Saturday, March 25, 2017

ജീവമരം


ണ്ണുകൾ അടച്ച് നിങ്ങൾ ശ്രദ്ധിച്ചിരുന്നിട്ടുണ്ടോ? ഒരുപാട് ആധുനിക ധ്യാനരീതികൾ ശീലിക്കുന്നവരാണല്ലോ നിങ്ങളൊക്കെ….. കണ്ണുകൾ തുറന്നിരിക്കുമ്പോൾ കാണുന്ന ലോകം സ്ഥൂലമാണു. അതുണ്ട്. ആ ലോകം ഉണ്ടായി മറയുന്നതാണു. കാല-ദേശങ്ങൾക്കനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. നിങ്ങൾ പിടിച്ചാലൊന്നും അതു നിൽക്കില്ല. അതിനു അതിന്റേതായ നിയമങ്ങൾ ഉണ്ട്.

നിങ്ങളും അതിനു വിധേയമാണു. എന്നാൽ നിങ്ങൾ കണ്ണടച്ചാൽ കാണുന്ന ലോകം നിങ്ങളുടെ മാത്രമാണു. അതു നിങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണു. മറ്റാരേയും അതു കാണിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം പുറത്തുള്ള ലോകവുമായി അതിനൊരു സാമ്യവുമില്ല. ആ ലോകം പുറത്തറിഞ്ഞാൽ നിങ്ങളുടെ മമതാ-ബന്ധങ്ങൾ തകരും. നിങ്ങൾ അതാഗ്രഹിക്കുന്നില്ല. അതിനു പകരം ഉള്ളിൽ ഒരു വൻ ജീവമരത്തെ വളർത്തി അതാസ്വദിക്കുന്നു.

ആ മരത്തിൽ ആയിരക്കണക്കിനുപൊത്തുകളുണ്ട്. അവയിലോരോന്നിലും സങ്കല്പങ്ങൾ, സ്വപ്നങ്ങൾ, ഓർമ്മകൾ, ആശയങ്ങൾ ഒക്കെയാണു പാർക്കുന്നതു. പുറത്തുള്ള മരങ്ങളിൽ പക്ഷികൾ, പാമ്പുകൾ, പ്രാ‍ണികളൊക്കെ കൂടുവച്ചു താമസിക്കുന്നപോലെ. ഈ പൊത്തുകൾ എങ്ങനെയാണുണ്ടാകുന്നതു? നമ്മുടെയൊന്നും മനസ് സ്വസ്ഥമല്ല. അതുകൊണ്ട് മുൻപിൽ വരുന്ന പ്രവർത്തികൾ മാത്രമെടുത്തു ജീവിക്കുവാൻ നമുക്കു കഴിയുന്നില്ല. നാം ചെയ്യുന്നതിലൊന്നും നമുക്ക് തൃപ്തിയില്ല. പ്രവർത്തിയെടുക്കുമ്പോഴും തൃപ്തിയില്ലാതെ സ്വപ്നാടകരായി നടക്കുന്നവരാണു ആധുനിക മനുഷ്യർ.

എന്നാൽ കണ്ണടയ്ക്കുമ്പോൾ ബാഹ്യവിഷയങ്ങൾ പോയി മറയും. ജീവമരം തെളിഞ്ഞുവരും. മുൻപ് കണ്ടതും, അറിഞ്ഞതും, ആസ്വദിച്ചതും, ആഗ്രഹിച്ചതുമൊക്കെ അവിടെ പൊത്തുകളിൽ ഇരിപ്പുണ്ട്. സൂക്ഷ്മരൂപത്തിൽ. അവ പുറത്തേക്ക് ഇറങ്ങി വരും. സ്ഥൂലത്തേക്കാൾ ശക്തമാണു സൂക്ഷ്മം. അതുകൊണ്ട് പെട്ടെന്നാണു മനോവൃക്ഷം വളർന്നു, തളിരിട്ട് വലുതാകുന്നതു. അതിനു സാക്ഷിയായി താനല്ലാതെ മറ്റാരുമില്ലാത്തതിനാൽ മനോവിചാരം പോലെ അതിനു എങ്ങനെയും വളരാം. അപൂർണ്ണമായതോ അപ്രാപ്യമായതോവായ ഒരാശ കൂർത്ത ചുണ്ടുകൾ കൊണ്ട് മനോവൃക്ഷത്തെ കൊത്തിക്കിഴിക്കുമ്പോൾ അതിലൊരു വടുവുണ്ടാകും. മരങ്കൊത്തിയേപ്പോലെ നാമതു ആവർത്തിച്ചാവർത്തിച്ച് തുരക്കും. അപ്പോഴതൊരു പോടാകും. ഓർമ്മകൾ അതിനുള്ളിൽ കടന്നു അടയിരിക്കും.

ഈ പോടുകൾ ഒരിക്കലും മായുകയില്ല. ഓർമ്മകൾ പുതുക്കപ്പെടുകയും കൂടുതൽ മൂർച്ചയുള്ള ചുണ്ടുകൾ പ്രയോഗിക്കാനും തുടങ്ങും. അപ്പോൾ അതിൽ നിന്നൂറുന്ന ചോരയും, നീരും ചലവും നമുക്ക് രുചികരാമാണു. അതുകൊണ്ട് പോടുതുരക്കൽ വീണ്ടുമാവർത്തിക്കും. ഓരോ കണ്ണടയ്ക്കലിലും നാം ഇതു ആവർത്തിച്ചുകൊണ്ടിരിക്കും. ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ നാം അറിയാതിരിക്കുന്നപോലെ ഇതും നാം അറിയുന്നില്ല. പിന്നീട് കണ്ണുതുറന്നു കഴിഞ്ഞാലും ഈ പോടുകളും അവയിലൊളിച്ചിരിക്കുന്ന ഓർമ്മകളും സജീവമായിരിക്കും. അതോടെ സ്വന്തം പ്രവർത്തികളെ മറന്നു പുറംലോകത്ത് അവതേടുന്നതിലേക്ക് മനുഷ്യൻ തിരിയും. അതോടെ ചുറ്റുപാടുകളുടെ താളം തെറ്റുന്നു. പ്രകൃതിനിയമങ്ങൾ ലംഘിക്കപ്പെടുന്നു. അകത്തും പുറത്തുമല്ലാത്ത അവസ്ഥയിൽ മനുഷ്യർ എത്തിച്ചേരുന്നു. ഈ സംഘർഷമാണു മനുഷ്യനിൽ രോഗമായും, ദു:ഖമായും, യുദ്ധമായുമൊക്കെ പ്രകടമാകുന്നതു. ഇതിൽ നിന്നും രക്ഷപ്പെടാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അതുകൊണ്ടാണു നിങ്ങൾ മോഡേൺഗുരുക്കന്മാർക്കും ആൾദൈവങ്ങൾക്കുമൊക്കെ പിന്നാലെ പാഞ്ഞുചെല്ലുന്നതു. അതു നിങ്ങളുടെ അവസ്ഥയെ ഒന്നുകൂടി ഗുരുതരമാക്കുന്നു. അവരുമായുള്ള വേഴ്ചകളിൽ നിന്നുള്ള അനുഭവങ്ങളും ഓർമ്മകളായി രേഖപ്പെടുമ്പോൾ ആ തലത്തിലേക്കുയരാൻ സ്വപ്നം കാണും.

അതു പുതിയ പൊത്തുകൾ നിർമ്മിക്കും. ധ്യാനമാനേജുമെന്റുകളിൽ ഏർപ്പെട്ട് കണ്ണടക്കുമ്പോൾ മിക്കപ്പോഴും അതാണു സംഭവിക്കുന്നതു. ആളുകൾ വരുമ്പോൾ മരത്തിലെ പക്ഷികൾ പറന്നുപോകുന്നതു കണ്ടിട്ടില്ലെ? അതുപോലെ നിങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ ജീവമരത്തിലെ പക്ഷികളും പറന്നുപൊയ്ക്കൊള്ളും.

അതിനു ചെയ്യേണ്ടതു വെറുതെ കണ്ണടച്ചിരുന്നു ഉള്ളിൽ തെളിയുന്ന ലോകത്തെ കാണുക. അതിനെ അംഗീകരിക്കുക. ഓ, ഞാൻ ഇതാണെന്നു സമ്മതിക്കുക. അതോടെ ജീവമരത്തിലെ പോടുകളിൽ ഓർമ്മകളും സങ്കല്പങ്ങളും ഇറങ്ങിപ്പോകാൻ തുടങ്ങും. മനസ്സ് ശാന്തമാകും. പിന്നെ നിങ്ങൾക്ക് സ്വസ്ഥമായിരുന്നു ധ്യാനിക്കാം.

പുറത്തുള്ള ലോകമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ 
ദയവായി അകത്തേക്ക് നോക്കാതിരിക്കുക. 
പുറത്തുള്ള ലോകത്തിന്റെ നിയമങ്ങളിൽ മുഴുകി ജീവിക്കുക.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌



No comments:

Post a Comment