ബാഹിനാബായി

ബാഹിനാബായി (എ.ഡി. 1628–1700) ബാഹിന, ബാഹിനി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന വർക്കാരി പ്രസ്ഥാനത്തിൽ പെട്ട ഒരു സന്യാസിനിയായിരുന്നു. മഹാരാഷ്ട്രയിലായിരുന്നു ബാഹിനാബായി ജീവിച്ചിരുന്നത്. വർക്കാരി പ്രസ്ഥാനത്തിൽ പെട്ട കവിയും സന്യാസിയുമായ തൂക്കാറാമിന്റെ ശിഷ്യയാണ് ബാഹിനാബായി എന്ന് കരുതപ്പെടുന്നു. ഭാര്യ മരിച്ചുപോയ ഒരാളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിച്ച ബാഹിനാബായി കുട്ടിക്കാലം മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലായി കുടുംബത്തോടൊപ്പം യാത്ര ചെയ്താണ് കഴിച്ചുകൂട്ടിയത്. ആത്മമണിവേദന എന്ന ആത്മകഥയിൽ ഒരു പശുക്കിടാവുമായി തനിക്കുണ്ടായ ആത്മീയാനുഭവങ്ങളും വർക്കാരികളുടെ മൂർത്തിയായ വിഥോബയെയും തൂക്കാറാമിനെയും ദർശനങ്ങളിൽ കണ്ടതും ബാഹിനാബായി വിവരിക്കുന്നുണ്ട്. തന്റെ ഭർത്താവ് തന്നെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഉപദ്രവിച്ചിരുന്നതായി ബാഹിനാബായി വെളിപ്പെടുത്തുന്നു. ഭർത്താവ് ബാഹിനാബായിയുടെ ആത്മീയചോദനകളെ വെറുത്തിരുന്നുവെങ്കിലും ഒടുവിൽ ഭക്തിമാർഗ്ഗം സ്വീകരിക്കാൻ അനുവദിക്കുകയായിരുന്നു. മറ്റുള്ള മിക്ക സന്യാസിനിമാരിൽ നിന്ന് വ്യത്യസ്തയായി ബാഹിനാബായി ജീവിതകാലം മുഴുവൻ വിവാഹിതയായിത്തന്നെ തുടർന്നു. മറാത്തി ഭാഷയിലുള്ള ബാഹിനാബായിയുടെ അഭംഗ കൃതികൾ തന്റെ കുഴപ്പം നിറഞ്ഞ വിവാഹജീവിതവും സ്ത്രീയായി ജനിച്ചതിലുള്ള നിരാശയും വ്യക്തമാക്കുന്നു. തന്റെ ആരാധനാമൂർത്തിയോടുള്ള ഭക്തിയും ഭർത്താവിനോടുള്ള ചുമതലകളും ബാഹിനാബായിയെ എപ്പോഴും കുഴക്കിയിരുന്നു. ഇവ രണ്ടും തമ്മിലുള്ള ഒത്തുതീർപ്പുകൾ കൃതികളിൽ കാണാവുന്നതാണ്.

No comments:

Post a Comment