ദയാനന്ദ സരസ്വതി



ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജ സ്ഥാപകനാണ് മൂലശങ്കർ എന്ന ദയാനന്ദസരസ്വതി സ്വാമി.


ജീവിതരേഖ

മൂലശങ്കർ 1824-ൽ ഗുജറാത്തിൽ ജനിച്ചു. അച്ച്ഛൻ അംബാശങ്കർ ധനികനായിരുന്നു. കുട്ടിക്കാലത്തു തന്നെ വേദങ്ങൾ - വിശേഷിച്ചും യജുർവേദം  പഠിച്ചു. വിഗ്രഹാരാധനയും ജാതിയും അയിത്തവുമൊക്കെ തികച്ചും തെറ്റാണെന്ന് അന്നുമുതൽക്കേ തോന്നി. ഇതിനൊരു കാരണവും ഉണ്ടായി. ഒരു ശിവക്ഷേത്രത്തിൽ ആരാധിക്കാൻ പോയി. ഭക്തന്മാർ പലരും കുറേ കഴിഞ്ഞപ്പോൾ ഉറങ്ങി. മൂലശങ്കർ മാത്രം നാമം ജപിച്ചിരിക്കയാണ്. ശ്രീകോവിലിൽ ഒരു ഇളക്കം. നോക്കിയപ്പോൾ ഒരു എലിയായിരുന്നു. അത് ചെന്ന് ശിവന്റെ വിഗ്രഹത്തിൽ ഇരുന്നു. ഉടൻ ഉറങ്ങുന്ന അച്ച്ഛനെ വിളിച്ചു. പക്ഷെ അച്ച്ഛൻ ദേഷ്യപ്പെട്ടതേയുള്ളൂ. ശിവനും ഈ വിഗ്രഹവുമായി യാതൊരു ബന്ധവും ഇല്ലെന്ന് മൂലശങ്കറിന് തോന്നി. അതിനിടെ തന്റെ സഹോദരി കോളറ പിടിച്ചു മരിച്ചു. അമ്മാവനും മരിച്ചു. ബന്ധുക്കളുടെ ആചാരക്കരച്ചിൽ മൂലശങ്കറിനെ അരിശം കൊള്ളിച്ചു. ദുരാചാരങ്ങളെ എതിർക്കാനും പരിഷ്ക്കാരങ്ങൾ വരുത്താനും അദ്ദേഹം ഇരുപത്തിഒന്നാം വയസ്സിൽ വീട് വിട്ടിറങ്ങിപ്പോയി. നാടെങ്ങും നടന്നു. കഞ്ചാവ് വലിക്കുന്ന സന്യാസിമാരെ കണ്ടു. ഹിമാലയത്തിലെത്തി. പുരോഹിതന്മാരോട് സത്യത്തെക്കുറിച്ചന്വേഷിച്ചു. ഏതാണ്ട് 2 ദശകത്തിനു മേൽ നീണ്ടു നിന്ന ദൈവത്തെ കണ്ടെത്താനുള്ള അലച്ചിലിനൊടുവിൽ ഉത്തർ പ്രദേശിലെ മധുരയ്ക്കടുത്ത് സ്വാമി വൃജാനന്ദയെ കാണാനിടയായി, അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിച്ചു. സ്വാമി വൃജാനന്ദ അദ്ദേഹത്തോട് അത് വരെ പുസ്തകങ്ങളിൽ നിന്നും പഠിച്ചതെല്ലാം ദൂരെയെരിയാൻ പറഞ്ഞു. ഹിന്ദുത്ത്വത്തിന്റെ ഏറ്റവും അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളിൽ നിന്നും നേരിട്ട് പഠനം ആരംഭിക്കുന്നതിനു ഒരു തെളിഞ്ഞ മനസ്സ്  ദയാനന്ദയ്ക്കുണ്ടാകുവാനായിരുന്നു ഇത്. ദയാനന്ദ രണ്ടര വർഷക്കാലം സ്വാമി വൃജാനന്ദയുടെ ശിഷ്യനായി തുടർന്നു. പഠനം പൂർത്തിയായപ്പോൾ തന്റെ ഗുരുദക്ഷിണയായി വേദങ്ങളിൽ നിന്നും നേടിയ അറിവ് സമൂഹത്തിനു പകർന്നു കൊടുക്കുവാൻ ആ ഗുരു ദയാനന്ദയോട് പറഞ്ഞു.വേദങ്ങളാണ് നമ്മുടെ അടിസ്ഥാന ഗ്രന്ഥമെന്ന്‌ ജൈമിനി മഹർഷിക്കു ശേഷം ആദ്യമായി ഉത്ഘോഷിച്ചത് സ്വാമി ദയാനന്ദസരസ്വതിയാണ്.

No comments:

Post a Comment