മാതാ അമൃതാനന്ദമയി




കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവാണ് മാതാ അമൃതാനന്ദമയി. ശിഷ്യരും ആരാധകരും "അമ്മ" എന്നും "അമ്മച്ചി" എന്ന് വിളിക്കുന്നു. "ആശ്ലേഷിക്കുന്ന വിശുദ്ധ" എന്ന പേരിൽ ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന അമൃതാനന്ദമയിയുടെ ആസ്ഥാനം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലാണ്.


ജനനം,ബാല്യം

കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.


അമൃതപുരി

കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ നിന്ന്‌ മുപ്പത്‌ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഇവിടം ലോകശ്രദ്ധ ആകർഷിക്കുന്നു.


മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്

ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി. ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു. പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്.


No comments:

Post a Comment