Thursday, August 17, 2017

ശ്രീരാമകഥാമൃതം ( 16 ) രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ*

ലോകസാമാന്യമായ സൗഭ്രാത്രത്തിന്‍റെയും ത്യാഗത്തിന്‍റെയും ശക്തി കണ്ട് മഹര്‍ഷിമാരെല്ലാം ആശ്ചര്യസ്തബ്ധരായി നോക്കി നിന്നു. ശ്രീരാമന് അനുജന്മാരെല്ലാം ബഹിശ്ചര പ്രാണനായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് താന്‍ എന്തും ആഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി താന്‍ എന്തും ത്യജിക്കുവാന്‍ തയ്യാറാണെന്നും രാമന്‍ പറയാറുളളത് വീണ്‍വാക്കല്ലെന്നും ബോദ്ധ്യപ്പെട്ടു. അങ്ങനെ ഭരതനെ രാജ്യഭാരം ഏല്പിച്ച് പതിനാലു വര്‍ഷം തികയുമ്പോള്‍ വന്നുകൊള്ളാമെന്നു പറഞ്ഞ് സന്തോഷത്തോടു കൂടി എല്ലാവരേയും മടക്കി അയച്ചു. വസിഷ്ഠനും മന്ത്രിമാരും രാമനോടു യാത്ര പറഞ്ഞു.
അപ്പോഴാണ് കൈകേയി താന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിക്കുവാനായി രാമനെ സമീപിച്ചത്. കൈകേയി പറഞ്ഞു, ''രാമാ, അന്നു മന്ഥര പറഞ്ഞതു കേട്ട് ബുദ്ധിദോഷം കൊണ്ട് ഞാന്‍ അങ്ങനെ പറഞ്ഞു പോയതാണ്. അതു സ്ത്രീസഹജമായ ബുദ്ധിമോശം കൊണ്ടാണെന്ന് വിചാരിച്ച് എന്നോടു ക്ഷമിക്കണം. നീ മടങ്ങി വന്നു രാജ്യം ഭരിക്കുന്നതാണ് എനിക്കിഷ്ടം.'' പക്ഷേ രാമന്‍ പറഞ്ഞു, ''അമ്മേ അങ്ങനെ പറയരുത്. എനിക്കിഷ്ടമായിട്ടുളളതു തന്നെയാണ് ഈശ്വരപ്രേരണ കൊണ്ട് അമ്മ പറഞ്ഞത്. അതിനു കാരണം അമ്മയ്ക്ക് എന്നോടു കൂടുതല്‍ സ്നേഹമുളളതു കൊണ്ടാണെന്നും ഞാന്‍ അറിയുന്നു. സാധാരണ അമ്മമാർ ഇഷ്ടമുളള കുട്ടിക്കു ജോലി കുറച്ചു കൊടുക്കുന്നതും മറ്റുളള കുട്ടികള്‍ക്കു ജോലി കൂടുതല്‍ കൊടുക്കുന്നതും പതിവാണല്ലോ. അതുകൊണ്ടാണ് എന്നോടു കാട്ടില്‍ പോയി നീ നിന്‍റെ ദേഹം മാത്രം നോക്കിയാല്‍ മതിയെന്നു പറഞ്ഞത്. കനത്ത രാജ്യഭാരം മുഴുവൻ ഭരതന്‍റെ തലയിലും വച്ചു കൊടുത്തു. അമ്മ ഒട്ടും വിഷമിക്കരുത്. എനിക്ക് യാതൊരു വിഷമവുമില്ല. സന്തോഷത്തോടു കൂടി പോകൂ. സ്നേഹത്തോടു കൂടി ചെയ്തതിന് എന്തിനാണ് മാപ്പു ചോദിക്കുന്നത് - രാമന് കൈകേയിയില്‍ കുറ്റം കാണുവാന്‍ സാധിച്ചില്ല. ഗുണദോഷസമ്മിശ്രമായ ലോകത്തില്‍ മഹാന്മാര്‍ ഗുണമേ കാണുകയുളളൂ.
ഇതാണ് ശ്രീരാമന്‍റെ മഹത്ത്വം. തന്നെ സ്നേഹിക്കുന്നവരോട് എല്ലാവരും സ്നേഹം കാണിക്കും. തന്നെ ദ്വേഷിക്കുന്നവരോടും ഉപദ്രവിക്കുന്നവരോടും കൂടി സ്നേഹം കാണിക്കുക. ഇതാണ് മഹാന്മാരുടെ ലക്ഷണം. കൊട്ടാരത്തിൽ സുഖമായി താമസിക്കേണ്ട താന്‍ ഈ വനപ്രദേശത്തില്‍ കായ്കനികള്‍ തിന്നു വിശപ്പടക്കി, കല്ലിലും മണ്ണിലും കിടന്ന് ഉറങ്ങേണ്ടി വന്നതില്‍ യാതൊരു വിഷമവും രാമന് തോന്നിയില്ല. കാരണം, സത്യവും ധര്‍മ്മവും സംരക്ഷിക്കുവാന്‍ എന്തും സഹിക്കുവാന്‍ അദ്ദേഹം തയ്യാറാണ്. ഈ സമയത്ത് എല്ലാവരുടെയും സ്നേഹപൂർവ്വമായ നിര്‍ബന്ധമനുസരിച്ച് രാജ്യം തിരികെ സ്വീകരിച്ചിരുന്നു എങ്കിൽ ആരും അതില്‍ സത്യഭംഗമോ അധര്‍മ്മാചരണമോ ആരോപിക്കുകയില്ലായിരുന്നു. എങ്കിലും സത്യധര്‍മ്മാദികളുടെ മൂര്‍ത്തിമദ്ഭാവവും ത്യാഗമൂര്‍ത്തിയുമാണ് താനെന്നു തെളിയിക്കുവാന്‍ പറ്റിയ രീതിയിലാണ് രാമന്‍ പെരുമാറുന്നത്. സത്യധര്‍മ്മങ്ങളില്‍ നിന്ന് അണുപോലും അദ്ദേഹം വ്യതിചലിക്കുന്നില്ല.കൈകേയിയെപ്പറ്റിയുളള രാമന്‍റെ വീക്ഷണം എത്ര മഹത്ത്വമേറിയതാണ് !

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment