Thursday, August 24, 2017

ശ്രീരാമകഥാമൃതം ( 23 ) - സുഗ്രീവസഖ്യം

രാമന്‍ പ്രിയാ വിരഹ ദുഃഖം കൊണ്ട് പരവശനായി, കാണുന്ന മൃഗങ്ങളോടും പക്ഷികളോടുമെല്ലാം സീതയേപ്പറ്റി അന്വേഷിക്കും. അങ്ങനെ ഒരു ഭ്രാന്തനേപ്പോലെ തെക്കോട്ടു നടന്ന് പമ്പാതീരത്ത് ഋശ്യമൂകപര്‍വ്വതത്തിന്‍റെ അടുത്തെത്തി. കാഴ്ചയില്‍ത്തന്നെ പ്രഭാവശാലികളായ രണ്ടുപേര്‍ നടന്നു വരുന്നത് സുഗ്രീവന്‍ കണ്ടു. 'ബാലികേറാമല' എന്ന പ്രസിദ്ധമായ ആ പര്‍വ്വതത്തിലാണ് സുഗ്രീവന്‍ തന്‍റെ അനുയായികളോടുകൂടി താമസിച്ചിരുന്നത്. രാമലക്ഷ്മണന്മാരെ കണ്ട് സുഗ്രീവന്‍ തന്‍റെ പ്രധാന സചീവനായ ഹനുമാനെ വിളിച്ച് അവര്‍ ആരാണെന്ന് അറിഞ്ഞു വരുവാന്‍ പറഞ്ഞു. ഭിക്ഷു രൂപം ധരിച്ച ഹനുമാന്‍ അവരുടെ അടുത്തു ചെന്നു വിവരമന്വേഷിച്ചു. ലക്ഷ്മണന്‍ തങ്ങളുടെ കഥയെല്ലാം പറഞ്ഞു. ഹനുമാന് അവരെ കണ്ടപ്പോൾ ഉണ്ടായ ഭക്തിയും ബഹുമാനവും വര്‍ദ്ധിച്ചു. മാരുതി സുഗ്രീവന്‍റെ കഥയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ചെറിയൊരു തെറ്റിദ്ധാരണയുടെ ഫലമായി ജ്യേഷ്ഠനായ ബാലി ഭാര്യയെയും രാജ്യത്തെയും അപഹരിച്ച് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കിയ സുഗ്രീവന്‍ ശാപം മൂലം ബാലിക്കു കയറുവാന്‍ സാധിക്കാത്ത ആ മലയില്‍ വന്നു താമസിക്കുന്നുണ്ട്. സീതാന്വേഷണത്തില്‍ അവന്‍ വലിയ സഹായങ്ങള്‍ ചെയ്യുമെന്നും, അതുകൊണ്ട് സുഗ്രീവനുമായി സഖ്യം ചെയ്യണമെന്നുമുളള ഹനുമാന്‍റെ വാക്കു രാമന്‍ സ്വീകരിച്ചു. മാരുതിയുടെ വാക്കും ആ പെരുമാറ്റവും രാമന് വളരെ സന്തോഷമായി. ഭിക്ഷു രൂപം വെടിഞ്ഞ് സ്വസ്വരൂപം കൈക്കൊണ്ട് ആ സോദരന്‍മാരെ ചുമലിലേറ്റി സുഗ്രീവ സമീപത്ത് എത്തിച്ചു. അവരുടെ കഥ മുഴുവൻ പറഞ്ഞു കേള്‍പ്പിക്കുകയും സീതാന്വേഷണത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യവും ഭാര്യയും നഷ്ടപ്പെട്ട രാമന് സുഗ്രീവനോടും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ അനുതാപം തോന്നി. അവര്‍ രണ്ടുപേരും അന്യോന്യം സഖ്യം ചെയ്തു സുഹൃത്തുക്കളായി. സുഗ്രീവന്‍റെ ശത്രുവായ ബാലിയെ ഉടനെ തന്നെ കൊന്നു കൊള്ളാമെന്ന് രാമനും, സീതയെ താമസിയാതെ അന്വേഷിച്ചു കണ്ടുപിടിച്ചു ശത്രുവിനെ കൊല്ലുവാന്‍ വേണ്ട സഹായം ചെയ്യാമെന്നു സുഗ്രീവനും അഗ്നി സാക്ഷിയായി പ്രതിജ്ഞ ചെയ്തു. ശ്രീരാമ ഭക്തനായിത്തീര്‍ന്നിരുന്ന ബുദ്ധിമാനും നീതിജ്ഞനുമായ ഹനുമാന്‍ സീതാന്വേഷണത്തിന്‍റെ കാര്യം താനേല്ക്കാമെന്നു സമ്മതിച്ചു.
*ഒരേ വിധത്തിലുളള പ്രശ്നങ്ങൾ നേരിടുന്നവര്‍ അല്ലെങ്കിൽ ഒരേ വിധത്തിലുളള വിഷമങ്ങളില്‍ പെട്ടിട്ടുളളവര്‍ അന്യോന്യം സഖ്യത്തിലേര്‍പ്പെടുക സാധാരണമാണ്. അന്യോന്യമുള്ള സഹായം കൊണ്ട് രണ്ടു കൂട്ടരുടേയും വിഷമങ്ങൾ തീരുകയും ചെയ്യും. ആപത്തു കാലത്ത് ആരുടേയും സഹായം അവഗണിക്കരുതെന്നാണ് വാനരന്മാരോട് സഖ്യം ചെയ്തതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.* വാനര സഹായം കൊണ്ട് രാമന്‍ ജയം നേടുകയും ചെയ്തു. രാമായണ മഹാമാലാരത്നമായ ഹനുമാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ രംഗത്തിലാണ്. പിന്നീട് ഹനുമാന്‍ ശ്രീരാമഭക്തരില്‍ അഗ്രഗണ്യനായിത്തീര്‍ന്ന്, എല്ലാവര്‍ക്കും ആരാധ്യനായിത്തീര്‍ന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment