Monday, March 20, 2017

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [1] – എന്താണ് സന്ന്യാസം?

രസ്പര വിരുദ്ധങ്ങള്‍ എന്നു തോന്നുന്ന സന്ന്യാസത്തിനും കര്‍മ്മയോഗത്തിനും തമ്മില്‍ എന്താണ് സാധര്‍മ്മ്യം? ഏതു നിലയിലാണ് സന്ന്യാസവും യോഗവും തുല്യമാകുന്നത്? രണ്ടും ഒന്നാണെന്നാണ് ഭഗവദ് ഗീതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. “പാണ്ഡവ, യം സന്ന്യാസമിതി പ്രാഹുഃ തം യോഗം വിദ്ധി”. അല്ലയോ അര്‍ജ്ജുനാ സന്ന്യാസമെന്ന് ശാസ്ത്രങ്ങള്‍ എന്തിനെയാണോ ഉദ്ഘോഷിക്കുന്നത് ‘തം’ അതിനെ കര്‍മ്മ യോഗം എന്ന് ‘വിദ്ധി’ നീ അറിഞ്ഞാലും. ഒരു സ്വാഭിപ്രായം പറഞ്ഞ് ഭഗവാന്‍ അവിടെ നിറുത്തിയില്ല. ‘ഹി’ എന്തുകൊണ്ടെന്നാല്‍ ‘അസന്ന്യസ്തസങ്കല്പഃ കശ്ചന യോഗീ ന ഭവതി’ സന്ന്യാസം തന്നെയാണ് കര്‍മ്മ യോഗം സന്ന്യാസവും കര്‍മ്മ യോഗവും രണ്ടല്ല.

യം സന്ന്യാസമിതി പ്രാഹുഃ 
യോഗം തം വിദ്ധി പാണ്ഡവ 
നഹ്യസന്ന്യസ്തസങ്കല്പഃ 
                               യോഗീ ഭവതി കശ്ചന                          (6-2) 

എന്നാല്‍ ഇന്ന് പലപ്പോഴും ഗീതാ പഠിതാക്കള്‍ ഇത് മറന്നുപോകുന്നുണ്ട്. പലരും ഭഗവദ്വചനങ്ങളോ ഭഗവദ്വചനങ്ങളുടെ താല്പര്യമോ അവയെ നമുക്കായി തന്നിട്ടുള്ള വ്യാസ താല്പര്യമോ അതിനു ഭാഷ്യം രചിച്ചിട്ടുള്ള ആചാര്യ ഭഗവദ് പാദ മഹാശയന്റെ താല്പര്യമോ മറന്ന് വ്യാഖ്യാനിക്കാറുമുണ്ട്.

ഞങ്ങളൊക്കെ ഉടുത്തുനടക്കുന്നതിനെയല്ല ശാസ്ത്രം, സന്ന്യാസം എന്ന് പറയുന്നത്. അതിനോടുള്ള ആദരവുകൊണ്ട്, അതിലെത്തിച്ചേരാന്‍ ആഗ്രഹിച്ചുകൊണ്ട്, അത് സമൂഹത്തില്‍ മാന്യത തരുമെന്ന് വിശ്വസിച്ചുകൊണ്ട്, അതുണ്ടെങ്കില്‍ മറ്റുള്ളവരുടെ ഉപദ്രവങ്ങള്‍ ഉണ്ടാവുകയില്ല എന്നുള്ളതുകൊണ്ട്, ആ അനുഗ്രഹം ഉപയോഗിച്ചാല്‍ നേടാന്‍ കഴിയാത്തവ പലതും നേടാമെന്ന് വിചാരിച്ചുകൊണ്ടൊക്കെ ഞങ്ങള്‍ ഉടുക്കും. ആ അവസ്ഥയിലെത്തിയിട്ട് സിദ്ധപുരുഷന്മാര്‍ ഉടുത്തിട്ടുമുണ്ടാകാം. അവര്‍ ശാസ്ത്ര മര്യാദയ്ക്കനുസരിച്ച് സന്ന്യാസത്തെ സ്വീകരിച്ച് അതിന്റെ വേഷവിധാനങ്ങളോടു കൂടി മര്യാദാമസൃണമായി ജീവിച്ചിട്ടുമുണ്ടാകാം.

