിന്ന് ലഭിക്കും. അത് ആയിരം തവണ പറഞ്ഞു കൊടുത്താല്‍ ലഭിക്കില്ല. പക്ഷേ അത് അവരുടെ അബോധത്തിലേക്ക് അത് കുത്തി കീറി കേറുന്നത്. അതാണ്‌ MYTH ചെയ്ത ഉപകാരം. ഈ MYTH എല്ലാം തെറ്റായി പോയി എന്ന് പറഞ്ഞു നിങ്ങളെ പഠിപ്പിക്കുകയും അതിന്റെ സങ്കേതങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ട് നിങ്ങള്ക്ക് എന്ത് അറിവ് കിട്ടി. ഇനി ഇപ്പൊ സര്‍പ്പകാവുകള്‍ വെച്ച് പിടിപ്പിക്കാന്‍ പറ്റുമോ? അത് പ്രകൃതിക്ക് ചെയ്ത മെച്ചങ്ങളെ കുറിച്ച്, കാരണം ആമവാതം ഇന്നു വളരെ കൂടുതല്‍ ആണ് . എന്താ ആമവാതം വര്‍ധിക്കാന്‍ കാരണം? സി-പ്രോടീന്‍ നിങ്ങളുടെ ശരീരത്തില്‍ വര്‍ധിച്ചു വരുകയാണ്. എന്താ സി-പ്രോടീന്‍? അന്തരീക്ഷത്തിലുള്ള ഉള്ള പ്രോടീനിന്റെ അളവ് വളരെ കൂടുതല്‍ ആണ്. വായിലുള്ള പ്രാണനില്‍ ഉള്ള പ്രോടീനിനെ പാമ്പാണ് വലിച്ചു എടുക്കുന്നത്. ആ പ്രോടീന്‍ ആണ് പാമ്പിന്റെ fang ഇല്‍ ഉള്ള വിഷം. അത് ശുദ്ധമായ പ്രോടീന്‍ ആണ്. ആ മഞ്ഞ കരു പോലുള്ള സാധനം, വെറും പ്രോടീന്‍ ആണ്. അപ്പൊ പാമ്പുകളെ, പത്തേക്കര്‍ ഭൂമി ഉള്ളവന്‍ ഒരേക്കറില്‍ പാമ്പിനു വളരാനുള്ള സൌകര്യം ചെയ്തു കൊടുത്താല്‍ അവിടെയുള്ള വായുവിനെ ഏറ്റവും കൂടുതല്‍ ഓക്സിജനെ, പ്രാണനെ നന്നാക്കുന്നത് സസ്യങ്ങളെക്കാള്‍ ഏറെ പാമ്പാണ്. എല്ലാ തരം പാമ്പും. വിഷം ഉള്ളവയ്ക്കാണ് കൂടുതല്‍ ശക്തി. അത് കൊണ്ട് അതൊരു MYTHICAL EXPRESSION ആണ്. അല്ലാതെ ശാസ്ത്രം എന്ന് പറയുന്നത് കുറച്ചു പേര്‍ക്കറിയാം. അവര് ശാസ്ത്രം വന്നു എല്ലാരോടും പറയുന്നില്ല. നിങ്ങള് പഠിച്ചിട്ടു ഒരു കാര്യമില്ല. നിങ്ങള്‍ എന്തെല്ലാം പഠിച്ചിരിക്കുന്നു? എന്തെങ്കിലും പ്രയോജനം ഉണ്ടോ ശാസ്ത്രം കൊണ്ട്? ശാസ്ത്രം അറിയണ്ടവന്‍ പഠിച്ചാല്‍ മാത്രമേ പ്രയോജനം ഉണ്ടാവൂ. അറിയണ്ടാത്തവന്‍ ശാസ്ത്രം ആയി പഠിക്കരുത് – MYTH ആയി മാത്രമേ പഠിക്കാവൂ. ഇതായിരുന്നു ഭാരതീയരുടെ കാഴ്ചപാട്. അവരൊരിക്കലും ശാസ്ത്രം എല്ലാവര്ക്കും തുറന്നു കൊടുത്തില്ല. എല്ലാവരും പഠിക്കാന്‍ പാടില്ല. എല്ലാരും പഠിച്ചാല്‍ ഇത് നേരെ ആവില്ല. ഇത് തന്നെ ആണ് അവരുടെ കാഴ്ചപ്പാട്. ഞാന്‍ ആ കാഴ്ചപാടില്‍ നിന്ന് കൊണ്ടാണ് ഈ സംസാരിക്കുന്നത് മുഴുവന്‍. നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ശാസ്ത്രം ശാസ്ത്രജ്ഞനേ അറിയണ്ടത് ഉള്ളു. അവന്റെ മസ്തിഷ്കത്തിന്റെ SECRET ആണ് അത്. അത് അവന്‍ അല്ലാതെ വേറൊരുത്തന്‍ അറിഞ്ഞിട്ടു വലിയ കാര്യം ഒന്നും ഇല്ല. കാരണം നിങ്ങള്‍ക്ക് അതിന്റെ ഫോര്‍മുല ഒന്നും പഠിക്കാന്‍ പറ്റില്ല. നിങ്ങളുടെ BRAIN-ന് അതിനു മെനക്കെടാനുള്ള നേരവും ഇല്ല. മാത്രമല്ല അങ്ങനെ മേനകെടാന്‍ എല്ലാരും പഠിക്കാന്‍ പോയാല്‍ ഒരു ജീവിതകാലം മുഴുവന്‍ പഠിച്ചാല്‍ തീരില്ല ഈ സാധനം. അപ്പൊ അവരെന്തു ചെയ്യണം? – പണി എടുക്കണം, ശാസ്ത്രകാരനെ കൂടി സംരക്ഷിക്കാന്‍. ഇപ്പോഴും അങ്ങനെ തന്നെ അല്ലെ നടക്കുന്നത്? അല്ലാതെ ശാസ്ത്രകാരന്മാര്‍, രാജ രാമന്ന, ഒക്കെ കൂടി പറമ്പ് കിളച്ചിട്ടാ ഇവിടെ ഉത്പാദനം ഉണ്ടാവുന്നത്? അന്ന് രാജാക്കന്മാര്‍ ചെയ്തത് തെറ്റാണ്. പീഡനം ആയിരുന്നു. ഇപ്പൊ നിങ്ങളുടെ രാഷ്ട്രീയ നേതാകന്മാരോ? അന്ന് ഒരു രാജാവോ ഒരു കുടുംബമോ ഉണ്ടാവുള്ളൂ ചിലപ്പോള്‍. ഇന്നു നിങ്ങളുടെ രാഷ്ട്രീയ നേതാക്കന്മാര്‍ ഒന്നും പണി എടുക്കാതെ ആണ് ജീവിക്കുന്നത്. ഇവരൊക്കെ നിങ്ങളുടെ കൂടെ പണി എടുക്കുവാ? ഇവരൊക്കെ കുട്ട ചുമക്കുകയാണ്? നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നുക, നിങ്ങളുടെ രാഷ്ട്രീയകാര്‍ ഒക്കെ രാപകല്‍ പണി എടുക്കുവാണെന്ന്. പഴയത് പോലെ തന്നെയേ നടക്കുള്ളൂ. ഇവന്മാര്‍ക്ക് ആര്‍ക്കും പണിയാന്‍ പറ്റില്ല. ഇവന്മാരുടെ പിനിയാലന്മാര്‍ക്കും പറ്റില്ല. ഞാന്‍ പറയുന്നത് നിങ്ങള്ക്ക് ഇഷ്ടപെടുമോ എന്നറിയില്ല. ഉത്പാദന പ്രക്രിയയിലെ പണി ഒന്നും അവര്‍ എടുക്കുന്നില്ല. ചെയ്യാന്‍ പറ്റില്ല. ഞാന്‍ നാളെ അവിടെ ആയാലും പണി പറ്റില്ല. മിഥില കത്തുന്നു. ജനകന്‍ ഓടി പോവില്ല. ജനകന്‍ ഓടിപോയിട്ടു കാര്യം ഇല്ല. ജനകന്‍ അവിടെ ചെന്നാല്‍ കെടുത്താന്‍ പറ്റില്ല. അത് തന്നെ ആണ്. ഒരു പറ്റം ബ്രഹ്മചാരികളും യാജ്ഞവല്‍ക്യനും ഒക്കെ കൂടി കുളിക്കുവാണ്. അതിഥികള്‍ ആയി ചെന്നതാണ്. കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മിഥില കത്തുന്നത്. ബ്രഹ്മചാരികള്‍ ഒക്കെ ഓടി. ജനകനോട് സ്നേഹം കൂടുതല്‍ ആണെന്ന് പറഞ്ഞു. ബ്രഹ്മചാരികള്‍ക്ക് ഒരു എതിര്‍പ്പുണ്ട്. ഇവര്‍ ഓടുമ്പോള്‍ യാജ്ഞവല്‍ക്ക്യന്‍ ചോദിച്ചു – നിങ്ങള്‍ എന്താ ഓടുന്നത്? അപ്പൊ ഒരുത്തന്‍ പറഞ്ഞു. എന്‍റെ ഒരു കൌപീനം അവിടെ കിടപ്പുണ്ട്. വേറെ ഒരുത്തന്‍ പറഞ്ഞു കമണ്ടലു അവിടെയാ ഇരിക്കുന്നത്. മറ്റൊരുത്തന്‍ പറഞ്ഞു യോഗ ദണ്ട് അവിടെ ആണ് വെച്ചിരിക്കുന്നത്. കത്തി പോവില്ലേ? അതെടുക്കാന്‍ ആണ് ഓടുന്നത്. ജനകനോട് ചോതിച്ചു നിങ്ങള്‍ എന്താ ഓടാത്തത്‌? മിഥില കത്തുന്നുണ്ടാവും, എന്‍റെ ഒന്നും കത്തുന്നില്ല. അല്ലാതെ ഇയാള്‍ ഓടി ചെന്നാല്‍ അവിടെ കെടുത്താന്‍ പറ്റുമോ? അവിടെ കെടുത്താന്‍ ഉള്ള ഉദ്യോഗസ്ഥന്മാര്‍ വന്നാല്‍ കെടുത്താന്‍ പറ്റും. ആ ഒരു സമചിത്തത ആണ് മിത്തുകള്‍ തുറന്നു തരുന്നത്. മിത്തുകള്‍ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ നല്ല ശാന്തതയോട് അവര്‍ ജീവിക്കും. നല്ല രീതിയില്‍ അവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാവും. നല്ല രീതിയില്‍ അവരുടെ BRAINവളരും.

കടപ്പാട്‌ : നിര്‍മലാനന്ദം/നിര്‍മല മൊഴികള്‍ | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

ബോധപൂര്‍വ്വമുള്ള നിയന്ത്രണം

വ്യക്തിയുടെ മനസ്സ്‌ പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രോതസ്സില്‍നിന്നാണ്‌ നമ്മുടെ മാനസികശക്തി വരുന്നത്‌. ഈ മാനസികശക്തിയെ എങ്ങനെ നിയന്ത്രിച്ച്‌ വേണ്ട വഴിക്കു തിരിക്കാമെന്ന്‌ നമുക്കറിയണം. ഈ ശക്തി താണകേന്ദ്രങ്ങളിലേക്ക്‌ ഇന്ദ്രിയങ്ങളിലൂടെ പുറത്തേയ്ക്കൊഴുകാതിരിക്കാനും, വ്യര്‍ത്ഥമായ ചിന്ത, വേവലാതിപ്പെടല്‍, സംഭാഷണം എന്നിവയിലൂടെ പാഴായിപ്പോകാതിരിക്കാനും നിയന്ത്രണം ആവശ്യമാണ്‌. ഇത്‌ തുടക്കത്തില്‍ അല്‍പം വിഷമമായിരിക്കും. അതൊഴിവാക്കാനാവില്ല. സിദ്ധന്‌ ഇത്തരം നിയന്ത്രണമാവശ്യമില്ല. അയാളുടെ മാനസികശക്തി മുഴുവന്‍ ഉയര്‍ന്ന ചാലുകളിലൂടെ ഒഴുകുന്നു. എന്നാല്‍ നമ്മുടെ കാര്യത്തില്‍ ബോധപൂര്‍വ്വമായ നിയന്ത്രണം വളരെ പ്രധാനമാണ്‌. നിര്‍ബ്ബന്ധപൂര്‍വകമായ നിയന്ത്രണമാണ്‌. ചില മന:ശാസ്ത്രജ്ഞര്‍ വികാരങ്ങളെ അമര്‍ത്തലെന്നു പറയുന്നത്‌; ആ അമര്‍ത്തല്‍ ചിലര്‍ക്ക്‌ ദോഷകരമാണ്‌. എന്നാല്‍ ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം സൗമ്യമായി ചെയ്യുന്ന നിയന്ത്രിണം അദ്ധ്യാത്മജീവിത്തിന്നുമാത്രമല്ല, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്നും ആവശ്യമാണ്‌. ഇവിടെ ഭാരതീയ മന:ശാസ്ത്രം പാശ്ചാത്യമന:ശാസ്ത്രത്തോട്‌ വിയോജിക്കുന്നു. പ്രപഞ്ചോര്‍ജ്ജം എല്ലാവരിലൂടെയും ഒഴുകുന്നുണ്ട്‌. നാമെല്ലാം ഏറെക്കുറെ അതിന്റെ ഉപകരണങ്ങളാണ്‌. എന്നാല്‍ ഈ ശക്തി അധോകേന്ദ്രങ്ങളിലൂടെ പ്രകടമാവുന്നതു ബോധപൂര്‍വ്വം തടഞ്ഞ്‌ ഉന്നതകേന്ദ്രങ്ങളിലൂടെ പ്രകടമാവാന്‍ അനുവദിക്കുമ്പോള്‍ നമുക്കെപ്പോഴും ഉന്മേഷം തോന്നുന്നു. വിചാരതലത്തില്‍ വാര്‍ദ്ധക്യബാധയില്ല. നമ്മുടെ പൂര്‍വ്വസംസ്കാരങ്ങളും വാസനകളും കാരണം ഉന്നതകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. അപ്പോള്‍ മനസ്‌ താഴേക്ക്‌ വലിക്കപ്പെടുകയും ഒരു വടംവലി നടക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതൊഴിവാക്കാവതല്ല. ഈ ശക്തിപ്രവാഹം നമുക്കൊരിക്കലും തടയാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ഇച്ഛാശക്തിയുപയോഗിച്ച്‌, ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം, അതിന്ന്‌ ഒരു ഗതിമാറ്റം വരുത്താവുന്നതാണ്‌. ബോധപൂര്‍വ്വം ബുദ്ധിചെലുത്തി ചിന്തിക്കണം. ബോധപൂര്‍വ്വമുള്ള ചിന്ത തടസ്സങ്ങളെ അകറ്റുന്നു. അപ്പോള്‍ കൂടുതല്‍ മന:ശക്തി കൈവരുന്നു. ആദ്യം ഇച്ഛാശക്തിയുപയോഗിച്ച്‌ ബോധപൂര്‍വ്വം ഈ പ്രവാഹത്തെ ഉണര്‍ത്തുക. പിന്നെ അത്‌ മുന്നോട്ടുപോകും. ബോധപൂര്‍വ്വം പുതിയ ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ യത്നിക്കുക. ബോധപൂര്‍വ്വം പുതിയ ചിന്താസരണികളും അതു പ്രകടിപ്പിക്കാനുള്ള വഴികളും കണ്ടെത്തുക. അപ്പോള്‍ മന:ശക്തിയെ നേര്‍വഴിക്കു തിരിച്ചുവിടുന്നത്‌ നിഷ്പ്രയാസം സഹജമായി സാധിക്കുന്നു. ബോധപൂര്‍വ്വം ഉന്നതചിന്തകള്‍ പുലര്‍ത്തുന്നതുകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുന്നു. അപ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ നിഷ്പ്രയാസം മനസ്സിലേയ്ക്കൊഴുകുന്നു. വാസ്തവത്തില്‍ അവ കുതിച്ചൊഴുകുന്നു. എന്നാല്‍ ആരംഭത്തില്‍ ബോധപൂര്‍വ്വമല്ലാതെയാണ്‌ ഉയര്‍ന്ന ചിന്തകള്‍ വരുന്നതെങ്കില്‍ ചിലപ്പോള്‍ നീചചിന്തകള്‍ കടന്നുവരും. അതുകൊണ്ട്‌ അബോധപ്രക്രിയ ഏതുവഴിക്കും തടയേണ്ടതാണ്‌. ഉന്നതചിന്തകളെ ബോധപൂര്‍വ്വം നമ്മിലൂടെ ഒഴുകാന്‍ അനുവദിക്കണം. അതൊരിക്കലും ഒരബോധപ്രക്രിയയാവരുത്‌. ബോധപൂര്‍വ്വമായ പ്രയത്നംകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ ബോധപൂര്‍വ്വം നമ്മിലേക്ക്‌ വരുന്നു. അപ്പോള്‍ ഉയര്‍ന്നജീവിതം തുലോം എളുപ്പമായിത്തീരുന്നു. ശാരീരികമായും മാനസികമായും ഒരു പുതിയ ചാലു തുറക്കുന്നു. അതിലൂടെ ഉയര്‍ന്ന ചിന്തകള്‍ക്ക്‌ നിര്‍വിഘ്നം ഒഴുകിവരാം. വാസ്തവത്തില്‍ ഉയര്‍ന്നത്‌ എന്നാല്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണര്‍ത്ഥം. ബാഹ്യദേശത്തെ ആസ്പദിച്ചാണ്‌ നാം ഉയര്‍ന്നത്‌ എന്നു പറയുന്നത്‌. എന്നാല്‍ അദ്ധ്യാത്മജീവിതത്തില്‍ ആന്തരബോധമാണ്‌ പ്രധാനം. അതുകൊണ്ട്‌ മാനസികശക്തിയുടെ കേന്ദ്രങ്ങളും പ്രവാഹമാര്‍ഗ്ഗങ്ങളും വിഷയമാക്കുമ്പോള്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണ്‌ പറയേണ്ടത്‌. എന്തായാലും നമുക്കേറ്റവും പ്രധാനമായത്‌ ബോധപൂര്‍വ്വം ഒരു തുടക്കമുണ്ടാക്കുകയാണ്‌. ഇതാണ്‌ ആദ്യം ചെയ്യേണ്ട കാര്യം; മേറ്റ്ല്ലാം അതിനെ തുടര്‍ന്നുവരും.

