ശങ്കരാചാര്യർ



ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃത ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

ജീവചരിത്രം

ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ. മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്), ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്), അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല), കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ. ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.


ജനന തീയതി

ആദിശങ്കരന്റെ ജനനതീയതിയെക്കുറിച്ച് തർക്കങ്ങൾ നിലവിലുണ്ട്.
788–820 : പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ്

509 - 477 സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ) .

686 സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്.

44-12 - ആദിശങ്കരൻ ജനിച്ചത് ദക്ഷിണേന്ത്യയിലുള്ള ചിദംബരത്തിൽ ക്രിസ്തുവിനു മുമ്പ് 44 ൽ ആയിരുന്നുവെന്നും, ക്രിസ്തുവിനുമുമ്പ് 12 ൽ മരണമടഞ്ഞുവെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു.

 ജനനം, ബാല്യം

മധ്യകേരളത്തിൽ അങ്കമാലിക്കടുത്തുള്ള പൂർണ്ണാ നദിക്ക്(പെരിയാർ) സമീപമുള്ള ഷാസലം(കാലടി) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌ )അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു. അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു.ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത്‌ പാഴൂർ എന്ന ഇല്ലത്തു നിന്ന്‌ 'മഖപണ്ഡിതൻ' എന്ന ബ്രാഹമണന്റെ മകളായ ആര്യാംബ(ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽ പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്). മൂന്ന്‌ വയസ്സായപ്പോൾ അക്ഷരാഭ്യാസവും വായിക്കാനും ശങ്കരൻ പ്രാപ്തനായിരുന്നു. ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥി ജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ്‌ ശ്രീശങ്കരൻ കാണിച്ചത്‌. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്.സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്നു.


രാജശേഖരനും ശ്രീശങ്കരനും

ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ (ചേരമൻ പെരുമാൾ നായനാർ). ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീശങ്കരൻ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് എട്ട് വയസ്സായ ആ പണ്ഡിതനായ ബാലനെ പറ്റി രാജശേഖരൻ കേട്ടറിഞ്ഞു അദ്ദേഹം ശങ്കരനെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാനായി തന്റെ മന്ത്രിയെ പറഞ്ഞയച്ചുവെങ്കിലും ശ്രീശങ്കരൻ ക്ഷണം നിരസിക്കുകയായിരുന്നു. ഒടുവിൽ രാജാവ് തന്നെ ശങ്കരന്റെ ഇല്ലത്തേക്ക് എഴുന്നള്ളി 10000 സ്വർണ്ണനാണയങ്ങൾ നൽകി. താൻ രചിച്ച മൂന്ന് നാടകങ്ങൾ ശങ്കരനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ശങ്കരൻ നാട്ടുരാജാവിന്റെ സമ്മാനം സ്വീകരിച്ചില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വിയോഗസമയത്തും ഇവർ തമ്മിൽ കണ്ടിരുന്നു.


സന്യാസം

ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപ്പെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു. വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്. മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവും നിരാശയും എല്ലാം കൂടിക്കലർന്ന സാധാരണ ജീവിതം തന്നെയാണ്‌. സന്യസിക്കാനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു. കാലടിയിൽ ഒരു ചെറിയ കുളിക്കടവിന്‌ ഇന്നും “മുതലക്കടവ്” എന്നാണ്‌ പേര്‌.

അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. ഗോവിന്ദപാദൻ എന്ന യോഗിയെക്കുറിച്ച് അറിഞ്ഞ ശങ്കരൻ അദ്ദേഹത്തെ അന്വേഷിച്ച് നടന്നു. വേദത്തെ നാലായി പകുത്ത വേദവ്യാസന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട പണ്ഡിതനായിരുന്നു ഗോവിന്ദപാദർ എന്നാണ്‌ വിശ്വാസം (വേദവ്യാസൻ-ശ്രീശുകൻ-ഗൗഡപാദർ-ഗോവിന്ദാചാര്യർ-ശ്രീശങ്കരൻ). നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന 10 ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു. അവ ദശശ്ലോകി എന്നറിയപ്പെടുന്നു.അവയിലെ ആദ്യ ശ്ലോകം ഇങ്ങനെയാണ്‌.

