Monday, July 31, 2017

ശ്രീരാമകഥാമൃതം - അവതാരം (1 )


നമോസ്തു രാമചന്ദ്രായ 
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ 

സീതായ പതയേ നമഃ



ലോകാഭിരാമനായ ശ്രീരാമചന്ദ്രന്‍റെ ദിവ്യമായ ജന്മത്തേയും കര്‍മ്മത്തേയും പറ്റി ആലോചിക്കാനും കീര്‍ത്തിക്കാനുമുളള സമയമാണ് കര്‍ക്കിടകമാസം.
ദശരഥ മഹാരാജാവിന് കൗസല്യ, സുമിത്ര, കൈകേയി എന്നീ മൂന്നു ഭാര്യമാരുണ്ടായിട്ടും പുത്രന്മാരുണ്ടായില്ല. അതുകൊണ്ട് അദ്ദേഹം വസിഷ്ഠന്‍റെ നിര്‍ദ്ദേശപ്രകാരം ഋഷ്യശൃംഗ മഹര്‍ഷിയെ വരുത്തി പുത്രലാഭത്തിനായി പുത്രകാമേഷ്ടി യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു ദിവ്യപുരുഷന്‍ പൊങ്ങിവന്ന് ഒരു പായസപാത്രം രാജാവിന് കൊടുത്ത്, ഇത് ഭവാന്‍റെ ഭാര്യമാര്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞു. ദൈവികാംശമുളള പായസം അദ്ദേഹം തന്‍റെ ഭാര്യമാരായ കൗസല്യയ്ക്കും കൈകേയിക്കും ഭാഗിച്ചു കൊടുത്തു. അവര്‍ രണ്ടുപേരും അതില്‍ ഓരോ ഭാഗം മറ്റൊരു ഭാര്യയായ സുമിത്രയ്ക്കും കൊടുത്തു. ഇങ്ങനെ നാലു ഭാഗമായിത്തീര്‍ന്ന ദിവ്യമായ ആ പായസം കഴിച്ച് രാജ്ഞിമാര്‍ ഗര്‍ഭിണികളായി. അതിന്‍റെ ഫലമായി അവര്‍ പ്രസവിച്ച നാലുപേരാണ് സാക്ഷാൽ *നാരായണന്‍റെ അവതാരമായ ശ്രീരാമചന്ദ്രനും, അനന്തന്‍റെ അവതാരമായ ലക്ഷ്മണനും, ആയുധങ്ങളായ ശംഖുചക്രങ്ങള്‍ രൂപം ധരിച്ച ഭരത ശത്രുഘ്നന്മാരും.

അവരുടെ മനോഹര കഥയാണ് രാമായണം. ആ രാമായണം നിത്യവും പാരായണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. 'മദ്ഭക്താ യത്ര ഗായന്തി തത്ര നിത്യം തത്ര വസാമ്യഹം' എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍റെ സാന്നിദ്ധ്യമുളളിടത്ത് ഐശ്വര്യദേവതയായ ലക്ഷ്മീ ഭഗവതിയും ഉണ്ടായിരിക്കും. അങ്ങനെ ക്ഷാമകാലമായ കര്‍ക്കിടക മാസത്തില്‍ ഭഗവാന്‍റെ അനുഗ്രഹവും ഐശ്വര്യ ദേവതയുടെ സാന്നിദ്ധ്യവും ഉണ്ടാകണം. ഈ പഞ്ഞ മാസത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലാതാകണം എന്നു വിചാരിച്ചിട്ടാണ് എല്ലാ വീടുകളിലും കര്‍ക്കിടക മാസത്തില്‍ രാമായണം വായന നടന്നിരുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ അതിപ്രസരം കൊണ്ട് നഷ്ടപ്പെട്ട ശീലം ഇന്ന് പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. വീടുകളിൽ മാത്രമല്ല, പല ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഇന്ന് രാമായണ പാരായണ പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ട്.

സര്‍വ്വേശ്വരന്‍റെ അവതാരമായ ശ്രീരാമചന്ദ്രനെ ആശ്രയിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സിലും ദൈവീക സമ്പത്തായ ഈശ്വരീയ ഗുണങ്ങള്‍ ഉണ്ടാകും. ഈശ്വരീയ ഗുണങ്ങള്‍ കൊണ്ട് സുപ്രസന്നമായിത്തീരുന്ന മനസ്സില്‍ സര്‍വ്വഥാ ശാന്തിയും സമാധാനവും ഉണ്ടാകും. സാര്‍വജനീനമായ ആദര്‍ശങ്ങളും പാഠങ്ങളും നല്‍കുന്ന ഒരു പുണ്യഗ്രന്ഥമാണ് രാമായണം. ജാതി മതാദി ഭേദങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല.
(തുടരും) 



തൃശൂർ ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച മൃഡാനന്ദസ്വാമികളുടെ ശ്രീരാമകഥാമൃതം എന്ന ചെറുപുസ്തകമാണ് ഈ വിവരണങ്ങൾക്ക് ആധാരം.


No comments:

Post a Comment