Saturday, March 11, 2017

യഥാര്‍ത്ഥമായ ഈശ്വര പ്രേമം

പ്രേമില്ലാത്ത വ്യക്തിയില്ല. വിഭിന്നവ്യക്തികളുടെ പ്രേമപാത്രം വിഭിന്നമാണെന്നുമാത്രം. നാം ഒന്നുകില്‍ വ്യക്തികളുടെയും ഇന്ദ്രിയങ്ങളുടെയും പിന്നാലെ പായുന്നു. അല്ലെങ്കില്‍ ഈശ്വരന്റെയും ദിവ്യസുഖത്തിന്റെയും പുറകെ. അദ്ധ്യാത്മ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഈ ഈശ്വരാനുസരണയിലടങ്ങിയിരിക്കുന്നു. ഈശ്വരന്‍ നമ്മിലുണ്ട്‌. നമ്മിലൂടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതനുഭവിക്കാന്‍ ഇടവന്നാലുടനെ നമ്മുടെ മനോഭാവമാകെ മാറുന്നു. എന്നാല്‍ ആദ്യം നാം അല്‍പമായെങ്കിലും നമ്മുടെ സ്വരൂപമറിയണം. കാരണം ആ സ്വരൂപം ദിവ്യമാണ്‌. മനുഷ്യത്മാവ്‌ പരമാത്മാവിന്റെ അഭിന്നാംശമാണ്‌. വിവേകാനന്ദസ്വാമികള്‍ പറയുന്നതുപോലെ നിത്യമായ ആത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധമാണ്‌ മതം. അതുകൊണ്ടാണ്‌ ഭക്തനായാലും ജ്ഞാനിയായാലും യോഗിയായാലും ശരി, സത്യവസ്തുവിനെപ്പറ്റി ശരിയായ ബോധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം. പുരുഷന്മാരോടും സ്ത്രീകളോടും തോന്നുന്ന പ്രേമംപോലെ അന്ധമല്ല ഈശ്വരപ്രേമം. അത്‌ ഉയര്‍ന്ന ജ്ഞാനത്തിലധിഷ്ഠിതമായിരിക്കുന്നു. ലൗകീകമായ അര്‍ത്ഥത്തിലറിയുന്ന പ്രേമമല്ല അത്‌. സാധാരണ നമ്മുടെ സ്നേഹം ഒരരുവിപോലെ താഴേയ്ക്കൊഴുകുന്നു. ഈശ്വരനെ പ്രേമിക്കുക എന്നുപറഞ്ഞാല്‍ പുഴയെ അതിന്റെ ഉദ്ഭവസ്ഥാനത്തേക്ക്‌, മനുഷ്യസ്നേഹത്തിന്റെ അരുവികളെല്ലാം ഉദ്ഭവിക്കുന്ന അനന്തജലാശയത്തിലേക്ക്‌ തിരിക്കുന്നതുപോലെയാണ്‌. നമുക്കെത്രത്തോളം ചീത്തശുദ്ധി കൈവരുന്നുവോ അത്രയും നമുക്ക്‌ സ്വരൂപജ്ഞാനമുണ്ടാവുകയും ആന്തരമായ ദിവ്യത്വത്തോടു സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുന്നു. ഇതിന്ന്‌ നാം നമ്മുടെ താണ പ്രകൃതിയെ ജയിക്കണം. ജ്ഞാനി ഇച്ഛാശക്തികൊണ്ട്‌ തന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഭക്തന്‍ തന്റെ വികാരങ്ങളെ ഈശ്വരനില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നു. ഏകാന്തഭക്തിയിലൂടെ കാമങ്ങളെല്ലാം ദാഹിക്കുന്നു. ഈശ്വരപ്രേമം ഭക്തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശുദ്ധീകരണവസ്തുവായിത്തീരുന്നു. ഈ ഈശ്വരപ്രേമമാണ്‌ അവസാനം ഭക്തനെയും ഈശ്വരനെയും എകീഭവിപ്പിക്കുന്നത്‌. എന്നാലിത്‌ വികാരലോലന്റെ പ്രേമമല്ല. വികാരങ്ങളുടെ കുമിളപൊന്തലല്ല. ഇത്‌ പരമാത്മലാഭത്തിനുള്ള ആത്മദാഹമാണ്‌. സാധാരണ നമ്മുടെ പ്രേമത്തില്‍ സ്ഥിരാസ്ഥിരഭാവങ്ങളുടെ സങ്കലനമുണ്ട്‌. അത്‌ ശുദ്ധമല്ല. ഈശ്വരന്‌ ആത്മാര്‍പ്പണം ചെയ്ത്‌ തന്നിലുള്ള അശുദ്ധി നീക്കി ശുദ്ധഭക്തിനേടാന്‍ ഭക്തന്‍ ആഗ്രഹിക്കുന്നു. നമുക്ക്‌ പലപ്പോഴും പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയില്ല. തീര്‍ച്ചയായും നമ്മുടെ ഈശ്വരപ്രേമത്തില്‍ കുറച്ചാത്മാര്‍ത്ഥതയുണ്ട്‌. എന്നാലത്‌ കാമനാസമ്മിശ്രമായിരിക്കുന്നു. ശുദ്ധമല്ല സാധനയില്‍ ആത്മാര്‍ത്ഥത പ്രധാനഘടകമാണ്‌. ചിലപ്പോള്‍ നാം വളരെ ആത്മാര്‍ത്ഥത ഉള്ളവരാണെന്ന്‌ ധരിച്ച്‌ സ്വയം മോഹിപ്പിക്കുന്നു. ജര്‍മ്മനിയിലെ ഒരു സ്ത്രീ എന്നോട്‌ അദ്ധ്യാത്മേപദേശം ആവശ്യപ്പെട്ടു. അവര്‍ ക്ഷീണിച്ചിരുന്നു. ആയിടെ രോഗംമാറി വിശ്രമത്തിനു വേറൊരു സ്ഥലത്തേക്ക്‌ പോകുകയായിരുന്നു അവര്‍. ആ സമയം ധ്യാനത്തിനുപയോഗിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അവര്‍ ഈശ്വരദര്‍ശനത്തിന്നുത്സുകയായിരുന്നു. ഉപദേശം തേടുന്നതിനുമുന്‍പ്‌ ആരോഗ്യം നന്നാകട്ടെ എന്നു ഞാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ ചോദിച്ചു ” സ്വാമി എന്റെ ആത്മാര്‍ത്ഥത സംശയിക്കുന്നുണ്ടോ”? ഞാന്‍ പറഞ്ഞു: “ഇല്ല എന്നാല്‍ നിങ്ങളുടെ ആത്മാര്‍ത്ഥത ഇപ്പോള്‍ സമ്മിശ്രമാണ്‌. പെട്ടെന്നുണ്ടാകുന്ന ഈശ്വരദാഹം നീണ്ടുനില്‍ക്കില്ല. നാം പലതിനെയും സ്നേഹിക്കുന്നുണ്ട്‌. അതിലൊന്നാണ്‌ ഈശ്വരന്‍. തുടക്കത്തില്‍ ഈശ്വരപ്രേമം പ്രകൃത്യ തോന്നുന്നതാവാം.എന്നാല്‍ ക്രമേണ അച്ഛനെക്കാളും അമ്മയെക്കാളും ലോകത്തിലുള്ള മേറ്റ്ല്ലാത്തിനെക്കാളും പ്രിയങ്കരമായ ഒന്ന്‌ നമ്മിലുണ്ടെന്ന്‌ നമുക്ക്‌ തോന്നിത്തുടങ്ങണം. സാധനകൊണ്ട്‌ ചിത്തശുദ്ധി നേടി വിവിധ ലൗകീകകാമനകളോടു കലര്‍ന്നിരിക്കുന്ന ഈശ്വരപ്രേമത്തിന്റെ മാത്ര വര്‍ദ്ധിപ്പിക്കണം. ഭക്തന്റെ ഭക്തി പൂര്‍ണ്ണമായും ഏകാഗ്രമായിരിക്കണം. എല്ലാ വികാരങ്ങളും ഈശ്വരനില്‍ കേന്ദ്രീകൃതമായിരിക്കണം. വേറൊന്നുംതന്നെ ആകര്‍ഷിച്ച്‌ മനസ്സിനെ ഈശ്വരനില്‍ നിന്നകറ്റാന്‍ അയാള്‍ അനുവദിക്കരുത്‌. ഇങ്ങനെ തന്റെ എല്ലാ കാമനകളെയും വികാരങ്ങളെയും ബോധപൂര്‍വ്വം ദൃഡമായി ഈശ്വരനിലേക്ക്‌ തിരിച്ചുവിട്ട ഭക്തന്റെ വികാരങ്ങള്‍ ശുദ്ധവും സംസ്കൃതവുമാകുന്നു. യഥാര്‍ത്ഥ ഭക്തിയെന്താണെന്ന്‌ അപ്പോള്‍ മനസ്സിലാകും. ഇതുവഴി യോഗമാര്‍ഗത്തിലെ വലിയ ആപത്തില്‍ നിന്ന്‌ കേന്ദ്രീകൃതമായ അസംസ്കൃത വികാരങ്ങളുണ്ടാവുക എന്ന ആപത്തില്‍ നിന്ന്‌ നാം രക്ഷപ്പെടുന്നു.

കടപ്പാട് : യതീശ്വരാനന്ദസ്വാമികള്‍,  ജന്മഭൂമി

No comments:

Post a Comment