കുമാരില ഭട്ട

കുമാരില ഭട്ട ഇന്നത്തെ ആസ്സാമിൽ ജനിച്ച മീമാംസാ പണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു. മീമാംസകളെക്കുറിച്ച് അദ്ദേഹം എഴുതിയ ഉപന്യാസമായ മീമാംസാശ്ലോകാവർത്തിക പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളെ അസ്‌തിത്വപരമായ യഥാതഥ്യവാദങ്ങളായി കണക്കാക്കുന്നു. ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി. പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീക എന്ന പേരിൽ പ്രസിദ്ധമാണ് ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു.
ബുദ്ധമതത്തിന്റെ അപചയം

മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി മാണിക്കവാചകർ അവകാശപ്പെടുന്നു. മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. .ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.
ഭാഷാശാസ്ത്ര ദർശനങ്ങൾ


അർത്ഥവിജ്ഞാനീയത്തിന്റെ ശക്തനായ പ്രയോക്താവായിരുന്നു കുമാരിലഭട്ട.ഒരു വാക്യത്തിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ മാത്രമേ വാക്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൻറെ കൃതികളിൽ ധാരാളം തമിഴ് വാക്കുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നു. 

ബുദ്ധമത വിമർശനങ്ങൾ


വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ട നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു.

(ക) ബുദ്ധ-ജൈന സൂക്തങ്ങൾ വ്യാകരണപരമായി തെറ്റുകൾ ഉള്ളവയാണ്.അതിനാൽ അവ വിശ്വാസയോഗ്യമല്ല. ബുദ്ധ-ജൈന സൂക്തങ്ങൾ രചിക്കപ്പെട്ടത് മാഗധി, ദക്ഷിണാത്യ ഭാഷകളിലായിരുന്നു. ആ ഗ്രാമ്യഭാഷകളിൽ വ്യാകരണപരമായ തെറ്റുകൾ ധാരാളമായിരുന്നു. അതിനാൽ തന്നെ ആ സൂക്തങ്ങളെ ശാസ്ത്രം(ശാസിക്കപ്പെട്ടത്) ആയി അംഗീകരിക്കാൻ കഴിയില്ല.

(ഖ) വേദങ്ങൾ ഒരു വ്യക്തി ഒറ്റയ്ക് നിർമ്മിച്ചതല്ല . അതിനാൽ തന്നെ വേദങ്ങൾ തെറ്റുകൾക്ക് അതീതമാണ്. പാലിയിൽ എഴുതപ്പെട്ട ബുദ്ധ സൂക്തങ്ങൾ ബുദ്ധന്റെ മരണശേഷം ഉണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ അവ ബുദ്ധൻ പറഞ്ഞ കാര്യങ്ങൾ തന്നെ എന്ന് ആധികാരികമായി പറയുവാൻ വയ്യ. ഇനി അങ്ങനെ ആണെങ്കിൽ തന്നെ,അവ വേദങ്ങളെ പോലെ ശാശ്വതമായതും ഒരു വ്യക്തിയാൽ രചിക്കപ്പെടാത്തതും അല്ല.

(ഗ) സൗത്രാണിക ബുദ്ധ ദർശനങ്ങൾ അനുസരിച്ച്, ലോകം ക്ഷണികമാണെന്നു ബൗദ്ധർ വാദിക്കുന്നു. എന്നാൽ ഈ ലോകം ഓരോ ക്ഷണത്തിലും നശിക്കുന്നില്ല. ക്ഷണം എന്ന സമയത്തിന്റെ അളവ് എത്ര ചെറുതായാലും അതിനുള്ളിൽ ഈ ലോകം നശിക്കുന്നില്ല എന്ന് കുമാരിലഭട്ട തെളിയിക്കുന്നു. ബൗദ്ധർ ലോകം തന്നെ നില നിൽക്കുന്നില്ല എന്നാണ് വാദിക്കുന്നത് എന്ന് കുമാരിലഭട്ട അവകാശപ്പെട്ടു.

(ഘ) പ്രത്യക്ഷത്തിന്റെ പരിച്ഛേദം:- ബുദ്ധമത വിശ്വാസി അല്ലാതിരുന്നിട്ടു കൂടി ബൗദ്ധ ദർശനങ്ങളെ ഇത്രയധികം ആഴത്തിൽ പഠിച്ച മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നു. 


പുരാവൃത്തങ്ങളിലെ ജീവചരിത്രം
നളന്ദസർവകലാശാലയിൽ ബുദ്ധമതത്തെ കുറിച്ചു പഠിക്കാൻ ചേർന്നു. വേദങ്ങളെ പരിഹസിച്ചു പറഞ്ഞ തന്റെ ഗുരുവായ "ധർമ്മാകൃതി" ക്കെതിരെ പ്രതികരിച്ചതിന് ഇദ്ദേഹത്തെ നളന്ദയിൽ നിന്നും പുറത്താക്കി. തുടർന്നു പ്രയാഗിൽ താമസിച്ച അദ്ദേഹം പല സാമ്രാജ്യങ്ങളും സന്ദർശിച്ച് ബൗദ്ധ്വരുമായി വാഗ്വാദങ്ങൾ നടത്തി. കുമാരിലഭട്ട വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധ മതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഉമിത്തീയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ട ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ) പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു. മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു.

No comments:

Post a Comment