കടപ്പാട് : യതീശ്വരാനന്ദസ്വാമികള്‍, ജന്മഭൂമി

Monday, February 27, 2017

മൃതദേഹ ദഹനം എന്തിന്?

രമസത്യം ഏകമാണ്. അതു ബ്രഹ്മമാണ്; കേവല ചൈതന്യമാണ് . ഈ ചൈതന്യത്തിൽ നിന്നും പഞ്ചഭുതങ്ങൾ ഉണ്ടായി. പഞ്ചഭുതങ്ങൾ പ്രകർഷേണ പഞ്ചീകരിക്കപ്പെട്ടു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. ആകാശം വായു അഗ്നി ജലം ഭുമി എന്നിവയാണു പഞ്ചഭുതങ്ങൾ. ഈ നാമ പദങ്ങൾക്കു നാം സാധാരണ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതിനും വിവക്ഷിക്കുന്നതിനും അപ്പുറം അർത്ഥതലങ്ങൾ ഉണ്ടെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. പരാശക്തിയുടെ സ്വന്തം ഇഛയാൽ ആദ്യം ആകാശം എന്ന സൂക്ഷ്മഭുതം ഉണ്ടായി. ആകാശത്തിൽ നിന്നും വായുവിന്റേയും വായുവിൽനിന്നും അഗ്നിയുടേയും അഗ്നിയിൽനിന്നും ജലത്തിന്റേയും ജലത്തിൽ നിന്നും പ്രിത്വി(ഭുമി )യുടെയും സുക്ഷ്മഭുതങ്ങളുണ്ടായി. ആകാശം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും വായു അഗ്നി ജലം ഭുമി എന്നീ സുക്ഷ്മ ഭുതങ്ങളുടെ എട്ടിൽ ഒന്നു വീതവും കൂടിച്ചേർന്നു ആകാശം എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . ശബ്ദം ആണ് ആകാശത്തിന്റെ വിഷയം. ചെവി ആണു ശബ്ദം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. വായു എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു വായു എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . സ്പരശമാണ് വായുവിൻറെ വിഷയം. ത്വക് ആണു സ്പർശo ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. അഗ്നി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു അഗ്നി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . രൂപം ആണ് അഗ്നിയുടെ വിഷയം. കണ്ണ് ആണു രൂപം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. ജലം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു ജലം എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി . രസം ആണ് ജലം എന്ന ഭുതത്തിന്റെ വിഷയം. നാക്ക്‌ ആണു രസം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. ഭുമി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ ഒന്നു ഭാഗo വീതവും ചേർന്നു ഭുമി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി .ഗന്ധം ആണ് ഭുമി എന്ന ഭുതത്തിന്റെ വിഷയം. മൂക്ക്‌ അഥവാ നാസിക ആണു ഗന്ധം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം. മേൽ വിവരിച്ച പ്രകാരം അഞ്ചു സൂക്ഷ്മ ഭുതങ്ങളിൽ ഓരോ സൂക്ഷ്മഭുതവും രണ്ടായി വിഭജിക്കപ്പെടുകയുംഓരോ രണ്ടാമത്തെ പകുതിയും നാലായി പിരിഞ്ഞു മറ്റു സൂക്ഷ്മ ഭുതങ്ങളുടെ ആദ്യ പകുതിയുമായി യോജിച്ചു തന്മാത്രകൾ ഉണ്ടാകുകയും ചെയ്യുന്നതിനെയാണ് സൂക്ഷ്മ ഭുതങ്ങളുടെ പഞ്ചീകരണം എന്നു പറയുന്നത്. പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും മേൽ വിവരിച്ച പ്രകാരം പഞ്ച ഭുതങ്ങളുടെ പഞ്ചീ കരണത്തിലുടെയാണ് ഉണ്ടായിട്ടുള്ളത്. ശബ്ദം, സ്പർശം, രൂപം,രസം,ഗന്ധം എന്നിവയിലുടെ അവ വ്യത്യസ്ഥത പുലർത്തുന്നു. പ്രകർഷേണ പഞ്ചീകരിക്കപ്പെട്ടുണ്ടാകുന്നതിനെ ആണ് പ്രപഞ്ചം എന്നു പറയുന്നത്. സൂക്ഷ്മ ഭുതങ്ങളോടൊപ്പം അവയുമായി ബന്ധപ്പെട്ട അഞ്ചു വിഷയങ്ങളും അഞ്ചു ഗുണങ്ങളും ഉണ്ടാകുകയും പിന്നീട് ആ വിഷയങ്ങളേയും ഗുണങ്ങളെയും അറിയുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള ഇന്ദ്രിയങ്ങൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉദ്ഭൂതമാകുകയും ചെയ്തു. പഞ്ചേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളേയും കൂട്ടിയിണക്കുന്നതു പഞ്ചപ്രാണങ്ങളാണ്. പ്രവർത്തന ശൈലിയുടെ അടിസ്ഥാനത്തിൽ പഞ്ച പ്രാണങ്ങൾക്കു പ്രത്യേകം പേരുകളുണ്ട്. പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ എന്നിവയാണു പഞ്ചപ്രാണങ്ങൽ. ഇന്ദ്രിയങ്ങളിലുടെ വിഷയങ്ങളെ ഗ്രഹിക്കുന്നതിനു പ്രാണൻ ആവശ്യമാണ്. ഗ്രഹിച്ചവയെ പുറന്തള്ളുന്നത് അപാനന്റെ സാന്നിദ്ധ്യവും സഹായവും മൂലമാണ്. ഉൾക്കൊണ്ട വിഷയത്തെ വേണ്ടവിധം സാമ്യാവസ്ഥ പ്പെടുത്തുന്നത് സമാനൻ. ഓരോ വിഷയത്തെയും എല്ലായിടത്തും വ്യാപിപ്പിക്കുന്നതു വ്യാനൻ .ഈ പ്രവർത്തികളെല്ലാം വേണ്ടവിധം നടക്കാൻ കഴിയും വിധം ജീവനെ ശരീരത്തിൽ നിലനിർത്തുന്നത് ഉദാനൻ. പഞ്ചതന്മാത്രകളെ പ്രപഞ്ച വിഷയങ്ങൾ എന്നും പറയുന്നു. ശബ്ദം സ്പർശം രൂപം രസം ഗന്ധം എന്നിവയാണ് പ്രപഞ്ച വിഷയങ്ങൾ .ഈ വിഷയങ്ങളെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങളാണ് പഞ്ചേന്ദ്രിയങ്ങൾ. ശബ്ദം എന്ന വിഷയം തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് ചെവി.സ്പർശം എന്ന വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് ത്വക്ക്. രൂപം എന്ന പ്രപഞ്ച വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയമാണ് കണ്ണ് .രസം എന്ന വിഷയത്തെ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയം നാക്ക്. ഗന്ധം എന്ന വിഷയത്തെ തിരിച്ചറിയുന്നത്‌ ഇന്ദ്രിയം മൂക്ക്. ഇവ അഞ്ചും ജ്ഞാനെന്ദ്രിയങ്ങൾ. ( Even now in Chemistry /Physics labs these basic principles are used to identify the maerials) മനുഷ്യനു കാരണ ശരീരം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ഉണ്ട്. സദ്ചിദാനന്ദ സ്വരൂപമായ സാക്ഷാൽ പരമാത്മാവ്‌ തന്നെയാണ്‌ കാരണ ശരീരം.ഈ ബ്രഹ്മ ചൈതന്യത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരിടവും ബ്രഹ്മാണ്ഡത്തിലില്ല. എല്ലാത്തിലും അതുണ്ട്. എല്ലാം അതിൽ സ്ഥിതി ചെയ്യുന്നു. അനന്യമായ ഈ ചൈതന്യത്തിൽ നിന്നന്യമായി ഒന്നുമില്ല. കർമബന്ധങ്ങളുടെ ഭാണ്ഡം വഹിക്കുന്ന ആത്മാവിൻറെ പ്രതിബിംബമാണ് സൂക്ഷ്മ ശരീരം. കർമം ചെയ്യുന്നതിനും ഫലമനുഭവിക്കുന്നതിനും ഉള്ള ഉപകരണമാണ് സ്ഥൂല ശരീരം. ജീവാത്മാക്കളുടെ കർമഫലാനുഭവത്തിനു വേണ്ടിയാണു പ്രപഞ്ചം നിലകൊള്ളുന്നത്. ജീവനും അതിൻറെ കർമഫല ഭോഗങ്ങളും കാലമാകുന്ന വെള്ളിത്തിരയിൽ പ്രതിഫലിച്ചു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. ഒരു ജീവാത്മാവ് (സൂക്ഷ്മശരീരം) മറ്റൊരു ജീവിതത്തിനു വേണ്ടി ഭൌതിക ശരീരം (സ്ഥൂല ശരീരം) വെടിയുന്നതാണ് മരണം. ഭൌതിക ശരീരം പഞ്ചഭൂതാത്മകമാണ്.പഞ്ചീകരണത്തിലുടെയാണ് ഭൌതിക ശരീരം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ പഞ്ചീകരണത്തിന്റെ വിപരീത ദിശയിൽ സങ്കൽപം ചെയ്തു ഭൌതിക ശരീരം സംസ്കരിക്കുന്നതാണ് ഹൈന്ദവ പാരമ്പര്യം. സംസ്കരിക്കുക എന്നാൽ സംസ്കാര ക്രിയകളിലൂടെ രൂപഭേദം വരുത്തി ഉൽകർഷീകരിക്കുക എന്നാണ് അർത്ഥം. മൃതശരീരം നിലത്തുകിടത്തുന്നത് ഭുമിക്കു സമർപ്പിക്കലാണ്.അടുത്ത ചടങ്ങു കുളിപ്പിക്കൽ. മൃത ദേഹത്തെ കുളിപ്പിക്കുന്നതിലുടെ ഭുമിയുടെ ഉൽപത്തി സ്ഥാനമായ ജലത്തിനു സമർപ്പിക്കുന്നു. ജലത്തിൻറെ പ്രഭവസ്ഥാനം അഗ്നിയാണ്.അതുകൊണ്ട് ശരീരത്തെ കുളിപ്പിച്ചശേഷം അഗ്നിക്കു സമർപ്പിക്കുന്നു. അഗ്നി ജഡത്തെ വായുവിനു സമർപ്പിക്കുന്ന പ്രക്രിയ ആണു ജ്വലനം. വായു താൻ ഏറ്റുവാങ്ങിയ ജഡാഡാംശത്തെ തൻറെ പ്രഭവസ്ഥാനമായ ആകാശത്തിനു സമർപ്പിച്ചുകൊണ്ട് വിലയം പ്രാപിക്കുന്നു. ഓരോ ഹിന്ദുവും അഭിമാനത്തോടുകൂടി ചെയ്യേണ്ട അനുഷ്ടാനങ്ങലാണ്, മരണാനന്തര കർമങ്ങൾ. അത്യന്തം ശാസ്ത്രീയ അടിത്തറയുള്ള ഈ നിസ്തുല ദർശനവും അനുബന്ധമായുള്ള ആചാര അനുഷ്ടാനങ്ങളും ഹിന്ദു സമൂഹത്തിനു സ്വന്തം.

കടപ്പാട്‌ : പി ജി ദാമോദരൻ നായർ

Sunday, February 26, 2017

“ഭാരതീയ സംസ്കാരം എന്നൊന്നില്ല"

ടുത്തകാലത്ത് ഒരു മാധ്യമ ചർച്ചയിൽ “ഭാരതീയ സംസ്കാരം എന്നൊന്നില്ല ഇവിടെയുള്ളവർ തുണിയുടുക്കാൻ പഠിച്ചത് അറബികളിൽ നിന്നും ആണ്” എന്നൊരാൾ പറയുന്നതു കേട്ടു. നമ്മുടെ പുരാതന ചുവർ ചിത്രങ്ങളിൽ നഗ്നരായ സ്ത്രീ പുരുഷന്മാരെ ചിത്രീകരിച്ചിരിക്കുന്നത്‌ ഈ വാദഗതിക്കുള്ള തെളിവാണെന്നും കേട്ടു. പ്രശസ്ത ശില്പി ശ്രീ.കാനായി കുഞ്ഞിരാമൻ മലമ്പുഴയിൽ സ്ഥാപിച്ച ശില്പം കണ്ടിട്ടു അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കേരളത്തിലും ഭാരതത്തിലും ആരും തുണിയുടുത്തിരുന്നില്ല എന്നു വരും നൂറ്റാണ്ടുകളിൽ ആരെങ്കിലും വാദിക്കാനിടയുണ്ട്. സൂക്ഷിക്കുക!! ഗോപസ്ത്രീകളുടെയുo ,പാഞ്ചാലിയുടെയുo ,കുചേലന്റെയുo വസ്ത്രങ്ങൾ സംബന്ധിച്ച പരാമർശം ദ്വാപര യുഗത്തിൽ മനുഷ്യൻ വസ്ത്രം ഉപയോഗിച്ചിരുന്നു എന്നതിനു തെളിവാണ്‌. നമ്മുടെ പരുത്തി തുണിയും പട്ടു വസ്ത്രങ്ങളും അന്നത്തെ അറിയപ്പെടുന്ന നാടുകളിലേക്ക് അറബികകളും യവനന്മാരും കരമാർഗം കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു എന്നതു ചരിത്ര സത്യം. അക്കങ്ങൾ ( Numbers) ഉണ്ടായതു ഭാരതത്തിൽ; അറിയപ്പെടുന്നത് “അറബിക് നമ്പർ” (Arabic Numbers) എന്നാണ്- കാരണം അറബികളാണ് അവ പടിഞ്ഞാറൻ ലോകത്തിനു പരിചയപ്പെടുത്തിയത്. ഹിമാലയം സിന്ധു ഗംഗ യമുനാ സരസ്വതി ബ്രഹ്മപുത്ര ദേവനാഗരി ലിപി സംസ്കൃതഭാഷ വേദങ്ങൾ ഉപനിഷത്തുകൾ ഇതിഹാസങ്ങൾ പുരാണങ്ങൾ ഇവയൊന്നും ഭാരതത്തിന്റെതല്ല; എല്ലാം പടിഞ്ഞാറുനിന്നു കൊണ്ടുവന്നതാണെന്നു ഇവർ പറയാതിരുന്നത്‌ ശ്രോതാക്കളുടെ ഭാഗ്യം . മാതൃരാജ്യത്തിനും അതിൻറെ സംസ്കാരത്തിനും ദേശീയതക്കും എതിരായി പ്രവർത്തിക്കുന്ന, സ്വാഭിമാനമില്ലാത്ത രാജ്യദ്രോഹികൾ ഏറ്റവും കൂടതുലുള്ള രാജ്യം ഭാരതമാണെന്നു തോന്നുന്നു. ഭാരതത്തിലാകട്ടെ കേരളീയരാണ് മുൻപന്തിയിൽ. കഴിഞ്ഞ 60 വർഷമായി ഇവിടെ വിദ്യാഭ്യാസ നയരൂപികരണവും ഭരണവും നടത്തിയവർ ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണ്.

കടപ്പാട്‌ : പി ജി ദാമോദരൻ നായർ

Saturday, February 25, 2017

കാട്ടാളനില്‍ നിന്നും മാമുനിപദത്തിലേക്ക്

രത്‌നാകരന്‍ വാല്മീകിയായിത്തീര്‍ന്ന കഥ പണ്ടെങ്ങോ സംഭവിച്ച ഒരു വ്യക്തിചരിത്രം മാത്രമല്ല. എന്നും എവിടെയും ആരിലും നടക്കാവുന്ന സംഭവമാണ്. അതാണ് ഇക്കഥയെ ആദരണീയവും പ്രതിപാദനയോഗ്യവുമാക്കിമാറ്റുന്നത്. വാല്മീകിമഹര്‍ഷി രാമകഥ ആഖ്യാനം ചെയ്തിരിക്കുന്നതും അതുകൊണ്ടാണെന്നറിഞ്ഞുകൊള്‍ക. വെറുതേ ഏതെങ്കിലും വ്യക്തികളുടെ ജീവചരിത്രം എഴുതിവയ്ക്കുന്നതിലോ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രം എഴുതിവയ്ക്കുന്നതിലോ പ്രാചീനഭാരതത്തിലെ ഋഷിമാര്‍ക്കു താല്പര്യമുണ്ടായിരുന്നില്ല. പകരം ആര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന ആരിലും എവിടെയും ഏതുകാലത്തും സംഭവിക്കാവുന്ന ലോകകല്യാണപ്രദമായ ഉത്തമ ചരിതങ്ങള്‍മാത്രം തെരഞ്ഞെടുത്തു പറഞ്ഞുകേള്‍പ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അവ ലോകത്തിനു വ്യക്തമായ ദിശകാണിക്കും. അങ്ങനെ രൂപം കൊണ്ടവയാണു ഇതിഹാസപുരാണങ്ങള്‍. അതുകൊണ്ട് അവ പ്രപഞ്ചത്തിന്റെ ശാശ്വതസത്യങ്ങളുടെ അഥവാ വേദാര്‍ത്ഥങ്ങളുടെ വിശദീകരണങ്ങളുമായിത്തീര്‍ന്നു. ഇതിഹാസപുരാണങ്ങളുണ്ടായിരിക്കുന്നത് വേദതത്ത്വങ്ങളുടെ പ്രകാശനത്തിനുവേണ്ടിയാണല്ലോ. അദ്ധ്യാത്മരാമായണകാരന്‍ വാല്മീകിയുടെ കഥ പറഞ്ഞുവച്ചതിനു ഹേതുവും വേറൊന്നല്ല. ഹൃദയവിമലീകരണത്തിന്റെ തത്ത്വശാസ്ത്രവും പ്രായോഗികതയും ഇതില്‍കാണാം. തന്റെ പഴയപേര് രത്‌നാകരന്‍ എന്നായിരുന്നു എന്നു വാല്മീകി പറഞ്ഞിട്ടില്ല. വ്യാസഭഗവാനാണ് അക്കാര്യം പറഞ്ഞുതന്നത്. അതിന്റെ സാംഗത്യമന്വേഷിച്ചുപോയാല്‍ നാം എത്തിച്ചേരുന്നത് വേദാന്തവിദ്യയിലായിരിക്കും. സൂക്ഷ്മാമായാലോചിച്ചാല്‍ ഭൗതിക സുഖാന്വേഷികളായ ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാകുന്നു. നാമെല്ലാം രത്‌നാകരന്മാരാകുന്നു. രത്‌നാകരത്വത്തിന്റെ പല പല തട്ടുകളില്‍ നില്ക്കുന്നു എന്നേ ഭേദം കാണൂ. ആകരശബ്ദത്തിനു ഖനി എന്നാണര്‍ത്ഥം. രത്‌നാകരനെന്നാല്‍ രത്‌നത്തിനു ഖനിയായിട്ടുള്ളവന്‍ എന്നു സാരം. എന്താണു രത്‌നം? വിലപ്പെട്ടകല്ല്. അത്യന്തസൗന്ദര്യവും പ്രകാശവും ആകര്‍ഷണീയതയുമെല്ലാമുള്ള കല്ല്. അതുലഭിക്കുന്നതു ഖനിയില്‍ നിന്നാണെന്നു നമുക്കു നന്നായറിയാം. ഈ പ്രപഞ്ചത്തിലുള്ള ഏറ്റവും വിലപ്പെട്ട രത്‌നമേതാണ്? അതുലഭിക്കുന്ന ഖനിയേതാണ്? എണ്ണമില്ലാത്ത രത്‌നഖനികളും വിലപിടിപ്പുള്ള പദാര്‍ത്ഥങ്ങളുമടങ്ങിയ ഈ ലോകം മുഴുവന്‍ ഏതു രത്‌നത്തില്‍ നിന്നാണോ ഉണ്ടാകുന്നത് അതാണു ഏറ്റവും വിലയേറിയ രത്‌നം. അതാണു പരബ്രഹ്മം. അതിലും വിലപിടിപ്പുള്ള രത്‌നം വേറെയില്ല. അതിന്റെ കുഞ്ഞ്കുഞ്ഞ് അംശങ്ങള്‍ മാത്രമാണല്ലോ ഇക്കാണായ രത്‌നാദി അമൂല്യവസ്തുക്കളെല്ലാം. ഇതിഹാസപുരാണങ്ങള്‍ നീല രത്‌നമായി അതിനെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെന്നുമെല്ലാം വിവിധ നാമങ്ങള്‍ പ്രസ്തുതരത്‌നത്തിനു നല്‍കാറുമുണ്ട്. അനന്തത എക്കാലവും നമ്മുടെ കണ്ണുകള്‍ക്കു നീലാഭമായേ അനുഭവപ്പെടൂ. അതാണു പരബ്രഹ്മമെന്ന വിലപ്പെട്ട രത്‌നത്തെ നീലരത്‌നമായി പരിചയപ്പെടുത്തിയത്. പരമാത്മാവിലാണ് ഈ ലോകമുണ്ടായി നിലനില്ക്കുന്നത്. നാം ഓരോരുത്തരും ഉണ്ടായി നിലനില്ക്കുന്നതും പരബ്രഹ്മസ്വരൂപമായ ഈ രത്‌നത്തിലാകുന്നു. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന അനാദ്യനന്തവും അനശ്വരവുമായ രത്‌നമാണ് ബ്രഹ്മം. അതിനാല്‍ നാം പ്രസ്തുത രത്‌നത്തിന്റെ ആകരം അഥവാ ഖനിയുമായിരിക്കുന്നു. ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാണെന്നു പറഞ്ഞുവച്ചത് അതുകൊണ്ടാകുന്നു. പരമാനന്ദത്തിന്റെയും പരമൈശ്വര്യത്തിന്റെയും വിജയസമൃദ്ധികളുടെയും അക്ഷയരത്‌നം ഉള്ളിലിരിക്കവേ അതുമറന്നുകളഞ്ഞിട്ട് കൊച്ചുകൊച്ചു സുഖങ്ങള്‍ക്കായി ബാഹ്യജഗത്തില്‍ അന്വേഷിച്ച് അലഞ്ഞുതിരിയുന്നവരാണ് മനുഷ്യരിലധികവും. നീ അന്വേഷിച്ചുനടക്കുന്ന ആനന്ദം നീതന്നെയാണ് തത് ത്വം അസി – എന്ന് ഉപനിഷത്തുക്കള്‍ വിളിച്ചുപറഞ്ഞിട്ടും അവരവരുടെ ഉള്ളിലേക്കുകടന്നുനോക്കാന്‍ വേദങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടും നമ്മുടെ സുഖാന്വേഷണം വെളിയിലേക്കാണു സാധാരണ നടന്നുകൊണ്ടിരിക്കുന്നത്. അധികമാളുകളും നീതിയുക്തമായ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കും വെളിയില്‍ സുഖാന്വേഷണം നടത്തുക. എന്നാല്‍ പലരും അധാര്‍മ്മികപ്രവൃത്തികളിലൂടെ ധനസമ്പത്തുകള്‍ നേടാന്‍ ശ്രമിക്കുന്നതോടെ ജീവരാശിക്കു വിപത്തുകള്‍ സംഭവിക്കുന്നു. ഏതാനുംപേരുടെ മദമാത്സര്യാദികള്‍ മതി ലോകത്തെ കലുഷിതമാക്കുവാന്‍. ഈ അവസ്ഥയാണു കാട്ടാളനായി നടക്കുന്ന രത്‌നാകരന്‍. ബ്രഹ്മത്തില്‍ ജനിച്ച് ബ്രഹ്മസ്വരൂപമായി നിലനില്ക്കുന്നവനാണെങ്കിലും അജ്ഞാനംമൂലം സത്യസ്ഥിതിമറന്ന് ജഡശരീരം മാത്രമാണുതാനെന്നു തെറ്റിദ്ധരിച്ച് ജഡമയമായ നേട്ടങ്ങള്‍ക്കായി ജീവിതം വ്യര്‍ത്ഥമാക്കുന്നവനാണുഅയാള്‍. ഏതുകൂരിരുട്ടിലും പ്രകാശത്തിന്റെ കിരണം കടന്നുവരും. പണ്ടെങ്ങോ ചെയ്തിട്ടുള്ള ഏതോ സത്കര്‍മ്മം ഫലരൂപമായിത്തീരുന്നതാണത്. അതാണ് സപ്തര്‍ഷിസമാഗമവും രത്‌നാകരനുണ്ടായ വിവേകോദയവും. വലിയമാറ്റങ്ങള്‍ക്കുകാരണമാകുന്ന ഇത്തരം നാടകീയ മുഹൂര്‍ത്തങ്ങള്‍ ആരുടെ ജീവിതത്തിലും സംഭവിക്കാമെന്നതേയുള്ളൂ. അതു ചിന്താപരമായ വലിയ പരിവര്‍ത്തനങ്ങള്‍ക്കു നാന്ദികുറിക്കുന്നു. അതു അതുവരെയുള്ള ജീവിതത്തെ ആകെമാറ്റിമറിക്കുന്ന പ്രവര്‍ത്തി പദ്ധതികള്‍ക്കുകാരണമായിത്തീരുന്നു. അതാണല്ലോ രത്‌നാകരന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിഹാസപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രത്തിലുമെല്ലാം അത്തരം സംഭവങ്ങള്‍ ധാരാളമായികാണാം. ചുറ്റുപാടും കണ്ണോടിച്ചാലും ഇത്തരം ആന്തരിക പരിവര്‍ത്തനങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ ഇഷ്ടംപോലെ തിരിച്ചറിയാം. മഹാകവികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഇത്തരം സംഭവങ്ങള്‍. ആശാന്റെ കരുണയും വള്ളത്തോളിന്റെ നാഗിലയും ഉള്ളൂരിന്റെ പിംഗളയും കുഞ്ഞിരാമന്‍നായരുടെ കളിയച്ഛനും സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷവുമെല്ലാം അത്തരം മാനസിക പരിണതികളുടെ കാവ്യാവിഷ്‌കരണങ്ങളാണ്. തെറ്റുതിരിച്ചറിഞ്ഞു. അതിന്റെ മാര്‍ഗ്ഗം അപ്പാടെ ഉപേക്ഷിച്ചു. ശരിയിലേക്കുതിരിഞ്ഞു. പക്ഷേ അതുകൊണ്ടുമാത്രം എല്ലാമാകുന്നില്ല. അതു നല്ല തുടക്കമേ ആകുന്നുള്ളൂ. പരമസത്യത്തിലെത്തിച്ചേരാന്‍ തന്റെ പരമാത്മാസ്വരൂപം അനുഭവിച്ചറിയാന്‍ ബഹുദൂരം താണ്ടേണ്ടതുണ്ട്. ജന്മജന്മാന്തരങ്ങളായി ഹൃദയത്തില്‍ അടിഞ്ഞുകൂടികിടക്കുന്ന ദുഷ്‌കര്‍മ്മവാസനകളെല്ലാം നീങ്ങേണ്ടതുണ്ട്. അജ്ഞാനത്തിന്റെ മേഘമാലകളെ ആട്ടി അകറ്റേണ്ടതുണ്ട്. അതിനുവേണ്ടിയാണു ഗുരുക്കന്മാര്‍ നല്കിയ രാമമന്ത്രോപദേശം. ഋഷിമാര്‍ രാമരാമ എന്നുപദേശിച്ചാലും അങ്ങനെതന്നെ മന്ത്രം കാതില്‍ പതിഞ്ഞാലും കേള്‍ക്കുന്ന രത്‌നാകരന്റെ മനസ്സിലെ അജ്ഞാനമയമായ വാസനകള്‍ ഒഴിഞ്ഞുപോയിട്ടില്ലാത്തതുകൊണ്ട് തല്‍ക്കാലം മരാമരാ എന്നേകേള്‍ക്കപ്പെടൂ. ഗുരുപദേശം പൂര്‍ണ്ണമായുള്‍ക്കൊള്ളാന്‍ ആ അവസ്ഥയില്‍ ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ലെന്നുസാരം. പക്ഷേ അതുകൊണ്ടു നിരാശപ്പെടേണ്ട. ആവുംവിധം സാധനകള്‍ ആരംഭിച്ചുകൊള്‍ക. തടസ്സങ്ങള്‍ ഇടയ്ക്ക് ഉണ്ടായെന്നുവരാം. ഗുരുകടാക്ഷം കൊണ്ട് അതെല്ലാം ക്രമേണ നീങ്ങിപ്പോകും. അതിനാലാണു ശ്രദ്ധയോടെ നിത്യവും ജപിക്കാന്‍ ഋഷിമാര്‍ ഉപദേശിച്ചത്. അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ സാധകന്‍ ഒരിക്കലും വീണുപോകാതെ താങ്ങും തണലുമായി എപ്പോഴും കൂടെ നില്‍ക്കുന്ന ചൈതന്യമാണ് ഗുരു. എപ്പോഴും സ്ഥൂലശരീരസഹിതനായി ഗുരുകൂടെയുണ്ടായിക്കൊള്ളണമെന്നില്ല. സൂക്ഷ്മശരീരിയായിട്ടായിരിക്കും അധികസമയവും അവര്‍കൂടെ നില്ക്കുക. സാധനമുന്നേറുമ്പോള്‍ ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കര്‍മ്മ വാസനകള്‍ ദുര്‍ബലപ്പെടും. അതോടെ മന്ത്രസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുപ്രകാശിക്കും. അതിനെയാണു രത്‌നാകരന്റെ ജപം രാമരാമ എന്നായിത്തീര്‍ന്നെന്നുപറഞ്ഞത്. അതോടെ ആദ്ധ്യാത്മിക വികാസത്തിനുവേഗതയേറും. ഞാന്‍ ശരീരമാണു മനസ്സാണു ബുദ്ധിയാണ് എന്നിങ്ങനെ അതേവരെയുണ്ടായിരുന്ന തെറ്റായ ജഡസങ്കല്പങ്ങളകലും. അതാണു പുറ്റുകൊണ്ടു ശരീരംമൂടിപ്പോയെന്നു പറഞ്ഞതിന്റെ അര്‍ത്ഥം. പുറ്റ് രത്‌നാകരനല്ലല്ലോ. അതേവിധം ശരീരാദികളും ഞാനല്ലെന്നു അയാള്‍ക്കു ഉറപ്പുവന്നുകഴിഞ്ഞിരിക്കുന്നു. ശരീരാദികളെ അദ്ദേഹം മറന്നുകഴിഞ്ഞിരിക്കുന്നു. അതോടെ ബ്രഹ്മാനുഭവമുദിക്കും. ഞാന്‍ ബ്രഹ്മംതന്നെയാണ് നേരത്തേപറഞ്ഞ ആനന്ദഘനമായ രത്‌നംതന്നെയാണെന്ന പ്രത്യക്ഷാനുഭവമുണ്ടാകും. അതോടെ അജ്ഞാനത്തിന്റെ ചിതല്‍പുറ്റുഭേദിച്ചു പുറത്തുവരാന്‍ ഗുരുവിന്റെ ആഹ്വാനം കേള്‍ക്കപ്പെടും. പരിധിയില്ലാത്ത ബ്രഹ്മാസ്വാദലബ്ദ്ധിയാണത്. അതാണു മാമുനിപദം.