ന ഭൂമിർന തോയം ന തേജോ ന വായുഃ
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ 
അനേകാന്തികത്വാത് സുഷുപ്ത്യേകസിദ്ദഃ 
തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം

(“ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല, വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത,എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണു ഞാൻ”) ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. ഒരിക്കൽ ഒരു വർഷക്കാലത്ത് 5 ദിവസം തുടർച്ചയായി നിന്ന പേമാരിയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി.വളരെ നേരത്തെ ധ്യാനത്തിനു ശേഷമാണ്‌ ഗോവിന്ദാചാര്യർ ഇക്കാര്യം മനസ്സിലാക്കുന്നത് എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം.

അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും...


ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ 
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ 
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത് ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്. ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനഃപാഠമാക്കാൻ കഷ്ടപ്പെട്ട് ഉരുവിട്ട്‌ കൊണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച്‌ ശ്ലോകങ്ങൾ നിർമ്മിച്ച്‌ ചൊല്ലി. അതാണ്‌ ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട്‌ എന്ത്‌ പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കും അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന്‌ ഉപദേശിക്കുന്ന കൃതിയാണ്‌ അത്‌ ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു.


മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച

ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് . ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ (ഉമിത്തിയിൽ) പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ) പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു. മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു . ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു.


ദിഗ്വിജയം

ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്‌വിജയം എന്നാണ് അറിയപ്പെടുന്നത്. ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണ്ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു. പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോകർണ്ണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം. ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്. ഗോകർണ്ണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്) പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി. (എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.) പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.


സർവജ്ഞപീഠ ലബ്ധി

ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുര വാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.


മരണം

ശങ്കരൻ പിന്നീട് കേദാർനാഥിൽ പോവുകയും തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌.


കൃതികൾ

അദ്വൈതവേദാന്തത്തിന്റെ ചിന്തകൾ ഉപനിഷത്തുകളിൽ കാണപ്പെടുന്നതു പോലെ വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. വേദങ്ങളിൽ നിന്നും മറ്റ് ഹൈന്ദവ കൃതികളിൽ നിന്നും ഉദ്ധരണികൾ എടുത്തു അദ്ദേഹം തന്റെ വാദങ്ങൾ രൂപപ്പെടുത്തി. ശിഷ്യന്റെ സ്വാനുഭവത്തിനു അദ്ദേഹം വളരെ പ്രാധാന്യം നൽകി. തർക്കശാസ്ത്രത്തിലൂന്നിയുള്ളതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. അദ്ദേഹം തന്റെ വാദങ്ങൾ കൂടുതലും സാംഖ്യ, ബുദ്ധ, ജൈന, വൈശേഷികരോടും വേദങ്ങളെ അംഗീകരിക്കാത്ത മറ്റ് ഹൈന്ദവ ത്വത്വചിന്തയ്ക്കും എതിരായാണ് നിരത്തുന്നത്. അദ്ദേഹത്തിന്റെ കൃതികളെ ഭാഷ്യം (വ്യാഖ്യാനം), പ്രകരണ ഗ്രന്ഥം (തത്ത്വചിന്ത), സ്തോത്രം (ഭക്തി ഗീതങ്ങൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പെടുത്തുന്നു. അദ്വൈതചിന്തയുടെ പശ്ചാത്തലത്തിൽ വേദങ്ങളെ വ്യാഖ്യാനിക്കുക ആണ് ഭാഷ്യ (വ്യാഖ്യാന) കൃതികളിലൂടെ അദ്ദേഹം ചെയ്തത്. ഗുരുവിന്റെ ഉപദേശം ശിഷ്യനു മനസ്സിലാകുന്നതിനു ഉപയോഗിച്ച വിവിധ ഉപായങ്ങൾ ആണ് തത്ത്വചിന്താപരമായ കൃതികളിൽ. ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗീതങ്ങൾ ആണ് സ്തോത്രകൃതികളിൽ. അദ്ദേഹത്തിന്റേതായി കരുതുന്ന കൃതികളിൽ വിവേകചൂഡാമണിയുടേയും ചില ഭാഷ്യകൃതികളുടേയും രചയിതാവിനെ പറ്റി തർക്കങ്ങൾ ഉണ്ട്. ശ്രീശങ്കരനെ രാജാ രവിവർമ്മ വരച്ച ചിത്രം ശങ്കരാചാര്യർ പത്ത് പ്രധാന ഉപനിഷത്തുകൾക്കും, ബ്രഹ്മസൂത്രങ്ങൾക്കും, ഭഗവദ്ഗീതയ്ക്കും വ്യാഖ്യാനങ്ങൾ എഴുതി. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ താഴെ പറയുന്നവ ആണ്.

