Tuesday, May 30, 2017

വിവാഹം

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്

കന്യായഃ പുരുഷസ്യ ച പ്രഥമതോ നിർണ്ണീയ ചായുഃ പുനഃ

സന്താനാദി തഥേതരച്ച സകലം ദൈവജ്ഞവര്യസ്തതഃ

ഭാവിപ്രശ്നവിലഗ്നതോപി നിഖിലം പാണിഗ്രഹം കാരയേ -

ത്സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണഃ.


സാരം :-

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്. രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടെന്നു കണ്ടാൽ പിന്നീടു ഭാവിയിൽ അവർ അനുഭവിക്കാൻ പോകുന്ന ശുഭാശുഭങ്ങളെപ്പറ്റിയും സന്താന സൌഭാഗ്യത്തെക്കുറിച്ചും ജാതകം കൊണ്ടുതന്നെ ചിന്തിക്കണം. മേൽ പറഞ്ഞ ആയുശ്ചിന്തയും സന്താന സൌഭാഗ്യാദി വിചാരവും പ്രശ്നം കൊണ്ടും ചിന്തിച്ചറിയേണ്ടതാണ്. ഇങ്ങനെ ജാതകംകൊണ്ടും പ്രശ്നംകൊണ്ടും ദമ്പതികൾ ദീർഘായുസ്സുകളാണെന്നും പുത്ര സൗഭാഗ്യാദി ശുഭാശുഭങ്ങൾക്ക് ആനുകൂല്യമുണ്ടെന്നും ബോദ്ധ്യം വന്നാൽ വിവാഹം ചെയ്യിക്കയാണ് ബുദ്ധിമാനായ ജ്യോതിഷക്കാരന്റെ ധർമ്മം.

ആയുർവ്വിഷയമായോ, സന്താനസംബന്ധമായോ, മറ്റു ഭാഗ്യാനുഭവങ്ങളെക്കുറിച്ചോ, പ്രതികൂലാഭിപ്രായം തോന്നിയാൽ വിവാഹത്തിനു അനുവദിക്കരുതെന്ന് " ദൈവജ്ഞവര്യഃ പാണീഗ്രഹം കാരയേൽ " എന്ന ഭാഗംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തിന്റെ പ്രധാന ഉദ്ദേശം സന്തത്യർത്ഥമാകുന്നു. പിതൃക്കൾ സന്തോഷിക്കണമെങ്കിൽ സന്തതി ഉണ്ടായിരിക്കണം. തിലഹവനം, ക്ഷേത്രപിണ്ഡം മുതലായ കർമ്മങ്ങൾ പിതൃ പ്രീതികരങ്ങളാണെങ്കിലും അതിനുള്ള കർത്തൃത്വവും അവകാശവും സന്താനങ്ങളിലാണിരിക്കുന്നത്. അതിനാൽ വിവാഹം പിതൃപ്രീതികരമായ ഒരു കർമ്മമാണ്.

ഈ പദ്യംകൊണ്ടു പറയപ്പെട്ട സംഗതികൾ പ്രശ്ന സംഗ്രഹത്തിൽ പറയപ്പെട്ടവയാണ്.



വിവാഹവിഷയപ്രശ്നസ്യാസ്ത്യേവാവശ്യകാര്യതാ

ബൃഹസ്പതിസ്തഥാ ചാഹ മാധവീയേ ച മാധവഃ

സാരം :-

വധൂവരന്മാരെക്കൊണ്ടു വിവാഹക്രിയചെയ്യിക്കുന്നത് പ്രശ്നം നോക്കി ശുഭാശുഭചിന്ത ചെയ്തതിനുശേഷമാണ് വേണ്ടത്. അല്ലാതെ നിശ്ചയമായും ചെയ്യിക്കരുത്. ഇങ്ങിനെ ബൃഹസ്പതിയും സ്വഗ്രന്ഥത്തിൽ മാധവാചാര്യനും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹപ്രശ്നം അവശ്യകമെന്നു സിദ്ധിക്കുന്നു.

No comments:

Post a Comment