ലോകത്ത് ആരെങ്കിലും എന്തെങ്കിലും മര്യാദാമസൃണമായി ചെയ്തുകഴിഞ്ഞാല്‍ ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പ് ആഗ്രഹിക്കുക എന്നുള്ളത് എല്ലാവരുടേയും സ്വഭാവമാണ്. അവിടെ എത്തിച്ചേര്‍ന്നിട്ടുള്ളവരേക്കാള്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ ഉടുത്തുനടക്കുന്നത്. ആഗ്രഹിക്കുന്നവരേക്കാള്‍ആഗ്രഹിക്കുന്നവരാണ് ഉടുക്കാതെ ഉടുത്തു എന്നു വിചാരിച്ച് നടക്കുന്നത്. അതുകൊണ്ട് എല്ലാവരുടേയും ഉള്ളിലും ഒരു സന്ന്യാസമുണ്ട്. വര്‍ത്തമാനം പറഞ്ഞുവന്നാല്‍ സന്ന്യസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ‘ഞാനും ചെറുപ്പത്തില്‍ ഇങ്ങനെയൊക്കെയാണ്. ഒരബദ്ധം പറ്റിപ്പോയി. എന്നു പറഞ്ഞാണ് മിക്കവാറും വിവാഹത്തേയും കുടുംബജീവിതത്തേയും ഒക്കെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുണ്ടാവുക. അത് അച്ഛന്റെ നിര്‍ബന്ധം ആയിരുന്നു. അമ്മയുടെ നിര്‍ബന്ധമായിരുന്നു. അതിലെ പോയപ്പോള്‍ ഒരു പെണ്കൊച്ചിന് ജീവന്‍ കൊടുക്കാന്‍ വേണ്ടിയാണ്. ത്യാഗംകൊണ്ടാണ്. ഇങ്ങനെയൊക്കെ ഒരുപാട് കഥകള്‍ നിങ്ങള്‍ക്ക് പറയാനുണ്ടാകും.

‘സ്വാമീ, വളരെ ചെറുപ്പത്തിലേ ഇതാണ് ആഗ്രഹിച്ചത്. പിന്നെ അബദ്ധപ്പെട്ടുപോയി. കുടുംബത്തിലും കൂട്ടായ്മയിലുമൊക്കെ പെട്ടുപോയി. ഇനി ഇയാളെ ഉപേക്ഷിക്കാനും നിവൃത്തിയില്ല. എനിക്ക് ഇയാളോട് താല്പര്യമൊന്നുമുണ്ടായിട്ടല്ല. ഈ കുടുംബത്തിലും താല്പര്യമൊന്നുമില്ല. പക്ഷേ കര്‍ത്തവ്യ കര്‍മ്മം. അതുകൊണ്ട് ഞാനിത് ചെയ്യുകയാണ്. മൂന്നുനേരവും ആഹാരമൊക്കെയുണ്ടാക്കി കൊടുത്തിട്ട് ഉടനെ വന്ന് സ്വാമിയുടെ ക്ലാസ്സൊക്കെ കേട്ട് ഇങ്ങനെ ഇരുന്നുപോകുന്നു. താല്പര്യമൊക്കെ ക്ലാസ്സില്‍ മാത്രമാണ്’ എന്ന് നിങ്ങള്‍ സ്ത്രീകളും പറയുന്നുണ്ടാകും.

‘സന്ന്യസിച്ചു തന്നെ ഞാന് പത്തിരുപത് കൊല്ലം നടന്നതാണ്. പിന്നെ ബാക്കി സന്ന്യാസിമാരുടേയും ബ്രഹ്മചാരിമാരുടേയുമൊക്കെ ജീവിതം കണ്ടപ്പോഴാണ് ഇത് ശരിയല്ലെന്ന് എനിക്ക് മനസ്സിലായത്. അവരുടെ കൊള്ളിക്കരുതായകള്‍ കാരണം ഞാനൊരു അര്ത്ഥവിരാമം കൊടുത്തതാണ്.’ അക്കൂട്ടരും നിങ്ങളുടെ കൂടെയുണ്ടാകും.

സന്ന്യാസമെന്ന് പറയുന്നത് അതൊന്നുമല്ല. ‘സര്‍വ്വേഷാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ കാമ്യാനാം കര്‍മ്മണാം ന്യാസഃ’ എന്നാണ് ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ‘കാമ്യാനാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’ എന്നുള്ളതാണ് ശാസ്ത്രത്തിന്റെ ഒരുകാലത്തും തടസ്സമില്ലാത്ത വാദം. കാമ്യ കര്‍മ്മങ്ങളുടെ ത്യാഗമാണ് സന്ന്യാസം. ഏഷണാ ത്രയങ്ങള്‍ കാമ്യകര്‍മ്മങ്ങള്‍ ആണ്. ഏഷണാത്രയങ്ങള്‍ എന്നു പറഞ്ഞാല്‍ പുത്രേഷണ അല്ലെങ്കില് ദാരേഷണ, വിത്തേഷണ, ലോകേഷണ ഇവയാണ്. ഈ ഏഷണങ്ങളെ ത്യജിച്ചുകഴിഞ്ഞാല്‍ സന്ന്യാസമായി.

നിങ്ങള്‍ വേഷം കെട്ടിയാലും കെട്ടിയില്ലെങ്കിലും ഏഷാണാത്രയ ത്യാഗമുണ്ടെങ്കില്‍ ശാസ്ത്രവിധിപ്രകാരം നിങ്ങള്‍ സന്ന്യാസിയാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. സാമ്പ്രദായികത്ത്വത്തില്‍ നിയമങ്ങള്‍ വേറെയുണ്ട്. സമ്പ്രദായങ്ങളാണ് പലതും. സാമ്പ്രദായിക മര്യാദകള്‍, സാമ്പ്രദായിക ആചാര്യന്മാരുടെ അരുളപ്പാടുകള്‍ അതെല്ലാം വേറെയുണ്ടാകും. പക്ഷേ ശാസ്ത്രം കേവലമായി പറഞ്ഞിട്ടുള്ളത് ‘കാമ്യാനാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’ എന്നാണ്.

No comments:

Post a Comment