ബൃഹദാരണ്യകോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, മണ്ഡൂകോപനിഷദ്,
ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതി.
വിവേകചൂഡാമണി എന്ന പുസ്തകത്തിൽ അദ്ദേഹം വേദജ്ഞാനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ആത്മബോധം എന്ന കൃതിയിൽ അദ്ദേഹം മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. വ്യാസൻ പതഞ്ജലിയുടെ യോഗസൂത്രത്തിന് എഴുതിയ വ്യാഖ്യാനത്തിന് ശങ്കരൻ പുനർവ്യാഖ്യാനം എഴുതി.

സൗന്ദര്യലഹരി
ബ്രഹ്മസൂത്രങ്ങൾ (വ്യാഖ്യാനം)
ദശോപനിഷത്തുകൾ (വ്യാഖ്യാനം)
ഭഗവദ്ഗീത (വ്യാഖ്യാനം)
വിവേകചൂഡാമണി
ശിവാനന്ദലഹരി

ബ്രഹ്മസൂത്രത്തിനു എഴുതിയ വ്യാഖ്യാനത്തിൽ അദ്ദേഹം പൂർവ ജന്മത്തിൽ ബ്രഹ്മത്തെ കുറിച്ച് പരിജ്ഞാനം പ്രാപിച്ച ശേഷം ജനിച്ചവരാണെന്ന് ധർമ്മവ്യാ‍ധനും, വിദുരരും മറ്റുമെന്ന് സൂചിപ്പിക്കുന്നു. അവരുടെ ഈ ജന്മത്തിലും അതിൽ നിന്നുള്ള ഫലങ്ങൾ പ്രവർത്തിക്കുന്നത് തടയാനാവില്ല എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളെ കുറിച്ചുള്ള ജ്ഞാനം പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുന്നതിലൂടെ ലഭിയ്ക്കും എന്ന് അദ്ദേഹം പറയുന്നു. തൈത്തരീയ ഉപനിഷത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.

“ സർവേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ 
കേവലയാ വിദ്യായാ വേത്തി സിദ്ധം ”


 എല്ലാവർക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ. ഉപദേശസഹസ്രി ശങ്കരാചാര്യരുട മറ്റൊരു പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നു. എഴുപത്തി ആറോളം കൃതികൾ ശങ്കരാചാര്യർ എഴുതിയതായി കരുതപ്പെടുന്നു. മുപ്പത്തി ഒമ്പതോളം കൃതികൾ ശങ്കരാചാര്യർ തന്നെ എഴുതിയതാണെന്ന് ആധുനിക പണ്ഡിതന്മാരായ ബെൽവാൽക്കർ, ഉപാധ്യായ എന്നിവർ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചിരിക്കുന്നു. ഹൈന്ദവ ദൈവങ്ങളായ കൃഷ്ണനേയും, ശിവനേയും സ്തുതിച്ചുകൊണ്ട് ശങ്കരാചാര്യർ രചിച്ച സ്തോത്രങ്ങൾ, ഒരു ഹൈന്ദവ കൃതി എന്നതിലുപരി മികച്ച അദ്വൈത സൃഷ്ടികളായി കരുതിപ്പോരുന്നു. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട, ബ്രഹ്മസൂത്രത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വ്യാഖ്യാനം വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണ്, എന്നാൽ ദ്രാവിഡ, ഭർതൃപ്രപഞ്ച തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ഇതു വരെ കണ്ടെടുത്തിട്ടില്ല, അവ നഷ്ടപ്പെട്ടുപോയിരിക്കാനും സാധ്യതയുണ്ട്.


മഠങ്ങൾ

തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ  എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്.

1 comment: