Sunday, May 7, 2017

അഷ്ടാംഗ യോഗ

ഭാരതീയ ഷഡ്ദര്‍ശ്ശനങ്ങളില്‍ പ്രധാനമായ യോഗശാസ്ത്രം അനുഷ്ഠിക്കുന്ന യോഗികള്‍ തന്നെയാണ്‌ സിദ്ധന്‍മാര്‍. അവരുടെ വഴി തേടിപോകുന്നവര്‍ തീര്‍ച്ചയായും അഷ്ടാംഗ യോഗങ്ങള്‍ പരിശീലിക്കണം. യോഗത്തിന്‍റെ ഈ എട്ട് അംഗങ്ങളും ക്രമമായി നിരന്തരം അഭ്യസിക്കേണ്ടതാണ്. ഇവയില്‍ ഒന്നെങ്കിലും വിട്ടുകള്ഞ്ഞാല്‍  അതു യോഗപ്രാപ്തിക്കു തടസ്സമാണ്. പതന്‍ഞ്ജലി മഹര്‍ഷിയുടെ യോഗദര്‍ശനം എന്ന ഗ്രന്‍ഥത്തില്‍ ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. യമ നിയമാദികള്‍  അനുഷ്ഠിക്കാതെ അല്പനേരത്തെ ധ്യാനം കൊണ്ട് മോക്ഷം, അതീന്ദ്രിയത്വം, ഈശ്വര ദര്‍ശനം ഇവ നേടാമെന്നു പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന പണം തട്ടുന്ന കുയോഗികളില്‍ നിന്നും സ്വയം രക്ഷപ്പെട്ട് കൊള്ളണം.

        സിദ്ധവഴിയെ സഞ്ചരിക്കുന്ന എല്ലാവര്‍ക്കുമായി ഇവിടെ അഷ്ടാംഗയോഗങ്ങള്‍ പറയുന്നു.

യമം
നിയമം
ആസനം
പ്രാണായാമം
പ്രത്യാഹാരം
ധാരണ
ധ്യാനം
സമാധി

എന്നിവയാണ്‌   അഷ്ടാംഗയോഗങ്ങള്‍. ഇവയില്‍ ആദ്യത്തെ യമ നിയമങ്ങള്‍ ചുരുക്കി പറയുന്നു.

യമം:- അഹിംസ, സത്യം, അസ്തേയം, ബ്രഹ്‌മചര്യം ,അപരിഗ്രഹം എന്നീ അഞ്ച് അനുഷ്ഠാനങ്ങളെ യമം എന്നു പറയുന്നു.

അഹിംസ: മനസാ വാചാ കര്‍മ്മ്ണാ യാതൊരു ജീവിയേയും പീഡിപ്പിക്കരുതു.

സത്യം: തന്‍ടെ വിചാരങ്ങളെ അറിയിക്കാനായി പറയുന്ന വാക്ക്യങ്ങള്‍ വഞ്ചനയോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്നതും നിരര്‍ത്ഥകവുമായിരിക്കരുത്.(കള്ളം പറയരുതു)

അസ്തേയം: മനസാ വാചാ കര്‍മ്മണാ യാതൊന്നും മോഷ്ടിക്കരുത്.

ബ്രഹ്‌മചര്യം : ഉപസ്ഥേന്ദ്രിയത്തെ നിയന്ത്രിച്ച് വീര്യസംരക്ഷണം നടത്തുന്നതിനോടൊപ്പം മറ്റ് ഇന്ദ്രിയങ്ങളെ നിരോധിക്കുന്നതേ ബ്രഹ്മചര്യം ആവുകയുളളൂ.

അപരിഗ്രഹം: സുഖഭോഗസാധനങ്ങളെ ത്യജിക്കുന്നത്

"കൊല്ലാന്‍ പൊയ്കൂറാന്‍ കളവു ഇലാന്‍  എണ്‍കുണന്‍
നല്ലാന്‍ അടക്കം ഉടൈയാന്‍ നടുച്ചെയ്യ
വല്ലന്‍ പകുന്തു ഉണ്‍പാന്‍ മാചു ഇലാന്‍കള്‍ കാമം
ഇല്ലന്‍ ഇയമത്തു ഇടയില്‍ നിന്‍റാനേ."

                                                      (തിരുമന്ത്രം 554)
 
    കൊല്ലരുത്,,നുണപറയരുത്,കക്കരുത്,മാന്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കണം,സ്വയം നിയന്ത്രിക്കണം,പക്ഷഭേദ ചിന്തകളില്ലാത്ത അചഞ്ചലനായ ന്യായസ്ഥന്‍.തനിക്ക് ഉള്ളത് വീതിച്ചു നല്‍കുന്നവന്‍.കുറ്റങ്ങള്‍ ഇല്ലാത്തവന്‍,കള്ള്,കാമം ഇവയില്‍ ആസക്തി ഇല്ലാത്തവന്‍ ഇവയെല്ലാം യമമാകും.

നിയമം:- ശൌചം,സന്തോഷം,തപസ്സ്,സ്വാധ്യായം, ഈശ്വര പ്രണിധാനം ഇവയഞ്ചും നിയമം.

ശൌചം: ബാഹ്യവും ആഭ്യന്തരവുമായുള്ള ശരീരത്തിന്‍റെയും മനസ്സിന്‍റെയും ശുചിത്വം.

സന്തോഷം: ഏതവസ്ഥയും ഉള്‍കൊള്ളാന്‍ കഴിയുന്ന മനസ്സിന്‍റെ തൃപ്ത്തി.

തപസ്സ്: ഏത് ലക്ഷ്യമായാലും നേടിയെടുക്കാനുള്ള മാറ്റമില്ലാത്ത കഠിനപ്രയത്നം. 'ദ്വന്ദ്വ സഹനം തപ'

സ്വാധ്യായം: മോക്ഷപ്രാപ്തിക്ക് സഹായകരമായ ശാസ്ത്രങ്ങള്‍  പഠിക്കുന്നതും പ്രണവജപവും സ്വാധ്യായമാണ്.

ഈശ്വര പ്രണിധാനം: സര്‍വ്വകര്‍മ്മങ്ങളും പരമഗുരുവില്‍ (ഈശ്വരനില്‍) അര്‍പ്പിക്കുന്നതു ഈശ്വര പ്രണിധാനം.

"തവം ജപം ചന്തോടം ആത്തികം ദാനം
ശിവന്തന്‍ വിരതമേ ചിത്താന്തക്കേള്‍വി
മകംശിവപൂചൈയൊണ്‍ മതിചൊല്ലീര്‍ ഐന്തു
നിലംപല ചെയ്യിന്‍ നിയമത്ത നാമേ"
     
                         (തിരുമന്ത്രം 557)

    തപസ്സ്,ജപം,സന്തോഷം,ആസ്തികം,ദാനം,ശിവസാധന,സിദ്ധാന്തപഠനം,ത്യാഗം,ശിവാരാധന,മറ്റു മഹത്തായ കര്‍മമങ്ങള്‍ ഇവയെല്ലാം നിയമ മാകുന്നു.

        യമ നിയമങ്ങള്‍  അനുഷ്ഠിക്കാതെ യോഗമാര്‍ഗ്ഗം, സിദ്ധമാര്‍ഗ്ഗം ഇവയിലൂടെ  സഞ്ചരിക്കുന്നതു കൊണ്ട്  ഗുണത്തെക്കാള്‍ ദോഷം ചെയ്യും .

No comments:

Post a Comment