Wednesday, August 2, 2017

ഒരു എളിയ അനുഭവം

തിരുവില്വാമല അമ്പലത്തിനു മുന്നിലെത്തുന്നത് ഏകദേശം രാവിലെ രണ്ടരയ്ക്കാണ്...

എന്നെ അമ്പലത്തിനു മുന്നിൽ ഡ്രോപ് ചെയ്തു റൂം എടുക്കുന്നോന്നു ചോദിച്ചു

ഇല്ലാന്നുപറഞ്ഞു അയാള് പോയി. അമ്പലത്തിനു മുന്നിൽ ഗേറ്റ് ഉണ്ട്.

സോ അകത്ത് കടക്കാനാവൂല ഗേറ്റിനു മുന്നിൽ മെല്ലെ ഇരുന്നു... പെട്ടന്ന് പത്ത് പതിനഞ്ച് നായ്ക്കൾ കുരച്ചു കൊണ്ട് നേരെ വന്നു...

കൂട്ടമായി വരുന്ന നായ്ക്കൾക്ക് നേരെ കല്ലെറിഞ്ഞാൽ അപകടമാണ്...

ഓടിയാൽ പിറകേ ഓടുക എന്നതാണ് നായ്ക്കളുടെ സൈക്കോളജി എന്നതു കൊണ്ടും

എന്നെക്കാളും വഴി നായ്ക്കൾക്കറീന്നതുകൊണ്ടും

ഇരുട്ടായതോണ്ടും ഓടുന്നതും പന്തിയല്ല.


പട്ടികടികൊണ്ട് മരിച്ചാൽ പത്രത്തിൽ വരുന്ന വാർത്ത എന്തായിരിക്കും... ആരോടും പറയാതെ വന്നതിന് ആരൊക്കെ എന്തൊക്കെ പഴിക്കും... എല്ലാം ക്ഷണനേരം കൊണ്ട് മിന്നിമറഞ്ഞു...

അടുത്ത് ഒരു KSRTC ബസ്സ് ഉണ്ട് പതിയെ അതിനടുത്തേക്ക് നീങ്ങി അതേ താളത്തിൽ വർദ്ധിത വീര്യത്തോടെ കുരച്ച് കൊണ്ട് നായ്ക്കളും അടുത്തു...

ഓട്ടോ ഡോർ ആണ് കേറാൻ പറ്റില്ല.. ഏറ്റവും ഒടുവിൽ ബുദ്ധിയും യുക്തിയും അസ്തമിക്കുന്നിടത്ത്, നിരാശ്രയരാകുമ്പോഴാണ് നിഷ്കളങ്കമായ ഭക്തി ഉദയം കൊള്ളുന്നത്...

ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയത് ഭഗവാനെ കാണാനാണ്...

എന്നെ രക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം അപ്പോൾ അങ്ങേർക്കാണ്...

ആ ശക്തിയിലാണ് പ്രപഞ്ചം തന്നെ ചലിക്കുന്നതെന്നിരിക്കെ ഭയത്തിനെന്ത് ആധാരം...

കവാടത്തിലെ ഗേറ്റിൽ ചാരി ചമ്രം പടിഞ്ഞിരുന്നു...

നായ്ക്കൾ കുരച്ചു കൊണ്ട് അടുക്കുന്നുണ്ട്...

ഹൃദയമിടിപ്പ് കൂടുന്നുണ്ട് നന്നായി..

ചിന്മുദ്ര പിടിച്ച് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകൾ ഇറുക്കിയടച്ചു...

മഹാമൃത്യുഞ്ജയ മന്ത്രം ഉരുവിട്ടു..

നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കുന്നു. നിമിഷങ്ങൾ യുഗങ്ങളായ് കടന്നു പോകുന്ന നേരം ഒരു പത്തിരുപത് മിനിറ്റു കഴിഞ്ഞപ്പോൾ കുര ഒക്കെ ഏതാണ്ട് നശിച്ച മട്ടുണ്ട്...

ജപം നിർത്താതെ ഞാൻ മെല്ലെ കണ്ണു തുറന്നു..

എനിക്കഭിമുഖമായി ഒരു രണ്ടു രണ്ടര മീറ്റർ ദൂരെ നായകൾ നിരന്നു കിടക്കുന്നു. ജപം നിർത്തുമ്പോൾ മുരളാൻ തുടങ്ങുന്നു...

ഒടുവിൽ മൂന്നര ആകുമ്പോൾ ഒരു സ്ത്രീ അതുവഴി അമ്പലത്തിന്റെ ഗേറ്റിനടുത്തേക്കു വന്നു...

നായകളെ നിയന്ത്രിക്കാനൊരു വടിയും കയ്യിലുണ്ട്...

നായ്ക്കളുടെ ആ കിടപ്പും എന്റെ ഇരിപ്പും കണ്ട് അവർ ചോദിച്ചു "സ്വാമിയാർ എവിടുന്നാ..." 

വന്ന ചിരിയെ കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു

"കാസറകോട്ടിന്ന് വര്വാണ്...ഈ അമ്പലക്കുളം എവിടാ" 

അവര് അടുത്തുള്ള അമ്പലക്കുളത്തിലേക്കുള്ള വഴിയും ശൗചാലയവും കാട്ടിത്തന്നതിനു ശേഷം എങ്ങോട്ടോ പോയി...

നായ്ക്കൾ എഴുന്നേറ്റ് വല്ലാത്ത ഒരു കടകടാ ശബ്ദത്തോടെ തല കുടയുന്നു... കളവു പറഞ്ഞതിനു ശകാരിക്കുകയായിരിക്കും ചിലപ്പോൾ.. മാനവവൈഭവ "വികാസത്തിൽ" അവനു കൈമോശം വന്നത് ഇതര ജീവികളുമായുള്ള സംവേദന ശേഷിയാണല്ലോ.. നായ്ക്കൾ മെല്ലെ ഓടിയകന്നു... ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അൽപം കഴിഞ്ഞപ്പോൾ ഒരു നായ ഓടി അടുത്തുവന്ന് ഉച്ചത്തിൽ കുരച്ച് രണ്ടുവട്ടം വലം വച്ച് ഓടിപ്പോയി... പിന്നെയും അൽപ്പം കഴിഞ്ഞിത് തുടർന്നു... നാലഞ്ചുവട്ടമായപ്പോൾ എവിടുന്നോ കിട്ടിയ ഒരു ധൈര്യം കൊണ്ട് അതിനെ അങ്ങ് പിന്തുടർന്നു... അത് എന്നെ കൊണ്ടുപോയത് കുളിക്കടവിലേക്കാണ്...

വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളൂ.. ഞാൻ പവർ ബാങ്കിലെ ടോർച്ച് തെളിച്ചു വസ്ത്രം മാറ്റി തോർത്തുടുത്ത് കുളിക്കാനിറങ്ങി... ഒറ്റയ്ക്കായതു കൊണ്ടും വെളിച്ചമില്ലാത്തതു കൊണ്ടും പരിചയമില്ലാത്ത കുളമായതു കൊണ്ടും ആസ്മ ഒരുപക്ഷേ വില്ലനായേക്കാവുന്നതു കൊണ്ടും വലിയ സാഹസങ്ങൾക്കു മുതിരാതെ പെട്ടന്ന് കുളിച്ച് കയറി... ബാഗിന് കാവലെന്ന വണ്ണം കുറേ നേരം ദൂരേ നായ്ക്കൾ നിലയുറപ്പിച്ചിട്ടുണ്ട്. ബാഗ് എടുത്ത ഉടനെ വഴികാട്ടികളായി അവർ മുന്നേ ഓടിപ്പോയി... തിരിച്ച് എത്തുമ്പോഴേക്ക് കുറച്ച്
വാഹനങ്ങളെത്തിയിട്ടുണ്ട്...

അമ്പലത്തിൽ കയറി തൊഴുതിറങ്ങിയിട്ട് ആദ്യമന്വേഷിച്ചത് അവരെയാണ്.. പക്ഷെ എങ്ങോ പോയ്മറഞ്ഞിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടിയിരുന്നില്ല...


No comments:

Post a Comment