കടപ്പാട്: പാഞ്ചജന്യം, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

Friday, February 24, 2017

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രസംഗം

[ പ്രസംഗം കേള്‍ക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക ]

അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു. ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. സര്‍വവര്‍ഗ വിഭാഗങ്ങളിലും പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദിപറയുന്നു. സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. "പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌". ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ പേന കൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലേ എല്ലാ ദുര്‍മാന്സ്യങ്ങലുടെയും മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു. --- (1893 സെപ്റ്റംബര്‍ 11 - സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം )

കടപ്പാട്: വന്ദേമാതരം ബ്ലോഗ്‌

ശിവരാത്രി : വ്രതം ആചാരങ്ങള്‍

ശിവരാത്രി വ്രതം സർവ്വ പാപഹരമാണ്. ഭാര്യയും ഭർത്താവും ഒരുമിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ശിവരാത്രി നാളിൽ ഉപവാസമാണ് വിധി. എന്നാൽ ഇളനീർ, പഴം , പാൽ എന്നിവ മിതമായ് ഭക്ഷിക്കാം.പകലുറക്കം പാടില്ലത്തതാകുന്നു. പാലാഴി മഥിക്കുമ്പോൾ ഉയർന്ന് വന്ന കാളകൂട വിഷം ശ്രീപരമേശ്വരൻ ലോക നന്മക്കായ് കഴിച്ച രാത്രിയാണ് ശിവരാത്രി . രജോ, തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരിൽ സ്വാത്വികഭാവം വളർത്തുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്‍റെ മഹത്വം. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ ബ്രഹ്മമൂഹൂർത്തത്തിൽ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിച്ച് വീട്ടിൽ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. 108 തവണ പഞ്ചാക്ഷരി മന്ത്രവും, പ്രാതഃസ്മരണസ്തോത്രവും ജപിക്കണം. പിന്നീട് ക്ഷേത്ര ദർശനം നടത്തണം. പഞ്ചാക്ഷരി മന്ത്രം ജപിച്ച് മൂന്ന് തവണ വലം വെച്ച് അകത്ത് കയറാ തൊഴാം. സ്ത്രീകൾ പഞ്ചാഗ്ന നമസ്കാരവും പുരുഷൻമാർ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. കൂവളത്തിലകൊണ്ട് അർച്ചന നടത്തുകയും ജലധാര നടത്തുകയും ചെയ്യുന്നത് ശിവപ്രീതിക്ക് ഉത്തമം ആണ്. നാമജപത്തോടെ ക്ഷേത്രത്തിൽ കഴിയുന്നതാണ് നല്ലത്. വൈകിട്ട് കുളിച്ച് ക്ഷേത്ര ദർശനം നടത്തി അർച്ചന ചെയ്ത് അന്ന് ഉറക്കം ഒഴിഞ്ഞ് ഭഗവാനെ സ്മരിക്കേണ്ടതാണ്. വെളുപ്പിനെ കുളിച്ച് ഇരുവരും ക്ഷേത്ര ദർശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാൻ.
----- ഓം നമഃ ശിവായ -------
ശിവരാത്രി
-------------------
ഹൈന്ദവരുടെ ഒരു ആഘോഷമാണ് ശിവരാത്രി. മഹാശിവരാത്രി എന്നും ഇതിന് പേരുണ്ട്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നുശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.
പാലാഴി മഥിക്കുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട (ഹലാഹല) വിഷം ശ്രീപരമേശ്വരന്‍ ലോക നന്‍‌മയ്ക്കായി കഴിച്ച രാത്രിയാണ് ശിവരാത്രി. രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരില്‍ സാത്വിക ഭാവം വളര്‍ത്തുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം.
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിക്കണം. വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കണം. പ്രാത: സ്മരണ സ്തോത്രം, ബില്വാഷ്ടകം, ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതി എന്നിവ ജപിച്ച് തൊഴുത് നമസ്കരിക്കുക.
പിന്നീട് ക്ഷേത്രദര്‍ശനം നടത്തണം. മൂലമന്ത്രമോ ഓം നമ:ശിവായയോ ആദ്യം ജപിച്ച് ക്ഷേത്രത്തിനു മൂന്ന് വലം വയ്ക്കണം. പിന്നീട് അകത്തുകയറി തൊഴാം. ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ.
സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരവും പുരുഷന്‍‌മാര്‍ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.
പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം. അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍.
ശിവന്‍ കാളകൂട വിഷം കുടിച്ച ദിവസമാണ് ശിവരാത്രി എന്ന് ഒരു ഐതിഹ്യമുണ്ട്. ശിവലിംഗത്തില്‍ കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നത് ശിവരാത്രി ദിനത്തിലെ പ്രധാന ചടങ്ങാണ്. ഒരിക്കല്‍ ഒരു രാത്രിയില്‍ കൂവള വൃക്ഷത്തിന്റെ മുകളില്‍ പെട്ടുപോയ ഒരു അന്ധന്‍ ഉറങ്ങി താഴെ വീഴാതിരിക്കാനായി കൂവളത്തില നുള്ളി താഴെയിട്ടു കൊണ്ടിരുന്നു. കൂവളത്തിലകള്‍ താഴെയുണ്ടായിരുന്ന ശിവലിംഗത്തില്‍ വീണുവെന്നും അതോടെ അയാള്‍ സ്വര്‍ഗത്തിലെത്തിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം.
---------------------------------------------
ഉറക്കമൊഴിഞ്ഞുള്ള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവസ്തുതികളും മന്ത്രവും ജപവുമായാണ് രാത്രി ശിവഭക്തര്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നത്. വ്രതമെടുക്കുന്നവര്‍ പകല്‍ അരിഭക്ഷണം കഴിക്കാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ ചാണകമുണക്കി കത്തിച്ച ഭസ്മമെടുത്ത് ഭക്തര്‍ ദേഹമാസകലം പൂശുന്ന ചടങ്ങുമുണ്ട്. ഹൈന്ദവഭവനങ്ങളില്‍ പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കുന്നു.
കേരളത്തിലെ ആലുവ, വൈക്കം, തൃശൂര്‍, തൃപ്രങ്ങോട്ട്, കല്ലേക്കുളങ്ങര, തിരുനക്കര എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷം പ്രധാനമാണ്. ശിവരാത്രിയോടനുബന്ധിച്ച് തെക്കന്‍ തിരുവിതാംകൂറില്‍ ശിവാലയ ഓട്ടം എന്ന ആചാരം നടത്തുന്നു.
വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.
ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക.
പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.
ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

കടപ്പാട് : ദേവദത്തം

Thursday, February 23, 2017

ഈശ്വരസങ്കല്പം

എന്താണ്‌ ഈശ്വരാരാധന? എന്താണ്‌ ഈശ്വര സങ്കല്‍പം? ഒരിക്കല്‍ ഒരു ഭക്തന്‍ എന്നോടു പറഞ്ഞു. “സ്വാമി ദയവായി ‘ഗോഡ്‌’ എന്ന വാക്ക്‌ ഒരിക്കലും ഉപയോഗിക്കാതിരുന്നാലും. മേഘങ്ങള്‍ക്കുപരി സ്വര്‍ഗ്ഗത്തില്‍, തന്റെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ സദാ ഒരുങ്ങിയിരിക്കുന്ന ഒരാള്‍ എന്ന ഞങ്ങളുടെ ബാല്യകാലസങ്കല്‍പം അത്‌ വിളിച്ചുണര്‍ത്തുന്നു. എനിക്കതാലോചിക്കാന്‍ വയ്യ.” ഞാന്‍ പറഞ്ഞു:”ശരി, ഈശ്വരന്‍ എന്ന സംസ്കൃതപദമുപയോഗിക്കുക. ഞാന്‍ ബ്രഹ്മം എന്ന വാക്കാണുപയോഗിക്കുന്നത്‌.” നാം ഈശ്വരനെ ആരാധിക്കുന്നതിനു നമുക്ക്‌ അവിടുന്നുമായി അടുത്ത ഒരു ബന്ധം സ്ഥാപിക്കണം. നാം സാധാരണ അവിടുത്തെപ്പറ്റി സൃഷ്ടി-സ്ഥിതി-സംഹാരകര്‍ത്താവെന്നു ചിന്തിക്കുന്നു. അദ്ദേഹം വസ്തുക്കളെ തന്നിലേയ്ക്കു ലയിപ്പിക്കുന്നതിനെ നാം നശിപ്പിക്കല്ലെന്നു പറയുന്നു. പക്ഷേ അവിടുന്ന്‌ ഇതിനെയെല്ലാം അതിവര്‍ത്തിക്കുന്ന ഒരു ബ്രഹത്‌ സത്തയാണെന്ന്‌ നാം മനസ്സിലാക്കണം; അവിടുന്ന്‌ നമുക്ക്‌ ഏറ്റവുമടുത്തതിനേക്കാള്‍ അടുത്തതും പ്രിയമായതിനേക്കാളെല്ലാം പ്രിയപ്പെട്ടതുമായ ആത്മാവിന്റെ ആത്മായാണെന്ന്‌ നാം മനസ്സിലാക്കണം. പക്ഷേ ഈ സത്യം മനസ്സിലാക്കാന്‍ ആദ്യം നാം ആത്മാവാണെന്ന്‌ അറിയണം. മനസ്സ്‌, അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ശരീരം ഇവയില്‍നിന്നെല്ലാം വ്യതിരിക്തമായ, ആത്മാവാണ്‌ നാമെന്നറിയണം. അനന്തചൈതന്യത്തിന്റെ അംശമായ ജീവാത്മാവാണ്‌ നാമെന്നറിയാതെ എല്ലാം ജീവാത്മാക്കളുടെയും ആത്മാവായ പരമാത്മാവായ ഈശ്വരനെ നമുക്കറിയാന്‍ സാധിക്കില്ല. അവിടുന്ന്‌ മാതാപിതാക്കളായി നമുക്കു പ്രതൃക്ഷപ്പെടുന്നു. അവിടുന്നു നമ്മുടെ ഗുരുവും ഇഷ്ടദേവതയുമായി പ്രതൃക്ഷപ്പെടുന്നു. നമ്മില്‍ മിക്കവരും ദ്വൈതവിശ്വാസികളായി വേണം തുടങ്ങാന്‍. ദ്വൈതവേദാന്തപ്രകാരം ആത്മാവും പരമാത്മാവും നിത്യഭിന്നരാണ്‌, എന്നാല്‍ എന്നും പരസ്പരബദ്ധരുമാണ്‌. ജീവാത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധം അറിഞ്ഞുകൊണ്ടുവെണം നാം സാധന തുടങ്ങാന്‍. അവരെന്നും ഒന്നാണ്‌. എന്നാല്‍ നമ്മുടെ മനസ്സിലെ മാലിന്യംകാരണം നാം ഈശ്വരനെ വിട്ട്‌ അവിടുത്തെ സൃഷ്ടിയില്‍ ആസക്തരാവുന്നു. സാധാരണ മതവിശ്വാസികളുടെ രീതികള്‍ കണ്ട്‌ ഒരു വലിയ പാശ്ചാത്യമനഃശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു:”ആളുകള്‍ക്ക്‌ ഈശ്വരനെ ആവശ്യമില്ല, അവര്‍ക്ക്‌ ഈശ്വരനെ ഉപയോഗിക്കുകയേ വേണ്ടു” അവര്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ ഈശ്വരന്‍ അവരുടെ ആഗ്രഹങ്ങളെല്ലാം നിവേറ്റുന്നതിന്നുവേണ്ടിയാണ്‌, അവിടുന്ന്‌ ഈ ആഗ്രഹങ്ങളനുവദിച്ചില്ലെങ്കില്‍ അവര്‍ സംശയാലുക്കളായി പറയുന്നു: ” ഓ ഈശ്വരനില്ല; ഉണ്ടെങ്കില്‍ത്തന്നെ അവിടുന്ന്‌ അന്ധനും ബധിരനുമാണ്‌; പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.” അത്തരം ബാലിശ സങ്കല്‍പം നല്ലതല്ല. നിങ്ങള്‍ ചോദിക്കുന്നതെല്ലാം തരുന്ന “നല്ല” ഈശ്വരനെ മാത്രമേ നിങ്ങള്‍ക്കു വേണ്ടൂ – നിങ്ങള്‍ക്കു വരം നല്‍കുന്നതൊഴികെ അവിടേയ്ക്ക്‌ വേറെ ജോലിയില്ലെന്നു തോന്നും. ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ആദ്യം പരമാത്മാവിനെ പ്രപഞ്ചശക്തിയുടെ പ്രതീകമായ കാളിയുടെ രൂപത്തില്‍ ആരാധിച്ചു. പ്രതീകാത്മകമായ കാളീരൂപം അത്യന്തം അര്‍ത്ഥഗര്‍ഭമാണ്‌. ഒരു കൈയ്യുകൊണ്ട അവിടുന്ന്‌ സൃഷ്ടിക്കുന്നു; വേറൊന്നുകൊണ്ട്‌ സംരക്ഷിക്കുന്നു; മൂന്നാമത്തേതുകൊണ്ട്‌ സംഹരിക്കുന്നു; നാലാമത്തെ കൈയ്യില്‍ അറുത്തെടുത്ത ശിരസു പിടിച്ചിരിക്കുന്നു. ഉപനിഷത്തു വിവരിക്കുന്ന ബ്രഹ്മസ്വരൂപത്തിന്റെ ഒരു രൂപചിത്രീകരണം മാത്രമാണിത്‌. “ഏതില്‍നിന്ന്‌ ഭൂതങ്ങളെല്ലാം ഉദ്ഭവിക്കുന്നുവോ, ഏതുകൊണ്ടെല്ലാം ജീവിക്കുന്നുവോ, ഏതിലേയ്ക്കെല്ലാം തിരിച്ചുപോകുന്നുവോ, അതാണ്‌ ബ്രഹ്മം” എന്ന്‌ തൈന്തരീയം ഉപനിഷത്ത്‌ പറയുന്നു. നമ്മുടെ ഭക്തിശാസ്ത്രഗ്രന്ഥങ്ങളില്‍ നാം ബ്രഹ്മത്തെ കാളി, നാരായണന്‍, ശിവന്‍ എന്നീ പല പേരുകളില്‍ വിളിക്കുന്നു. വേദാന്തത്തില്‍ അതിനെ ഈശ്വരന്‍, അനന്തസച്ചിദാനന്ദം എന്ന്‌ വിളിക്കുന്നു. അവിടുന്നു നമ്മുടെ ആത്മാവിന്റെ ആത്മാവായി ഉള്ളില്‍ വസിക്കുന്നു. അവിടത്തെ, ആ സാമീപ്യമെങ്കിലും, നാം അനുഭവിക്കണം. അതനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ അവിടുന്ന്‌ ഏറ്റവുമടുത്തുള്ളതിനേക്കാള്‍ നമുക്കടുത്താണ്‌. ഏറ്റവും പ്രിയപ്പെട്ടതിനെക്കാള്‍ പ്രിയപ്പെട്ടതാണ്‌ എന്ന ബോധം വളര്‍ത്താന്‍ നാം ശ്രമിക്കണം. ഞാന്‍ മുമ്പ്‌ പറഞ്ഞതുപോലെ ഇതിനെല്ലാം നമുക്കു ശരിയായ ഒരു ഈശ്വരസങ്കല്‍പം വേണം. എന്നാല്‍ ഈശ്വരന്‍ നമ്മുടെ സങ്കല്‍പങ്ങളിലൊതുങ്ങാന്‍ കഴിയാത്തത്ര വലുതാണ്‌. ഒരുദാഹരണം പറയാം: നാം ചെറിയകുമിളകളെപ്പോലെയാണ്‌. സമുദ്രം നമുക്കു സങ്കല്‍പിക്കാന്‍ സാധിക്കുന്നതിലധികം വലുതാണ്‌. അപ്പോള്‍ എന്തുചെയ്യണം! നാം ചില വലിയ തിരകള്‍ കാണുന്നു. നമുക്കവയുടെ നേരെ നീങ്ങി അവയൊടു ചേര്‍ന്നുനില്‍ക്കുക. കാലംകൊണ്ട്‌ അവയിലൂടെ നമുക്ക്‌ സമുദ്രത്തപ്പറ്റി ഏതാണ്ടറിയാനാവുന്നു. അതേപോലെ, നാം നമ്മുടെ അദ്ധ്യാത്മയാത്ര ഇത്തരം ഒരു പര്‍വ്വതസദൃശമായ തിരയുടെ കൂടെ ഇഷ്ടദേവതയുടെ കൂടെ തുടങ്ങുന്നു. ആ ദേവതയെ ആരാധിക്കുന്നു. ആ ദേവതയോടു പ്രാര്‍ത്ഥിക്കുന്നു; ഇതുകൊണ്ടെല്ലാം സത്യത്തെപ്പറ്റി ഒരുയര്‍ന്ന ബോധവും കൂടുതല്‍ വിശാലമായ സങ്കല്‍പവും കൈവരുന്നു. ഇഷ്ടദേവത പറയുന്നു:”ഇവിടെ നോക്കൂ. ഞാനൊരു വലിയ തിരയാവാം; നീയൊരു ചെറിയ കുമളയും. എന്നാല്‍ നമുക്കെല്ലാം പിന്നില്‍ അനന്തമായ സമുദ്രമുണ്ട്‌.”സമയമാവുമ്പോള്‍ അവിടുന്നു നമുക്ക്‌ പരമസത്യം വെളിവാക്കിത്തരുന്നു. ആ അന്തചൈതന്യംതന്നെയാണ്‌ താന്‍ എന്ന്‌ അവിടുന്നു കാണിച്ചുതരുന്നു.

കടപ്പാട്‌ : യതീശ്വരാനന്ദ സ്വാമികള്‍, പാഞ്ചജന്യം

Wednesday, February 22, 2017

ഉപനിഷത്തുകൾ

വേദം എന്നാൽ അറിവ് എന്നാണർത്ഥം അറിവിൻറെ കലവറയാണ് വേദങ്ങൾ. ഋഗ്വേദം യജ്ജുർവേദം സാമവേദം അഥർവ വേദം എന്നിവയാണു വേദങ്ങൾ ഇവയെ പൊതുവായി ചതുർവേദങ്ങൾ എന്നും പറയും. ശ്രുതി എന്നതു വേദങ്ങളെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ്.ചന്ദൊബദ്ധമായ വേദ മന്ത്രങ്ങൾ വായിച്ചുo ശ്രവണം ചെയ്തും മനനം ചെയ്തും പഠിക്കേണ്ടതാണ്. വേദങ്ങളെ കർമകാണ്ഡം ജ്ഞാനകാണ്ഡം എന്നിങ്ങനെ രണ്ടായി ഭാഗിക്കാം. ഇതിൽ ജ്ഞാനകാണ്ഡത്തിന്റെ ഭാഗമാണ് ഉപനിഷത്തുകൾ. വേദത്തിൻറെ അവസാനഭാഗം ആയതുകൊണ്ടും പരമോന്നത തലത്തിലുള്ളതും അന്തിമവും ആയ അറിവ് ഉൾക്കൊള്ളുന്നതു കൊണ്ടും ഉപനിഷത്തുക്കളെയും അവയുടെ വിഷയങ്ങളെയും പൊതുവായി “വേദാന്തം” എന്നു പറയുന്നു. വേദമന്ത്രങ്ങൾക്കും വാക്കുകൾക്കും സ്ഥൂലവും അതിസൂക്ഷ്മവും അതി ഗഹനവും ആയ അർത്ഥ തലങ്ങൾ ഉണ്ടെന്നും അവ മനസിലാക്കുവാൻ സാധാരണ മനുഷ്യർക്ക്‌ ഒരു ഗുരുവിൻറെ സഹായം ഇല്ലാതെ സാദ്ധ്യമല്ല എന്നും ഓർക്കുക "ഗുരുവിൻറെ അടുത്തിരുന്നു അഭ്യസിക്കപ്പെടുന്നത്" എന്നു വാചികമായി അർഥം പറയാം എങ്കിലും ഉപനിഷത്ത് എന്ന വാക്ക് അതിഗഹനമായ അർത്ഥ വൈപുല്യമുള്ള ഒരു ഗംഭീര പദമാണ്. ഏറ്റവും ഉന്നതമായ അറിവ്, ശ്രേഷ്ടമായ അറിവ്, വേദങ്ങളുടെ രഹസ്യം, പരമമായ ജ്ഞാനം എന്നെല്ലാം ഉപനിഷത്ത് എന്ന പദത്തിനു അർത്ഥം ഉണ്ടു്. ഏതു മാർഗത്തെ അവലംബിച്ചാൽ അജ്ഞാനം ഇല്ലാതാകുകയും പരമമായ ആത്മതേജസ്‌ ജ്വലിക്കുകയും ചെയ്യുമോ ആ മാർഗത്തിലുടെ സത്യാന്വേഷിയെ മുന്നോട്ടു നയിക്കുന്ന ഗ്രന്ഥങ്ങളാണ്‌ ഉപനിഷത്തുക്കൾ.ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള രഹസ്യ ജ്ഞാനമാണത്. ബ്രഹ്മവിദ്യ എന്നു ആദി ശങ്കരാചാര്യർ തൻറെ ഭാഷ്യങ്ങളിൽ ഉപനിഷത്തുക്കളെ വിശേഷിപ്പിക്കുന്നു. ആധുനിക ശാസ്ത്രം ഇന്ദ്രിയാധീനവും സോപാധികവും ആയ അറിവിലേക്കു മനുഷ്യനെ നയിക്കുന്നു. എന്നാൽ ഇന്ദ്രിയാതീതവും ഉപാധിരഹിതവും ആയ ജ്ഞാനമാണ് ഉപനിഷത്തുക്കളിലുടെ ലഭ്യമാകുന്നത്. “ കസ്മിന്നു ഭാഗവോ വിജ്ഞാതെ സർവമിതം വിജ്ഞതം ഭവന്തു” ഏതൊന്നറിഞ്ഞാൽ എല്ലാം അറിഞ്ഞതായി ഭവിക്കുമോ ആ അറിവ്- അതാണ്‌ ഉപനിഷത്തുക്കളുടെ ചർച്ചാ വിഷയം. വേദങ്ങളുടെ അവസാന ഭാഗമാണ് ഉപനിഷത്തുക്കൾ എന്നു പറഞ്ഞുവല്ലോ? ഋഗ്വേദത്തിനു 21- ഉം യജുർവേദത്തിനു 109-ഉം സാമവേദത്തിനു 1000-ഉം അഥർവ വേദത്തിനു 50-ഉം അടക്കം 1180 ഉപനിഷത്തുക്കൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു .200-ൽപരം ഉപനിഷത്തുക്കൾ കണ്ടത്തിയിട്ടുണ്ട്‌ അവയിൽ 108 എണ്ണം മൗലികവും ബ്രാഹ്മണാനുബന്ധവും സംഹിതകളിൽ കാണപ്പെടുന്നതും ആണെന്നാണു പണ്ഡിതമതം. ഇവയിൽ പത്തെണ്ണം ഋഗ്വേദീയവും അൻപത്തിയൊന്നെണ്ണം യജുർവേദീയവും പതിനാറെണ്ണം സാമവേദീയവും ആണു. ശേഷിച്ച മുപ്പത്തിയൊന്നെണ്ണം അഥർവ വേദത്തിൻറെ ഭാഗമാണ്. മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാൻറെ മൂത്ത മകൻ ദാരാ ഷിക്കൊവാണു ഉപനിഷത്തുക്കളെ ലോകത്തിനു പരിചയപ്പെടുത്തുവാൻ കാരണക്കാരനായി ഭവിച്ചത്. ഉപനിഷത്തുക്കളുടെ ഉൾക്കരുത്തു തിരിച്ചറിഞ്ഞ അദ്ദേഹം പണ്ഡിതന്മാരെ വിളിച്ചു ചേർത്തു സംസ്കൃത ഭാഷയിൽ ഉള്ള 50 ഉപനിഷത്തുക്കളെ A.D.1657-ൽ പേർഷ്യൻ ഭാഷയിലേക്കു തർജ്ജമ ചെയ്യിച്ചു. സിർ - ഇ - അക്ബർ എന്നാണു തർജ്ജമയുടെ പേർ. ."മഹാരഹസ്യം" എന്നാണു ഇതിനർത്ഥം. തുടർന്നു ദാരാ ഷിക്കൊവിനെ തടവിലാക്കുകയും വധിക്കുകയും ചെയ്തുകൊണ്ട് ഔറംഗ സീബ് മുഗൾ ചക്രവർത്തി ആയതു ചരിത്രം. "മഹാരഹസ്യം" എന്ന ഉപനിഷത്ത് തർജ്ജമ - ലത്തീൻ ഭാഷയിലേക്കും തുടർന്നു ലോകത്തിലെ വിവിധ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ദാരാ രാജകുമാരൻറെ നിർദേശം അനുസരിച്ചു വിവർത്തനം ചെയ്യപ്പെട്ട ഉപനിഷത്തുകളുടെ കൈയെഴുത്തു പ്രതി ആങ്ക്വിട്ടിൻ ദുവേരോണ്‍ എന്ന ഫ്രഞ്ചു പണ്ഡിതൻ ലത്തീൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. റോവർ എന്ന പണ്ഡിതൻ 1853 -ൽ 9 ഉപനിഷത്തുകളുടെ ജർമ്മൻ പരിപാഷ ബിബ്ലിയോത്തിക്ക ഇൻഡിക്ക എന്ന ഗ്രന്ധാവലിയിലുടെ പ്രസിദ്ധീകരിച്ചു. ക്രിസ്തു മതപ്രചാരണത്തിനു ഭാരതത്തിലെത്തിയ മാക്സ് മുള്ളർ ആദ്യകാലങ്ങളിൽ പാശ്ചാത്യരുടെ പൊതു സ്വഭാവമായ അധീശാഹങ്കാരങ്ങൾ പ്രകടമാക്കിയെങ്കിലും ഉപനിഷത്തുകളുടെ അവധാനതയോടെയുള്ള പഠനം അദ്ദേഹത്തിൻറെ ജീവിതത്തെ മാറ്റിമറിച്ചു. തുടർന്നു മാക്സ്മുള്ളർ 12 ഉപനിഷത്തുകൾ 1879 , 1884 എന്നീ വർഷങ്ങളിലായി ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചു. 1897 ൽ പോൾ ഡോയ്സൻ 50 ഉപനിഷത്തുകളുടെ ജർമ്മൻ പരിപാഷ പ്രസിദ്ധീകരിച്ചു.1921-ൽ റോബർട്ട്‌ ഏർണസ്റ്റ് ഹ്യും 13 ഉപനിഷത്തുകൾ വളരെ ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ വ്യാഖ്യാനിച്ചു പ്രസിദ്ധീകർച്ചു. ജപ്പാനിലെ 27 പണ്ഡിതന്മാർ ചേർന്നു 116 ഉപനിഷത്തുകൾ 1922-24 കാലഘട്ടത്തിൽ ജാപ്പനീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ഭാരതത്തിൻറെ ഈ അമൂല്യ വൈജ്ഞാനിക സമ്പത്തിനെ സംബന്ധിച്ചു ലോകം അറിഞ്ഞു തുടങ്ങിയിട്ടു മൂന്നര ശതാബ്ദവും ഈ അമൂല്യ ജ്ഞാന ശേഖരം പുറം ലോകത്തിനു വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടു ഒരു നൂറ്റാണ്ടും മാത്രമേ ആയിട്ടുള്ളൂ. ആധുനിക ശാസ്ത്രം അതിൻറെ പരിമിതികൾ തിരിച്ചറിഞ്ഞ ഇരുപതാം നൂറ്റാണ്ടിൻറെ അന്ത്യ ഘട്ടത്തിൽ ഭാരതം ജ്വലിപ്പിക്കുന്ന സനാതന ധർമ്മത്തിൻറെ പ്രകാശം പാശ്ചാത്യർ വലിയ തോതിൽ തിരിച്ചറിയാൻ തുടങ്ങി. ഭാരതം ലോക ഗുരുവായി ഉയർത്തപ്പെടുന്ന അഭിമാനകരമായ ഒരു കാലഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നതു. സർവജ്ഞാനായിരുന്ന ശ്രീ. ശങ്കരാചാര്യ സ്വാമികൾ പത്തു് ഉപനിഷത്തുകൽക്കു ഭാഷ്യം രചിച്ചിട്ടുണ്ട്‌.ധിഷണാ ശാലിയായ അദ്ദേഹം ഭാഷ്യ രചനക്കു തെരഞ്ഞെടുത്തവ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുകളായി കണക്കാക്കപ്പെടുന്നു . അവയെ പൊതുവായി ദാശോപനിഷത്തുകൾ എന്നു പറയുന്നു. ഈശം കഠം കേനം പ്രശ്നം മുണ്ഡകം മാണ്ടൂക്യം ഐതരേയം തൈത്തരീയം ചാന്ദൊക്യം ബ്രിഹദാരന്യകം എന്നിവയാണു ദാശോപനിഷത്തുകൾ. നാം കേട്ടു പരിചയിച്ചിട്ടുള്ള പല മഹത് വചനങ്ങളും ഉപനിഷത്തുകളിൽ നിന്നും എടുത്തിട്ടുള്ളവയാണ്. ഭാരതത്തിൻറെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന “സത്യമേവ ജയതേ” എന്ന ആപ്തവാക്യം മുണ്ടകോപനിഷത്തിലുള്ള ഒരു മന്ത്രത്തിന്റെ ഭാഗമാണ്. “അഹം ബ്രഹ്മാസ്മി” എന്ന മഹാവാക്യം ബ്രിഹദാരന്യക ഉപനിഷത്തിലും “തത്ത്വമസി” ചാന്ദൊക്യ ഉപനിഷത്തിലും “അയമാത്മാ ബ്രഹ്മ” എന്നതു മാണ്ടുക്യ ഉപനിഷത്തിലും “പ്രജ്ഞാനം ബ്രഹ്മ” എന്നതു ഐതരേയ ഉപനിഷത്തിലും കാണപ്പെടുന്ന സുപ്രിസിദ്ധങ്ങളായ മന്ത്ര ഭാഗങ്ങളാണ്. സത്യം വദ! ധർമ്മം ചര! മാതൃദേവോ ഭവ! പിതൃദേവോ ഭവ! ആചാര്യദേവോ ഭവ! അതിഥിദേവോ ഭവ! അസതോമ സദ്ഗമയ തമസോമ ജ്യോതിർഗമയ; മൃത്യോർമ അമൃതംഗമയ; നേതി നേതി ; ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത! സർവ്വം ഖല്വിദം ബ്രഹ്മ; യതോ വചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ; അണോരണീയാൻ മഹതോ മഹീയാൻ; ഏകം സത് വിപ്രാ ബഹുധാ വദന്തി ; ഈശാവാസ്യം ഇദം സർവം; ധ്യേന ധ്യക്തേന ഭുൻജിതാ തുടങ്ങി അനേകം ഉത്കൃഷ്ട ആശയങ്ങളുടെയും സന്ദേശങ്ങളുടെയും അക്ഷയ ഖനിയാണ് ഉപനിഷത്തുകൾ. മത പ്രചാരണം ലക്ഷ്യമാക്കി “അള്ളോപനിഷത്തു” “ക്രിസ്തീയോപനിഷത്തു” തുടങ്ങി ഋഷി പ്രോക്തം അല്ലാത്ത, വ്യാജ ഉപനിഷത്തുകളും മുഗൾ ഭരണകാലത്തും ബ്രിട്ടീഷ്‌ ഭരണകാലത്തും ഭാരതത്തിൽ പ്രസിദ്ധീകരിച്ചു. അവയൊന്നും ഭാരതീയ ഋഷിമാരുമായോ വേദങ്ങളുമായോ ഒരു ബന്ധവും ഇല്ലാത്തവയാണെന്നു തെളിയിക്കപ്പെടുകയും പണ്ഡിതലോകം അവയെ തിരസ്കരിക്കുകയും ചെയ്തു ശങ്കര ഭാഷ്യത്തെ അധികരിച്ചുള്ള ഉപനിഷദ് വ്യാഖ്യാനങ്ങൾ ഇന്നു മലയാളത്തിൽ ലഭ്യമാണ്. ഭാരതീയ പൈതൃകത്തിലെ ഈ അമൂല്യരത്നങ്ങൾ വേണ്ടവിധം ഉപയോഗിച്ചു വിദ്യാഭ്യാസകാലവും തുടർന്നുള്ള ജീവിതവും ധന്യമാക്കുവാൻ സാക്ഷര കേരളത്തിലെ എല്ലാ വ്യക്തികൾക്കും സാധ്യമാകട്ടെ എന്നാശംസിക്കുന്നു.

കടപ്പാട്‌ : പി ജി ദാമോദരൻ നായർ

Tuesday, February 21, 2017

ഭാരതീയ ചിന്താധാര

മ്മുടെ ദൃഷ്ടി സമക്ഷത്തിലുള്ള സർവ്വതും ആവിർഭവിച്ച് സ്ഥിതി ചെയ്ത് അന്തർധാനം ചെയ്യുന്നവയത്രേ. പ്രസ്തുത പരിതസ്ഥിതിയിലാണ് ഇതിന്നു വിപരീതമായി അനശ്വരവും, കാലാതീതവും എന്നൊക്കെയുള്ള വിവക്ഷയ്ക്കർഹമായ വല്ലതുമുണ്ടോ എന്നൊരന്വേഷണമുദയം ചെയ്യുന്നത്. അനശ്വരവും സമസ്ത സൃഷ്ടിക്കും കാരണഭൂതവുമായ ഒന്നിനെ മാത്രമേ ആത്യന്തികമായ സത്യമായി വിലയിരുത്തൂ എന്നതിനാൽ, ഉദ്ദേശ്യം നമ്മളെ സത്യാന്വേഷികളാക്കുന്നു. 
ഇത്തരത്തിലുള്ള തത്വചിന്തയിൽ നിന്നു തന്നെയാകണം ഈശ്വരൻ, പ്രപഞ്ചം, ആത്മാവ് തുടങ്ങിയ സംജ്ഞകളുടെ ആവിർഭാവവും അവയ്ക്കു പിന്നേയുളള മാനവൻ്റെ പരക്കം പാച്ചിലുമെല്ലാം. മുൻസൂചനാനുസൃതമായി ചരിത്രാതീത കാലം മുതൽക്കു തന്നെ  മനുഷ്യൻ സത്യാന്വേഷണമാരംഭിച്ചു. പ്രസ്തുത കൃത്യത്തിൽ മുൻപന്തിയിൽത്തന്നെയാണ് ഭാരതീയ തത്വചിന്തകരും, ഇത്തരത്തിലുള്ള സത്യ ദർശികളും ക്രാന്ത ദർശികളുമായ മനീഷികൾ ഋഷീശ്വരന്മാർ എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ആ മഹാനുഭാവന്മാരുടെ അനർഗളമായ നിരീക്ഷണ, വിശകലന പ്രക്രിയയിലൂടെ അനേകം ദർശന സമുച്ഛയങ്ങളുദയം ചെയ്തു.

വീക്ഷണ വൈവിധ്യം

ആധുനിക പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ഇതിനെ ഭൗതികവാദം, ആത്മീയവാദം എന്നിങ്ങന്നെ വ്യതിരിക്ത ബോധത്തിലൂടെ അവലോകന വിധേയമാക്കുന്നു.
എന്നാൽ ഭാരതീയരൊരിക്കൽ പോലും ഇവയെ വേർതിരിച്ചു നിർത്തിയില്ല, കാര്യമുണ്ടെങ്കിൽ കാരണഹേതുവായ് മേവുന്ന ഒന്നുണ്ടെന്ന അനുമാനത്തിൽ അന്വയ-വ്യതിരിക്ത മാർഗ്ഗത്തിലൂടെ അവർ ഇവയെ സമീപിച്ചു. എപ്രകാരമാണോ സമസ്ത വൃക്ഷത്തെയും ഒരു ബീജമുൾക്കൊള്ളുന്നത്, അപ്രകാരം തന്നെ സമസ്ത ഭൗതിക ലോകവും ആത്മീയതയിലന്തർലീനമാണെന്നതത്രേ ഭാരതീയ സങ്കൽപം.

ഒന്നുമാത്രമാണ് പരമസത്യമെന്നത് ഏകത്വവാദം. സത്യം  പലതുണ്ടെന്നുള്ളത് അനേകത്വവാദം. സത്യം ശൂന്യത ആണെന്നു പറയുന്നവരും  കുറവല്ല. ഇതിനു  ശൂന്യവാദം  എന്ന് പറയുന്നു. ശക്തി മാത്രമാണു സത്യം  എന്നു വിശ്വസിക്കുന്നവർ  ശാക്തേയന്മാർ  എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ജ്ഞാനമാണ്  സത്യം  എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തെ ജ്ഞാനവാദികൾ  എന്നുപറയുന്നു. വൈയാകരണന്മാർക്കു  ശബ്ദമാണ്  സത്യം. ആത്മ വാദികൾക്കാകട്ടെ  ആത്മാവു  മാത്രമാണു  സത്യം. ഇങ്ങനെ  പരമ  സത്യത്തെ  പലരും   താന്താങ്ങളുടെ അറിവിനും  ബുദ്ധിക്കും  യുക്ത്തിക്കും  സംസ്കാരത്തിനും  യോജിച്ചവിധം പല  രീതീവിധാനങ്ങളിൽ വർണിക്കുന്നു.

പാശ്ചാത്യ  തത്വ ചിന്തകരായ  ഫിക്ടെ  ആത്മാവെന്നും , ഷെലിങ്ങ്  പ്രകൃതി എന്നും ,     ഫ്രെഡറിക് ഹെഗൽ  നിരപേക്ഷ  പ്രത്യയമെന്നും,  ഗ്രീൻ അപരിച്ചിഹ്ന ചൈതന്യം  എന്നും, ബ്രൈഡൽ   അപരോക്ഷാനു ഭുതിയെന്നും പരമസത്യത്തെവിശേഷിപ്പിക്കുന്നു. മേൽപറഞ്ഞ പാശ്ചാത്യ ചിന്തകരുടെ  പരമസത്യത്തെ സംബന്ധിച്ച സമസ്ത വിവരണങ്ങളും "അന്ധന്മാരുടെ ആന ദർശനം" പോലെയാണെന്നത് ഭാരതീയ ദർശനങ്ങളെ  അവയുടെ  രീതി വിധാനത്തിൽ, അന്വയ വ്യതിരിക്തമാർഗത്തിൽ പഠിക്കുകയും  വിലയിരുത്തുകയും ചെയ്യുന്നവർക്കു സുബോദ്ധ്യമാകും.


ഭാരതീയ  ചിന്താധാര

ഭാരതീയ ഋഷിമാരുടെ  സത്യാന്വേഷണ ത്വര അതിവിശാലവും, അസാമാന്യവുo, അവരുടെ നിഗമനങ്ങൾ  കാലദേശാതിവർത്തിയും സുസമ്പുർണ്ണവുമാണ്. അവരുടെ  ധിഷണാ  വൈഭവം  നമ്മെ  അമ്പരപ്പിക്കും. അവർ  കണ്ടെത്തിയ ജ്ഞാനരത്നങ്ങൾ അമുല്യങ്ങളാണ്. പരമസത്യ സംബന്ധിയായ ഭാരതീയ ചിന്ത ഹിമാലയം പോലെ അത്യുന്നതവും, ലോകോത്തരവും, നിസ്തുലവുമത്രേ. നമ്മുടെ ദൃഷ്ടി സമക്ഷമുള്ളത് മാത്രമാണ് സത്യമെന്നുല്ലംഗിക്കുന്ന ചാർവകദർശനം  മുതൽ ദൃശ്യമായതൊന്നും സത്യമല്ലെന്ന് യുക്തിസഹവും ബുദ്ധിസഹവുമായി സമർത്ഥിക്കുന്ന അദ്വൈത സിദ്ധാന്തം വരെ  ആസ്തികവും നാസ്തികവും ആയ അനേക  ദർശനങ്ങൾ ഉൾകൊള്ളുന്നതാണ്  ഭാരതീയ ചിന്താധാര.

ഋഷീശ്വരന്മാർ സ്വപ്നം  സുഷുപ്തി  ജാഗ്രത്  എന്നീ  മൂന്നവസ്ഥകളെ ,നിരീക്ഷണ,  പഠന ,  മനന , നിദിദ്ധ്യാസന, ധ്യാന മാർഗങ്ങളിലുടെ അതിലംഘിച്ചു  തുരീയാവസ്ഥയെ പ്രാപിച്ചു  സത്യസാക്ഷാൽക്കാരം നേടിയവരാണ്.


ഷഡ് ദർശനങ്ങൾ

ഭാരതീയ  ദർശനങ്ങളുടെ  അടിത്തറ  വേദങ്ങളാണ്. വേദങ്ങളുടെ  പിൻബെലമില്ലാത്ത  നാസ്തിക  ദർശനങ്ങളും  ഉണ്ട്. എന്നാൽ  നാസ്തിക  ദർശനങ്ങളെയും  ഉൾകൊള്ളുന്നതാണ്  വേദങ്ങൾ.സത്യാന്വേഷണ  മാർഗത്തിൽ  പുരാതന  ഋഷിമാർ  കണ്ടെത്തിയ  പ്രത്യക്ഷവും  പരോക്ഷവും  ആയ  തത്ത്വങ്ങളെ വിചാര  വിമർശനം  നടത്തിയും  പുർവ പക്ഷാക്ഷേപം  ചെയ്തും   രൂപപ്പെടുത്തിയതും , അതതു തലത്തിൽ  സാർഥകവും  സമ്പൂർണവും എന്നു  പറയാവുന്നവയുമായ ദർശനങ്ങൾ  ആറെണ്ണമുണ്ട്. കപിലൻ , പതഞ്‌ജലി, ഗൌതമൻ, കണാദൻ,ജൈമിനി, ബാദരായണൻ എന്നീ ഋഷിമാരാണു  ഷഡ് ദർശനങ്ങളുടെ  ഉപജ്ഞാതാക്കൾ. സാംഖ്യം , യോഗം , ന്യായം,വൈശേഷികം ,പുർവ മീമാംസ ,ഉത്തരമീമാംസ  എന്നിവയാണു  ഷഡ്  ദർശനങ്ങൾ. ഉത്തരമീമാംസയിൽ  പെടുന്നതാണു  അദ്വൈത  ദർശനം.


തമസ്കരണ ശ്രമങ്ങൾ

കഴിഞ്ഞ  കാലങ്ങളിൽ  വൈദിക  പാരമ്പര്യത്തെയും  ചാതുർവർണ്യ  സമ്പ്രദായത്തെയും     നിക്ഷിപ്ത   താല്പര്യങ്ങൾക്കായി  വിനിയോഗിക്കുക  മൂലം  വേദജ്ഞാനം  സാധാരണക്കാർക്ക്‌ അപ്രാപ്യമായിരുന്നു. എന്നാൽ  ഇന്ന് ഏതൊരു  വ്യക്തിക്കും  വേദങ്ങൾ,  ഉപനിഷത്തുകൾ,  ഭഗവദ്ഗീത,മഹാഭാരതം,  രാമായണം , പുരാണങ്ങൾ   തുടങ്ങി  ഭാരതീയ സാഹിത്യത്തിൻറെ  അമൂല്യ  ശേഖരം  തുറന്നു  കിട്ടിയിട്ടുണ്ട്.ആധുനിക  വിദ്യാഭ്യാസം  ലഭിച്ച  പലരും  നമ്മുടെ പൌരാണിക     ജ്ഞാനത്തെ വേണ്ടത്ര ആഴത്തിൽ  പഠിക്കുവാനോ മനസിലാക്കുവാനോ  ശ്രമിക്കാതെ, അവയെല്ലാം അശാസ്ത്രീയവും, അബദ്ധജടിലവും, വൈരുദ്ധ്യം  നിറഞ്ഞതും എന്നു പ്രസംഗിച്ചു നടക്കാറുണ്ട്. തൻറെ സ്വത്വവും  ഇടവുംതിരിച്ചറിയാനാവാതെ അന്യവൽക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ അനിവാര്യമായ  ജല്പനങ്ങളായി  ഇതിനെ   കണ്ടാൽ മതി.സ്വാഭിമാനവും പൈതൃകവും    എന്തെന്നറിയാത്ത  ഇവരെ തത്കാലം  അവരുടെ വഴിക്കു വിടാം. ഇരുട്ടിൽ തപ്പുന്നവർക്കു  പ്രകാശത്തിന്റെ  ഒരു കൈത്തിരി  നൽകാനാകും.  എന്നാൽ പ്രാകാശത്തിനു നേരെ  കണ്ണടക്കുന്നവരെ  എങ്ങനെ സഹായിക്കും ?  “വെളിച്ചം ദുഖമാണ് - തമസ്സല്ലോ  സുഖപ്രദം”  എന്നു  പറയാനുള്ള സ്വാതന്ത്ര്യവും  ഭാരത സംസ്കാരത്തിലുണ്ട്.

ഭാരതീയ ഋഷിമാരുടെ  ആവിഷ്ക്കാരസമ്പ്രദായം  സാധാരണക്കാരുടെ ബുദ്ധിക്കും  യുക്തിക്കും  പെട്ടെന്നു  വഴങ്ങുന്നതല്ല.  അതുകൊണ്ടാണ്   " ആര്യന്മാർ  മൃഗങ്ങളെ  മേച്ചു  വനാന്തരങ്ങളിൽ നടന്നപ്പോൾ അഗ്നി , കൊടുംകാറ്റ്, മഴ ,ഇടിമിന്നൽ  മുതലായ പ്രകൃതി  ശക്തികളെ കണ്ടു  ഭയപ്പെട്ടുവെന്നും  അവയെ  ദൈവങ്ങളായി  സങ്കല്പിച്ചു ആ  ഇടയന്മാർ പാടിയ  സ്തുതി  ഗീതങ്ങളാണ് വേദങ്ങളും  ആരണ്യകങ്ങളും" എന്നും  മറ്റും   അധിനിവേശ  സംസ്കാരത്തിൻറെ  കുഴലൂത്തുകാർ   പ്രചരിപ്പിച്ചപ്പോൾ  നമ്മുടെ  ഇടയിൽ  ചിലരെങ്കിലും  അതു  വിശ്വസിച്ചത്.

ഇരുപതാം  നൂറ്റാണ്ടിൻറെ അവസാന ദശകം വരെ ഭാരതീയ സംസ്കാരത്തിന്  എതിരായ ഈ  ദുഷ്പ്രചരണം  ഒരു  പരിധി  വരെ  വളർത്തി കൊണ്ടുവരുവാൻ തൽപരകക്ഷികൾക്ക് കഴിഞ്ഞുവെങ്കിലും, ശാസ്ത്ര-വിവര  സാങ്കേതിക  രംഗത്തെ  വിസ്ഫോടനം  ഈ  കുബുദ്ധികൾക്ക്  തിരിച്ചടിയായി.ഭാരതീയ പൌരാണിക ശാസ്ത്ര ഗ്രന്ഥങ്ങളെ  "മതഗ്രന്ഥങ്ങൾ " എന്നു  മുദ്രകുത്തി വിദ്യാഭ്യാസ രംഗത്തു നിന്നു  മാറ്റിനിർത്താനുള്ള  ശ്രമങ്ങൾ  ശക്തമെങ്കിലും ഭാരതീയ ജ്ഞാനത്തിൻറെ  അതുല്യ  പ്രഭാവത്തെ  ഇല്ലാതാക്കാൻ  ആർക്കും  കഴിയില്ല.  അതു ബോധ്യപ്പെട്ടതു കൊണ്ടാകണം  “വേദങ്ങൾ ഉണ്ടായതു  ഭാരതത്തിലല്ല   സംസ്കൃതം  നമ്മുടെ ഭാഷയല്ല”  എന്നൊക്കെ  അസത്യങ്ങൾ പുലമ്പുന്ന, അധിനിവേശ  സംസ്കാരത്തിനു  വിടുപണി  ചെയ്യുന്ന  പലരും  അടുത്ത കാലത്തു  രംഗപ്രവേശം ചെയ്തു  തുടങ്ങിയിട്ടുണ്ട്.

രീതി ശാസ്ത്രം

എല്ലാ ശാസ്ത്രങ്ങളും  പഠിക്കുന്നതിന്  ഒരു രീതി  ശാസ്ത്രവും  ക്രമവും  ഉണ്ട് .ഉദാഹരണത്തിന്   സ്കൂളിൽ  താഴ്ന്ന   ക്ലാസ്സുകളിൽ  നാം    സുര്യൻ  കിഴക്കുദിക്കുകയും  പടിഞ്ഞാറസ്തമിക്കുകയും  ചെയ്യുന്നു  എന്നു  പഠിക്കുകയും  പഠിപ്പിക്കുകയും  ചെയ്യുന്നു. യഥാർത്ഥത്തിൽ  സുര്യൻ  ഒരിടത്തു  നിൽക്കുകയും  ഭുമി  അതിൻറെ  അച്ചുതണ്ടിൽ  പടിഞ്ഞാറു നിന്നു  കിഴക്കോട്ടു  തിരിയുകയുമാണ് ചെയ്യുന്നതെന്നു  പിന്നീടറിയുന്നു. വീണ്ടും  കൂടുതൽ  പഠിക്കുമ്പോൾ  സുര്യനും  ഭുമിയും  മറ്റു  ഗ്രഹങ്ങളും  ഉൾകൊള്ളുന്ന  സൌരയൂഥം  ബ്രഹ്മാണ്ഡത്തിന്റെ  വളരെ  ചെറിയൊരു  അംശം  മാത്രമാണെന്നും  പ്രപഞ്ചത്തിലെ  എല്ലാ  വസ്തുക്കളും  സാപേക്ഷികമായി  ചലിച്ചുകൊണ്ടിരിക്കുന്നു  എന്നും  മനസിലാക്കുന്നു. നക്ഷത്രങ്ങളുടെയും  ഗ്രഹങ്ങളുടെയും  ഉദയാസ്തമനങ്ങൾ  വ്യവഹാരികതലത്തിൽ  സാപേക്ഷികമായി  ഉണ്ടാകുന്ന  ഭ്രമം  മാത്രം ആണ്  എന്നും  തിരിച്ചറിയുന്നു.ഇതുപോലെ  സത്യാന്വേഷണത്തിന്റെ   പാതയിൽ    ജ്ഞാനത്തിൻറെ   വിവിധ   പടവുകൾ  താണ്ടേണ്ടതുണ്ട്. അവയെല്ലാം   ഒന്നൊന്നായി    പരീക്ഷിച്ചും  നിരീക്ഷിച്ചും  പഠിച്ചും  തരണം   ചെയ്തു പരമ ജ്ഞാനത്തിന്റെ പാരമ്യംകണ്ടവരാണ് ഋഷിമാർ. നിരീക്ഷണ,  പഠന,  മനന, നിദിദ്ധ്യാസന,  ധ്യാന  മാർഗങ്ങളിലുടെ  മാത്രമേ  ഭാരതീയ  ദർശനങ്ങളുടെ  യുക്തിഭദമായ  അന്തസത്ത  ഉൾക്കൊള്ളാൻ  കഴിയുകയുള്ളൂ.ആധുനിക ശാസ്ത്രം പഠിച്ചവർക്കു  പൊതുവായും , ഫിസിക്സ്‌  രസതന്ത്രം   ജീവശാസ്ത്രം   മോഡേണ്‍ മാത്തമാറ്റിക്സ്  എന്നിവയിൽ  ഉന്നത  പഠനം  നടത്തിയവർക്കു  പ്രത്യേകമായും   ഭഗവദ്ഗീത  ഉപനിഷദ് , വേദങ്ങൾ  എന്നിവയുടെ   താത്വികമായ  അർത്ഥം  വേഗത്തിൽ മനസിലാക്കാൻ  കഴിയും  എന്നാണ്  അനുഭവം.

 “ഏതൊന്നറിഞ്ഞാൽ  എല്ലാം  അറിഞ്ഞതായി  ഭവിക്കുമോ  ആ  ജ്ഞാനമാണ്” ഋഷി  പ്രോക്തങ്ങളായ  വേദങ്ങളിലും ഉപനിഷത്തുക്കളിലും      ഉള്ളത്  എന്ന് യുവ  തലമുറയും ആധുനിക ശാസ്ത്രജ്ഞരും  തിരിച്ചറിഞ്ഞു  തുടങ്ങിയിരിക്കുന്നു.


അദ്വൈത സിദ്ധാന്തം

അദ്വൈത സിദ്ധാന്തം പരമ സത്യത്തെക്കുറിച്ചു  പറയുന്നതിപ്രകാരമാണ:  പരമ സത്യം ഏകമാണ്. അതു കാലാതീതവും  ഗുണാതീതവും അലക്ഷണവും  അഗോചരവും  അനിർവചനീയവും  അദ്വൈതവും  ആണ്."ഏകം  ഏവാദ്വിതീയം " എന്ന്  ഉപനിഷത്തുകൾ  ഈ  പരമ സത്യത്തെ  വിവരിക്കുന്നു. പരബ്രഹ്മം , പരമാത്മാവ്‌ , പരാശക്തി,  ഈശ്വരൻ  എന്നിങ്ങനെ  പല  പേരുകളിൽ  അറിയപ്പെടുന്ന  ഗുണാതീതമായ  കേവല  സത്യം  സ്വേഛയാൽ  സഗുണമായും  നിർഗുണമായും പ്രതിഭാസിക്കുന്നതാണ് യഥാക്രമം  ദൃശ്യ പ്രപഞ്ചവും  അതിൻറെ  നാലാമത്തെ  മാനമായ  കാലവും. സത്വം , രജസ് ,തമസ്സ് എന്നീ  ഗുണങ്ങളാണ്  പ്രപഞ്ചത്തെ  സഗുണമാക്കുന്നത്. സത്വ  രജ  തമോ  ഗുണങ്ങൾ  വിവിധ അനുപാദത്തിൽ  ചേർന്നുണ്ടാകുന്നതാണ്  പ്രകൃതി.  പ്രകൃതിയും  കാലവും  തമ്മിൽ  അഭേദ്യമായ  ഒരു  പാരസ്പര്യമുണ്ട്‌. ഗുണങ്ങളുടെ പ്രകാശനം  ഉചിതമായ  സ്ഥലത്തും  സമയത്തും  മാത്രം  സംഭവിക്കുന്നു.ഗുണങ്ങളുടെ  വൈവിദ്ധ്യ പൂർണമായ  പ്രകാശനം മാറ്റങ്ങളുണ്ടാക്കുന്നു. മാറ്റങ്ങളിലൂടെ സ്ഥലകാലങ്ങളുടെയും  ത്രിഗുണങ്ങളുടെയും   സംഘാതമായ പ്രപഞ്ചത്തിൽ, നാംകാലത്തെ തിരിച്ചറിയുന്നു. ജീവാത്മാക്കൾക്ക്  കർമഫലാനുഭവത്തിനുളള വേദിയാണ്  പ്രപഞ്ചം. പ്രപഞ്ചത്തിനു സൃഷ്ടി സ്ഥിതി  ലയങ്ങൾ  ഉണ്ട്. വ്യാവഹാരിക തലത്തിൽ  മാത്രമേ  അതിനു  നിലനിൽപ്പുള്ളൂ.   പ്രപഞ്ചം  ഒരു  പ്രതിഭാസമാണ്. പ്രതിഭാസം എന്നാൽ  തോന്നൽ ,മിഥ്യാഭാവം,ബാഹ്യാകൃതി, എന്നാണർത്ഥം. അതുകൊണ്ട് പ്രപഞ്ചം നിത്യ സത്യമല്ല.

ഈ  സിദ്ധാന്തമനുസരിച്ച്  ഗുണാതീതമായ  പരമാത്മ ചൈതന്യം  പാരമാര്‍ഥിക  തലത്തില്‍  ഏകവും  അദ്വിതീയവും  അഖണ്ഡവും  ആണ് . ഈ  ചൈതന്യം   മറ്റൊന്നിനേയും  ആശ്രയിക്കാതെ  സ്വേഛയാല്‍  വ്യാവഹാരിക  തലത്തില്‍  പലതായി  പ്രതിഭാസിക്കുകയാണ്  ചെയ്യുന്നത്. അഗ്‌നിയും  അതിന്റെ   ദാഹക    ശക്തിയും   രണ്ടല്ല ;  ഉപ്പും  അതിന്റെ  ഉപ്പുരസവും  രണ്ടല്ല എന്നതു  പോലെ  ചൈതന്യവും  അതിന്റെ ഇഛശക്തിയും  രണ്ടല്ല.  അതുകൊണ്ട്  സ്രഷ്ടാവും  സൃഷ്ടിയും  രണ്ടല്ല.  രണ്ടെന്നു  തോന്നും  എന്നാല്‍  യഥാര്‍ത്ഥത്തില്‍ രണ്ടല്ല . ഇക്കാരണത്താല്‍  രണ്ടല്ലാത്തത് എന്നര്‍ത്ഥമുള്ള  ' അദ്വൈതം ' എന്ന്  ശ്രീ .ശങ്കരാചാര്യര്‍ ഈ   ദര്‍ശനത്തെ  വിളിച്ചു.

പരമസത്യം  ഏകമാണ്. അതു  ബ്രഹ്മമാണ്; കേവല  ചൈതന്യമാണ്.  ഈ  ചൈതന്യം  പ്രകര്‍ഷേണ  പഞ്ചീകരിക്കപ്പെട്ടു  പ്രതിഭാസിക്കുന്നതാണ്  പ്രപഞ്ചം. ഈ  ബ്രഹ്മചൈതന്യത്തിന്റെ  സാന്നിദ്ധ്യമില്ലാത്ത    ഒരിടവും  ബ്രഹ്മാണ്ഡത്തിലില്ല. എല്ലാത്തിലും  അതുണ്ട്. എല്ലാം അതില്‍  സ്ഥിതി ചെയ്യുന്നു. അനന്യമായ   ഈ  ചൈതന്യത്തില്‍  നിന്നന്യമായി ഒന്നുമില്ല. സ്രഷ്ടാവില്‍  നിന്നന്യമല്ല  സൃഷ്ടി. മറ്റൊരു  മതത്തിലും   കാണാത്തതും   ആധുനിക   ശാസ്ത്രത്തിന്റെ   കണ്ടെത്തലുകളെ   ഉള്‍ക്കൊണ്ടും   അതി ലംഘിച്ചും   നില്‍ക്കുന്നതുമായ   ഈ  മഹത്തായ  ദര്‍ശനം ഹിന്ദുക്കള്‍ക്കു  സ്വന്തം.


 ദര്‍ശന സമന്വയം

പ്രപഞ്ചം  ,ജീവന്‍ ,ആത്മാവ്  ഈശ്വരന്‍  എന്നിവയെ സമ്പന്ധിച്ച്  അനിഷേധ്യമായ  സങ്കല്‍പം , അതിഭൗതിക  വിഷയങ്ങള്‍ ,നീതിശാസ്ത്രം ,ആധുനിക  ശാസ്ത്രത്തിന്റെ  കണ്ടെത്തലുകള്‍ എന്നിവ  യുക്തിഭദ്രമായി  സമ്മേളിക്കുന്ന  ലോകോത്തര  തത്വശാസ്ത്രമാണ് ഭാരതീയ ദര്‍ശനങ്ങളുടെയും , ആഗോള  തത്വ ജ്ഞാനത്തിന്റെയും  അവസാന  വാക്കെന്നു  പറയാവുന്ന  അദ്വൈത  ദര്‍ശനം.
പ്രത്യക്ഷത്തില്‍  വൈരുദ്ധ്യം  നിറഞ്ഞതെന്നു  തോന്നാവുന്ന   ഷഡ്  ദര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍  സത്യാന്വേഷിയെ  ജ്ഞാനത്തിന്റെ  വിവിധ  തലങ്ങളിലുടെ  അദ്വൈത  ദര്ശനത്തിലേക്ക്   എത്തിക്കുന്ന  സോപനങ്ങളാണ്. യുക്തി ചിന്തയിലുടെ  സാവധാനം  മാത്രമേ  ഈ  മഹത്തായ  ദര്‍ശനം  മനസിലാക്കാന്‍  സാധിക്കുകയുള്ളൂ. എതെങ്കിലും ഒരു സിദ്ധാന്തത്തിന്റെ  കോണിപ്പടികളില്‍  കുടുങ്ങിപ്പോകുന്നവര്‍ക്ക്  അദ്വൈത  ദര്‍ശനത്തിന്റെ  നിസ്തുലാനുഭുതി  അപ്രാപ്യമായിത്തീരുക  സ്വാഭാവികമാണ്.

ഒരു  പ്രത്യയ  ശാസ്ത്രത്തിന്റെയോ ,മതത്തിന്റെയോ ,ഏതെങ്കിലും  വിധത്തിലുള്ള മുന്‍വിധികളുടെയോ ചട്ടക്കൂടുകള്‍കുള്ളില്‍  കുടുങ്ങി പോകാതെ ,നിരീക്ഷണം , പഠനം ,     മനനം , നിദിദ്ധ്യാസനം എന്നിവയിലുടെ  സ്വതന്ത്രവും പക്ഷപാത രഹിതവും  ആയ ശാസ്ത്രീയ സത്യാന്വേഷണം  സാദ്ധ്യമാകുന്ന ഏതൊരു  വ്യക്തിക്കും പ്രപഞ്ചത്തിന്റെ  അദ്വൈതാവസ്ഥ  അനുഭവവേദ്യമാകാവുന്നതേയുള്ളൂ.

ആധുനിക  ശാസ്ത്രത്തിന്റെ  എല്ലാ  കണ്ടെത്തലുകളെയും  ഉള്‍കൊണ്ടും  അതിജീവിച്ചും  നില്‍ക്കുന്നു  അദ്വൈത  ദര്‍ശനം. ഇതിന്റെ  ബീജം  ഋഗ്വേദത്തിലെ  നാസദീയ  സൂക്തത്തില്‍  കാണാം. ബാദരായണ  മഹര്‍ഷി ഈ ദര്‍ശനത്തെ  വികസിപ്പിച്ചു. ബ്രഹ്മസൂത്രം , ദാശോപനിഷത്തുകള്‍,  ഭഗവദ്ഗീത  എന്നിവക്കു  ഭാഷ്യം  രചിച്ചു കൊണ്ട് പ്രസ്ഥാനത്രയത്തിലുടെ  ശ്രീ .ശങ്കരാചാര്യര്‍ ഈ  ദര്‍ശനത്തെ  ലോകോത്തരമാക്കി  പ്രതിഷ്ടിച്ചു. ലോകം  കണ്ട  ഏറ്റവും വലിയ  പ്രതിഭാശാലി  ആരെന്ന  ചോദ്യത്തിന് ഈ  ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലും ശ്രീശങ്കരാചാര്യര്‍  എന്നല്ലാതെ ശാസ്ത്ര-    ജ്ഞാനമുള്ളവര്‍ക്ക്  മറ്റൊരുത്തരം  പറയാനാവില്ല. ശ്രീ.ശങ്കരാചാര്യരുടെ  വിവേക ചൂഡാമണി  എന്ന ഗ്രന്ഥം  വായിച്ചു  എന്നും  അതിലെ  ശ്ലോകങ്ങള്‍  ശാസ്ത്ര ലോകം  ഗവേഷണ  വിഷയം  ആക്കണമെന്നും ഡോ.A.P.J അബ്ദുല്‍ കലാം  അടുത്ത  കാലത്തു  പ്രസ്താവിക്കുകയുണ്ടായി.

ആധുനിക  ശാസ്ത്രത്തിന്റെ  കണ്ടെത്തലുകളും യുക്തിചിന്തയും എല്ലാ പാശ്ചാത്യ മതങ്ങളേയും സംസ്‌കാരങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും    പിടിച്ചു കുലുക്കുകയും    തകര്‍ത്തുകളയുകയും  ചെയ്തുവെങ്കിലും ഭാരതസംസ്‌കാരം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. പ്രപഞ്ചത്തെ  സംബന്ധിച്ച  ഹൈന്ദവ  സങ്കല്പങ്ങള്‍ക്കും  സിദ്ധാന്തങ്ങള്‍ക്കും  നാള്‍ക്കുനാള്‍  ലോകമെമ്പാടും  സ്വീകാര്യത  വര്‍ദ്ധിച്ചു വരുന്നതായി  കാണുന്നു. ആധുനിക  ശാസ്ത്രം  നേരിടുന്ന  സമസ്യകള്‍ക്ക്  ഉത്തരം  തേടി ആധുനിക ശാസ്ത്രജ്ഞന്മാര്‍  ഉപനിഷത്തു കളിലേക്കു  തിരിയുന്നു. വേണ്ട വിധം  അതു  പഠിക്കാന്‍  ശ്രമിച്ചവരാകട്ടെ  ഭാരതീയ  ഋഷിമാരുടെ  ധിഷണാ വൈഭവത്തിനു  മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.


ഹിന്ദുത്വം

അദ്വൈത ബോധം  ഓരോ  ഹിന്ദുവിനും  ജന്മസിദ്ധമാണ്.വിശ്വ മാനവികത  ഹിന്ദുക്കളുടെ  രക്തത്തില്‍  അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഹിന്ദുത്വം  ഏതെങ്കിലും  ഒരു വ്യക്തിയുടെയോ  ഒരു ഗ്രന്ഥത്തിന്റെയോ  അനുശാസനങ്ങളെ  അടിസ്ഥാനമാക്കി  ശരിതെറ്റുകളെ  നിര്‍ണയിക്കുന്നില്ല. ഹൈന്ദവ ജ്ഞാനത്തിന്റെ  സാരസംഗ്രഹം  അവരെ നയിക്കുന്നു. അതുകൊണ്ടു ഹിന്ദുക്കള്‍  വര്‍ഗ്ഗീയ വാദികളല്ല. മതാചാരങ്ങളുടെയോ വിസ്വാസങ്ങളുടെയോ  കാര്യത്തില്‍ ഹിന്ദുക്കള്‍  തീവ്രനിലപാടുകള്‍  എടുക്കാറില്ല. ആരാധനാ  സമ്പ്രദായങ്ങളെക്കാള്‍   ധര്‍മ്മാനുഷ്ടാനത്തിനു  പ്രാധാന്യം   നല്‍കുന്നവരാണ്  ഭാരതീയര്‍. സ്വധര്‍മം നിസ്വാര്‍ഥമായി  നിറവേറ്റുക  എന്നതാണു ഏറ്റവും  പ്രധാനം.    സനാതന ധര്‍മം  ആത്യന്തികമായി ജ്ഞാനത്തിലധിഷ്ടിതമാണ്. ജ്ഞാനത്തിനു  വിവിധ തലങ്ങളുണ്ട്.  അതുകൊണ്ടുതന്നെ വൈവിധ്യം നിറഞ്ഞ ഉപാസനാ സമ്പ്രദായങ്ങളും മതാചാരങ്ങളുo, അനുഷ്ടാനങ്ങളും ആരാധനാ  രീതികളും  ഉണ്ട്. പ്രപഞ്ചത്തില്‍,  ഈശ്വരനില്‍  നിന്നന്യമായി  ഒന്നുമില്ലെന്നിരിക്കെ വ്യാവഹാരിക തലത്തില്‍  വിഗ്രഹാരാധന അല്ലെങ്കില്‍  ഏതെങ്കിലും  ഒരു  സാത്വികമായ ആരാധനാ  രീതി  തെറ്റെന്നു  പറയുന്നവരല്ലേ  അറിവില്ലാത്തവര്‍?  അവരെയല്ലേ   അപരിഷ്‌കൃതരും  അജ്ഞാനികളും എന്നു പറയേണ്ടത്? സ്വന്തം കാഴ്ചപ്പാടിന്റെ    വിശാലത  മൂലം  ഇത്തരം  അബദ്ധജടിലമായ  വീക്ഷണങ്ങളേയും  വിമര്‍ശനങ്ങളെയും  അതതു  തലത്തില്‍   നോക്കികാണാനും   ആ  തലത്തില്‍  സഹിഷ്ണുതയോടെ കേള്‍ക്കുവാനും   പ്രബുദ്ധരായ ഹിന്ദുക്കള്‍ തയ്യാറാകുന്നു. ഈ  വിശാലമനസ്‌കത   ദൗര്‍ബല്യമായി  കണക്കാക്കി  സമൂഹത്തില്‍ നിലനില്‍ക്കുന്ന  അജ്ഞാനത്തെ  ചുഷണം ചെയ്യുന്നതിനു  തുനിഞ്ഞിറങ്ങിയിരിക്കുന്ന  ''വിശ്വാസത്തിന്റെ  വ്യാപാരികളെ''  ഹിന്ദു  സമൂഹം  തിരിച്ചറിയേണ്ടതുണ്ട്.

ഹിന്ദുത്വം എന്നത് മതം  എന്നതിലുപരി  ഒരു സംസ്‌കാരമാണ്; അതൊരു  ജീവിത ശൈലിയാണ്. ഗ്രന്ഥങ്ങളില്‍  പറയുന്ന തത്വങ്ങള്‍  പഠിച്ച  ശേഷം  ''ഉചിതമെങ്കില്‍  ആചരിക്കുക'' എന്നുപറയുന്ന  ലോകത്തിലെ  ഒരേ  ഒരു  മതം  ഹിന്ദു  മതമാണ്. ഒരു   പ്രവാചകനും  ഒരു  പുസ്തകവും   മാത്രമേ  ശരിയുള്ളൂ  എന്ന്  ഒരു  ഹിന്ദുവും  ഇന്നു വരെ ശഠിച്ചിട്ടില്ല. അങ്ങനെ  പറയുന്നവരുടെ   വിശ്വാസത്തെ   ഹിന്ദുക്കള്‍   ചോദ്യം  ചെയ്യാറുമില്ല. അവരുടെ  വിശ്വാസം  അവരെ  രക്ഷിക്കട്ടെ  എന്നു  ചിന്തിക്കുന്നവരാണ്  ഹിന്ദുക്കള്‍. മതം മാറ്റല്‍ ,ഊരുവിലക്ക്, പുറത്താക്കല്‍  എന്തിന്,  മതം  എന്ന  വാക്കു തന്നെ  ഹിന്ദുക്കള്‍ക്ക്  അന്യമാണ്. മതനിന്ദയുടെ പേരില്‍  കൈവെട്ടലോ  കാല്‍ വെട്ടലോ  ഭാരതീയ  സംസ്‌കാരത്തിലില്ല. മറ്റുള്ളവരുടെ  പ്രതിലോമ കരമായ  പ്രവര്‍ത്തനങ്ങളോടു  പ്രതികരിച്ചുകൊണ്ടല്ലാതെ ആയുധമെടുക്കുകയോ ആക്രമിക്കുകയോ  രക്തചൊരിച്ചിലിനിടയാക്കുകയോ  ചെയ്ത  ചരിത്രവും നമുക്കില്ല. കര്‍മഫല  സിദ്ധാന്തത്തില്‍  വിശ്വസിക്കുന്നവരാണ്  ഭാരതീയര്‍ . 'താന്‍ താന്‍  നിരന്തരം  ചെയ്യുന്ന  കര്‍മങ്ങള്‍  താന്‍  താന്‍  അനുഭവിച്ചിടുകെന്നെ  വരൂ ' എന്നു  ത്രേതായുഗം മുതലേ  ഭാരതീയര്‍ക്കറിയാം. ഏതെങ്കിലും  ഒരു ഭാരതീയന്‍  മതപരമായ  വിവേചനം  മറ്റുള്ളവരോടു  കാണിക്കുന്നുവെങ്കില്‍  അത്  ആ  വ്യക്തിയുടെ തെറ്റായ  പ്രതികരണമാണ്,   ആര്‍ജ്ജിത ഭാവമാണ്; സ്വഭാവമല്ല. കലാപങ്ങള്‍ സൃഷ്ടിച്ചും കൊന്നും കൊലവിളി  നടത്തിയും പാവങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആള്‍മാറാട്ടം നടത്തി വഞ്ചിച്ചും, ഇത്തരം  ഹീന  കൃത്യങ്ങള്‍ക്കെല്ലാം  തങ്ങളുടെ  മത ഗ്രന്ഥങ്ങളുടെ  അംഗീകാരം  ഉണ്ടെന്നു പ്രചരിപ്പിച്ചും,  അതു  തങ്ങളുടെ  പ്രത്യേക  അവകാശമാണെന്നു ന്യായീകരിച്ചും  അല്ല  ഹൈന്ദവസംസ്‌കാരം നിലനിന്നു പോന്നിട്ടുള്ളതും നിലനില്‍ക്കുന്നതും ആധുനിക യുഗത്തില്‍  ലോകമെമ്പാടും വ്യാപിക്കുന്നതും.

'ഏകദൈവം' എന്താണെന്നുo അതിന്റെ സ്വരൂപം എന്തെന്നും തിരിച്ചറിവുള്ള ഹിന്ദുക്കളെ    അതറിയാത്ത  ചിലര്‍  'അവിശ്വാസി'കളെന്നു  പറഞ്ഞു  പരിഹസിക്കുന്ന നിന്ദ്യമായ അവസ്ഥ നിലവിലുണ്ട്. ''ഹിരണ്യായ നമ''  എന്നു  ജപിക്കണമെന്നുo മറ്റു  ദേവനാമങ്ങള്‍  ജപിക്കാന്‍  പാടില്ലെന്നും   ശഠിച്ച ഒരു അസുരന്റെ  കഥ  ഹിന്ദു  പുരാണത്തിലുണ്ട്.  അതറിയുന്ന ഹിന്ദുക്കള്‍ക്ക്, ധര്‍മച്യുതിയുടെ  ഫലമായി  ഇത്തരം  പരിഹാസം ഉണ്ടാകുമെന്നും പരിണതഫലം  എന്തായിരിക്കുമെന്നും ബോധ്യമുണ്ട്. അതുകൊണ്ട് ഹിന്ദുക്കള്‍  ഇത്തരം അല്പജ്ഞാനികളുടെ കടുന്നുകയറ്റത്തെ സഹിഷ്ണുതയോടെ  വീക്ഷിക്കുന്നു.

'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന്  ഓരോ  ഹിന്ദുവും  ആഗ്രഹിക്കുകയും  പ്രാര്‍ഥിക്കുകയും  ചെയ്യുന്നു. നൂറ്റാണ്ടുകളായി  തുടര്‍ന്നു  വരുന്ന  വിപരീത  ശക്തികളുടെ  കടന്നാക്രമങ്ങള്‍ക്ക് മുന്നിലും  പതറാതെ  അവയെ  അതിജീവിച്ചുകൊണ്ട് മത നിരപേക്ഷത യുടേയും  സഹിഷ്ണുതയുടെയും    പ്രതീകമായി  സനാതന  ധര്‍മം  നിലകൊള്ളുന്നു. ഹിന്ദുക്കള്‍  എന്നാല്‍   'ഏക ദൈവത്തെ' അറിയാത്ത  അപരിഷ്‌കൃതരല്ല, പ്രത്യുത  മത നിരപേക്ഷതയുടെ   പ്രതീകങ്ങളാണെന്നു   ലോകം  തിരിച്ചറിഞ്ഞു  തുടങ്ങിയിട്ടുണ്ട്.


ദൈനംദിന ജീവിതവും ആത്മീയതയും

ഭാരതീയ സംസ്‌കാരത്തില്‍  ആത്മീയതയും  ഭൗതികതയും  രണ്ടല്ല.  ഒന്നു മറ്റൊന്നിന്റെ നിഷേധവുമല്ല. ഫല ഭുയിഷ്ഠമായ  മണ്ണില്‍  വേരൂന്നി  വളരുന്ന  വൃക്ഷം  ധാരാളം  തണലും പൂക്കളും  ഫലങ്ങളും നല്‍കുന്നതുപോലെ  ആത്മീയതയുടെ  ഉര്‍വരതയില്‍  വേരൂന്നിയ  മനുഷ്യ ജീവിതം  സഫലമാകുമെന്നതില്‍  സംശയമില്ല. ആത്മീയത  ഇല്ലാത്ത  ജീവിതം ഊഷര ഭുമിയിലെ  ഫലവൃക്ഷം പോലെ ആയിത്തീരും.

ആത്മീയതയെന്നാല്‍  ധര്‍മാനുസൃതമായ ഭൗതിക സുഖാനുഭവങ്ങളുടെ  നിരാകരണമല്ല. ഭാരതീയ  സംസ്‌കാരത്തില്‍, മനുഷ്യജന്മം  എങ്ങനെ ഉണ്ടാകുന്നു എന്നും  എന്തിനു വേണ്ടിയെന്നും  അര്‍ത്ഥ ശങ്കക്കിടവരാത്ത  വിധം  നിര്‍വചിച്ചു  പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പു  സൂചിപ്പിച്ചതു  പോലെ  സനാതന ധര്‍മം  ജ്ഞാനത്തിലധിഷ്ടിതമാണ്.  മനുഷ്യ ജന്മത്തിന്റെ ആത്യന്തികമായ ലക്ഷ്യം  പുരുഷാര്‍ഥങ്ങള്‍ നേടുകയാണ്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണു പുരുഷാര്‍ഥങ്ങള്‍. സ്വധര്‍മം തിരിച്ചറിയുക, ധര്‍മാനുസൃതം   ബുദ്ധിശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും യുക്തിബോധവും കര്‍മവൈഭവവും ഉപയോഗിച്ചു കഠിനാധ്വാനത്തിലുടെ ധനം സമ്പാതിക്കുക. ആ  ധനം  ഉപയോഗിച്ചു ധര്‍മം കൈവിടാതെയും  സഹജീവികളെ മനസ്സാ- വാചാ- കര്‍മണ  ദ്രോഹിക്കാതെയും വിധി വിഹിതമായ ആഗ്രഹങ്ങള്‍  സഫലീകരിക്കുക. (സുഖ ഭോഗങ്ങള്‍  അനുഭവിക്കുക ) 'വസുധൈവ കുടുംബകം''  എന്നകാര്യം മറക്കാതിരിക്കുക,

അധര്‍മത്തെ  ഇല്ലായ്മ  ചെയ്യുക,   സമസ്ഥ  ലോകത്തിനും അഭ്യുദയവും ശ്രേയസും  ഉളവാക്കുന്ന ശ്രേഷ്ഠമായ   വാക്കും  പ്രവൃത്തിയും  ചിന്തയും എല്ലാവരുടേയും  പൊതുവായ  ധര്‍മം  ആണ്  എന്നു  തിരിച്ചറിയുക,  യമനിയമങ്ങള്‍ എന്നറിയപ്പെടുന്ന  പത്തു കല്‍പനകള്‍  അനുസരിച്ചു  ജീവിതം ക്രമീകരിക്കുക.  എല്ലാ  കര്‍മങ്ങളും  ഈശ്വരാര്‍പ്പണം  ആയി  ചെയ്യുക. കര്‍മം  ഭക്തി  ജ്ഞാനം  എന്നിവ  തന്റെ  സ്വത്വത്തിനു  യോജിക്കും  വിധം  സമന്വയിപ്പിച്ചു  ജീവിക്കുക  മോക്ഷം   -   ദുഖത്തില്‍ നിന്നുള്ള മോചനം   -   സുസാധ്യമാണ്.  ഇതാണ്  ഹൈന്ദവസംസ്‌കാരം   ലോകത്തിനു  നല്‍കുന്ന സുപ്രധാന സന്ദേശം.   

അഖണ്ഡ   ബോധത്തില്‍  അധിഷ്ടടിതമായ  എകാത്മക   പ്രപഞ്ച   വീക്ഷണമാണ്  ഹൈന്ദവസംസ്‌കാരത്തിന്റെ സ്വരൂപം.  വിശ്വമാനവികതയാണ്   അതിന്റെ  മുഖമുദ്ര. സ്വധര്‍മ്മാനുഷ്ടാനവും  ധര്‍മ്മ സംരക്ഷണവും  ആണു ഓരോ  മനുഷ്യന്റെയും  ദൗത്യം.     അഹിംസ,  സത്യം,  ത്യാഗം,  ഇന്ദ്രിയ സംയമനം  എന്നിവ  ധര്‍മാനുഷ്ടാനത്തില്‍  ഒഴിച്ചു കൂടാനാവാത്ത  ഘടകങ്ങളാണ്. ഇതു  വളരെ  ലളിതവും  പ്രായോഗികവും  ആണ്.  രാഗവും  ദ്വേഷവും  സ്വാര്‍ഥതയും അത്യാഗ്രഹവും മാത്രമാണ് പ്രതിബന്ധങ്ങള്‍.

പാരമാര്‍ത്ഥിക  തലത്തിലെ  ഏകത്വവും  വ്യാവഹാരിക തലത്തിലെ  വൈവിദ്ധ്യവും  സമന്വയിക്കുന്നതാണ്  നമ്മുടെ  സ്വത്വം.  ഈ  സത്യം  കണ്ടെത്തുകയും  വിളിച്ചു പറയുകയും  ചെയ്ത  നമ്മുടെ  ഋഷീശ്വരന്മാര്‍   വിശ്വാസത്തിന്റെ  വ്യാപാരികളല്ല , നേരെ  മറിച്ചു  ജ്ഞാനത്തിന്റെ  ദീപസ്തംഭങ്ങളാണ്.

"അവര്‍ തെളിയിച്ച പ്രകാശം നമ്മെ നയിക്കട്ടെ,  ഉത്തിഷ്ഠ ഭാരത !  "
കടപ്പാട്‌ : പി  ജി  ദാമോദരൻ  നായർ