Wednesday, August 23, 2017

ശ്രീരാമകഥാമൃതം ( 22 ) - സീതാവിരഹം

രാവണന്‍ സീതയെ അപഹരിക്കുവാന്‍ വരുന്നുണ്ടെന്നു മുന്‍കൂട്ടി കണ്ടറിഞ്ഞ രാമന്‍ സീതയോടു പറഞ്ഞു: 'പ്രിയേ, രാവണന്‍ ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാനായി വരുന്നുണ്ട്. അതുകൊണ്ട് പരസ്പര്‍ശം ഏല്ക്കാതിരിക്കുവാനായി മായാസീതയെ ആശ്രമത്തില്‍ നിര്‍ത്തി, ഭവതി രാവണവധം കഴിയുന്നതുവരെ അഗ്നിമണ്ഡലത്തില്‍ മറഞ്ഞു വസിക്കുക. ലോകശ്രേയസ്സിന് അത് ആവശ്യമാണ്.' സീതാദേവി ഭര്‍ത്തൃഹിതമനുസരിച്ച് വഹ്നിമണ്ഡലത്തിൽ ചെന്നിരിക്കുകയും, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തുകയും ചെയ്തു. ആ മായാസീതയെയാണ് രാവണന്‍ കൊണ്ടുപോയത്. ലക്ഷ്മണന്‍ പോലും ആ വിവരമറിഞ്ഞിരുന്നില്ല. രാവണന്‍ സീതയെ ലങ്കയിലെ അന്തഃപുരത്തിലുളള അശോകവനികയില്‍ താമസിപ്പിച്ചു. പരിചാരികരായി രാക്ഷസിമാരെയും നിശ്ചയിച്ചു. സീത അവിടെ രാമനെ ധ്യാനിച്ചും, രാമനാമം ഉരുവിട്ടും ദിനങ്ങള്‍ വര്‍ഷങ്ങളാക്കി കഴിച്ചു കൂട്ടി.
മാരീചവധം കഴിഞ്ഞു മടങ്ങി വന്ന രാമന്‍ വഴിയിൽ ലക്ഷ്മണന്‍ വരുന്നതു കാണുകയും, മായാസീതയുടെ കാര്യം ലക്ഷ്മണന്‍ അറിയാത്തതിനാല്‍ ഒരു പ്രാകൃത മനുഷ്യനേപ്പോലെ പെരുമാറുവാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. സീതയെ ഒറ്റയ്ക്ക് ആശ്രമത്തില്‍ വിട്ടിട്ടു പോന്നതിന് ലക്ഷ്മണനെ കുറ്റപ്പെടുത്തി. ലക്ഷ്മണന്‍ വിവരങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. പെണ്ണുങ്ങള്‍ അവിവേകം കൊണ്ടു പലതും പറയും, എന്നാല്‍ അതുകേട്ട് പുരുഷന്മാര്‍ വിവേകം വിടാമോ എന്നായിരുന്നു രാമന്‍റെ ചോദ്യം! രണ്ടുപേരും വേഗത്തിൽ പര്‍ണ്ണശാലയില്‍ എത്തി. സീതയെ കാണാഞ്ഞ് പരിഭ്രമത്തോടെ എല്ലായിടത്തും തിരഞ്ഞു. എവിടെയും കാണാതിരുന്നപ്പോള്‍ രാക്ഷസന്മാര്‍ പിടിച്ചു കൊണ്ടുപോയി കൊന്നു തിന്നിരിക്കുമോ എന്നുവരെ സംശയിച്ചു. അങ്ങനെ അവര്‍ കാട്ടില്‍ അന്വേഷിച്ചു നടന്നപ്പോള്‍ മൃതപ്രായനായ ജടായുവിനെ കണ്ടു. പിതൃസഖനായ ആ ഗൃധ്രരാജനെ ആശ്വസിപ്പിച്ചപ്പോള്‍ ആ ജടായു പറഞ്ഞു: 'രാമാ, രാക്ഷസ രാജാവായ രാവണന്‍ സീതയെയും അപഹരിച്ചുകൊണ്ടു പോകുമ്പോൾ സീതയുടെ നിലവിളി കേട്ട് രക്ഷിക്കുവാനായി ഞാന്‍ രാവണനെ തടുത്തപ്പോള്‍ അവന്‍ ചന്ദ്രഹാസം കൊണ്ട് എന്‍റെ ചിറകുകള്‍ രണ്ടും വെട്ടി ഇങ്ങനെയാക്കിത്തീര്‍ത്തു. രാവണന്‍ സീതയെ തെക്കോട്ടു വിമാനത്തിൽ കൊണ്ടു പോയിട്ടുണ്ട്.' ഇത്രയും പറഞ്ഞ് ജടായു അന്ത്യശ്വാസം വലിച്ചു. രാമന്‍ പിതൃമിത്രത്തിനു വേണ്ട അഗ്നി സംസ്ക്കാരവും മറ്റു കര്‍മ്മങ്ങളും ചെയ്തു. അതിനുശേഷം ജടായു പറഞ്ഞതനുസരിച്ച് സീതയെ തേടി തെക്കോട്ടു വനയാത്ര തുടര്‍ന്നു.
*മായയുടെ പിടിയില്‍ പെട്ടാല്‍ ഈശ്വരനും കരയേണ്ടി വരും. അതാണ് മായയുടെ ശക്തി എന്നതാണ് ഇവിടെ കാണുന്നത്. പത്നീ വിയോഗം കൊണ്ട് ഈശ്വരാവതാരമായ രാമന്‍ പോലും ഭ്രാന്തനേപ്പോലെ കരഞ്ഞു നടക്കുന്നത് കാണുമ്പോൾ ആരും ആശ്ചര്യപ്പെട്ടു പോകും. മായാധിപനായ ഈശ്വരന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍ മായാധീനനായ മനുഷ്യനേപ്പോലെ പെരുമാറണമല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment