Sunday, March 5, 2017

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍

ക്ഷേത്രദര്‍ശനത്തിനുപോകുന്ന ഭക്തര്‍മാരെല്ലാം തന്നെ വെറും കയ്യോടെ ക്ഷേത്രത്തിലെത്തുന്നത്‌ ഒട്ടും ശരിയല്ല. ലൗകീകമായി ചിന്തിക്കുമ്പോള്‍പോലും നമ്മളെക്കാള്‍ വലിയ ആളുകളെ കാര്യാര്‍ത്ഥമായി കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യം എന്ന നിലയ്ക്ക്‌ ഫലമൂലാദികളോ പച്ചകറികളോ മറ്റു പദാര്‍ത്ഥങ്ങളോ കൊണ്ടുപോകാറുണ്ടല്ലോ. ഇവിടെയാകട്ടെ ജീവിതത്തിന്റെ ഏകആശ്രയവും രക്ഷിതാവും ആയ ആരാധ്യദൈവത്തെ കാണാനാണുപോകുന്നത്‌. എന്നുവെച്ച്‌ ഈശ്വരന്‍ ഒരിക്കലും എനിക്ക്‌ ഇന്നത്‌ വേണം എന്നു പറയില്ല. ഭക്തന്റെ കഴിവനുസരിച്ച്‌, സൗകര്യമനുസരിച്ച്‌, ആത്മാര്‍ത്ഥത അനുസരിച്ച്‌ എന്തുചെയ്താലും അദ്ദേഹമതിനെ സസന്തോഷം സ്വീകരിക്കുന്നു. ആനയെ നടക്കിരുത്തിയാലും ആരാധനയ്ക്കുള്ള പൂക്കളെ നടയ്ക്കല്‍ വച്ചാലും അദ്ദേഹത്തിന്‌ ഭാവവിത്യാസമൊന്നുമില്ല. പല ക്ഷേത്രങ്ങളിലും പലപല വഴിപാടുകള്‍ക്കു പ്രധാന്യം കല്‍പ്പിച്ചിട്ടുണ്ടെങ്കിലും ചില വഴിപാടുകള്‍ പൊതുവെ നടത്തപ്പെടുന്നവയാണ്‌. വഴിപാട്‌ എന്ന പദം ആത്മാര്‍ത്ഥതയില്ലാതെ ചെയ്യുന്ന പ്രവൃത്തിയെന്ന അര്‍ത്ഥത്തില്‍ ഒരു ശൈലിയായി മാറിയിരിക്കുന്നു. അത്‌ അങ്ങിനെവരാന്‍ കാരണം നമ്മളൊക്കെ വഴിപാടിനു കൊടുക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലാതെയാണ്‌. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാണ്‌. എങ്കിലും കാലാകാലങ്ങളായി യഥാര്‍ത്ഥ ഭക്തിയോടും വിശ്വാസത്തോടുംകൂടി നടത്തപ്പെടുന്ന വഴിപാടുകള്‍ക്ക്‌ ഫലം കാണാറുണ്ട്‌. നാമജപം തന്നെ മോക്ഷത്തിനുള്ള ഉപാധിയാണ്‌. ഒരു നിഷ്കാമകര്‍മ്മമാണ്‌; ത്യാഗമാണ്‌; അതുകൊണ്ടുതന്നെ അതൊരു യജ്ഞവുമാണ്‌. നാമജപത്തിലെ ഹോമദ്രവ്യങ്ങള്‍ നമ്മുടെ സമയവും ഊര്‍ജ്ജവുമാണ്‌. വഴിപാടുകള്‍ നാമജപത്തെക്കാള്‍ ഉത്കൃഷ്ടമായ യജ്ഞമാണ്‌. ഹോമദ്രവ്യം നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ധനമോ ഫലമോ പൂക്കളോ ആയിരിക്കും. വഴിപാടിന്റെ മൂല്യം വര്‍ദ്ധിക്കുന്തോറും നമ്മുടെ ത്യാഗത്തിന്റെ ആഴവും വര്‍ദ്ധിക്കുന്നു. ത്യാഗം കൂടുന്തോറും നമ്മില്‍ നിഷ്കാമ കര്‍മ്മസ്വഭാവം ഉയര്‍ന്നുവരുന്നു. അത്‌ ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള ഒരു വഴിയാണ്‌. കലികാലത്തില്‍ നാമജപം തന്നെ മോക്ഷദായകമാണ്‌. അര്‍ച്ചനകള്‍, അഭിഷേകങ്ങള്‍, ചന്ദനം ചാര്‍ത്തല്‍, വിളക്കു തെളിയിക്കല്‍, വിവിധ നിവേദ്യങ്ങള്‍ സമര്‍പ്പിക്കല്‍ ഒക്കെ വഴിപാടുകള്‍ തന്നെ. വേദസൂക്തങ്ങളും അതതു ദേവന്മാര്‍ക്കും ദേവിമാര്‍ക്കും യോജിച്ച മന്ത്രങ്ങളും അര്‍ച്ചനയ്ക്കുപയോഗിക്കുന്നുണ്ട്‌. ചില ക്ഷേത്രങ്ങളില്‍ വിശേഷാല്‍ അര്‍ച്ചനകള്‍ ശീട്ടാക്കുന്നതു കാണാം. ഭഗവാന്റെ മുമ്പില്‍ എല്ലാഅര്‍ച്ചനകളും ഒരുപോലെയാണ്‌. അര്‍ച്ചനയുടെ മറ്റൊരുപേരാണ്‌ പുഷ്പാഞ്ജലി. ഓരോ ദോഷപരിഹാരത്തിനും ഓരോ മന്ത്രങ്ങളെകൊണ്ടുള്ള പുഷ്പാഞ്ജലിയെന്ന വിധിയുണ്ട്‌. സഹസ്രാര്‍ച്ചനയും, ലക്ഷാര്‍ച്ചനയും, ശതകോടി അര്‍ച്ചനയും മറ്റും ചുരുക്കം. ചില ക്ഷേത്രങ്ങളില്‍ പുഷ്പമെടുത്ത്‌ ഹൃദയത്തില്‍ തൊടീച്ച്‌ എങ്ങനെ അര്‍പ്പിച്ചാലും എവിടെ അര്‍പ്പിച്ചാലും എപ്പോള്‍ അര്‍പ്പിച്ചാലും ഭഗവാന്‍ സ്വീകരിച്ചുകൊള്ളും.

കടപ്പാട് : നീലകണ്ഠന്‍ നമ്പൂതിരി

No comments:

Post a Comment